PRESS RELEASE 1
14.04.2024
രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്ക്ക് ശോഭയേറ്റി നടി ശോഭനയും; അണികള്‍ക്ക് ഇരട്ടി ആവേശം
തിരുവനന്തപുരം: വിഷുദിന അതിഥിയായി നടിയും നര്‍ത്തകിയുമായ ശോഭനയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ഗോഥയില്‍ ഇറങ്ങി. രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭനയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും ശോഭന വിഷുക്കൈനീട്ടം സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖറിനു പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് അവര്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച വാഹന പ്രചരണ ജാഥ വൈകീട്ട് ഏഴ് മണിയോടെ നെയ്യാറ്റിന്‍കര ടിബി ജങ്ഷനിലെത്തിയപ്പോഴാണ് ശോഭന രാജീവിനൊപ്പം റോഡ് ഷോയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷും കൂടെയുണ്ടായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സ്ഥാനാര്‍ത്ഥിയേയും പ്രിയ നടിയേയും വരവേല്‍ക്കാനെത്തി. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ജനങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. നൂറുകണക്കിന് ബൈക്കുകളുടെ റാലിയും ചെണ്ടഘോഷ മേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു. സ്വീകരിക്കാനെത്തിയ അണികളുടേയും വോട്ടര്‍മാരുടേയും ബാഹുല്യ കാരണം പ്രചാരണ വാഹനം വളരെ മന്ദഗതിയിലാണ് കടന്നു പോയത്. നെയ്യാറ്റിന്‍കര അമ്മന്‍കോവില്‍ ജങ്ഷനില്‍ റോഡ് ഷോ സമാപിച്ചു.
രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേതത്തില്‍ വിഷുക്കണി ദര്‍ശനം നടത്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിഷുദിനത്തിലെ തിരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത്. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ വണങ്ങിയ സ്ഥാനാര്‍ത്ഥിക്ക് ഭക്തജനങ്ങളും വരവേല്‍പ്പു നല്‍കി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയില്‍ നിന്ന് ആരംഭിച്ച നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വാഹന പര്യടനത്തിന് അകമ്പടിയായി ബൈക്ക് റാലിയുമുണ്ടായിരുന്നു. തുടര്‍ന്ന് ആലിമുട് തൊഴുക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. തൊഴുക്കല്‍ ജംഗ്ഷനില്‍ കാഥികന്‍ വടക്കോട് മണി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പ്രായം 75 കഴിഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥിയെ കാണാനായി എത്തിയതായിരുന്നു. ഇത്തവണ മാറ്റം ഉണ്ടാകുമെന്നും അവശ കലാകാരന്‍മാരെ ഇരുമുന്നണികളും തഴയുകയാണെന്നും വടക്കോട് മണി സ്ഥാനാര്‍ത്ഥിയോട് പരാതിപ്പെട്ടു. ആലപൊറിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ സഹോദരിമാരായ അഭയ വര്‍ഷിണിയും അമൃത വര്‍ഷയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുള്ളിവിള, മാങ്കോട്ടുകോണം, പെരുമ്പഴിതൂര്‍, പഴിഞ്ഞിക്കുഴി, വിഷ്ണുപുരം എന്നിവിടങ്ങളിലെത്തിയ വാഹന പ്രചരണ ജാഥയ്ക്ക് വന്‍സ്വീകരണം നല്‍കി. എല്ലാ സ്വീകരണങ്ങള്‍ക്കും രാജീവ് ചന്ദശേഖര്‍ നന്ദി പറഞ്ഞു. ഷാളും താമരഹാരവും നല്‍കിയാണ് ഓരോയിടത്തും സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ വരവേറ്റത്.
ഫോട്ടോ ക്യാപ്ഷന്‍ 1: എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് സ്ഥാനാര്‍ത്ഥി കൈനീട്ടം നല്‍കുന്നു
ഫോട്ടോ ക്യാപ്ഷന്‍ 2:നെയ്യാറ്റിൻകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകർ നൽകിയ താമരപ്പൂവ് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നടി ശോഭനക്ക് കൈമാറുന്നു
PRESS RELEASE 2
14.04.2024
എംപി വലിയ മഹാനാണോ എന്നതല്ല, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്നതാണ് വിഷയം: രാജീവ് ചന്ദ്രശേഖര്‍
– യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പുരോഗതിയെ കുറിച്ച് പറയുന്നില്ല, ജനങ്ങളെ പേടിപ്പിച്ച് ശ്രദ്ധതിരിക്കുന്നു
തിരുവനന്തപുരം: 15 വര്‍ഷമായി തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യവികസനം കാര്യമായി ഒന്നും നടത്തിട്ടില്ലെന്നും ബാഴ്‌സിലോണയെ കുറിച്ച് പറഞ്ഞത് കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജമില്ലെന്ന് തെളിഞ്ഞെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും നിറവേറ്റിക്കൊടുക്കാതെ ബാഴ്‌സിലോണ, നവകേരള സദസ്സ് എന്നൊക്കെ പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അംബേഡ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ അംബേഡ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. അംബേഡ്കറുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ശരിക്കും ജനങ്ങളുടെ ജീവിത്തില്‍ ഒരു മാറ്റം കൊണ്ടു വരാനുള്ള തിരഞ്ഞെടുപ്പാണ്. ഇത് ഒരു പതിവു മത്സരമല്ല. അവസരമാണ്. എന്റെ പാര്‍ട്ടിക്കും എനിക്കും മോദിജിക്കും ഇതൊരു നിയോഗമാണ്. ഞങ്ങള്‍ക്ക് ജയിക്കാനല്ല, ജനങ്ങളുടെ ജീവിത്തില്‍ മാറ്റം കൊണ്ടു വരാനാണ് മത്സരം, രാജീവ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം രാജ്യത്ത് എല്ലായിടത്തേയും പോലെ വികസനം, തുല്യത, അവസരങ്ങള്‍ തുടങ്ങിയ തന്നെയാണ്. കേരളത്തിന്റെയും തിരുവനന്തപുരത്തിന്റേയും കാര്യമെടുത്താല്‍ ജനങ്ങള്‍ക്ക് പെന്‍ഷനും സമയത്തിനു ശമ്പളവും വിതരണം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് ധനസ്ഥിതി തകര്‍ന്നിരിക്കുന്നു. വീടും കുടിവെള്ളവുമില്ലാതെ നിരവധി ആളുകള്‍ വിഷമിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ വളരെ മുന്നേറിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്- അദ്ദേഹം പറഞ്ഞു.
