യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചു
കോഴിക്കോട്: യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് (എല്‍ജെഎം) യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായി എത്തിയ 12 അംഗ വിദ്യാര്‍ഥി സംഘം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെലവഴിച്ച സംഘം സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിവിസി, രജിസ്ട്രാര്‍ തുടങ്ങി ഭരണചുമതലയുള്ള ഉദ്യോഗസ്ഥരുമായും ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, ഫോക് ലോര്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിച്ചു. സര്‍വകലാശാലയിലെ റേഡിയോ സ്റ്റേഷന്‍, ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍, യൂണിവേഴ്സിറ്റി പാര്‍ക്ക് തുടങ്ങിയവയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. രണ്ടാഴ്ചത്തെ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും. അന്താരാഷ്ട്രതലത്തില്‍ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്.
ഫോട്ടോ ക്യാപ്ഷന്‍- യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സംഘം മന്ത്രി ഡോ. ആര്‍. ബിന്ദുവിനൊപ്പം
This post has already been read 1324 times!
Comments are closed.