
ആർഷഭാരതസംസ്കാരത്തിൽ മാതാപിതാക്കളുടെ സ്ഥാനം ദേവന്മാർക്ക് തുല്യമായി പരിഗണിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഗതിവേഗമേറുന്ന ജീവിതത്തിൽ ഏകാന്ത തടവുകൾക്കാണ് അവർ വിധിക്കപ്പെടുന്നത്.അറുപത് വയസ്സ് പൂർത്തിയാകുന്നതോടെ മുതിർന്ന പൗരൻ എന്ന അലങ്കാരം വന്നു ചേരുന്ന വ്യക്തികൾ പാർശ്വവത്കരിക്കപ്പെടുകയാണ് കുടുംബബന്ധങ്ങളിലും പൊതുയിടങ്ങളിലും .
.ജീവിതത്തിന്റെ നല്ല നാളുകളിൽ നേടിയ സൗകര്യങ്ങളും കരുതലിന്റെയും സ്നേഹത്തിന്റെയും പേരിൽ തലമുറകൾക്ക് കൈമാറുമ്പോൾ നഷ്ടമാകുന്നത് അവരുടെ സാമൂഹിക സുരക്ഷയാണ്.
ജനിച്ച് വീഴുന്ന കുഞ്ഞ് അമ്മ എന്ന വിളിയിലൂടെ മാതാവിനേയും മാതാവിലൂടെ പിതാവിനെയും സ്വത്വബോധത്തിന്റെ ഭാഗമായി സ്വാംശീകരിച്ച് ജീവിക്കുമ്പോൾ മാതാപിതാക്കൾ തന്റേത് മാത്രമാണെന്ന്
പറയുന്നതിലാണ് ബാല്യകൗമാരങ്ങളിൽ അവന്റെ താത്പര്യം.
എന്നാൽ സ്വന്തം കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ മാതാപിതാക്കളെ അവർ മറ്റ് സഹോദരങ്ങളുടേതാക്കുന്നു . മാതാപിതാക്കൾ സമ്പാദിച്ച സ്വത്തുക്കൾ വീതം ചെയ്യുന്ന വെപ്രാളത്തിൽ ഒന്നിച്ചു ചേർന്ന നാൾ മുതൽ ഒരു രാത്രി പോലും പിരിഞ്ഞു നിൽക്കാത്ത മാതാപിതാക്കളെ ക്രൂരമായ വീതം വെയ്പിന് വിധേയരാക്കുന്നൂ.കാടാറ് മാസം നാടാറ് മാസം എന്ന കണക്കിൽ മാതാപിതാക്കളെ വീതം വെച്ച് നോക്കുന്ന മക്കൾ സമൂഹത്തിന്റെ നൊമ്പരമാണ്.
രോഗികളായ മാതാപിതാക്കളെ ബാധ്യതയായ് എണ്ണുന്ന,അവരെ ആരാധനാലയങ്ങളിലും
വൃദ്ധ സദനങ്ങളിലും നടതള്ളുന്ന മക്കളും മനുഷ്യകുലത്തിന് കളങ്കം സൃഷ്ടിക്കുകയാണ്.
ഇളംതലമുറയെ മുതിർന്ന പൗരന്മാരോട് ഇടപഴകാൻ അവസരം നൽകാത്ത മക്കളും സമൂഹത്തിൽ ധാരാളമാണ്.മുത്തശ്ശിക്കഥയുടെ ചൂര് പറ്റി വളരാനുള്ള ഭാഗ്യം ഇളംതലമുറയ്ക്ക് അവർ നിഷേധിക്കുകയാണ്.
ഈ സാഹചര്യങ്ങളിലേക്കാണ് അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തിന് തണലായി Maintenance and Welfare of Parents and Senior Citiizens Act 2007 അഥവാ
മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 കടന്നു വരുന്നത്.
ഈ നിയമപ്രകാരം
മുതിർന്ന പൗരന്മാർക്ക് ഓരോ ജില്ലയിലും പ്രത്യേക കോടതികൾ ഉണ്ട്.
മെയിൻറ്റനൻസ് ട്രൈബ്യൂണൽ എന്ന ഈ നിയമസംവിധാനത്തിൽ
നിർദ്ദിഷ്ട റെവന്യൂ ഡിവിഷണൽ ഓഫീസറും സർക്കാരിന്റെ നോമിനിയായ ഒരു മുതിർന്ന പൗരനും ഉണ്ടാകും.
മാതാപിതാക്കളെ അന്വേഷിക്കാതെ നടക്കുന്ന ആൺമക്കളേയും പെൺമക്കളേയും ഈ നിയമം തുല്യമായ ഉത്തരവാദിത്വം നൽകുന്നു.തീറാധാരമായോ ഇഷ്ടദാനമായോ കൈവശപ്പെടുത്തുന്ന വസ്തുക്കൾ മാതാപിതാക്കൾക്ക് തിരികെ നൽകുന്നതിന് പോലും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.വില്ലേജ് ഓഫീസർമാർ നൽകുന്ന റിപ്പോർട്ടിന്മേൽ ഈ ട്രൈബ്യൂണൽ
ഈചിതമായ അടിയന്തിര നടപടികൾ
സ്വീകരിക്കുന്നു.
ഈ സാമൂഹ്യക്ഷേമ നിയമപ്രകാരം ഏതൊരു പൗരനും നീതി നിഷേധിക്കപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി പരാതി നൽകാവുന്നതാണ്.
മുതിർന്ന പൗരന്മാരുടെ, മാതാപിതാക്കളുടെ ക്ഷേമത്തിനാവശ്യം നിയമത്തേക്കാളുപരി നമ്മൾ ഓരോരുത്തരുടേയും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ജാഗ്രതയാണ്.
അഡ്വക്കറ്റ് രാജി പി ജോയി
This post has already been read 3498 times!


Comments are closed.