കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്. കൽക്കട്ടയിൽ മുസഫർ അഹമ്മദിന്റെ നേതൃത്വത്തിലും ബോംബെയിൽ എസ് എ ഡാങ്കെയുടെ നേതൃത്വത്തിലും ലാഹോറിൽ ഗുലാം ഹുസൈന്റെ നേതൃത്വത്തിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ചു. 1923 ആകുമ്പോഴേക്കും ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അത്യധികം സജീവമായി തുടങ്ങി. വിപ്ലവകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സ്വതന്ത്രമായ പത്രങ്ങൾ ഈ ഘട്ടത്തിൽ രംഗപ്രവേശം ചെയ്തു. കൽക്കട്ടയിൽ നിന്നു പുറപ്പെട്ട നവയുഗ് എന്ന പത്രത്തിന്റെ പത്രാധിപർ മുസാഫിർ അഹമ്മദായിരുന്നു. ബോംബെയിൽ നിന്ന് സോഷ്യലിസ്റ്റ് എന്ന പേരിൽ ഡാങ്കെയുടെ പത്രാധിപത്യത്തിലും ലാഹോറിൽ നിന്ന് ഇൻക്വിലാബ് എന്ന പേരിൽ ഗുലാം ഹുസൈന്റെ പത്രാധിപത്യത്തിലും മാസികകൾ പ്രസിദ്ധീകരിക്കപ്പെട്ടു.
അക്കാലത്ത് ദേശീയ പ്രസ്ഥാനം നയിച്ചിരുന്നത് ബൂർഷ്വാ ചിന്തകന്മാരാണ്. അവരുടെ മിതവാദപരമായ ധാരണകളും പ്രവൃത്തികളും ചെറുപ്പക്കാരായ ദേശീയവാദികളിൽ ചിലരിൽ നിരാശയും വെറുപ്പും ഉളവാക്കി. സ്വാതന്ത്യ്ര സമ്പാദനത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ അന്വേഷിക്കാൻ അവരിൽ ചിലർ ശ്രമിച്ച് തുടങ്ങി. ഈ ഘട്ടത്തിലാണ് റഷ്യൻ വിപ്ലവത്തെക്കുറിച്ചും മാർക്സിസത്തെക്കുറിച്ചും ലെനിനെ കുറിച്ചുമെല്ലാം ഇവർക്ക് അറിയാൻ ഇടയാകുന്നത്. ഇങ്ങനെ അറിഞ്ഞവരിൽ ചിലരാണ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്.
ഡോ. ജി അധികാരി എഴുതുന്നു: ‘1920 ഒക്ടോബറിൽ താഷ്കെന്റിൽ ചില ഇന്ത്യൻ വിപ്ലവകാരികൾ രൂപം കൊടുത്ത സിപിഐ വെറുമൊരു ഗ്രൂപ്പു മാത്രമായിരുന്നു. 1919 അവസാനത്തിലും 1920 ആദ്യത്തിലുമായി രൂപം കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്. ഇന്ത്യൻ വിപ്ലവകാരികളായ ഏഴുപേർ ഏഷ്യയിൽ നിന്ന് താഷ്കെന്റിലെത്തുകയും പാർട്ടി ഗ്രൂപ്പിന് രൂപം നൽകുകയുമായിരുന്നു. ഇന്ത്യൻ റെവല്യൂഷണറി അസോസിയേഷൻ എന്ന പേരിലാണ് ഇന്ത്യാക്കാരായ കമ്മ്യൂണിസ്റ്റുകാർ ഒരു ഗ്രൂപ്പിന് രൂപം നൽകുന്നത്’. (ഡോക്‌മെന്റ്സ് ഓഫ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) എം എൻ റോയ്, എവൽവൽ ട്രന്റ് റോയ്, എ എൻ മുഖർജി, റോസ ഫിറ്റിൻഗോവ്, മുഹമ്മദ് അലി (അഹമ്മദ് ഹസ്സൻ) മുഹമ്മദ് ഷഫീഖ് സിദ്ദിഖി, എ പി ബി ടി ആചാര്യ എന്നിവരാണ് ആദ്യ യോഗത്തിൽ പങ്കെടുത്തത്. ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നാം ഇന്റർനാഷണൽ അംഗീകരിച്ച തത്വങ്ങൾക്കനുസരണമായി ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പരിപാടി തയ്യാറാക്കാൻ യോഗം നിശ്ചയിച്ചു.
