പത്രക്കുറിപ്പ്
വേൾഡ് ഓഫ് കോഫി കോപ്പൻഹേഗനിൽ തിളങ്ങി വയനാടിന്റെ സ്വന്തം റോബസ്റ്റ കോഫി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരൂചികൾ സംഗമിക്കുന്ന വേൾഡ് ഓഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിൽ കേരളത്തിൽ നിന്നുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. കേരളത്തിന്റെ തനതുരുചിയിൽ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ സാധിക്കുമെന്നതിന്റെ തെളിവാണ് ജൂൺ 27 മുതൽ 29 വരെ കോപ്പൻഹേഗനിൽ നടന്ന കോൺഫറൻസിൽ ലഭിച്ച സ്വീകാര്യതയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബാംഗ്ലൂരിൽ നടന്ന വേൾഡ് കോഫി കോൺഫറൻസിൽ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാൾ സജ്ജമാക്കിയിരുന്നു. അവിടെനിന്നു ലഭിച്ച പ്രതികരണമാണ് വയനാടൻ കാപ്പിയുടെ വിപുലമായ അന്താരാഷ്ട്ര സാധ്യതകളെപ്പറ്റി ചിന്തിക്കാൻ സർക്കാരിന് പ്രചോദനമായത്. കാപ്പിയുടെ വ്യാവസായിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുമായി കാർബൺ ന്യൂട്രൽ കോഫീ പാർക്ക്, ക്ലൈമറ്റ് സ്മാർട് കോഫി, കേരള കോഫി ലിമിറ്റഡ് തുടങ്ങിയ വിവിധ പദ്ധതികൾ സർക്കാർ ഏകോപിപ്പിക്കുന്നുണ്ട്. എങ്കിലും കാപ്പിയുടെ വിദേശ വിപണികളിൽ വയനാടൻ റോബസ്റ്റ കാപ്പി ഇന്നും അത്ര പരിചിതമല്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് വേൾഡ് ഓഫ് കോഫി കോപ്പൻഹേഗനിൽ പങ്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ക്ലൈമറ്റ് സ്മാര്‍ട് കോഫി പ്രൊജക്ട് മേധാവി ജി. ബാലഗോപാലിന്റെ നേതൃത്വത്തില്‍ വയനാട്ടിൽനിന്നുള്ള കാപ്പി കർഷകരായ പി.സി. വിജയൻ, സുഷേന ദേവി, കേരള കോഫീ ലിമിറ്റഡ് ഡയറക്ടർ ജീവ ആനന്ദൻ എന്നിവര്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പിലും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പാലക്കുന്ന്, സെക്രട്ടറി മധു ബൊപ്പയ്യ, യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇൻഡ്യ മുൻ പ്രസിഡന്റ് ധർമരാജ് നരേന്ദ്രനാഥ്, സഞ്ജയ് പ്ലാന്റേഷൻസിലെ സഞ്ജയ് എം.ഡി, പ്രണോതി സഞ്ജയ് എന്നിവര്‍ സ്വന്തം ചെലവിലുമാണ് കോപ്പൻഹേഗനിൽ നടന്ന ത്രിദിന കോൺഫറൻസിൽ പങ്കെടുത്തത്. ഏതാണ്ട് 2500ല്‍പരം ആളുകള്‍ കേരളത്തിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു.
റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് ആഗോളതലത്തിൽ ഉയർന്ന ആവശ്യവും കൂടിയ വിലയുമാണുള്ളത്. വലിയതോതിലുള്ള കയറ്റുമതി സാധ്യതകൾക്കാണ് കോൺഫറൻസിലെ പങ്കാളിത്തം അവസരമൊരുക്കിയിരിക്കുന്നതെന്നും ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വയനാടൻ റോബസ്റ്റ കോഫിയുടെ സ്റ്റാളുകൾ സന്ദർശിച്ചവരിൽ നിന്ന് കയറ്റുമതിക്കായി ഒട്ടേറെപ്പേർ താൽപര്യം പ്രകടിപ്പിച്ചത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോട്ടോ: WoC_1, 2, 3 : വേള്‍ഡ് ഓഫ് കോഫി 2024 കോപ്പന്‍ഹേഗനില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയ വയനാടന്‍ റോബസ്റ്റ കോഫിയുടെ സ്റ്റാള്‍.