
കുട്ടികളുടെ ന്യായാധിപന്മാർ
മാനവവിഭവശേഷിയുടെ ഏറ്റവും അമൂല്യമായ
സ്ഥിരനിക്ഷേപമാണ് കുട്ടികൾ.സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുസ്ഥിരത കൈവരുന്നത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ്.18 വയസ്സ് പൂർത്തിയാകാത്ത വ്യക്തി എന്നതാണ് കുട്ടി യുടെ നിയമപരമായ നിർവ്വചനം.
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്രകരാർ UNCRC കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ ആഗോള സമൂഹത്തിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.ജീവിക്കാനുള്ള അവകാശം,ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം, പങ്കാളിത്തത്തിനുള്ള അവകാശം, വിവേചനങ്ങൾക്കെതിരെയുള്ള അവകാശം വികസനത്തിനും നിലനിൽപ്പിനുമുള്ള അവകാശം .. ഇവയെല്ലാം കുട്ടികളുടെ അവകാശങ്ങളാണ്.
ഇന്ത്യയിൽ കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായത്
Juvenile justice (care and protection) act 2015
ബാലനീതി ( ശ്രദ്ധയും സംരക്ഷണവും) നിയമം 2015 എന്ന നിയമമാണ്.
കുട്ടികളുടെ അവകാശലംഘനം സംബന്ധിച്ച പരാതി പരിഹരിക്കുന്നത് എല്ലാ ജില്ലയിലും രൂപീകരിക്കപ്പെട്ടിട്ടുള്ള CWC അഥവാ ചൈൽഡ് വെൽഫെയർ കമ്മിറ്റികളാണ്.ഒരു ചെയർമാനും ഇതര നാലംഗങ്ങളുമുള്ള ഈ കമ്മിറ്റിയിൽ അധ്യാപകർ, അഭിഭാഷകർ,മന: ശാസ്ത്ര വിദഗ്ദ്ധർ കുട്ടികളുടെ വിഷയത്തിൽ ഇടപെടലുകൾ നടത്താറുള്ള പൊതുപ്രവർത്തകർ എന്നിവരാണുള്ളത്.
കുട്ടികൾ നേരിട്ടോ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ, രക്ഷിതാക്കൾ, ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവരെല്ലാം നൽകുന്ന പരാതിയിന്മേലോ CWC നിയമനടപടികൾ ആരംഭിക്കുകയും നിയമലംഘനം ബോധ്യപ്പെട്ടാൽ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുന്നതുമാണ്
കേന്ദ്ര മന്ത്രാലയത്തിന്റെ ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പരായ 1098 ,
കേരള സർക്കാരിന്റെ തണൽ പ്രോജക്ട് ടോൾ ഫ്രീ നമ്പർ 1517 എന്നിവയിൽ വിളിച്ച് ഏതൊരു വ്യക്തിക്കും കുട്ടികളുടെ അവകാശലംഘനം സംബന്ധിച്ച് പരാതി നൽകാവുന്നതാണ്.24×7 പ്രവർത്തിക്കുന്ന ഈ നമ്പരുകളിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേനയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴിയും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുന്നതാണ്.
മാതാപിതാക്കളിൽ നിന്നും ഇതരരക്ഷാകർത്താക്കളിൽ നിന്നും ചൂഷണങ്ങൾ നേരിടേണ്ടി വരുന്ന കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ പാർപ്പിക്കുന്നതിനും ഗൃഹത്തിൽ സംരക്ഷണം ഉറപ്പാകുന്നതു വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അധികാരമുണ്ട്.ലൈംഗികചൂഷണം, ബാലഭിക്ഷാടനം,കുട്ടിക്കടത്ത്,ബാലവേല ഇവയ്ക്ക് ഇരയാകുന്ന കുട്ടികളുടെ പൂർണമായ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ ഉറപ്പ് വരുത്തുന്നു.CWC യുടെ പ്രവർത്തനങ്ങളിൽ സഹായകമാകുന്നത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സമർപ്പിക്കുന്ന അന്വേഷണം റിപ്പോർട്ടാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും വിദ്യാലയങ്ങളിൽ നടക്കുന്ന ബാലാവകാശലംഘനങ്ങളിലും സജീവ ഇടപെടലുകൾ നടത്തുന്നതിന് സദാസന്നദ്ധമായ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ എല്ലാ ജില്ലകളിലും സജിവമാണ്.
ജുവനൈൽ ജസ്റ്റിസ് ബോർഡ്
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങൾ ഏറ്റെടുക്കുന്നത് മൂന്നംഗ JJB അഥവാ ജുവനൈൽ ജസ്റ്റിസ് ബോർഡാണ്.ഫസ്സ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, സാമൂഹ്യ പ്രവർത്തകർ ,അഭിഭാഷകർ എന്നിവർ ഉൾപ്പെടുന്നതാണ് ഓരോ ജില്ലയിലേയും ജുവനൈൽ ജസ്റ്റിസ് ബോർഡ്.പ്രായപൂർത്തിയാകാത്ത കുട്ടികളെ മുതിർന്ന കുറ്റവാളികളോടൊപ്പം വിചാരണ ചെയ്യരുതെന്ന് ബാലനീതി ( ശ്രദ്ധയും സംരക്ഷണവും) നിയമം 2015 അനുശാസിക്കുന്നു.
മാത്രമല്ല, ഇത്തരം കുട്ടികളെ കുറ്റവാളികൾ/പ്രതികൾ എന്നീ പേരുകളിൽ വിവരിക്കരുതെന്നും നിയമവുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ അഥവാ Child in Conflict with Law /CCL എന്ന് മാത്രമാണ് സൂചിപ്പിക്കേണ്ടതെന്നും
നിയമം വ്യക്തമാക്കുന്നു.CCL നോട് കാര്യങ്ങൽ ചോദിച്ച് മനസ്സിലാക്കേണ്ടത് കുട്ടികളുടെ മന: ശാസ്ത്ര പരിജ്ഞാനമുള്ള പോലീസ് ഉദ്യോഗസ്ഥരാണെന്ന വിചിന്തനത്തിൽ എല്ലാ ജില്ലകളിലും സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് അഥവാ SJPU പ്രവർത്തന സജ്ജമാണ്.ഇന്ത്യൻ ശിക്ഷാ നിയമം ഏഴ് വർഷത്തിന് മേൽ ശിക്ഷ നിഷ്കർഷിക്കുന്ന കുറ്റകൃത്യങ്ങളിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ള CCL ന് കുറ്റകൃത്യസമയത്ത് മുതിർന്നവരുടെ മാനസികാവസ്ഥയുണ്ടോ എന്ന് മന: ശാസ്ത്ര വിദഗ്ദ്ധർ അടങ്ങുന്ന നിർദ്ദിഷ്ട കമ്മിറ്റി പരിശോധിക്കുന്നതും പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കുട്ടികളുടെ കോടതിയിലേക്ക് സമർപ്പിക്കുകയും തുടർന്ന് കോടതി ഉചിതമായ നടപടികൾ സ്വീകരിക്കുന്നതുമാണ്.
കുട്ടികളുടെ കോടതി
2005 ൽ നിലവിൽ വന്ന The Commissions for the protection of childrughts act എന്ന നിയമപ്രകാരം രൂപവത്കരിക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ കോടതികൾ കുട്ടികൾക്കെതിരെയുള്ള ചുഷണങ്ങളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കുന്നു.
പോക്സോ കോടതികൾ
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യുന്നതിന്
The protection of children from sexual offences act 2005 അഥവാ പോക്സോ നിയമപ്രകാരം എല്ലാ ജില്ലകളിലും നിലവിൽ വന്നിരിക്കുന്ന പോക്സോ കോടതികൾ ആണ്.ലൈംഗിക ചുഷണത്തിനിരയായ കുട്ടികൾക്ക് സാമ്പത്തിക, സാമൂഹിക,വൈകാരിക പിന്തുണ നൽകുന്നതിന് എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സുസജ്ജമാണ്.
ബാലാവകാശ കമ്മീഷനുകൾ
ബാലാവകാശ സംരക്ഷണത്തിനുള്ള കമ്മീഷനുകൾ നിയമം 2005 പ്രകാരം കേന്ദ്രത്തിലും എല്ലാ സംസ്ഥാനങ്ങളിലും ബാലാവകാശങ്ങളുടെ കാവലാളായി ബാലാവകാശ കമ്മീഷനുകൾ നിലവിലുണ്ട്.കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് സർക്കാർ നയങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ അവകാശലംഘനം , ലൈംഗിക അതിക്രമങ്ങൾ ഇവ സംബന്ധിച്ച് കൃത്യമായ നീതി നിർവ്വഹണം ഉറപ്പാക്കുന്നതിനും ബാലാവകാശ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും കമ്മീഷനുകൾ സജീവമായി ഇടപെടുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ , ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയുടെ ഉത്തരവുകളിന്മേൽ ജില്ലാ കോടതികളിലും തുടർന്ന് ഹൈക്കോടതിയിലും ബാലനീതി ഉറപ്പാക്കുന്നതിന് വേണ്ടി അപ്പീൽ ബോധിപ്പിക്കുന്നതിന് അവകാശം നിഷേധിക്കപ്പെടുന്ന വ്യക്തികൾക്ക് അവസരമുണ്ട്.ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ,നമ്മുടെ നീതിന്യായ വ്യവസ്ഥയോട് ചേർന്ന് പ്രവർത്തിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ പൗരനും പ്രതിജ്ഞാബദ്ധനാണ്.
This post has already been read 2880 times!
Comments are closed.