ഒരുപാട് കാലം പുറകോട്ടുള്ള ഒരു കഥയൊന്നുമല്ല.എങ്കിലും ഈ കഥ ഒരിത്തിരി പഴഞ്ചിയതാണ്.കുറച്ച് പിഞ്ഞിയിട്ടുമുണ്ട്.പക്ഷെ രൂപമാറ്റത്തോടെ ഇന്നും ഈ കഥ നിലനിൽക്കുന്നു..തൃപ്പൂണിത്തുറ എന്ന സാംസ്കാരിക നഗരത്തിലൂടെ ബാല്യവും, യൗവ്വനവും നടന്നു തീർത്ത ഒരുവളുടെ അനുഭവകഥയാണിത്.ഭാഗ്യലക്ഷ്മി – വിജയൻ നായർ വിവാദം കത്തിപ്പടർന്ന വേളയിൽ ഞാൻ ഈ ചിന്തകളിലൂടെയാണ് കടന്നു പോയത്. അനുകൂലവും,പ്രതികൂലവുമായി ഒരുപാട് അഭിപ്രായങ്ങളിലൂടെ നമ്മുടെ കണ്ണുകളും,കാതുകളും യാത്ര ചെയ്തു. ഈ കഥയിലൂടെ ഞാൻ ഒന്നു രണ്ടു പേരെ പരിചയപ്പെടുത്താൻ ശ്രമിക്കാം.കൗമാരത്തിലേക്ക് കടന്ന സമയം,ആദ്യമായി പുരുഷ ലൈംഗീക വൈകൃത മനോഭാവം നേരിട്ട് കണ്ട അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ടാകാം. അന്ന് ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന സമയം.തൃപ്പൂണിത്തുറയിലെ ഞാൻ പഠിച്ച സ്കൂളിലെ ഒന്നാം നിലയിലെ ജനാലയിലൂടെ പുറത്ത് നോക്കിയാൽ തൊട്ടു ചേർന്ന് ഒരിടവഴി കാണാം….
ഒരു ഉച്ച നേരം.. ഒരു മനുഷ്യൻ ആ വഴിയിൽ നിന്ന് ഉടുത്തിരുന്ന മുണ്ട് പൊക്കി ചേഷ്ടകൾ കാണിച്ചു കൊണ്ടേയിരുന്നൂ.അന്നത്തെ പെൺകുട്ടികൾ ഇന്നത്തെപ്പോലെ വിലൽത്തുമ്പിലെത്തുന്ന അറിവിലേക്കുയർന്നിട്ടില്ല.സ്വാഭാവിക
മായും , കാഴ്ച കണ്ടവരിൽ ചിലർ മറ്റുള്ളവരെ അറിയിച്ചു.ആ സമയം അയാൾക്ക് ആവേശം കൂടി.പിന്നീട് ആരോ ചിലർ മാതാപിതാക്കളെ അറിയിച്ചതു കൊണ്ടോ എന്തോ പിന്നീട് അയാൾ പിടിക്കപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾ ആരും അന്വേഷിച്ചുമില്ല.
ഈ റോഡ് പോലെ തൃപ്പൂണിത്തുറയിൽ ചില ഒറ്റപ്പെട്ട വഴികൾ ഉണ്ടായിരുന്നു, ഇന്നുണ്ടോ എന്ന് നിശ്ചയമില്ല. ആൾ തിരക്ക് കുറഞ്ഞ ചില ഇടവഴികളിൽ അന്ന് ഇത്തരക്കാർ പതിവായിരുന്നു..”ഷോമാൻ” എന്ന് പെണ്ണുങ്ങൾക്കിടയിൽ ഇവർ അറിയപ്പെട്ടുപോന്നു.ഉച്ച നേരം,സ്കൂൾ -കോളേജ് വിടുന്ന സമയം ഇതൊക്കെ പേടിക്കണ്ട സമയം ആയിരുന്നു.
