ചെറുകഥ

കറുത്ത പ്രണയം

karutha pranayam

കറുത്ത പ്രണയം

എഴുപതുകളുടെ അവസാനം ലോകം ഹിപ്പികളെ കൊണ്ട് നിറഞ്ഞു … മുടി നീട്ടിവളർത്തിയ, അർദ്ധനഗ്നരായ യുവതീ യുവാക്കൾ സംഗീതവും മയക്കുമരുന്നും രതിയും കൊണ്ട് ജീവിതം കൊണ്ടാടി .. അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്ന് നടന്നു … പാലക്കാട്ടുള്ള വലിയ തറവാടുകളുടെ അകത്തളങ്ങളിൽ നിന്ന് ബീറ്റിൽസും പിങ്ക്ഫ്ളോയ്ഡും ഞാറ്റുപാടങ്ങളിലേക്ക് ഒഴുകി വന്നു .. ബെൽസ് പാൻറും നീട്ടി വളർത്തിയ മുടിയുമുള്ള ചെറുപ്പക്കാർ  നഗരത്തിൽ മോട്ടോർ സൈക്കിളലും ലാംമ്പി സ്കൂട്ടറിലും അലഞ്ഞ് തിരിഞ്ഞു .. അട്ടപ്പാടി മലനിരകളിലെ കഞ്ചാവിന്റെ ഇലകൾ  അവരുടെ തലച്ചോറുകളെ ഉന്മത്തരാക്കി .. തോളിൽ തൂക്കിയിട്ടിരുന്ന ഗിറ്റാറുകളിൽ പാടാത്ത പാട്ടുകളുടെ സ്കെയിലുകൾ അന്ത്യവിശ്രമം കൊണ്ടു… പല തരം ബിംബങ്ങൾ പടക്കുതിരകളെ പോലെ തലക്കകത്ത് പടയോട്ടം നടത്തി ..പടിക്കാലും , പരിയത്ത് കലവും ഓർമ്മ വന്നപ്പോൾ അവർ പാടി ” country road take me home…” പരിക്ഷീണരായി വൈകുന്നേരങ്ങളിൽ അവർ പാടവരമ്പിലൂടെയും ..ഇരുവശങ്ങളിലും മുള്ളുവേലികൾ ഉള്ള നടപ്പാതയിലൂടെയും വീടുകളിലേക്ക് മടങ്ങി ..പാടത്ത് കള പറിച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പണിക്കാരികൾ നാടൻജിപ്സികളുടെ തോളിലെ സംഗീത ഉപകരണം കണ്ട് പരസ്സരം പറഞ്ഞു … “കറണ്ട് വീണ “…

ആ കാലത്താണ് ബമ്മണ്ണൂരിൽ നിന്ന് പാടവും തോട്ടുവരമ്പും കടന്ന് ഉണ്ണിചെക്കൻ പത്താംതരം പാസായി വിക്ടോറിയ കോളേജിൽ എത്തുന്നത് .. തിരുവില്വാമലയിൽ നിന്നും പെരിങ്ങോട്ട് കുറുശ്ശി വഴി കോട്ടായി, പല്ലഞ്ചാത്തന്നൂർ വഴി കണ്ണാടി പുഴ കടന്ന് പാലക്കാട് എത്തുന്ന കണ്ടത്ത് ബസിൽ യാത്ര പതിവായി .. റോഡരികിലെ കോളാമ്പി പൂക്കളും പുഴയും പാലവും കോട്ടയും  കോട്ടമൈതാനവും നെടുങ്ങാടി സിൽക്സു് മൊക്കെ അവന് സുപരിചിതമായി … പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിലെ ക്ലാസ്സിൽ ഇരുന്ന് അവൻ സിംപിൾപെൻഡുലവും, കോമൺ ബാലൻസും ,മിനിമം ത്രഷോൾഡും പഠിച്ചു ..പരമേശ്വരൻ സാറിന്റെ ഫിസിക്സ് ക്ലാസ്സിൽ നിന്ന് അവന് ഒരു കാര്യം മനസ്സിലായി … ജീവിതത്തിൽ  അപ്ളെ ചെയ്യാൻ പറ്റിയ തിയ്യറിയാണ് മിനിമം ത്ര ഷോൾഡ് … ഒരു ചെറിയ ഗോട്ടി കൊണ്ട് വലിയ ഗോട്ടിയെ അടിക്കുന്നു ..അടിയുടെ ആഘാതത്തിൽ വലിയ ഗോട്ടി മുന്നോട്ട് ചലിക്കുന്നു .. ഉണ്ണിചെക്കൻ മനസ്സുകൊണ്ട് ചിരിച്ചു .. നാട്ടിലെ സ്കൂളുകളിൽ അതു വരെ അവന്റെ പേര് ഒടിയന്റെ മകൻ എന്നായിരുന്നു .. കൽപ്പാത്തിയിലുള്ള ചില പട്ടത്തി പെൺകുട്ടികൾ ആ പേര് പരിഷ്ക്കരിച്ചു ” ഉണ്ണിചെക്കൻ സൺ ഓഫ് ഒടിയൻ കിട്ടു ” എന്നാക്കി .അവർ പരസ്പരം പറഞ്ഞു “കന്നി ഗർഭത്തിന്റെ  ഭ്രൂണം പുകയിൽ കെട്ടി തൂക്കി അതിന്റെ നെയ്യ് എടുത്ത് പഞ്ഞിയിൽ മുക്കി ചെവിയിൽ വെച്ച് പരകായപ്രവേശം നടത്തുന്ന ആ വിദ്യ അവനോട് ചോദിച്ചറിയണം “… ” It will be an amazing experience”…

പരുത്തി പുള്ളിയിൽ ബസിറങ്ങി അമ്പലകുളത്തിന്റെ ഓരത്തുള്ള നടവഴിയിലൂടെ ഉണ്ണിചെക്കൻ നടന്നു .ഇടവഴികൾ അവസാനിക്കുന്നത് പാടത്താണ് .ക്കണ്ണത്താ ദൂരം പച്ചപ്പ് പടർന്ന് കിടന്നു .വരമ്പുകളിൽ കരിമ്പനകളും കൈതയും വളർന്ന് നിന്നിരുന്നു .മഴക്കാലം ആയതിനാൽ കുളങ്ങളും ,കുഴികളും നിറഞ്ഞു കവിഞ്ഞു ..പാടവരമ്പത്തൂടെ അവൻ നടന്ന് വരുമ്പോൾ ദൂരെ അമ്മ ഞാറ് പറിക്കുന്നുണ്ടാവും .അവർ തല ഉയർത്തി മകനെ നോക്കി നെടുവീർപ്പിടും.. നില്യ്ക്കാതെ മഴ പെയ്യുന്ന ചില ദിവസങ്ങളിൽ  അവർ മകനെ വല്ലി കുടയിൽ പാടം കടത്തിവിടും .

