പൊതു വിവരം

ഒപ്പം ഉള്ളവരോട്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം എന്നത് ഓൺലൈൻ മാധ്യമങ്ങളുടെ വിപ്ലവങ്ങൾ തന്നെയായിരുന്നു.അത് കൊണ്ട് തന്നെ നമുക്കിടയിൽ ദീർഘമായ കാത്തിരിപ്പുകളില്ല . നമ്മുടെ കാത്തിരിപ്പിന്റെ ദൈർഖ്യം വളരെ നേരിയതും ചിലപ്പോളത് ഒട്ടും ഇല്ലാതാവുകയും ചെയ്യുക എന്നത് ഒരു യാഥാർഥ്യം ആണ്. ആഴ്ചകൾ കാത്തിരിക്കുന്നൊരു ഘട്ടത്തിൽ നിന്നാണ് അത് നിമിഷങ്ങളായി ചുരുങ്ങി നേർത്ത് വന്നത്. നമ്മുടെ സ്‌ക്രീനുകൾക്ക് മുൻപിൽ ലോകം വളരെ തെളിഞ്ഞും വിശാലവുമായിരിക്കുകയാണ്. ആ ഒരു ഘട്ടത്തിലാണ് ഞങ്ങൾ നിങ്ങളെ അഭിസംബോധന ചെയ്യാൻ വരുന്നത് .മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും എന്ത് കൊണ്ട് ദ്രവിഡൻ വ്യത്യസ്തൻ ആവുന്നു എന്ന് സംശയമുള്ളവർക്കായി ഒരു ഉറപ്പ് മാത്രമേ ഞങ്ങൾക്ക് തരുവാനുള്ളു . ഞങ്ങൾ പക്ഷ വാദികളാണ്. പക്ഷവാദികൾ എന്ന് പറയുമ്പോൾ ഞങ്ങൾ പക്ഷം പിടിക്കുന്നത് അരിക് മാറ്റി നിർത്തപ്പെട്ടവരുടെ പക്ഷമാണ്.നമ്മൾ പക്ഷം പിടിക്കുന്നത് ശബ്ദമില്ലാത്തവന്റെ കൂടെ നിൽക്കുക എന്ന പക്ഷവാദമാണ്. അത് കൊണ്ട് തന്നെയാവും ദ്രവിഡൻ തികച്ചും വ്യത്യസ്തനാവുക എന്നതിൽ തർക്കമില്ല .കൂടെ നിൽക്കണം ഏവരും, ഒന്ന് പതറി പോവുമ്പോൾ ആയിരം കൈകൾ ഉണ്ടാകണം താങ്ങി പിടിക്കാൻ .ഞങ്ങൾ ഉറപ്പ് തരുന്നു ഞങ്ങളുടെ ശബ്ദത്തിന് ഇടർച്ച സംഭവിക്കുകയില്ല. .ഞങ്ങൾ കലഹിച്ചു കൊണ്ടേ ഇരിക്കും , അപ്പൊ അവർ ഞങ്ങളെ കലാപകാരികൾ എന്ന് വിളിക്കും , അവിടെ ഞങ്ങൾ വിജയിച്ചു . ഞങ്ങൾ കലാപകാരികൾ ആവുന്നത് ജനങ്ങൾക്ക് വേണ്ടിയാണ് .ജനങ്ങൾക്ക് വേണ്ടി കലാപകാരികൾ ആവുന്നതിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞിരിക്കുക . എല്ലാ തിങ്കളാഴ്ചയും നിങ്ങളുടെ സ്‌ക്രീനകത്ത് ഞങ്ങൾ ഉണ്ടാവും .വായിക്കാം , ഞങ്ങളോട് അഭിപ്രായങ്ങൾ പങ്ക് വെക്കാം , ഞങ്ങളുമായി നിങ്ങൾക്ക് സംവദിക്കാം.ഇതിനപ്പുറം കണ്ടും കേട്ടും ഞങ്ങളോട് സംവദിക്കാനുള്ള ഒരവസരം ഞങ്ങൾ സൃഷ്ടിക്കും .. അധികം വൈകാതെ. തലശ്ശേരിയിൽ നിന്നുമാണ് ഞങ്ങൾ നിങ്ങളോട് അഭിസംബോധന ചെയ്യുന്നത് . ഒ. ചന്ദു മേനോന്റെയും ,ഹെർമൻ ഗുണ്ടർട്ടിന്റെയും നാട്ടിൽ നിന്നുമാണ് ഞങ്ങൾ നിങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നത് . കളരിയുടെയും സർക്കസിന്റെയും ക്രിക്കറ്റിന്റെയും ചരിത്ര ഭൂമികയിൽ നിന്നുമാണ് ഞങ്ങൾ നിങ്ങളെ തേടി എത്തുന്നത് . അത് കൊണ്ട് തന്നെ ഞങ്ങൾക്ക് നിങ്ങളോടുള്ള വിശ്വാസവും നിങ്ങൾക്ക് ഞങ്ങളോടുള്ള വിശ്വാസവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് .. വാക്കുകൾക്ക് അതീതമാണ്. അത് കൊണ്ട് പോരുക
പ്രിയപ്പെട്ടവരെ ഞങ്ങളോടൊപ്പം ..
ദ്രവിഡൻ പ്രവർത്തകർ

This post has already been read 1906 times!

Comments are closed.