ആ വഴികളിൽ താമസിച്ചിരുന്ന ചില സുഹൃത്തുക്കൾ ഇത് എന്നോട് പറഞ്ഞിട്ടുമുണ്ട്…സംസ്കൃത കോളേജ് റോഡിലെ ഒന്ന് രണ്ടു ഇടവഴികളിൽ ഇത്തരക്കാർ പതിവായിരുന്നതിനാൽ പലപ്പോഴും ചുറ്റിവളഞ്ഞു പോകേണ്ടുന്ന അവസ്ഥ ഉണ്ടായിരുന്നു.ഇതൊക്കെ പുറംലോകം അറിഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ…ഇതുപോലെ വടക്കേകോട്ടവാതിലിനോടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് ഒരു സാമൂഹിക വിരുദ്ധകേന്ദ്രം ഉണ്ടായിരുന്നു. വൈകീട്ട് ആറുമണിയോടെ പല സ്ത്രീകൾ അവിടെ വരുകയും രാവിലെ പോകുകയും ചെയ്യുന്നത് നിത്യകാഴ്ചയായിരുന്നൂ. കുറച്ചു പുരുഷന്മാർ അവിടെ ഒരു ഇരിപ്പിടം ഒക്കെ തയ്യാറാക്കി അവിടെ ഇരുപ്പറപ്പിക്കും.റോഡിന് വീതി കുറഞ്ഞ സ്ഥലമായിരുന്നു.അത് കൂടാതെ വഴിയോര കച്ചവടവും അവിടെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. അന്ന് അവിടെ ഒരു കുറിയ മനുഷ്യൻ ഉണ്ടായിരുന്നു.പെൺകുട്ടികൾ അടുത്തെത്തിയാൽ ചേർന്ന് നടന്നു വരാൻ ശ്രമിക്കുകയും,അടുത്ത് വന്ന് അറപ്പു തോന്നുന്ന ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുക അയാളുടെ പതിവായിരുന്നു.ഇയാളെ കണ്ടു പലപ്പോഴും ഞങ്ങൾ റോഡ് മുറിച്ച് കടക്കുക പോലും ചെയ്തിട്ടുണ്ട്. പലപ്പോഴും ഇയാൾ അപ്പുറമാണ് എന്ന ധൈര്യത്തിൽ നടക്കുന്ന വേളയിൽ വാഹനങ്ങളെ തീരെ വക വക്കാതെ ഞങ്ങൾ അടുത്തെത്തുമ്പോൾ ഇയാൾ ഇപ്പുറത്തേക്കോടി വന്നു വഷളത്തരം പറയുകയോ,ദേഹത്ത് ഇടിക്കാൻ ശ്രമിക്കുകയോ ചെയ്യും. ചിലപ്പോൾ ഇരുന്നു എഴുന്നേൽക്കുന്ന ആംഗ്യം അടുത്തു വരുമ്പോൾ കാണിച്ച് ഞെട്ടിക്കും.ചില പെണ്ണുങ്ങൾ ഇതൊക്കെ കണ്ടു ചിരിച്ചു. എനിക്ക് പലപ്പോഴും കാർക്കിച്ച് തുപ്പാൻ തോന്നിയിട്ടുണ്ട്. അടിച്ചു മുഖം പൊളിക്കാനും,നാക്ക് മുറിക്കാനും ഒക്കെ തോന്നിയിരുന്നൂ. പക്ഷെ പേടിയായിരുന്നൂ.