നീണ്ട് നിവർന്ന് കിടക്കുന്ന പാടമത്രയും കിഴക്കമ്പാട്ടെ നമ്പൂതിരി കുടുംബത്തിന്റേതാണ് .അവരുടെ പണിക്കാരാണ് ഉണ്ണിചെക്കന്റെ അച്ഛനും അമ്മയും അവരുടെ പൂർവ്വികരും .കമ്പി ക്കാലിൽ വിളക്ക് വെയ്ക്കുന്നവരെ അവർ പണിയെടുത്തു ,സന്ധ്യക്ക് ഇല്ലത്ത് ചെന്ന് കൂലി വാങ്ങി റാവുത്തറുടെ പീടികയിൽ പോയി  അരിയും ,വെളിച്ചെണ്ണയും ,ഉണക്കമീനും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും ഉണ്ണിച്ചെക്കൻ കോളേജ് വിട്ടു വന്ന് പാള കൊണ്ട് കിണറ്റിൽ നിന്ന് വെള്ളം കോരും .. മുറ്റം അടിച്ചു വരും .. പാത്രങ്ങൾ കഴുകി വെക്കും .മഴക്കാലത്ത് വീടിന്റെ പിറകിൽ കരുതി വെച്ചിരുന്ന പനമ്പട്ടയും ,വഴുക തണ്ടും കൊണ്ട് തീ പിടിപ്പിച്ച് അമ്മ ചോറും കറിയും വെയ്ക്കുമ്പോൾ മണ്ണെണ്ണ വിളക്ക് കത്തിച്ച് അവൻ പഠിക്കാനിരിക്കും .. കോളേജ് ലൈബ്രറിയിൽ നിന്നും എടുത്ത നോവലുകളും കഥകളും വായിക്കും .. രാത്രി എപ്പോഴോ അച്ഛൻ വരും .. അതുപോലെ പോവുകയും ചെയ്യും … അച്ഛന് ഇല്ലത്ത് രാത്രിയും പകലും പണിയാണ് .പകൽപറമ്പിൽ കിളക്കണം ,രാത്രി പാടത്തിനും തെങ്ങിൻ തൊടിക്കും കാവൽ പോകണം . എന്നിട്ടും ദാരിദ്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല .ആ നാട്ടിലെ മറ്റു മനുഷ്യരപ്പോലെ ചക്കയും മാങ്ങയും പനമ്പഴവും തിന്ന് അവർ വിശപ്പടക്കി .

വല്യ നമ്പൂതിരിയുടെ വിശ്വസ്തനായിരുന്നു കിട്ടു .രാത്രികാലങ്ങളിൽ സംബന്ധത്തിന് പോകുമ്പോൾ പോലും വല്യ നമ്പൂതിരി കിട്ടുവിനെ കൂടെ കൊണ്ടു പോകും പുറത്ത് കാവൽ നിറുത്തും … രാത്രീഞ്ച രന്മാരുടെ  കാൽ പെരുമാറ്റം വളരെ ദൂരെ നിന്നു തന്നെ കിട്ടുവിന് അറിയാമായിരുന്നു .ചൂട്ടും പന്തവുമായി ഗൃഹനാഥന്മാർ വീട്ടിലേക്ക് മടങ്ങുമ്പോൾ  കിട്ടു പൂച്ചയുടേയോ നായയുടെയോ ശബ്ദമുണ്ടാക്കും .. അത് കേൾക്കുമ്പോൾ നമ്പൂതിരി അടുക്കള വാതിൽ വഴി രക്ഷപ്പെടും .. ആ പ്രദേശത്ത് അന്നൊക്കെ പല വീടുകളുടേയും അടുക്കള വാതിൽ അയാൾക്ക് വേണ്ടി തുറന്ന് കിടന്നു .പകൽ ആ വാതിലിലൂടെ നെല്ലും തേങ്ങയും വാഴക്കുലയും അകത്ത് കുമിഞ്ഞ് കൂടി .. എതിർത്തവർ ഓടയന്റെ അടിയേറ്റ് പൊട്ടക്കിണറ്റിലും അമ്പലകുളത്തിലും ചത്ത് പൊങ്ങി.. അവരുടെ വായിൽ കുളത്തിലെ ചണ്ടിയും കാരമുള്ളും കുത്തി തിരുകിയത് കണ്ട് ആളുകൾ വിധിയെഴുതി … ” ഒടിയൻ ഒട്ടിച്ചതാ ” ..

