മർത്യായനം
ചെറുകഥ

മർത്യായനം

ദശരഥ വംശത്തിൻറെ ഒരു വീരഗാഥ, ഒരു വാഴ്ത്തുപാട്ട് എന്റെ തൂലികയിൽ നിന്ന് ഉതിരുമ്പോൾ തലപിളർന്നു പോയ എന്റെ കുലത്തിന്റെ ചരിത്രം, ആരും എഴുതാതെ പോയ ചരിത്രം എനിക്ക് മാപ്പ് നൽകിയേക്കില്ല. അല്ല. അതെഴുതുവാൻ ആർക്കാണ് കഴിയുക,
രക്തമല്ലാതെ അതിന് യോജ്യമായ മറ്റൊരു മഷിയില്ല, മനുഷ്യന്റെ നനുത്ത ഹൃദയമല്ലാതെ അതിനൊരു പ്രതലവും സങ്കൽപിക്ക വയ്യ. രാമന്റെ അപദാനം എഴുതാൻ ഞാൻ ഒരു വാല്മീകി ധാരാളം. രാമനെ എനിക്കിഷ്ടമാണ്, രാമനിൽ ഒരു കരുണയുള്ള അധികാരിയെ ഞാൻ കണ്ടിട്ടുണ്ട്, അധികാര ഭാരമില്ലാത്ത ഒരു അധികാരിയെ. ഭരണം ഒരു ബാധ്യതയായിക്കണ്ട, അതിന്റെ ഗർത്തത്തിൽ നിന്നപ്പോഴും അതിന്റെ ഭ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്ന പച്ച  മനുഷ്യൻ രാമനെ എനിക്കിഷ്ടമാണ്. നാരദൻ പറഞ്ഞ രാമനെ ഞാൻ കണ്ടിട്ടേയില്ല, പുരുഷോത്തമനായ രാമനെ ഞാൻ കണ്ടിട്ടില്ല. തന്നെ നഷ്ടപ്പെടുത്തി രാജഭാരം ഏറ്റെടുക്കാൻ നിര്ബന്ധിതനായ രാമനെ ഞാൻ കണ്ടിട്ടുണ്ട്, ഒരു മനുഷ്യനും പുരുഷോത്തമൻ ആകാൻ കഴിയില്ലെന്ന് ഒരു മനുഷ്യനും മനുഷ്യോത്തമൻ ആകാൻ കഴിയില്ലെന്ന് ഞാൻ അറിഞ്ഞത് രാമജീവിതത്തിൽ നിന്ന്, രാമജീവൻ സീതയിൽ നിന്നാണ്.

ലോകാപവാദം ഭയന്ന് രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത ഒരിക്കലും രാമന്റെ സ്നേഹത്തെ സന്ദേഹിച്ച് ഒരു വാക്കും എന്നോട് പറഞ്ഞിട്ടില്ല, മറിച്ച് അദ്ദേഹത്തിന്റെ നിസ്സഹായതയിൽ പരിതപിച്ചു,അപവാദം പറയുന്നവരുടെ തലയറുക്കാൻ പോന്ന ശേഷിയുള്ളവൻ രാമൻ എന്തേ അങ്ങനെ ചെയ്തില്ലെന്ന്  വ്യസനിക്കുകയോ , രാവണൻ സീതാവല്ലഭൻ ആയിരുന്നുവെങ്കിലെന്നു സങ്കല്പിക്കുന്ന ലോകവാക്കിലോ അവളുടെ ഉള്ളുലഞ്ഞിരുന്നില്ല, എങ്കിലോ  തന്നെ  ഉപേക്ഷിക്കാൻ പോകുന്നു എന്നൊരു സൂചന കൂടി തരാത്ത രാമനിൽ  പരിഭവിക്കുകയും ചെയ്തു .