കാരണം, പ്രതികരിക്കുന്ന പെൺകുട്ടി അന്നൊക്കെ നിഷേധിയായി മാറുകയും,പല ചീത്തപ്പേരിനുടമയാകുകയും ചെയ്യുന്ന സംഭവങ്ങൾ ചരിത്രം രേഖപ്പെടുത്തിയിരുന്നത് ഞാനും ശ്രദ്ധിച്ചിരുന്നൂ. പിന്നെ അന്ന് പിതാക്കൻമാരോട് ഇന്നത്തെ പോലെ പല പെൺകുട്ടികളും ആകാശത്തിനു താഴെയുള്ള എന്തിനേക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം നേടിയിരുന്നില്ല. പിതാക്കൻമാരില്ലാത്തവരുടെ അവസ്ഥ പിന്നെ പറയണോ..അമ്മമാരോട് പറഞ്ഞാലും “നിങ്ങൾ വഴി മാറി നടക്കൂ..” എന്ന മറുപടി സ്ഥിരമാക്കിയതിനാൽ പലരും കൂട്ടുകാരോട് പറഞ്ഞു ആശ്വാസം നേടി.പോലീസ് അന്നൊക്കെ ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് പരിചയമുള്ള ഒരു പദം മാത്രമായിരുന്നൂ. അതിനാൽ ആ സാധ്യതയും അന്ന് മങ്ങിക്കിടന്നൂ.
അന്നൊക്കെ മിക്കവാറും ട്യൂഷൻ ക്ളാസ്സുകൾ അതിരാവിലെ ആയതുകൊണ്ട് ചില പത്രവിതരണക്കാരും ഇത്തരം ചേഷ്ടകളുമായി അന്ന് സജീവമായിരുന്നു.കോളേജിൽ പഠിക്കുന്ന കാലത്ത് ചക്കംകുളങ്ങര കുളത്തിൻറെ സമീപത്തും,എൻ.എസ്. എസ് കോളേജിനോട് ചേർന്ന വഴിയിലും ചിലർ തമ്പടിച്ചിരുന്നൂ. കൃത്യമായി ഒന്ന് ഉപദേശിക്കാനോ,പരാതിപ്പെടാനോ ധൈര്യം തരാൻ ഒരാളോ ഇല്ലാത്തതിനാൽ പല അപ്രിയതകളും അമർഷമായി മാത്രം പല്ലിനിടയിൽ ഞെരിഞ്ഞമർന്ന നാളുകളിലൊന്നിൽ ഒരാൾ മുണ്ടിന്നടിയിൽ പല വിധ ബലൂണുകൾ കെട്ടി മുന്നിൽ വന്നു.
ഒരു വലിയ കൂട്ടം പെൺകുട്ടികൾ കോളേജ് വിട്ടു വരുന്ന സമയം. കുറച്ചു അധ്യാപകർ പുറകിലായുണ്ട്. ഇയാൾ അടുത്ത് വന്നു മുണ്ട് ഉയർത്തി അശ്ളീലം പറയുന്നത് ശീലമാക്കിയയാളാണ്.അയാൾ വരുന്നത് ദൂരെ നിന്നും കണ്ട പെൺകുട്ടികൾ തിരിച്ചു നടന്നു അധ്യാപകരോട് പരാതി പറഞ്ഞു .ഞങ്ങൾ ഒച്ചയിട്ടതും അയാൾ ഓടി മറഞ്ഞു.എതിരെ വന്ന ഒരാൾ പ്രശ്നം അന്വേഷിച്ചു .ഞങ്ങൾ കാര്യം പറഞ്ഞു. പക്ഷെ പിന്നീട് ഇയാളെ ഒഴിവാക്കാൻ അധ്യാപകരും ഞങ്ങളും പെടാപ്പാട് പെട്ടു എന്ന് വേണം പറയാൻ.