“പറയൂ …എങ്ങിനെയാണ് ഒടിയന്മാർ ഇത്ര ക്ഷണം നായായും നിരയായും ,പട്ടിയായും പൂച്ചയായും മാറുന്നത് ” ..? സഹപാഠികളൊരുത്തി ചോദിച്ചു മറ്റുള്ളവർ ഉത്തരത്തിനായി ചെവി കൂർപ്പിച്ചു .ഉണ്ണിച്ചെക്കൻ അവരോട് പറഞ്ഞു .. “എനിക്കറിയില്ല .. ഒടി മന്ത്രമൊന്നും ഞാൻ പഠിച്ചിട്ടില്ല .. എന്റ പൂർവ്വികർ  അതായത് പറയ വിഭാഗത്തിൽപ്പെട്ടവർ തലമുറകളായി ചെയ്ത് വരുന്ന ഒരു സെക്യൂരിറ്റി പണിയാണത് ” ‘പിന്നെ നിങ്ങളെപ്പോലെ ചില കെട്ടുകഥകൾ ഞാനും കേട്ടിട്ടുണ്ട് അത്ര തന്നെ ” … പെൺകുട്ടികൾ നിരാശരായി . പക്ഷേ അവന്റെ ആ തന്റേടം .. ആർജ്ജവം അത് അവരെ അത്ഭുതപ്പെടുത്തി. ഉച്ചയൂണിന് ശേഷം ബെല്ലടിച്ചപ്പോൾ ക്ലാസ്സ് നിശബ്ദമായി .. കഷണ്ടി തലയും വലിയ കൃതാവുമുള്ള മേനോൻസാർ  ഡൗൺ മെമ്മറി ലൈൻ എന്ന പുസ്തകം പഠിപ്പിച്ചു തുടങ്ങിയപ്പോൾ ഒരു പറ്റം പെൺകുട്ടികൾ ഒടിയനെ പകൽ കിനാവ് കണ്ടു ..

കോളേജ് ഇല്ലാത്ത ചില ദിവസങ്ങളിൽ പ്രത്യേകിച്ച് കൊയ്ത്ത് നടക്കുന്ന ദിവസങ്ങളിൽ അവൻ ഇല്ലത്ത് പോകും .മുറ്റത്ത് പണിക്കാർ കറ്റ തല്ലുന്നുണ്ടാവും ,വീട്ട് വരാന്തയിൽ വല്യ നമ്പൂതിരിയും അനിയന്മാരും ഇരുന്ന് വെറ്റില മുറുക്കി നാട്ടുവർത്തമാനം പറയുന്നുണ്ടാകും .പടിപ്പുര കടന്ന് അവൻ വരുമ്പോൾ നമ്പൂതിരിമാർ അവനെ നോക്കി അടക്കം പറയും .വലിയ നമ്പൂതിരി കൽപ്പിക്കും” പിറകിലേക്ക് ചെന്നോ “..

നെൽമണികൾ പരന്ന് കിടക്കുന്ന മുറ്റത്തിന്റെ ഒരം ചേർന്ന് അവൻ ഇല്ലത്തിന്റെ പിറകിലേക്ക് നടക്കും അവിടെ വല്യ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം അവനെ സ്നേഹത്തോടെ സ്വീകരിക്കും ..കഴിക്കാൻ ചായയോ പലഹാരമോ കൊടുക്കും .വിദ്യാസമ്പന്നയായ സ്ത്രിയാണ് അവർ .വായിക്കും. ഇംഗ്ലീഷ് അറിയാം .കാലപഴക്കം ചെന്ന ആചാരങ്ങളിലൊന്നും വല്യ വിശ്വാസം ഇല്ല .കുട്ടിക്കാലം മുതൽക്കേ ഉണ്ണിചെക്കനെ പഠിക്കാനും കോളേജിൽ ചേരാനുമൊക്കെയുള്ള പ്രചോദനം കൊടുത്തത് അന്തർജ്ജനമായിരുന്നു .മകൾ മായയും ഉണ്ണിചെക്കനും ഒരേ പ്രായക്കാരാണ് .അവർ സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചത് .അവർ ഒരുമിച്ച് കളിക്കുന്നതിനും ഇടപഴകുന്നതിനും അന്തർജ്ജനം വിലങ്ങ് നിന്നില്ല .പക്ഷേ വീട്ടിൽ വേറെയും കുറേ പേരുണ്ട് .അനിയന്മാരുടെ മക്കളും മരുമക്കളുമായി പതിനാറോ പതിനേഴോ പേരുണ്ട് ആ വീട്ടിൽ .അവരൊക്കെ മായയുെടെ അമിത സ്വാതന്ത്ര്യത്തെ എതിർത്തു .കുറ്റം പറഞ്ഞു .മായക്ക് പഠിപ്പിനോട് വല്യ താൽപ്പര്യം ഇല്ലായിരുന്നു .പകരം കലയോടായിരുന്നു കമ്പം .ചെറുപ്പത്തിലേ അക്ഷര സ്ളോകം നങ്ങ്യാർ കൂത്ത് തുടങ്ങിയവ പഠിച്ചിട്ടുണ്ട്. വളർന്ന് വലുതായപ്പോൾ അവളും നാല് കെട്ടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടി .

ഉണ്ണിചെക്കൻ പാടം കടന്ന് പിടപ്പുര എത്തുന്നത് മുകളിലെ നിലയിലെ ജനവാതിലിലൂടെ മായ കണ്ടു .ന്തൊടിയിടയിൽ അവൾ അടുക്കളയിൽ പ്രത്യക്ഷപ്പെട്ടു .അമ്മയും ഉണ്ണിചെക്കനും സംസാരിച്ചു നിൽക്കുന്നതിനിടയിൽ കയറി അവൾ പറഞ്ഞു “എന്താ കോളേജ് കുമാരാ നമ്മളെയൊക്കെ അറിയുമോ ..?” അവൻ അതിന് മറുപടി പറഞ്ഞില്ല പകരം ചിരിക്കുക മാത്രം ചെയ്തു .അന്തർജ്ജനം അവന് സ്റ്റീൽ ഗ്ലാസിൽ കുടിക്കാൻ ചായകൊടുത്തു .പിന്നെ കോളേജിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ചോദിച്ചു.അവരുടെ ആങ്ങളമാർ വിക്ടോറിയ കോളേജിൽ പഠിച്ച കഥകൾ പറഞ്ഞു ,മൂത്ത ആങ്ങള എം ടിയുടെ സഹപാഠിയാണെന്നും അയാളിപ്പോൾ ലണ്ടനിൽ ആണെന്നും പറഞ്ഞു. അത് കേട്ടപ്പോൾ മെൻസ് ഹോസ്റ്റലിലെമുറിയിൽ ഇപ്പോഴും എം ടി വാസുദേവൻ നായർ എന്ന് എഴുതിയത് മായാതെ കിടപ്പുണ്ടെന്ന് ഉണ്ണിചെക്കൻ അഭിമാനത്തോടെ പറഞ്ഞു .എനിക്ക് വായിക്കാൻ പുസ്തകം വല്ലതും കൊണ്ട് വന്നിട്ടുണ്ടോ എന്ന് അന്തർജ്ജനം ചോദിച്ചപ്പോൾ അവൻറെ കയ്യിൽ മടക്കി പിടിച്ചിരുന്ന ചാക്കിന്റെ ഇടയിൽ നിന്ന് ‘കാട്ടു കടന്നൽ ‘എന്ന പുസ്തകം എടുത്തു കൊടുത്തു .അപ്പോൾ അവിടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. വൈകിട്ട് നെല്ല് അളന്ന് കൂലി വാങ്ങി അവനും അമ്മയും ഇല്ലത്ത് നിന്ന് ഇറങ്ങി .മുറ്റത്ത് അമ്മ കൊയ്ത് കൂട്ടിയനെല്ലിന്റെ കൂമ്പാരം മലപോലെ കിടന്നു .പടിപ്പുര കടന്നപ്പോൾ അവൻ അമ്മയുടെ തലയിൽ നിന്ന് ചാക്ക് വാങ്ങി അവന്റെ തലയിൽ വെച്ചു പിന്നെ അമ്മ മുന്നിലും മകൻ പിന്നിലുമായി നടന്നു .ഇല്ലത്തെ ജനാലയുടെ പിറകിൽ മായ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ..അത് അറിയാവുന്നത് കൊണ്ടു തന്നെ അവൻ തിരിഞ്ഞു നോക്കിയില്ല .. അപ്പോൾ അമ്മ പറഞ്ഞു “വെക്കം നടന്നോ… മോന്തി മഴ വരണ് ണ്ട് “….

