കവിതകൾ

(……..ആഗേ….ചൽ…..)

poem

(……..ആഗേ….ചൽ…..)

വൃദ്ധിയിലേക്കു നയിക്കും സൂര്യനുദിക്കുന്നേയുള്ളൂ….
മണ്ണുകിളച്ചു മറിച്ച, കർഷക-
നുണരുന്നേയുള്ളൂ….
വാലാട്ടികളായ് വാണയുവത്വം
ഉണരുന്നേയുള്ളൂ…..
സുഖിയന്മാരുടെ രാഷ്ട്രീയത്തിനു
പേടിതുടങ്ങുകയായ്….
ഇസങ്ങളായിരമുണ്ടോരിസവും
ക്ലെച്ചുപിടിക്കാതായ്…..
നുണയും നേരും വേറിട്ടറിയാൻ
പാടൂർപടിപോണം……
വർഗീയതയുടെ ചോരമണക്കും
കാവിപ്പച്ച കരിമ്പൂച്ച,…..
രാജ്യം മുഴുവൻ മോങ്ങി നടക്കും
ഭീതിത രാഷ്ട്രീയം….
മിനിമം പരിപാടികളും പേറി
മുന്നണി രാഷ്ട്രീയം….
മിനിമം ജീവിത വഴിതേടുന്നോ
നെന്നും ദാരിദ്ര്യം……
മെട്രോ റെയ്ലുകൾ
വേഗതകൂട്ടും
വികസന സൗകര്യം…..
ഭേദപ്പെട്ടവരെല്ലാവർക്കും
ആഹ്ലാദം പകരും….
ആധിവാസികളിന്നും പട്ടിണി
പേറുന്നുണ്ടത്രേ……
ആധിപിടിച്ചു വിശക്കും
ജീവിതമനവധി ഉണ്ടത്രേ……
സ്വകാര്യ സ്വത്തുകൾ
കൂട്ടുന്നോർക്കൊരു
കൂട്ടാളികളായി…..
പിൻവാതിലുകൾ
തുറന്നു കൊടുക്കും
മുന്നണി രാഷ്ട്രീയം….
മിണ്ടാപ്രാണികൾ മാത്രം
കൊണ്ടൊരു നേതൃക്കമ്മറ്റി…..
തിന്നമിടുക്കിനു
കൈപൊക്കുന്നോ-
രുണ്ണാമന്മാരും…..
ഞാൻ പറഞ്ഞതു
നിങ്ങൾക്കെങ്ങാൻ
പൊള്ളുന്നുണ്ടെങ്കിൽ
മുന്നിൽക്കാണും വെള്ളച്ചാലിൽ
മുങ്ങിയിരുന്നോളിൻ……

(ചന്ദ്രശേഖരൻ പ്ലാവളപ്പിൽ)

This post has already been read 7284 times!

Comments are closed.