ഗാന്ധി സ്ക്വയർ,മുക്കൂട്ട് ടെംപിൾ റോഡ് എന്നിവിടങ്ങളിലൊക്കെ ഈ രോഗികൾ ഉണ്ട് എന്നറിഞ്ഞ് പലകുറി ഞങ്ങൾ പലരും പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നൂ. പക്ഷെ പലപ്പോഴും ഒറ്റപ്പെട്ടു, പരാജയപ്പെട്ടു,താറടിക്കപ്പെട്ടു,മുദ്രകുത്തപ്പെട്ടു. പരാതി പറഞ്ഞവർ കൈമലർത്തിയതോടെ ഞാൻ എന്നിലേക്കൊതുങ്ങി. പിന്നീട് ഇത്തരക്കാരിൽ ചിലർ ബസ്സിലേക്ക് ചേക്കേറി.ജോലി പഴയതു തന്നെ..അങ്ങനെ ഒരു ദിവസം ഞാനും എൻറെ സുഹൃത്തും ഒരു ദിവസം പുതിയകാവിൽ നിന്നും ബസ് കയറി തൃപ്പൂണിത്തുറക്ക് പോകുകയാണ്. കൂട്ടുകാരിക്ക് പൊക്കം തീരെ കുറവാണ്. ബസ്സിൽ വല്ലാത്ത തിരക്കും. മധ്യത്തിലായി നിൽക്കുന്ന അവൾ വളരെ കഷ്ടപ്പെട്ടാണ് ബാലൻസ് ചെയ്യുന്നത്. അതിനിടക്ക് ഇത്തരം ഒരു രോഗി ബസ്സിൽ കയറി.(അടുത്ത് തന്നെയുള്ള ഒരു കോളേജിലെ വിദ്യാർഥി ആയിരുന്നു എന്ന് പിന്നീട് അന്വേഷിച്ചറിഞ്ഞു.)
ഇവളെ വല്ലാതെ ശല്യം ചെയ്യുന്നു.നോട്ടം കൊണ്ടും വാക്ക് കൊണ്ടും പറഞ്ഞു നോക്കി. കക്ഷിക്കു തീരെ കൂസലില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എങ്ങനെയോ ഉന്തി തള്ളി കുറച്ചു മുന്നിലെത്തി. കണ്ടക്ടർ പുറകോട്ട് ഇറങ്ങി നിൽക്കുന്ന പാഠകം ആവർത്തിക്കുന്നുണ്ടെങ്കിലും ഞങ്ങൾ ഗൗനിച്ചില്ല. കുറച്ചു നേരത്തിനു ശേഷം എൻറെ ശരീരത്തിലേക്ക് കൈവച്ച ഇയാളെ ഞാൻ നല്ല ഒച്ചയോടെ മാറി നിൽക്കെടാ എന്ന് ആക്രോശിച്ചു. കണ്ടക്ടറോട് ഇയാളെ ഇവിടെ ഇറക്കി വിട്ടില്ല എങ്കിൽ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടണം എന്ന് ഞാൻ നിർബന്ധം പറഞ്ഞു. പക്ഷെ കണ്ടക്ടർ ആദ്യം കാര്യമായെടുത്തില്ല.പക്ഷെ പിന്നീട് ഞാൻ കണിശമായി പറഞ്ഞതോടെ അയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിട്ടു. പക്ഷെ ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ മനോഭാവം ഞാൻ തെറ്റ് ചെയ്തപോലെ ആയിരുന്നു. മാത്രമല്ല ജോലിക്ക് വൈകി എത്തുന്നതിനേക്കുറിച്ചും,പോലീസ് സ്റ്റേഷനിൽ വൈകിയാലുണ്ടാകുന്ന വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ചും ഉത്കണ്ഠപ്പെടുകയാണ് ഉണ്ടായത്. സ്വാഭാവികം!!
ഇന്നും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ സ്വന്തം ആളുകൾക്ക് പൊള്ളിയാലേ നമുക്ക് നോവുകയുള്ളൂ. ഭാഗ്യലക്ഷ്മി എന്ന സ്ത്രീയുടെ ചെയ്തിയോട് ആദ്യം ഒട്ടുംതന്നെ ന്യായീകരിക്കാൻ തോന്നിയില്ല. പക്ഷെ ഒരു വശം മാത്രം മനസ്സിലാക്കി വിധി നിർണയിക്കരുതെന്ന് കരുതി ആ മഹാൻ പറഞ്ഞ കാര്യങ്ങളും കേട്ടു. അത് കേട്ടാൽ നമുക്ക് പൊള്ളണം എങ്കിൽ ആ പറഞ്ഞത് നമ്മുടെ അമ്മ ആ സ്ഥാനത്ത് വരണം. അമ്മ എന്ന് പറഞ്ഞത് മനപ്പൂർവം തന്നെയാണ്. കാരണം ഭാര്യ എന്നത് അമ്മ എന്ന പദത്തോളം വൈകാരികതയോടെ സ്വീകരിക്കപ്പെടുന്നില്ല എന്നതിനാലാണ്. ഭാര്യ അല്ലെങ്കിൽ സഹോദരി എന്ന് പറയുമ്പോൾ തോന്നുന്നതിനേക്കാൾ അമ്മയെ പറയുമ്പോൾ നമുക്ക് നോവ് കൂടുന്നു. പ്രത്യേകിച്ചും പുരുഷന്മാർക്ക്.