പ്രീഡിഗ്രി രണ്ടാം വർഷം കോളേജിൽ നിന്ന് ഗ്രാൻറ് കിട്ടിയപ്പോൾ അവൻ ഒരു പാൻറും ഷർട്ടും തുന്നിച്ചു .മുടി നീട്ടിവളർത്തി ..പാൻറും ഷർട്ടുമിട്ട് കോളേജിൽ പോകുന്ന ഉണ്ണിചെക്കനെ കാണാൻ വേലി പള്ളയിലും ജനലുകളുടെ പിന്നിലും കണ്ണുകൾ കാത്ത് നിന്നു .എതിരെ വന്ന ചിലർ ആശ്ചര്യം കൊണ്ട് ചോദിച്ചു … “എന്താണ്ടാ .. ബ്നേ’  .. ചിലർ പറഞ്ഞു ”  എന്താ പറയചെക്കൻെറ ഗമ ”… അതങ്ങിനെയാണ് താഴ്ന്ന ജാതിക്കാർ എന്ത് ചെയ്താലും ചിലർ അങ്ങിനെ ഒരു പ്രയോഗം കൊണ്ട്  സായൂജ്യം നേടും .. ഉണ്ണിച്ചെക്കൻ ചിലതൊക്കെ കേട്ടു .. ചിലത് കേട്ടില്ല .. ചിലതൊക്കെ കേട്ടിട്ടും കേട്ടതായി നടിച്ചില്ല .

വഴിവക്കിൽ വെച്ച് അവനെ മായ കണ്ടു അവൾ അത്ഭുതം കൊണ്ട് അവളുടെ രണ്ട് കവിളുകളിലും കൈകൾ ചേർത്ത് ചുണ്ടുകൾ കൂർപ്പിച്ചു എന്നിട്ട് പറഞ്ഞു  .. “അമ്മാമയുടെ വീട്ടിലെ ഇംഗ്ലീഷ് മാഗസിനിൽ കണ്ട കാപ്പിരി സുന്ദരനെ പ്പോലെയുണ്ട് “… ശരിയാണ്  ദേഹത്ത് തൊട്ട്കണ്ണെഴുതാൻ മാത്രം കറുപ്പ് അവനുണ്ടായിരുന്നു .ബലിഷ്ടമായ ശരീരം, വടിവൊത്ത പുരികങ്ങൾ ,ചുരുണ്ട മുടി ,ചിരിക്കുമ്പോൾ പല്ലുകൾക്ക്  വേവിച്ച കപ്പ കിഴങ്ങ് പൊളിച്ചത് പോലെയുള്ള വെളുപ്പ് ….

നീലം മുക്കി വെളുപ്പിച്ച ഒറ്റമുണ്ടിൽ നിന്ന് പാന്റിലേക്ക് മാറിയപ്പോൾ അവൻ ഒരു കാപ്പിരിസുന്ദരനായി .കോളേജിലെ ‘ബോണി എം ‘ കേട്ട് അന്തിയുറങ്ങിയ ചില ഉന്നതകുലജാതരായ പെൺകുട്ടികൾ അവനെ ഇടംകണ്ണിട്ട് നോക്കി..ചിലർ മനസ്സിൽ പാടി  I am Born again ,I feel free..no longer alone …

കോളേജിൽ രണ്ടാം വർഷം കുട്ടികൾ അവനെ ശ്രദ്ധിച്ചു തുടങ്ങി .വിദ്യാർത്ഥി സംഘടനകളിൽ നിന്നും പ്രീ ഡിഗി റെപ്പായി മത്സരിക്കാനുള്ള ക്ഷണമുണ്ടായി .ചില സംഘടനകൾ തല്ലാനും തല്ല് കൊള്ളാനും പറ്റുന്ന അകാരമുള്ളവരെ തപ്പി ഓടി നടന്നിരുന്നു .മനസ്സുകൊണ്ട് ഒരു ഇടതു പക്ഷക്കാരനായിട്ടും ഉണ്ണിചെക്കൻ മനപ്പൂർവ്വം ഒരു പാർട്ടിയിലും ചേർന്നില്ല .അവന് ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളൂ .. പഠിക്കണം .. രക്ഷപ്പെടണം .. തലമുറകളായി പാടത്ത് കുമ്പിട്ട് നിന്ന  കുടുംബത്തെ കരകയറ്റണം .

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ക്ലാസ്സ് മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അവന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി ..വീണ്ടും ഇവിടെ പഠിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്ന് വെറുതെ അവൻ സംശയിച്ചു .യാത്ര പറയാൻ മേനോൻ മാഷിനെ കണ്ടപ്പോൾ അയാൾ പറഞ്ഞു ” ധൈര്യമായിട്ടിരിന്നോ നല്ല മാർക്കുണ്ടാകും …ഡിഗ്രിക്ക് ഇവിടെ തന്നെ ചേരണം ” സാറിന്റെ വക്കിലെ ഉറപ്പ് അവന് ആശ്വാസമായി .പോരാൻ നേരത്ത് സാർ ഇത്ര കൂടി പറഞ്ഞു .. ” റിസൽട്ട് വരുന്നവരെ വെറുതെ ഇരിക്കണ്ട .. ടൈപ്പ്റൈറ്റിംങ്ങ് ആൻറ് ഷോർട്ട് ഹാന്റ് പഠിച്ചോ .. ഗുണം ചെയ്യും …

അങ്ങിനെയാണ് അവൻ കോട്ടായിയിലുള്ള ടൈപ്പ് റൈറ്റിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത് .അന്നൊക്കെ ഷോർട്ട് ഹാൻറ് പഠിച്ചാൽ ബോംബെയിലും മദ്രാസിലുമൊക്കെ ജോലി കിട്ടുന്ന പതിവുണ്ടായിരുന്നു .ഉച്ചക്കുള്ള ബാച്ചിലായിരുന്നു അവന് അഡ്മിഷൻ കിട്ടിയത് .ക്ലാസ്സ് കഴിഞ്ഞ് വായനശാലയിൽ കയറി പത്രം വായിച്ച്  ഒന്നോ രണ്ടോ പുസ്തകങ്ങൾ എടുത്ത്  വീട്ടിലേക്ക് പോകുന്നത് പതിവായി .അവന്റെ പുതിയ പഠനം നാട്ടിൽ വാർത്തയായി . അത് കേട്ടപ്പോൾ മായക്കും പഠിക്കണമെന്നായി .അമ്മ വഴി അച്ഛന്റെ അനുവാദം വാങ്ങിച്ച് അവളും ഇൻസ്റ്റിട്ട്യൂട്ടിൽ ചേർന്നു .അങ്ങനെ ഉണ്ണിചെക്കനും മായയും വീണ്ടും സഹപാഠികളായി .രണ്ടു പേരും ഒരുമിച്ച് ക്ലാസ്സിൽ വരികയും പോകുകയും ചെയ്തു .ആൺകുട്ടികളും പെൺകുട്ടികളും നേരിട്ട് കണ്ടാൽ മിണ്ടാത്ത ആ കാലത്ത്  അവർ ഒരുമിച്ച് പോകുന്നത് കണ്ട് പലർക്കും അസൂയ തോന്നിയെങ്കിലും ആരും അപവാദം പറഞ്ഞ് പരത്താൻ തയ്യാറായില്ല .കാരണം അവർ തമ്മിൽ അത്രക്ക് അന്തരമുണ്ടായിരുന്നു . ഇല്ലത്തെ കുട്ടിയോട് പറയ ചെക്കന് ഏത് തരത്തിലുള്ള ഒരു ബന്ധവും കൽപ്പിച്ച കൊടുക്കാൻ സമൂഹം തയ്യാറായില്ല .. പക്ഷേ നിഴൽ നീണ്ടു കിടക്കുന്ന വൈകുന്നേരങ്ങളിൽ പാടവരമ്പിലൂടെ വരുന്ന രണ്ടു പേരേയും നോക്കി തുമ്പയും മുക്കുറ്റിയും കളിയാക്കി .. കോളാമ്പി പൂക്കൾ കണ്ണിറുക്കി കാണിച്ചു .പാടത്തിനോട് ചേർന്ന ഒരു വലിയ കുളമുണ്ട് .ആമ്പൽ പൂത്ത് നിൽക്കുന്ന നിറയെ ചണ്ടികൾ ഉള്ള കുളം .ചുറ്റും വളർന്ന് നിന്നിരുന്ന മരങ്ങളുടെ ചില്ലകൾ  വെള്ളത്തിൽ മുട്ടി നിന്നിരുന്നു .കറുത്ത വെള്ളത്തിൽ ജലജീവികൾ പെറ്റ് പെരുകിയിരുന്നു . ചിലപ്പോഴൊക്കെ അവിഹിത ഗർഭം ധരിച്ചവരുടെയും ,ഒടിയൻ കൊന്നവരുടേയും മൃതശരീരങ്ങൾ കുളത്തിൽ  പാറി കിടക്കാറുണ്ടായിരുന്നു .ഉണ്ണിചെക്കൻ കുളക്കടവിൽ  കാലുകൾ കഴുകാനിറങ്ങിയപ്പോൾ കരയിൽ നിന്നും മായ വിളിച്ച് പറഞ്ഞു .. ” കേറിക്കോ കുളത്തിനടിയിൽ പതിനാറ് കൈകളുള്ള നീരാളിയുണ്ട് ” കട്ടിക്കാലത്ത് ആരോ പറഞ്ഞ് പരത്തിയ കഥയാണ് .അവൾ ഇപ്പോഴും അത് വിശ്വസിക്കുന്നു .

പണ്ട് മായ്ക്കാൻ കള്ളിയും മഷി തണ്ടുമായി സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളല്ല നമ്മളെന്നൊരു ബോധ്യം പെട്ടന്ന് അവർക്കുള്ളിലുണ്ടായി .അതോടെ ചില നിശബ്ദതകൾ അവർക്കിടയിൽ പൊട്ടി മുളച്ചു .. മായയുടെ സാമീപ്യം ഒരു പൊള്ളൽ പോലെ അവന് അനുഭവപ്പെട്ടു .. മായയും അത് തിരിച്ചറിഞ്ഞു .. അവർക്കിടയിൽ സംസാരം കുറഞ്ഞു ..പരസ്പരം കാണാതിരിക്കാനുള്ള ശ്രമമുണ്ടായി .. രണ്ടു പേരും എന്തൊക്കയോ ആലോചിച്ച് കൂട്ടി .. മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്ന ഒറ്റ ചിന്തയിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം … മായക്ക് ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രി അവൾ ഒരു വെള്ള പേപ്പറിൽ അവളുടെ മനസ്സ് പകത്തു .വൈകുന്നേരം പണി മാറ്റി പോകുന്ന ഉണ്ണിചെക്കന്റെ അമ്മയുടെ കൈയ്യിൽ കൊടുത്തുവിട്ടു .