1923 ആകുമ്പോഴേക്കും ലാഹോറിലും ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു. മദിരാശിയിൽ ശിങ്കാര വേലു ചെട്ടിയാർ എന്ന ഒരു യുവ അഭിഭാഷകൻ സ്വയം കമ്മ്യൂണിസ്റ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കുറേ പ്രവർത്തനങ്ങൾ നടത്തി. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചില്ല. എങ്കിലും തൊഴിലാളി സംഘടനകൾ ഉണ്ടാക്കാനും തൊഴിലാളി സമരങ്ങൾ സംഘടിപ്പിക്കാനും വളരെയേറെ ശ്രമങ്ങൾ നടത്തിയിരുന്നു.
ഈ കാലഘട്ടത്തിൽ തന്നെ ഇന്ത്യക്ക് വെളിയിലും ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ പരാജയപ്പെടുത്താനായി വിദേശ രാജ്യങ്ങളിൽ പോയി പല പരിശ്രമങ്ങളും നടത്തിക്കൊണ്ടിരുന്ന യുവാക്കളാണ് ഈ ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്. ജർമനിയിലെത്തിയ എം എൻ റോയി എന്ന യുവാവ് അവിടെയും പിന്നീട് മോസ്കോയിലും ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു.
സാമ്രാജ്യത്വ വിരോധ സമരങ്ങൾ വ്യാപകമായി നടന്ന കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ടായത്. 1918 മുതൽ 1922 വരെ നിലനിന്ന ആ ഘട്ടം പലതുകൊണ്ടും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സാമ്രാജ്യത്വവിരോധ സമരത്തിന്റെ നേതൃത്വം ബൂർഷ്വാ ചിന്തകന്മാരുടെ കയ്യിലായിരുന്നെങ്കിലും സമരത്തിൽ ആദ്യമായി രംഗത്തിറങ്ങിയത് തൊഴിലാളികൾ ആയിരുന്നു. 1918 ൽ തന്നെ അഹമ്മദാബാദ്, ബോംബെ, കൽക്കത്ത, കാൺപൂർ, മദ്രാസ് എന്നീ നഗരങ്ങളിൽ തൊഴിലാളി സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സംഘടിതവും ഏകീകൃതവുമായ നേതൃത്വം ഒന്നും ഇല്ലെങ്കിലും അക്കാലത്തു നടന്ന സമരങ്ങൾ ഉജ്ജ്വലങ്ങളായിരുന്നു. കൂലി വർദ്ധിപ്പിക്കാനും, അനുവദിച്ച കൂലി കൃത്യമായി ലഭിക്കാനും, ഉച്ചഭക്ഷണത്തിനു സമയം അനുവദിച്ചു കിട്ടാനും കണ്ടമാനം ചുമത്തിയ ഫൈൻ വെട്ടിചുരുക്കാനും പ്രവൃത്തി സമയം ചുരുക്കിക്കിട്ടാനും മറ്റുമായിരുന്നു അന്ന് തൊഴിലാളികൾ സമര രംഗത്തിറങ്ങിയത്.