ഭാര്യ വിഷയമാകുമ്പോൾ പലരും ഭാര്യയെ അനുരഞ്ജനത്തിന് നിർബന്ധിക്കുന്നവരാണ്. എല്ലാവരും എന്നല്ല… പലരും ..ചിലപ്പോൾ എങ്കിലും കുറ്റപ്പെടുത്തുന്നവരും കുറവല്ല. “തീയില്ലാതെ പുകയുണ്ടാകില്ല..തുടങ്ങി കൊള്ളികൾ വച്ച് കനലെരിക്കുന്നവരും കുറവല്ല. ഞാൻ പറഞ്ഞു വന്നത് ഇത്രയുമേയുള്ളൂ..മനുഷ്യർ വികാരത്തോട് മല്ലിടുന്ന ചില നിമിഷങ്ങളിൽ അറിയാതെ വിവേകത്തെ കൈവിടുന്നൂ….അറിയാതെ സംഭവിക്കുന്നതാകാം ..ഒരാൾ അപകടത്തിൽ പെടുന്ന നിമിഷം മറ്റെല്ലാം മറക്കാം. വീഴാൻ പോകുന്ന നിമിഷം ഒരു പുൽക്കൊടിയിൽ ആയം കൊടുക്കുന്നവരുണ്ട്. ആ നിമിഷത്തെ ആശ്രയം അതാകും മനസ്സിലുള്ളത്.പുറമെ നിന്ന് കാണുന്നവന് പറയാം ആ പുൽക്കൊടിയിൽ ഭാരമേൽപ്പിക്കുന്ന ഇവനെത്ര വിഡ്ഢി എന്ന്…പക്ഷെ ആ നിമിഷം…..!!!
ഭൂരിപക്ഷം സ്ത്രീകൾക്കും തോന്നിയിരിക്കാം അയാൾ അത് അർഹിക്കുന്നത് തന്നെ എന്ന്…പക്ഷെ രാഷ്ട്രീയപാർട്ടികൾ ഇത് ഏറ്റെടുത്തതിനാലും മേൽ പറഞ്ഞ സ്ത്രീ ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി വ്യാഖ്യാനിക്കപ്പെട്ടതു കൊണ്ടും പല സ്തീകളും പല ഗ്രൂപ്പുകളിലായിപ്പോയീ.അതിനാൽ തന്നെ അഭിപ്രായങ്ങളും രാഷ്ട്രീയപരമായി വ്യാഖ്യാനിക്കേണ്ടി വരും എന്ന അജണ്ട ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഇനി മറ്റൊരു കാര്യം , ഇതുപോലെ ഒരാൾ ഉണ്ടായത് നന്നായി എന്ന് മനസ്സാ പറയുകയും പക്ഷെ പൊതുവേ പറയാതിരിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം ഇവിടെ നിലനിൽക്കുന്നു.