ലോകത്ത് ആദ്യമായി ഷോർട്ട് ഹാൻറിൽ പ്രണയലേഖനം എഴുതിയ പെൺകുട്ടി മായയായിരിക്കുമെന്ന് അവൻ കരുതി … ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയും ,സ്നേഹ മതിയും ..

അവർ വീണ്ടും പാടവരമ്പിൽ വെച്ച് കണ്ടുമുട്ടി .. ഒതമിച്ച് ഇൻസ്റ്റിട്ട്യൂട്ടിൽ പോയി .. പക്ഷേ പതിവില്ലാതെ അവർ മറ്റുള്ളവരെ ഭയന്നു .. വഴിവക്കിൽ പരിചയക്കാരെ കാണുമ്പോൾ ശബ്ദം താഴ്ത്തി സംസാരിച്ചു .എങ്കിലും ഒരു ഭയവും കുറ്റബോധവും ആത്മനിന്ദയുമൊക്കെ അവരെ പിൻതുടർന്നു കൊണ്ടേയിരുന്നു .. അപ്രതീക്ഷിതമായി ഒരു ദിവസം മായ പറഞ്ഞു .. “പകലുകൾക്ക് നീളം പോരാ ‘ …

വേനലിൽ പരുത്തിപ്പുള്ളിയിലെ രാത്രികൾ ചുട്ടുപ്പൊള്ളി .. എങ്കിലും രാത്രിക്ക് ഒരു സൗന്ദര്യം ഉണ്ടായിരുന്നു .പൂട്ടിമറിച്ച പാടത്തെ മൺകട്ടകൾ പുലരുവോളം ചൂട് പകരും.. കാറ്റിന് മണ്ണിന്റെ മണമുണ്ടാകും .. പട്ട വെട്ടിയ കരിമ്പനകൂട്ടങ്ങൾ തലയിൽ കെട്ടിയ ആൾ രൂപങ്ങൾ പോലെ പാടത്ത് നിരന്ന് നിൽക്കും .ഇല്ലത്തെ തേക്കു കൊട്ടകളിലെ വെള്ളം കുടിച്ച തെങ്ങുകളും കവുങ്ങുകളും ചാമരങ്ങൾ പോലെ തണുപ്പ് വീശിയ ഒരു രാത്രി മായ അവനോട് പറഞ്ഞു ” രാത്രികൾക്കും നീളം പോരാ ” …. ശരിയാണ് നേരം വെളുക്കാറായിരിക്കുന്നു .വേലി പൊത്തുകളിൽ അടയ്ക്കാ പക്ഷികൾ ചില യ്ക്കുന്നുണ്ട് .അവൻ പറഞ്ഞു “എഴുന്നേൽക്കു ” ഇരുട്ടിൽ തപ്പിതടഞ്ഞ് അവൻ ഒരു തുണിയെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ” ബ്ലൗസ്” .. അവളത് വാങ്ങുമ്പോൾ അവന്റെ കൈയ്യിൽ അമർത്തി പിടിച്ചു .. അവൻ കൈകൾ പിൻവലിച്ചു .ഭയം പുലർമഞ്ഞ് പോലെ അവനെ പൊതിഞ്ഞിരുന്നു .നിലത്ത് വിരിച്ചിരുന്ന തെങ്ങോലയിൽ എണീറ്റ് നിന്ന് അവൾ വസ്ത്രങ്ങൾ  ധരിച്ചു .മുടി വിരലുകൾ കൊണ്ട് കെട്ട് വിടർത്തി ..

രണ്ടു പേരും പിരിയാൻ നേരത്ത് കെട്ടിപ്പിടിച്ച് ഉമ്മകൾ വെച്ചു .പിന്നെ രണ്ട് വഴികളിലൂടെ നടന്നകന്നു ..

മായ അടുക്കള വാതിലിലൂടെ അകത്ത് കടന്നു ..ഇടനാഴിയിലൂടെ അകത്തളത്തിലെത്തിയപ്പോൾ ഇരുട്ടിൽ ഒരു രൂപം അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു .അച്ഛനാണ് .അയാൾ ഒന്നും ചോദിച്ചില്ല .മായ ഒന്നും പറഞ്ഞതുമില്ല പകരം അയാൾ അവളുടെ അടിവയറ്റിലേക്ക് ഒരു ചവിട്ടായിരുന്നു .ഒരേ ഒരു ചവിട്ട് .

നേരം വെളുത്തപ്പോൾ നാട്ടിൽ കൊടുങ്കാറ്റ് പോലെ വാർത്ത പരന്നു .. വലിയ നമ്പൂതിരിയുടെ ഒരേ ഒരു മകൾ മായമ്പ്രാൾ മരണപ്പെട്ടു .. കാറ്റും ചൂടും മറന്ന് പല ദിക്കുകളിൽ നിന്നും ബന്ധുമിത്രാദികൾ വന്നു .നാട്ടുകാർ വേലിപ്പുറത്ത് നിന്ന് മരണവീട് കണ്ടു .. ഉണ്ണിചെക്കന്റെ അച്ഛനും അമ്മയും ആൾകൂട്ടത്തിൽ അവനെ തിരഞ്ഞു ..കണ്ടില്ല .പിന്നെ കൈതപൊന്തയിലും പൊട്ടക്കിണറ്റിലും തോട്ടുവക്കത്തും അവർ അവനെ നോക്കി .. കണ്ടില്ല .

രാത്രിയാണ് ചടങ്ങുകൾ പച്ചമുളകൊണ്ട് കെട്ടി,  തെങ്ങിന്റെ ഓലമെടഞ്ഞ ഒരു പന്തൽ ഇല്ലത്തിന്റെ മുറ്റത്ത് ഉയർന്നു .ഓലകൊണ്ട് മറച്ച ഒരു മറപ്പുരയും ..