ഒരു എംപി എന്ന നിലയില്‍ എത്ര മഹാനാണ് എന്നോ എത്ര കാലം വിദേശത്ത് കഴിഞ്ഞുവെന്നോ, എത്ര തവണ കാള്‍ മാക്‌സിന്റെ ദാസ് ക്യാപിറ്റല്‍ വായിച്ചു എന്നതോ അല്ല വിഷയം. അടിസ്ഥാനപരമായി ജനങ്ങളെ സേവിക്കലാണ്. കഴിഞ്ഞ 75 കൊല്ലക്കാലം അവര്‍ക്കു ലഭിക്കാതിരുന്ന കുടിവെള്ളം, വീട് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം നഗര മധ്യത്തിലെ രാജാജി നഗറിലെ ജനങ്ങളുടെ അവസ്ഥ പോലും വേദനാജനമാണ്. എത്ര പരിതാപകരമാണ് കാര്യങ്ങളെന്ന് അവിടെ ചെന്നാല്‍ നേരിട്ടു കാണാം. യുഡിഎഫിന്റേയൊ എല്‍ഡിഎഫിന്റെയോ സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടപ്പു പ്രചാരണത്തില്‍ ഇന്നു വരെ വികസനത്തേയും പുരോഗതിയേയും കുറിച്ചോ ജനങ്ങളുടെ വിഷമം മാറ്റുന്നതിനെ കുറിച്ചോ പറഞ്ഞിട്ടുണ്ടോ. അവര്‍ ബീഫ്, സിഎഎ തുടങ്ങിയ വിഷയങ്ങളുടെ പിന്നാലെ കൂടി ജനങ്ങളെ പേടിപ്പിച്ച് ശ്രദ്ധതിരിക്കല്‍ രാഷ്ട്രീയമാണ് കളിക്കുന്നത്. താന്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ ശരിക്കുമുള്ള പ്രശ്‌നങ്ങള്‍ക്ക് ആര് പരിഹാരമുണ്ടാക്കും എന്നതിനെ കുറിച്ചാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍ 3:അംബേഡ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ അംബേഡ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍
PRESS RELEASE 3
14.04.2024
രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിനിറങ്ങി നടി ശോഭന
തിരുവനന്തപുരം: എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നര്‍ത്തകിയുമായ ശോഭന. പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണം ലഭിച്ചതിന്‍ പ്രകാരം തലസ്ഥാനത്ത് എത്തിയതായിരുന്നു നടി. രാജീവ് ചന്ദ്രശേഖര്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹത്തിന്റെ വിജയത്തിന് എല്ലാ ആശംസകളും നേരുന്നതായും ശോഭന പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. ബി ജെ പി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടവും നല്‍കി.
ആദ്യം താന്‍ മലയാളം സംസാരിക്കാന്‍ നന്നായി പഠിക്കട്ടെയെന്നും തന്റേതായ സ്വപ്നങ്ങളും പ്രതീക്ഷയുമുള്ള ഒരു കലാകാരി മാത്രമാണ് താനെന്നും ശോഭന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പരിപാടിക്ക് പ്രത്യേക ക്ഷണം ലഭിച്ചു വന്നതാണ്. രാജീവ് ചന്ദ്രശേഖറിന്റെ നെയ്യാറ്റിന്‍കരയിലെ വാഹന പ്രചാരണത്തിലും പങ്കെടുക്കുമെന്ന് ശോഭന പറഞ്ഞു.
ശോഭനയെപ്പോലെ കലാരംഗത്ത് അതിപ്രശസ്തയായ ഒരാള്‍ തനിക്ക് വേണ്ടുന്ന പിന്തുണയും തിരഞ്ഞെടുപ്പ് വിജയാശംസകളും നല്‍കുന്നത് കാണുമ്പോള്‍ താന്‍ തിരുവനന്തപുരത്തിന് വേണ്ടി എടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് എന്ന ആത്മവിശ്വാസം നല്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനവും പുരോഗതിയുമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ ഊന്നി തിരുവനന്തപുരത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് തന്റെ ആഗ്രഹമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍ 4 & 5:എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് സ്ഥാനാര്‍ത്ഥി കൈനീട്ടം നല്‍കുന്നു
ഫോട്ടോ ക്യാപ്ഷന്‍ 6:എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടിയും നര്‍ത്തകിയുമായ ശോഭന പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു