ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം
സെമി സാധ്യത നിലനിർത്തിയ വിജയം. അതും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർക്കെതിരെ. വിജയത്തോടെ ട്രിവാൻഡ്രം റോയൽസ് സെമി സാധ്യത സജീവമാക്കുമ്പോൾ അതിൽ നിർണായകമായത് ബൌളിംഗ് നിരയിൽ വിനോദ് കുമാർ സി വിയുടെ പ്രകടനമാണ്.
നാലോവാറിൽ 24 റൺസ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ്. ഓപ്പണർ ഭരത് സൂര്യയെ വീഴ്ത്തിയാണ് വിനോദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു ഘട്ടത്തിലും സ്കോറിങ് റേറ്റ് പരിധി വിട്ടുയർത്താതെ കൊല്ലം ബാറ്റിംഗ് നിരയെ പിടിച്ചു നിർത്താൻ റോയൽസിനായി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി വിനോദ് വീണ്ടും പ്രഹരം ഏല്പിച്ചപ്പോൾ കൊല്ലത്തിന്റെ സ്കോർ 131ൽ ഒതുങ്ങി. 18ആം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഷറഫുദ്ധീനെയും ആഷിക് മുഹമ്മദിനെയും പുറത്താക്കിയ വിനോദ് അവസാന ഓവറിൽ ബിജു നാരായണൻറെ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ കൊച്ചിക്ക് എതിരെയുള്ള മത്സരത്തിലും വിനോദ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടൂർണമെന്റിലാകെ 9 വിക്കറ്റുകളാണ് വിനോദിന്റെ സമ്പാദ്യം.
തൃശൂർ മുണ്ടൂർ സ്വദേശിയായ വിനോദിന്റെ ക്രിക്കറ്റ് കരിയർ വഴിത്തിരിവിലെത്തുന്നത് തൃപ്പണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ എത്തുന്നതോടെയാണ്. തുടർന്ന് വർഷങ്ങളായി ക്ലബ് ക്രിക്കറ്റിൽ സജീവം. പത്തു വർഷത്തിലേറെയായി എസ്ബി ഐയുടെ താരമാണ്. കെസിഎ സംഘടിപ്പിച്ച പ്രസിഡന്റ്‌സ് കപ്പിലും എൻഎസ്കെ ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ച വച്ച വിനോദ് എൻ എസ് കെ ടൂർണമെന്റിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ് പ്രതീക്ഷ വയ്ക്കുന്ന താരമാണ് വിനോദ് കുമാർ.
This post has already been read 149 times!