രാത്രി ഒരു മഴ ചാറി .ഇരുട്ടിൽ നിന്ന് പെട്രോൾ മാക്സ് കണ്ട്പാറ്റകൾ പറന്നടുത്തു .ഇല്ലത്ത് കയറാൻ പറ്റാത്ത നാട്ടുകാർ പിരിഞ്ഞു പോയി പിന്നെയുള്ളത് കുറച്ച് ബന്ധുക്കൾ മാത്രം .നിലത്ത് വെള്ളപുതച്ച് അവൾ കിടന്നു.. നാളികേര മുറിയിലെ തിരികൾ കാറ്റിൽ ഇളകിയാടി .കിടപ്പുമുറിയിൽ ബോധരഹിതയായി കിടക്കുന്ന മായയുടെ അമ്മയെ ആരൊക്കയോ വിളിച്ചുണർത്തി വെളിയിലേക്ക് കൊണ്ടുവന്നു .അവർ ചിലപ്പോൾ കരഞ്ഞു .. ചിലപ്പോൾ പിച്ചും പേയും പറഞ്ഞു .തണുത്ത് വിറങ്ങലിച്ച മായയുടെ ശരീരം ആളുകൾ ചേർന്ന് കുളിപ്പിക്കാനെടുത്തു .. സത്രീകൾ ചേർന്ന് അവളെ കുളിപ്പിച്ച് വസ്ത്രങ്ങൾ മാറ്റിയപ്പോൾ ഉണ്ണിചെക്കന്റെ പെണ്ണിന് പതിവിലും ഭംഗിയുണ്ടായിരുന്നു .നിലത്ത് ആരോ ചാണകം മെഴുകി .. നാക്കിലയിൽ എള്ളും പൂവും ചന്ദനവും പച്ചരിയും വെച്ചു .ഇല്ലത്തെ തൊടിയിലെ തെങ്ങിൻ മുകളിലിരുന്ന് ഉണ്ണിചെക്കൻ ഈ കാഴ്ചകളത്രയും കാണുന്നുണ്ടായിരുന്നു .തെങ്ങിനെ ഇറുകി പുണർന്ന് അവൻ കരഞ്ഞു . രണ്ടു കൈകളും വിട്ടാലോ എന്ന് ഒരു നിമിഷം അവൻ ആലോചിച്ചു .തെങ്ങ് കാറ്റിൽ ഇളകിയാടി അവനെ ആശ്വസിപ്പിക്കാനെന്നപ്പോലെ …

കൂട്ടത്തിലുണ്ടായിരുന്ന ഒരു കാരണവർ വല്യ നമ്പൂതിരിയോട് പറഞ്ഞു ” എന്നാ മുറ്റത്തേക്ക് എടുക്കുകയല്ലേ ‘ ..? അൽപ്പം പരുഷമായ ശബ്ദത്തിൽ വല്യ നമ്പൂതിരി പറഞ്ഞു ” ആയിട്ടില്ല” എന്നിട്ട് അയാൾ കിട്ടുവിനെ വിളിച്ചു .ഇരുട്ടിലെവിടെയോ തന്റെ മകനെക്കുറിച്ച് ആലോചിച്ച് നീറി നിൽക്ക ന്ന ആ മനുഷ്യൻ നമ്പൂതിരിയുടെ മുന്നിൽ വന്ന് ഓച്ചാനിച്ച് നിന്നു .. അപ്പോൾ എല്ലാവരും കേൾക്കേ നമ്പൂതിരി പറഞ്ഞു “കന്യകമാരായ പെൺകുട്ടികൾ മരണപ്പെട്ടാൽ അടക്കുന്നതിന് മുൻപ് താഴ്ന്ന ജാതിക്കാരെ കൊണ്ട് വേഴ്ച നടത്തുന്ന ഒരു ആചാരമില്ലേ നമ്മുക്കിടയില് ” കിട്ടു അത് ചെയ്യും .. അത് കേട്ട് എല്ലാവരും ഞെട്ടി .. തെങ്ങിന്റെ മുകളിലിരുന്ന് ഉണ്ണിചെക്കനും .. കിട്ടു നമ്പൂതിരിയോട് കേണപേക്ഷിച്ചു .. “തമ്പ്രാ .. ഞാൻ എടുത്ത് വളർത്തിയ കുട്ടിയാ” .. ”എന്നെക്കൊണ്ട് ദ് ചെയ്യിപ്പിക്കരുത് ‘ … അത് കേട്ട് നമ്പൂതിരി പറഞ്ഞു ‘ തന്തയായ എനിക്കില്ലാത്ത ദണ്ണം കിട്ടുവിന് വേണ്ട ” ..

അതൊക്കെ കാലഹരണപ്പെട്ട കീഴ്വഴക്കങ്ങളല്ലേയെന്ന് പലരും നമ്പൂതിരിയോട് പറഞ്ഞ് നോക്കി അയാൾ അത് ചെവികൊണ്ടില്ല .. തന്റെ മകൾ കന്യകയല്ലെന്ന് അറിയാമായിരുന്നിട്ടും അയാൾ അതിന് വേണ്ടി ശാഠ്യം പിടിച്ചു .പക ഉമിതീ പോലെ അയാളുടെ ഉള്ളിൽ നീറി .അയാൾ വിളിച്ചു “കിട്ടൂ.” ….