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ആവിർഭാവം ഒരു പുത്തൻ ശക്തിയുടെ ആരംഭം കുറിച്ചു. തൊഴിലാളികൾ ആശയനിബദ്ധമായും സ്വതന്ത്രമായും രംഗത്തുവരാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെല്ലാം ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനോടൊപ്പം പ്രവർത്തിച്ചു പോന്നു. ഡൊമിനിയൻ പദവിയല്ല പൂർണ സ്വരാജാണ് ഇന്ത്യക്ക് വേണ്ടതെന്ന് അവർ കോൺഗ്രസിനുള്ളിൽ വാദിക്കാൻ തുടങ്ങി. 1921 ലെ അഹമ്മദാബാദ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റായിരുന്ന ഹസ്രത്ത് മൊഹാനി അധ്യക്ഷ സ്ഥാനത്തുനിന്നും സമ്പൂർണ സ്വാതന്ത്യ്ര പ്രമേയം കൊണ്ടുവന്നു. നിരുത്തരവാദപരവും അപ്രായോഗികവും എന്നു പറഞ്ഞുകൊണ്ട് ഗാന്ധിജി അതിനെ എതിർത്തു. പ്രമേയം തള്ളിപ്പോയി. 1922 ലെ ഗയാ കോൺഗ്രസ് സമ്മേളനത്തിൽ മറ്റൊരു കമ്മ്യൂണിസ്റ്റ് ശിങ്കാരവേലു ചെട്ടിയാർ അധ്യക്ഷ സ്ഥാനത്തുനിന്നും പൂർണ സ്വാതന്ത്യ്ര പ്രമേയം അവതരിപ്പിച്ചു. കൂടുതൽ പിന്തുണ ലഭിച്ചെങ്കിലും പ്രമേയം തള്ളിപ്പോയി. ഇന്ത്യയിൽ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പാർട്ടി വേണമെന്ന ആവശ്യം ശക്തിപ്പെടുകയുണ്ടായി. പെഷവാർ ഗൂഢാലോചന കേസിന്റെ ഘട്ടത്തിലാണ് ഈ ആവശ്യം മുന്നോട്ടു വന്നത്. കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെട്ടുവരുന്നത് സർക്കാർ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ അപകടം ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അത് തടയാനായി അവർ 1924 ൽ കാൺപൂർ ഗൂഢാലോചനാക്കേസ് ചമച്ചു. കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലെ മിക്ക നേതാക്കളും പ്രതികൾ. പതിമൂന്ന് പ്രതികളിൽ എല്ലാവരും വിവിധ കാലയളവുകളിലെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഇവരിൽ നാലുപേർ ഒഴികെ എല്ലാവരും 1925 ആയപ്പോഴേക്കും പുറത്തുവന്നു.
കാൺപൂർ ഗൂഢാലോചന കേസിന്റെ വിചാരണ വേളയിൽ വീണ്ടും ഒരാവശ്യം ഉയർന്നുവന്നു. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതും ഇന്ത്യയിലെ പാവപ്പെട്ടവന്റെ മോചനം ലോക സാഹചര്യങ്ങൾക്ക് അനുസൃതമായി നേടിയെടുക്കുവാൻ കഴിയുന്നതുമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി വേണം. 1925 ഫെബ്രുവരി 14–16 ൽ ചേർന്ന എഐടിയുസി സമ്മേളനവും ഈ ആവശ്യമുന്നയിച്ചു. ആ വർഷം ഫെബ്രുവരി 11–12 വരെ ആംസ്റ്റർഡാമിൽ ചേർന്ന കൊളോണിയൽ സമ്മേളനവും ഇതേ ആവശ്യം ഉന്നയിച്ചു. വിദേശത്ത് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയും ഇന്റർനാഷണലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്ത എം എൻ റോയിയും ഈ ആവശ്യം രേഖപ്പെടുത്തി. കോമിന്റേണിന്റെ അഞ്ചാം പ്ലീനം (1925 മാർച്ച്) ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ഒരു ബഹുജന ദേശീയ വിപ്ലവ പാർട്ടി രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തു. പക്ഷേ സംഘടിപ്പിക്കേണ്ടവരിൽ മിക്ക നേതാക്കളും ജയിലിൽ ആയിരുന്നു.