ഒരു പക്ഷേ രാമൻ അതും പറഞ്ഞിരുന്നുവെങ്കിൽ, സീതാസമ്മതത്താൽ അവളെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ, സീതയുടെ ഉദാരതയിൽ പുരുഷോത്തമപഥം രാമൻ ഗ്രഹിക്കുമായിരുക്കാം  , ഒരുപക്ഷേ മനുഷ്യസാധ്യമല്ലാത്തത്‌ രാമസാധ്യവുമായിരിക്കില്ല. പരിത്യാഗ നിമിഷത്തിൽ രാമനെ അന്ന് ദഹിപ്പിച്ച സീതയുടെ  വാക്കുകൾ, ഒരു നിമിഷം  തന്നെ മനസ്സിലാക്കാതെ പോയതിനുള്ള ബലി ആയിരുന്നു അത് , വാക്കുകളാൽ ഉള്ള രാമനിഗ്രഹത്തിന് ശേഷം മാത്രം തന്റെ മാതാവിൽ ലയിച്ചു ചേർന്നു  സീത. മനുഷ്യരിൽ ആരൊരുവൻ പരിപൂർണൻ, ആരുമില്ല, രാമനും, എന്ന് സീതയറിഞ്ഞിരുന്നു,  രാമനും. യുദ്ധധർമമറിഞ്ഞവൻ ബാലിയ്ക്ക് എയ്തത് ഒളിയമ്പ്, നാസ്തികരായ  ചാർവാകർക്കും കരുണചെയ്ത  സ്വേശ്വര രാമന്റെ  ആയുധത്തിൽ  ശംബൂകന്റെ ചോര, രാമൻ മനുഷ്യന്റെ ദ്വന്തരൂപം. അപൂർണനായ മനുഷ്യനെ എല്ലാം തികഞ്ഞവൻ എന്ന് പറഞ്ഞു ഞാൻ തുടങ്ങും, ഒട്ടും പൂർണനല്ലാത്ത മനുഷ്യനെ ഞാൻ ആവിഷ്കരിക്കും, അന്ത്യത്തിൽ തികവാർന്ന മനുഷ്യൻ കവിസങ്കല്പം എന്ന് എല്ലാവരും അറിയും. എനിക്ക് അവകാശമില്ലാത്ത ചരിത്രം എന്തിന് എന്നെക്കൊണ്ട് എഴുതിപ്പിക്കുന്നു,

വർണമില്ലാത്തവന്റെ  പോലും കരളിനെ വേദനിപ്പിക്കുന്നു എന്ന ക്രൗഞ്ചമൃത്യുവിലാണോ ഞാൻ തുടങ്ങേണ്ടത്, അവർണനു പോലും ശോകമുണ്ടാക്കുന്നു എന്ന് തോന്നും  നേരത്തിൽ നിന്ന് ഈ കഥ തുടങ്ങുകിൽ അതിനോളം എന്റെ വംശത്തോട് അനീതി പറയുവാൻ ഇല്ല. എങ്കിലും പിന്നീട് പാടുന്ന ചരിത്രം വാല്മീകി എന്ന അവർണനെ കൊണ്ട് ഇങ്ങനെയെ തുടങ്ങൂ….. ചിരം വാഴച ഉണ്ടായ്കയില്ല സത്തില്ലാ  വാഴ്ത്ത് പാട്ടുകൾക്കൊന്നും, ഈ വാഴ്ത്തുപാട്ടിൽ നിന്നും ഉയിർ കൊള്ളും അനാദി കഥാശിഖരങ്ങൾ, അതിൽ ഉടയേണ്ട വിഗ്രഹം ഉടയും, ഒരു പ്രാവ് കാലത്തിൻ  അമ്പേറ്റ് വീഴും മറ്റൊന്ന്… കഥയാകാത്ത, കഥയെഴുതപ്പെടാത്ത  മനുഷ്യകുലത്തിന്റെ ശാപശരങ്ങളേറ്റ്… ഇപ്പോൾ ദശരഥവംശം എന്നെക്കൊണ്ട് ഇങ്ങനെ തുടങ്ങുന്നു…
“മാനിഷാദ… “

രാഹുൽ. ആർ

തൃക്കുന്നപ്പുഴ

This post has already been read 1417 times!

Comments are closed.