ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇവിഫിന്‍ മുത്തൂറ്റ് ക്യാപിറ്റലുമായി സഹകരിച്ച് ഇലക്ട്രിക് ഇരുചക്രവാഹന ധനസഹായം വിപുലീകരിക്കുന്നു
കൊച്ചി- ഗ്രീവ്‌സ് കോട്ടണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്സി സ്ഥാപനമായ ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വായ്പ നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഇവിഫിന്‍ ( evfin), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡുമായി (എംസിഎസ്എല്‍) പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇരുചക്രവാഹന ധനസഹായത്തിനുള്ള ലഭ്യത വര്‍ദ്ധിപ്പിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയും 150 കോടി രൂപ (18 മില്യണ്‍ ഡോളര്‍) വരെയുള്ള ഇടപാടുകളാണ് ഈ പങ്കാളത്തത്തിലൂടെ നടത്തുന്നത്.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, സുസ്ഥിര ഗതാഗത ബദലുകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് ഈ സഹകരണത്തിനു പിന്നില്‍. അസറ്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസ്ഡ് ഓട്ടോമോട്ടീവ് ഫിനാന്‍സിംഗില്‍ ഇവിഫിന്‍ ന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുകയും സാമ്പത്തിക മേഖലയില്‍ മുത്തൂറ്റ് ക്യാപിറ്റലിന്റെ സ്ഥാപിത സാന്നിധ്യവും, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും ഇഷ്ടാനുസൃതവും സൗകര്യപ്രദവുമായ സാമ്പത്തിക സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.
‘മുത്തൂറ്റ് ക്യാപിറ്റലുമായി സഹകരിച്ച് സഹ-വായ്പാ പങ്കാളിത്തം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നു ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡ് സിഇഒ സന്ദീപ് ദിവാകരന്‍ പറഞ്ഞു. ഈ പങ്കാളിത്തം സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതനമായ ധനസഹായ ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നു സന്ദീപ് ദിവാകരന്‍ പറഞ്ഞു.
‘ഇലക്ട്രിക് ഇരുചക്രവാഹന പങ്കാളിത്തത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ സംരംഭം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ രംഗത്തെ മുന്‍നിരക്കാരായ ഗ്രീവ്‌സ് ഫിനാന്‍സ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടരാണെന്നും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് സിഇഒ മാത്യൂസ് മാര്‍ക്കോസ് പറഞ്ഞു.
ഒല ഇലക്ട്രിക്, ആതര്‍ എനര്‍ജി, ആംപിയര്‍, ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ് മോട്ടോര്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളെ പിന്തുണയ്ക്കാന്‍ ഇരു കമ്പനികളും പ്രതിജ്ഞാബദ്ധരാണ്. മുന്‍നിര ഒഇഎമ്മുകളുമായി സഹകരിച്ച്, ഇലക്ട്രിക് വാഹന മേഖലയില്‍ നൂതനത്വം വളര്‍ത്തിയെടുക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് വിശാലമായ ഓപ്ഷനുകള്‍ നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് സമഗ്രമായ ധനസഹായ പരിഹാരങ്ങള്‍ നല്‍കുന്നതിലൂടെ, ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ രണ്ട് കമ്പനികളും തയ്യാറാണ്.