കോൺഗ്രസിന്റെ കാൺപൂർ സമ്മേളനം നടന്ന വേദിയ്ക്കടുത്തുതന്നെ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഒന്നാം ഇന്ത്യൻ കമ്മ്യൂണിസ്റ്റു കോൺഫറൻസ് നടന്നത്. 1925 ഡിസംബർ 25 മുതൽ 28 വരെ തീയതികളിൽ. ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം സംഘടനയുടെ പേര് ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ’ എന്നായിരിക്കും എന്ന് തീരുമാനിച്ചു. 26 ന് വൈകിട്ട് സിപിഐ രൂപീകരണ പ്രമേയം അംഗീകരിച്ചു. 27 ന് ഭരണഘടന അംഗീകരിച്ചു. കേന്ദ്ര നിർവാഹക സമിതിയേയും തിരഞ്ഞെടുത്തു. മുപ്പതംഗ സമിതിയിലെ പതിനാറുപേരെ അന്ന് തിരഞ്ഞെടുത്തു. ബാക്കി ആളുകളെ പ്രവിശ്യാ കമ്മിറ്റികളിൽ നിന്നും വിദേശ ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കാനും നിശ്ചയിച്ചു. 28 ന് രാവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശിങ്കാരവേലു ചെട്ടിയാരും ജനറൽ സെക്രട്ടറിമാരായി എസ് വി ഘാട്ടേയും ജെ പി ബാഗർഹട്ടയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ആസാദ് ശോഭാനിയും സെക്രട്ടറിമാരായി കൃഷ്ണസ്വാമി അയ്യങ്കാരും മുസാഫർ അഹമ്മദും എസ് ഡി ഹസ്സനും തിരഞ്ഞെടുക്കപ്പെട്ടു.
ഡിസംബർ 28 ന് പത്രങ്ങൾക്കായി ഒരു വാർത്താ കുറിപ്പ് നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിലും മറ്റും നിലനിന്നിരുന്ന പ്രാദേശിക പാർട്ടികളെല്ലാം പിരിച്ചു വിട്ടതായും ഡിസംബർ 25 മുതൽ 28 വരെ കാൺപൂരിൽ ചേർന്ന ഒന്നാം കമ്മ്യൂണിസ്റ്റ് കോൺഫറൻസിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ അഖിലേന്ത്യാ പാർട്ടി ഓപചാരികമായി നിലവിൽ വന്നതായും ഇതിന്റെ ആസ്ഥാനം ബോംബെ ആയിരിക്കുമെന്നും ഇതോടെ സത്യഭക്തയുടേത് അടക്കം ഇന്ത്യയിലും വെളിയിലുമായി രൂപംകൊണ്ട എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ അവസാനിക്കുന്നതായും ആ പത്രക്കുറിപ്പിൽ പറഞ്ഞു. അന്നത്തെ ദേശീയ പത്രങ്ങളിലും പ്രാദേശിക പത്രങ്ങളിലും ഈ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നു. വിദേശ ഗ്രൂപ്പുകളും ഇത് അംഗീകരിച്ചു.