ഈ സംഭവത്തോട് ഞാൻ മറ്റൊരു അനുഭവം കൂടി ചേർത്ത് പറയട്ടെ… ഗർഭിണിയായിരുന്ന സമയം , വീർത്ത വലിയ വയറുമായി പൊരി വെയിലത്ത് ബസ് കാത്തു നിൽക്കുന്ന ഒരവസ്ഥയിൽ ഒരിക്കൽ ഒരാൾ അടുത്ത് നിന്ന് അശ്ളീലം പറയുന്നു.ആദ്യം വ്യക്തമായില്ല..പക്ഷെ അടുത്ത് വേറെ ആരും ഇല്ല എന്നോടാണ് എന്ന് മനസ്സിലാക്കാൻ ഞാൻ ഒരിത്തിരി സമയം എടുത്തു. നേരെ എതിരെ ജനമൈത്രി പോലീസ് സ്റ്റേഷനാണെന്ന് മനസ്സിലാക്കിയ ധൈര്യത്തിൽ ഞാൻ ഉറക്കെ ചോദിച്ചു “എന്താ പറഞ്ഞത്” ഉറക്കെ പറയെടോ!! എന്ന് ഒന്ന് രണ്ടു വട്ടം ഉറക്കെ ചോദിച്ചു കൊണ്ട് ഞാൻ അയാളുടെ കുറച്ചു അടുത്തേക്ക് ചെന്നു പോലീസ് സ്റ്റേഷൻ ചൂണ്ടിക്കാട്ടേണ്ട താമസം , കാത്തു നിന്ന ബസ് ഏത് എന്ന് മറന്നു കൊണ്ട് ഈ മഹാൻ ആ വളവിലെത്തിയ കെ.എസ്. ആർ.ടി.സി. ബസ്സിലേക്ക് ഓടിക്കയറി..
പക്ഷെ ആളുകൾ ഗർഭിണിയായ എൻറെ അഹങ്കാരത്തെയാകും കുറ്റപ്പെടുത്തിയിരിക്ക എന്ന് എനിക്ക് തോന്നാതിരുന്നില്ല.
ഇനി കയ്പേറിയതെങ്കിലും സത്യം സത്യമാകാതെ വയ്യല്ലോ..
“തെറിക്കുത്തരം മുറിപ്പത്തൽ ” എന്ന് വെറുതെ പറയാം എന്നല്ലാതെ നിയമം,നീതി ഇതൊക്കെ അനുശാസിക്കുന്ന ഒരു വ്യവസ്ഥയിൽ ഇത് ബാധകമല്ല എന്ന് മനസ്സിലാക്കേണ്ടത് നന്നാകും. തീർച്ചയായും നേരത്തെ പറഞ്ഞ വികാരം പലപ്പോഴും വിവേകത്തെ ഉൾപ്പെടുത്താറില്ലാത്ത സന്ദർഭത്തിൽ ഇത് സാധ്യമല്ല എന്നത് സത്യം.
പിന്നെ തുണി പൊക്കിക്കാണിക്കുന്നവനെ തിരിച്ചു പൊക്കിക്കാണിക്കുന്ന പോലെ തന്നെയാണ് തെറി വിളിച്ചവനേയും തിരിച്ചു അതേ സംസ്കാരം കൊണ്ട് നേരിടുന്നത്. പെണ്ണിന് തെറിവിളിച്ചുകൂടെ എന്നൊക്കെ ഗമക്ക് പറയാമെങ്കിലും എൻറെ മക്കൾ,സഹോദരങ്ങൾ. ഭർത്താവ്,ബന്ധുക്കൾ,ശിഷ്യർ,സുഹൃത്തുക്കൾ ആരും തന്നെ ഇത്തരം വാക്കുകൾ ശീലിക്കുന്നതിനോടും ഉപയോഗിക്കുന്നതിനോടും എനിക്ക് വ്യക്തിപരമായി അറപ്പും,വെറുപ്പുമാണ് .
ഞാൻ എന്നല്ല ആരും തന്നെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല ഇവ.പറയാൻ ആഗ്രഹിക്കുന്നു എങ്കിലും. സ്വന്തം മക്കൾ തെറിവിളിച്ച് ശീലിക്കുന്നതിനോട് സഹിഷ്ണുത പുലർത്താൻ ഒരു മാതാപിതാക്കൾക്കും ആഗ്രഹമില്ല എന്ന് പറയുന്നതിൽ തെറ്റുണ്ടോ??
