ചിന്തകൾ

ആർത്തവം തുള്ളുമ്പോൾ

🌺ആർത്തവം തുള്ളുമ്പോൾ🌺

അങ്ങനിരിക്കെ
ആണിനൊക്കെ
പൊടുന്നനെ
ആർത്തവം വന്നു…
വയറു മുറുക്കെപിടിച്ചു
പകലന്തിയോളം
മാറ്റാനാകാത്ത
ഒറ്റ നിണതുണിയിൽ
അവൻ അസ്വസ്ഥത
പൂണ്ടു…

സാനിറ്ററി നാപ്കിനുകൾ
കൊണ്ടവരുടെ
ലാപ്ടോപ് ബാഗുകൾ
നിറഞ്ഞു…
ഒരു കുഞ്ഞുമുറിവിലെ
രക്തത്തെ ഭയപ്പെട്ടോടിയവൻ
നിർത്താത്ത
ഏഴുദിന പെയ്ത്തിൽ
വാടി തളർന്നു പിടിച്ചു നിന്നു…

വീട്ടിലെ തീണ്ടാരി പുരകളിൽ
തിക്കും തിരക്കുമായി..
അതിരാവിലെ കുളിച്ചു,
കിടന്നിടത്തൊക്കെ
പുണ്യഹം തളിച്ചു…
കടുത്ത വയറുവേദനയിൽ
കട്ടൻ കൊതിച്ചു
വേച്ചിട്ടും…
അശുദ്ധിയുടെ കലത്തിൽ
തനിച്ചു തിളപ്പിക്കാൻ..
വയറിനു മീതെ ഒരു
തുണി കെട്ടി പുറപ്പെട്ടു…

വീട്ടിലുള്ളോർക് മുഴുവൻ
ഉണ്ണാൻ..
ഉടുക്കാൻ..
കിടക്കാൻ…
വേണ്ടിയതൊക്കെ
തയാറാക്കി…
തലനാരു വരെ
കീറിപോകും മട്ടിൽ
തുളച്ചുനീറ്റുന്ന
വേദന…
കാലിലോ കഴുത്തിലോ
ഞരമ്പിലോ
നടുവിലോ
തിരിച്ചറിയാൻ ആകാത്ത
വേദന….

ഭ്രാന്ത്മൂടുന്ന ദേഷ്യം…
ഒറ്റവാക്ക് കൊണ്ട്
ഒതുക്കി തീർക്കുന്ന
കടുത്ത മടുപ്പ്…
പാടത്തു പിള്ളേർക്കൊപ്പം
ഓടാൻ പറ്റുന്നില്ല…
കാമുകി വിളിക്കുമ്പോൾ
അസ്വസ്ഥത പ്രകടിപ്പിക്കാൻ
ആകുന്നില്ല…
ചിലപ്പോളൊക്കെ
ഗർഭം പോലൊരു
ഛർദിയും…

ഒടുവിലവൻ പ്രാർത്ഥിച്ചു..
എത്ര മഹത്തരം
എങ്കിലും
ഒരു കഠിനവേദന
വയറ്റിൽ തരാൻ
പാകത്തിൽ
എന്തിനിങ്ങനെ
ജനിപ്പിച്ചു….
പെട്ടെന്ന് ഇതൊന്നു
നീക്കി തുടയ്ക്കണേ…

ഇതുകേട്ട ദൈവം
ചിരിച്ചു കൊണ്ട്
അമ്പലത്തിനടുത്തു
ഒരു തീണ്ടാരി പുര
പണിതു…
ആർത്തവം കൊണ്ട്
അശുദ്ദമാക്കപ്പെട്ട
ദൈവങ്ങൾക്ക്
കിടക്കാൻ…..

🌺🌺ദത്തു 🌺🌺

This post has already been read 2565 times!

Comments are closed.