പൊതു വിവരം

അറിവിന്റെ അക്ഷയപാത്രം തുറന്നു നൽകിയ അക്ഷ രസൂര്യനാണ് ആദിശങ്കരാചാര്യർഃ പ്രൊഫ. കെ. കെ. ഗ ീതാകുമാരി

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:10.07.2024

പ്രസിദ്ധീകരണത്തിന്

അറിവിന്റെ അക്ഷയപാത്രം തുറന്നു നൽകിയ അക്ഷരസൂര്യനാണ്

ആദിശങ്കരാചാര്യർഃ പ്രൊഫ. കെ. കെ. ഗീതാകുമാരി

ദ്വൈതഭാവങ്ങളേതുമില്ലാതെ പ്രപഞ്ചസാരങ്ങൾ തേടിയലഞ്ഞ് ലോകത്തിന് മുന്നിൽ അറിവിന്റെ അക്ഷയപാത്രം തുറന്നു നൽകിയ അക്ഷരസൂര്യനാണ് ആദി ശങ്കരാചാര്യരെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദ്വിദിന ശങ്കരജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. കെ. കെ. ഗീതാകുമാരി. ദാർശനികനും തത്വജ്ഞാനിയുമായ ശ്രീശങ്കരാചാര്യർ കൊളുത്തിവച്ച അക്ഷരദീപമാണ് അറിവിന്റെ പാതയിൽ എക്കാലവും നമുക്ക് മാർഗദീപമാകുന്നത്. അജ്ഞാനത്തിന്റെ തമസിലാണ്ടുപോയ ഭാരതത്തിന്റെ സാംസ്കാരിക ഭൂമികയിൽ ഉദിച്ചുയർന്ന ജ്ഞാനസൂര്യനായിരുന്നു ശ്രീശങ്കരാചാര്യർ. മാനവരാശിയുടെ അധ്യാത്മിക ഉദ്ദീപനത്തിന് നിർണായകമായ സംഭാവനകൾ നൽകിയ ശ്രീശങ്കരാചാര്യർ വേദാന്ത തത്വചിന്തയിൽ അദ്വൈതത്തിന്റെ വക്താവായിരുന്നു. ‘അറിവിന്റെ ജനാധിപത്യം’ എന്ന സങ്കല്പത്തിന്റെ പൂർത്തീകരണത്തിനായാണ് ശ്രീശങ്കരാചാര്യർ മഠങ്ങൾ സ്ഥാപിച്ചതും ഭാഷ്യങ്ങളും സ്വതന്ത്ര കൃതികളും രചിച്ചത്. ശ്രുതി, യുക്തി, അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലുളള വിമർശനാത്മക ചർച്ചകൾ ഇന്നും ആധുനിക വൈജ്ഞാനിക രംഗത്ത് ഏറെ അനുകരണീയമായ മാതൃകകളാണ്. ശങ്കരജയന്തി ആഘോഷങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ഇത് തന്നെയാണ്, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ ചേർന്ന സമ്മേളനത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു അധ്യക്ഷയായിരുന്നു. കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ശ്രീശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിച്ചു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, ഡോ. കെ. എസ്. ജിനിത എന്നിവർ പ്രസംഗിച്ചു.

സംഗീത വിഭാഗത്തിലെ വിദ്യാർത്ഥികൾ ശങ്കരസ്തുതികൾ ആലപിച്ച് സംഗീത സപര്യയോടെ ആരംഭിച്ച ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ശാസ്ത്രബോധിനി പരീക്ഷകളിൽ വിജയിച്ചവർക്കുളള സർട്ടിഫിക്കറ്റുകളുടെ വിതരണം ഡോ. വി. ലിസി മാത്യു നിർവ്വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ജൈമിനീയ സാമവേദസംഹിതയുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ആദ്യപ്രതി സ്വീകരിച്ചു.

ശങ്കരന്റെ തത്വചിന്തയെക്കുറിച്ച് നടന്ന സെഷനിൽ ഡോ. കെ. മഹേശ്വരൻ നായർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. കെ. കെ. സുന്ദരേശൻ, പ്രൊഫ. സിന്ധു പട്യാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ. രമാദേവി അമ്മ മോഡറേറ്ററായിരുന്നു. ഡോ. ടി. മിനി, ഡോ. ടി. എസ്. രതി എന്നിവർ പ്രസംഗിച്ചു. വൈകിട്ട് കൂത്തമ്പലത്തിൽ വിദ്യാർത്ഥികളുടെ മോഹിനിയാട്ടവും സംഗീത കച്ചേരിയും നടന്നു.

ഭാരതീയ തത്ത്വചിന്തയെ അധികരിച്ച് നടന്ന സെഷനിൽ ഡോ. വി. ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. നടരാജു അടരശുപളളി, ഡോ. ആർ. ലക്ഷ്മി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി. ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്നു. ഡോ. കെ. സി. രജിത അമ്പിളി, ഡോ. ടി. പി. സരിത എന്നിവർ പ്രസംഗിച്ചു. ഭാരതീയ വിജ്ഞാന സംവിധാനങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച സെഷനിൽ ഡോ. സി. എസ്. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. സി. കൃഷ്ണമൂർത്തി, പ്രൊഫ. പി. വി. ഔസേപ്പ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വി. കെ. ഭവാനി മോഡറേറ്ററായിരുന്നു. ഡോ. എസ്. ഷീബ, ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്ഃ

ഫോട്ടോ ഒന്ന്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങൾ കാലടി മുഖ്യകേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, പ്രൊഫ. വി. ലിസി മാത്യു, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, ഡോ. കെ. എസ്. ജിനിത എന്നിവർ സമീപം.

ഫോട്ടോ രണ്ട്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സർവ്വകലാശാല പ്രസിദ്ധീകരിച്ച ജൈമിനീയ സാമവേദ സംഹിതയുടെ പരിഷ്കരിച്ച പതിപ്പ് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ പ്രകാശനം ചെയ്യുന്നു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. കെ. എ. രവീന്ദ്രൻ, ഡോ. കെ. എസ്. ജിനിത എന്നിവർ സമീപം.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍നം. 9447123075

Post Comment