ലൈംഗിക അവയവയങ്ങൾ ഉൾപ്പെട്ടവയാണ് ഭൂരിഭാഗം തെറിവാക്കുകളും എന്നാണ് എൻറെ ധാരണ. പൂർണമായും ശരിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ ഈ അവയവങ്ങൾ നമ്മുടെ ജീവിതത്തിൽ ഇത്ര പ്രാധാന്യത്തോടെയിരിക്കെ എങ്ങിനെയാണിത് അശ്ളീലമാക്കിയെടുത്താനന്ദിക്കുന്നതെന്നും, ദേഷ്യം തീർക്കാൻ ഉപയോഗിക്കുന്നതെന്നും ഒരുപിടിയും ഇല്ല.
അറിയാതെ നാം ശീലിക്കുന്നവ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുന്നത് കുടുംബം,കൂട്ടുകെട്ട് ഇവയിലൂടെയാണ്….അടുത്ത തലമുറക്ക് ഇത് കൂടി പകർന്നു കൊടുത്താണ് ഓരോ
തലമുറയും കടന്നു പോയിട്ടുള്ളത്. നാളിത് വരെ. വ്യത്യാസം ഒന്ന് മാത്രം …സ്വരം അടക്കി പറഞ്ഞു പോന്നവ ഇപ്പോൾ ആക്രാശങ്ങളായിമാറിയിരിക്കുന്നൂ ..
സ്ത്രീകളെ ഉദ്ധരിക്കുന്ന മഹാന്മാരുടെ മുഖംമൂടി ഇനി എങ്കിലും വലിച്ചൂരാൻ നിയമപാലകർ തയ്യാറാവണം. വ്യാജ അക്കൗണ്ട്,അന്യൻറ ഭാര്യ, സഹോദരി ഇവരെ ഒക്കെ ഓൺലൈനിൽ വിചാരണ ചെയ്യുന്നവർ .അവരുടെ ഫോട്ടോകൾ,പോസ്റ്റുകൾ ഇതൊക്കെ പോസ്റ്റ് മോർട്ടം ചെയ്യുന്നവർ,സോഷ്യൽ മീഡിയ സദാചാരപാലകർ ഇവരെ ഒക്കെ നിയമം കൊണ്ട് വിലങ്ങിടണം. സ്ത്രീകൾ സംരക്ഷിക്കപ്പെടാനായി ഒരു സ്ത്രീയും നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഇനി ഉണ്ടാകരുത്. ഓരോ സ്ത്രീകളും നിയമം കയ്യിലെടുക്കുന്ന അവസ്ഥ വരുകിൽ പിന്നെ നമ്മുടെ നാട്ടിൽ നിയമം എന്തിനാണ് എന്നാകുകയില്ലേ??
ഈ പോസ്ററു വായിക്കുന്ന സോഷ്യൽ സദാചാരിയുടെ ചിന്ത ഒരു പക്ഷെ ഇതാകാം. നമ്മൾ ഒക്കെ ഈ നാട്ടിലൂടെ നടന്നിട്ട് ഇന്ന് വരെ ഒരുത്തനും നമ്മളോട് ഒന്നും തന്നെ…ങേ..ഹേ.??????!!!! ഒരക്ഷരം പറഞ്ഞിട്ടില്ല….!!
അപ്പോൾ പിന്നെ…കുഴപ്പം അവൾടെ തന്നെ…
സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്തതിനാൽ പോസ്റ്റ് പങ്കുവക്കുകയോ,ചർച്ചചെയ്യപ്പെടുകയോ ചെയ്യില്ലെന്നറിയാം എങ്കിലും ഒരഭിപ്രായം പങ്കു വക്കുന്നതിൽ തെറ്റില്ലാലോ….അല്ലേ??
This post has already been read 5891 times!
Comments are closed.