1920 ഒക്ടോബർ 17 ന് താഷ്കെന്റിൽ വച്ച് സിപിഐ രൂപീകരിച്ചെന്ന വാദം ഇന്ന് വീണ്ടും ഉയർന്നു വരുന്നുണ്ട്. സിപിഐ രൂപീകരണത്തിന്റെ 100-ാം വാർഷികത്തിനും തുടക്കമിടുന്നു. സിപിഐയുടെ രൂപീകരണവും ആദ്യകാല സംഭവങ്ങളും മറ്റും ചോദിച്ചുകൊണ്ട് 1959 ൽ ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റു പാർട്ടി സിപിഐ നേതൃത്വത്തിന് കത്തയക്കുകയുണ്ടായി. അന്നത്തെ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്ത് നൽകിയ മറുപടിയിൽ ഇങ്ങനെ പറയുന്നു: ‘1925 ഡിസംബറിൽ ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ കാൺപൂരിൽ നടത്തിയ സമ്മേളനത്തിൽ വച്ചാണ് സിപിഐ രൂപീകൃതമായത്. ‘1959 ഓഗസ്റ്റ് 19 ന് ചേർന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ അജയഘോഷ്, ബി ടി രണദിവെ, പി സി ജോഷി, എം ബാസവ പുന്നയ്യ, ഇസഡ് എ അഹമ്മദ്, എസ് എ ഡാങ്കെ, എ കെ ഗോപാലൻ എന്നിവരാണ് പങ്കെടുത്തത്. കാൺപൂർ സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത മുസാഫർ അഹമ്മദ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് മുമ്പ് 1963 ൽ തന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന സമകാലേർ കഥ എന്ന ഗ്രന്ഥത്തിലെഴുതി: ‘ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ചത് 1925 ലാണ്. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലുമായി അഫിലിയേറ്റ് ചെയ്യാൻ സിപിഐക്ക് നല്ല സാധ്യതകൾ ഉണ്ടായിരുന്നു. പുതുതായി സംഘടിപ്പിച്ച കേന്ദ്ര കമ്മിറ്റിയിൽ വിദേശത്തു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടായിരുന്നു. ഇന്റർനാഷണലുമായുള്ള ബന്ധം അടിയന്തിര ആവശ്യമായി സഖാക്കൾക്ക് തോന്നിയില്ല. എങ്കിലും സിപിഐയെ അതിന്റെ ഭാഗമായി ഇന്റർനാഷണൽ കരുതിപ്പോന്നു’. (1962).
1926 ജനുവരി 21 ന് ലംഗാൾ വാരികയിൽ മുസഫർ അഹമ്മദ് ഒരു അഭ്യർത്ഥന പ്രസിദ്ധീകരിച്ചിരുന്നു: ‘എല്ലാവർക്കും അറിയാവുന്നതുപോലെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സമ്മേളനം കാൺപൂരിൽ കഴിഞ്ഞ ഡിസംബർ അവസാന ആഴ്ച നടക്കുകയുണ്ടായി. പാർട്ടി കേന്ദ്ര ഓഫീസ് ബോംബെയിൽ സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. ബംഗാളിൽ ഓഫീസ് നടത്തുന്നതിനും പാർട്ടി കെട്ടിപ്പടുക്കുന്നതിനുമുള്ള ഉത്തരവാദിത്തം എന്നിലാണ്’. (സിപിഐ (എം) ചരിത്രം, മലയാളം, പേജ് 143) സിപിഐ (എം) നേതാവായിരുന്ന ഹർകിഷൻ സിങ് സുർജിത് രചിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാന ചരിത്രത്തിന്റെ രൂപരേഖ എന്ന ഗ്രന്ഥത്തിൽ കാൺപൂർ സമ്മേളനത്തെപ്പറ്റി പറയുന്നുണ്ട്: അതിനിടയിൽ രൂപം കൊള്ളുകയും പ്രവർത്തനം തുടങ്ങുകയും ചെയ്ത വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കുന്നതിനുള്ള ആദ്യ ശ്രമമായിരുന്നു കാൺപൂർ സമ്മേളനം. സിപിഐ (എം) ചരിത്രത്തിൽ പറയുന്നു: ‘അക്കാലത്ത് കോമിന്റേൺ താഷ്കെന്റിൽ രൂപീകരിച്ച സിപിഐയെ ഒരു ഗ്രൂപ്പായി മാത്രമാണ് അംഗീകരിച്ചത്. (പേജ് 81). ഒരു ഏകീകൃത പാർട്ടിയും കേന്ദ്ര നേതൃത്വവും ഉണ്ടായതോടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വ്യാപകമാകാൻ തുടങ്ങിയത്. രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി സ്വന്തം മേൽവിലാസത്തിൽ പാർട്ടി ഇടപെടാൻ തുടങ്ങി. ദേശീയ സ്വാതന്ത്യ്ര പ്രസ്ഥാനത്തോടൊപ്പം പാർട്ടി സജീവമായി നിലകൊണ്ടു.

This post has already been read 2631 times!
Comments are closed.