കിട്ടു ഉടുമുണ്ട് മാറ്റി തോർത്ത് ഉടുത്തു പിന്നെ അറച്ച് അറച്ച് മറപ്പുരയിലേക്ക് കയറി .അന്തർജ്ജനങ്ങൾ അകത്തളത്തിലേക്ക് ഉൾവലിഞ്ഞു .മായ യുടെ അമ്മ മാത്രം അത് കേട്ട് അലമുറയിട്ടു .മറപ്പുരയുടെ അകത്ത് കയറിയ കിട്ടു വിറങ്ങലിച്ച ഒരു ശവത്തെ കണ്ടു … വെളുത്ത് സുന്ദരിയായ ഒരു ശവം .കിട്ടു ശവത്തിന്റെ അടിവസ്ത്രം മേലോട്ട് പൊക്കി പിന്നെ ശവത്തിന്റെ മുകളിൽ കമഴ്ന്ന് കിടന്നു … ആ കാഴ്ച കണ്ട് ഉണ്ണിചെക്കൻ തെങ്ങിന്റെ മുകളിൽ നിന്ന് ഉരിതിയിറങ്ങി .. അവന്റെ തലക്കകത്ത് ഒരു കടന്നൽകൂട് പൊട്ടിച്ചിതറി .. തെങ്ങിന്റെ പകുതി എത്തിയപ്പോൾ അവൻ കൈകൾ രണ്ടും വിട്ടു. പിന്നെ ഭൂമിയിലേക്ക് കരണം മറിഞ്ഞു .വീഴ്ചയുടെ ആഘാതത്തിൽ അവന്റെ വലത് തോളിന്റെ എല്ലുകൾ തകർന്നു .. അവൻ വേദന അറഞ്ഞില്ല .. പകരം നിലത്ത് നിന്ന് നാലുകാലിൽ എഴുന്നേറ്റു .തലമുറകളിലൂടെ കൈമാറ്റം ചെയ്ത ഒടി വിദ്യ ജനിതക രഹസ്യം പോലെ അവനിൽ വെളിപാടായി ..മൂക്കുകളിൽ കന്നി ഭ്രൂണത്തിന്റെ നെയ്യ് ചൂര് മണത്തപ്പോൾ അവൻ നിമിഷ നേരം കൊണ്ട് ഒരു കാളയായി .വാലില്ലാത്ത ഒരു കറുത്ത കാള .. മുക്രയിട്ട് അവൻ നടുമുറ്റത്തേക്ക് പാഞ്ഞു .. അവനെ കണ്ട് ബന്ധുമിത്രാതികൾ ഭയന്നോടി .വലിയ നമ്പൂതിരിയെ അവൻ കൊമ്പുകളിൽ കോർത്ത് വായൂവിൽവട്ടംകറക്കി പൂമുഖത്തേക്ക് വലിച്ചെറിഞ്ഞു .അയാൾ പേടിച്ച് വിറച്ച് അകത്തേക്ക് ഓടിയപ്പോൾ അയാൾക്ക് മുന്നിൽ അന്തർജ്ജനം വാതില് കൊട്ടിയടച്ചു .. അയാൾ തിണ്ണ ചാടി കടന്ന് തെങ്ങിൻ തൊടിയിലൂടെ ഓടി ..പടിപ്പുര കടന്ന് പാടവരമ്പിലൂടെ .. പിന്നെ പൂട്ടി കിടക്കുന്ന പാടങ്ങളിലൂടെ .മൺ കട്ടകൾ കൊണ്ട് അയാളുടെ വിരലുകളിൽ രക്തം പൊടിഞ്ഞു .ഓടി തളർന്നപ്പോൾ കരിമ്പന ചുവട്ടിൽ നിന്ന് അയാൾ കിതച്ചു .അപ്പോൾ ഇരുട്ടിൽ നിന്ന് കറുത്ത കാള ഓടിയടുത്ത് അയാളെ കുത്തി പനയോട് ചേർത്തു ..അയാളുടെ വായയിലൂടെയും മൂത്രത്തിലൂടെയും കൊഴുത്ത ചോര പുറത്തേക്കൊഴുകി .. അയാൾ മരിച്ചു..

കാള കുളത്തിൽ നിന്ന് ചണ്ടിയും കാരമുള്ളും കൊണ്ടുവന്ന് അയാളുടെ വായയിൽ തിരുകി ….

പാടത്തിന്റെ ഓരത്തുള്ള കുളത്തിന്റെ കരയിൽ ഉണ്ണിചെക്കൻ ഇരുന്ന് കൈയ്യിലെ ചോരക്കറ കഴുകി കളഞ്ഞു ..അപ്പോഴാണ് അവന്റെ വലത് കൈ തോളിൽ നിന്ന് അറ്റ് കിടക്കുന്നത് അവൻ അറിഞ്ഞത് .. അവൻ ഇടത് കൈ കൊണ്ട് വെള്ളം കോരി മുഖം കഴുകി .. പിന്നെ കരഞ്ഞു .. വേദന കൊണ്ടല്ല .. അവളെ ഓർത്ത് .. അവനെ ഓർത്ത് .ആകാശത്ത് മേഘങ്ങൾ ഇരുണ്ടുകൂടി ദൂരെ ഇടിമുഴക്കം കേട്ടപ്പോൾ തവളകൾ കരഞ്ഞു തുടങ്ങി അവൻ കറുത്ത വെള്ളത്തിൽ മഴ തുള്ളികൾ അടർന്നുവീണപ്പോൾ അവൻ പടവുകൾ ഇറങ്ങി കുളത്തിലേക്ക് ഊളയിട്ടു .. ഇടത് കൈ കൊണ്ട് ചണ്ടിയും താമര തണ്ടുകളും വകഞ്ഞ് മാറ്റി ആഴങ്ങളിലേക്ക് നീന്തി .. അപ്പോൾ കുളത്തിന്റെ അടിത്തട്ടിൽ നിന്ന് പതിനാറ് കൈകൾ ഉള്ള ഒരു നീരാളി പൊന്തി വന്നു .. അത് അവന്റെ കൈകൾ പിടിച്ച് ഒരു വഴികാട്ടിയെപ്പോലെ മുന്നേ തുഴഞ്ഞു .ചണ്ടിയും താമര തണ്ടുകളും അവർക്ക് വഴിമാറി കൊടുത്തു .. ജലജീവികൾ നിശബ്ദരായി നോക്കി നിൽക്കേ അവർ നീന്തി കൊണ്ടേയിരുന്നു .. ആഴങ്ങളിലേക്ക് ,ജല ഗർഭത്തിലേക്ക് .

വിശ്വനാഥൻ
തിരുവില്ലാ മല

This post has already been read 2398 times!

Comments are closed.