പൊതു വിവരം

ശീതയുദ്ധകാലത്ത് റഷ്യയുടെ ആക്രമണം ഏതുസമയവും പ്രതീക്ഷിച്ചു ജീവിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്വിറ്റ്സർലാന്റ്.

ശീതയുദ്ധകാലത്ത് റഷ്യയുടെ ആക്രമണം ഏതുസമയവും പ്രതീക്ഷിച്ചു ജീവിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്വിറ്റ്സർലാന്റ്.

1815 മുതൽ യാതൊരു യുദ്ധത്തിലും പങ്കെടുക്കാത്ത രാജ്യമാണ് സ്വിറ്റ്സർലാന്റ്. സൈനികനിഷ്പക്ഷത അവരുടെ പ്രഖ്യാപിതനയമാണ്. എന്നാൽ അവിടെ നിർബന്ധിതസൈനികസേവനം ഉണ്ട്. ഏതുസമയവും ഒരു യുദ്ധം നേരിടാനുള്ള തയ്യാറെടുപ്പ് അവിടെ അദൃശ്യമായിട്ടുണ്ടെന്നുപറയാം. അത്യാവശ്യഘട്ടങ്ങളിൽ പെട്ടെന്ന് സജ്ജമാക്കാവുന്ന ഒരു സേനയാണ് അവിടുത്തെ പൗരന്മാർ. അതിനുള്ള തയ്യാറെടുപ്പാണ് നിർബന്ധിതസൈനികസേവനകാലത്ത് അവർക്കു ലഭിക്കുന്നത്. എല്ലാവരും അവരവരുടെ വീട്ടിൽ തോക്ക് സൂക്ഷിക്കേണ്ടതുണ്ട്. കുറച്ചുകാലം മുൻപുവരെ അടച്ചൊരുപെട്ടിയിൽ വെടിമരുന്നും സൂക്ഷിക്കണമായിരുന്നു, ഇന്നത് പൊതുവായൊരിടത്തു സൂക്ഷിച്ച് ആവശ്യമെങ്കിൽ വിതരണം ചെയ്യുന്നരീതിയാണ് നിലനിൽക്കുന്നത്. 2013 – ൽനിർബന്ധിത സൈനികസേവനം വേണ്ടെന്നുവയ്ക്കണമോയെന്നറിയാൻ നടത്തിയ ജനഹിതപരിശോധനയിൽ അതുതുടരണമെന്നുതന്നെയാണ് 73 ശതമാനം ജനങ്ങളും വോട്ടുചെയ്തത്.

ശീതയുദ്ധകാലത്ത് പുറത്തുനിന്നുമുള്ള ആക്രമണം പ്രതീക്ഷിച്ച അവർ ജർമനിയിൽ നിന്നും അവരുടെ രാജ്യത്തേയ്ക്കുള്ള പാലങ്ങളിൽ ബോംബുകൾ നിറച്ചുവച്ചു. സൂചനകിട്ടിയാലുടൻ പൊട്ടിക്കാവുന്ന മൈനുകൾ സൂക്ഷിച്ചു. ഒരു അധിനിവേശമുണ്ടായാലുടൻ നഗരങ്ങളിൽ നിന്നും പിൻവാങ്ങി ആവശ്യം വരുന്നപക്ഷം ആൽപ്സ് മലനിരകളിൽനിന്നുമുള്ള ഗറില്ലാആക്രമണത്തിനാണ് അവർ തയ്യാറെടുത്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ പോലും ഇവരെ ആക്രമിക്കാതെയൊഴിഞ്ഞതിന്റെ പിന്നിൽ ഇതുമൊരു ഘടകമാണ്. ജർമൻ അതിർത്തിയിലുള്ള പാലങ്ങൾ കൂടാതെ സ്വിറ്റ്സർലാന്റിലെങ്ങുമുള്ള ടണലുകളിലും റഷ്യൻ ആർമിയുടെ ടാങ്കുകൾ കടന്നുവന്നാൽ തടയാനായിട്ട് അവർ ധാരാളം സ്ഫോടകവസ്തുക്കൾ നിറച്ചുവച്ചു. അത്യന്തം രഹസ്യമായി ചെയ്തിരുന്ന ഇക്കാര്യം ജർമനിയ്ക്കുപോലും അറിയുമായിരുന്നില്ല. പണ്ടുമുതലേ ഇങ്ങനെ വെടിമരുന്ന് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും 1975 -ൽ ആണ് ഇത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത്. പാലങ്ങൾ, റോഡുകൾ, റൺവേകൾ തുടങ്ങി രണ്ടായിരത്തിലേറെ ഇടങ്ങളിൽ ആവശ്യമെങ്കിൽ അവയെല്ലാം സ്വയം തകർത്തുകളയാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കൾ അവർ കരുതിവച്ചു. ടൊബ്ലറോൺ ലൈൻ എന്നുവിളിക്കുന്ന 9 ടൺ വീതം ഭാരമുള്ള 2700 കോൺക്രീറ്റ് കല്ലുകൾ അവർ അതിരുകളിലെങ്ങും ശത്രുരാജ്യങ്ങളുടെ ടാങ്കുകൾ കടന്നുവരാതിരിക്കാനായി നിരത്തി. ടൊബ്ലറോൺ എന്നുപേരുള്ള ചോക്കളേറ്റിന്റെ രൂപമായതിനാലാണ് ആ കല്ലുകൾക്ക് ആ പേരുവന്നത്.

എങ്ങാൻ തകർക്കപ്പെട്ട പാലങ്ങൾ ശത്രുക്കൾ പുനർനിർമ്മിക്കാൻ സാധ്യതയുണ്ടെന്നുതോന്നുന്നിടത്തെല്ലാം അവർ യന്ത്രത്തോക്കുകൾ ഒളിച്ച് അങ്ങോട്ടുതിരിച്ചുവച്ചു. മലനിരകളിൽ തുരങ്കങ്ങൾ ഉണ്ടാക്കി ഒളിച്ചുതാമസിക്കുമ്പോൾ ജീവിക്കാൻ വേണ്ടവസ്തുക്കൾ സംഭരിച്ചു. അവിടെയുമിവിടെയുമെല്ലാം വലിയ പാറകൾ പോലെ തോന്നുന്ന വസ്തുക്കൾ പലപ്പോഴും ഒളിപ്പിച്ചുവച്ച പീരങ്കികളാവാം. പ്രതിരോധവകുപ്പിന്റെ കീഴിൽ രാജ്യത്തെ ജനങ്ങൾക്കുമുഴുവൻ ഒളിച്ചുതാമസിക്കാനുള്ള വേണ്ടത്ര ബങ്കറുകൾ ഉണ്ടാക്കി. നാട്ടിൻപുറങ്ങളിൽ കാണുന്ന വീടുകളും ധാന്യപ്പുരകളും ചിലപ്പോൾ മറഞ്ഞിരിക്കുന്ന വിമാനവേധത്തോക്കുകൾ പിടിപ്പിച്ചസൈനികത്താവളങ്ങളാവാം.

ശീതയുദ്ധകാലവും അതിനൊപ്പമുള്ള ഭയവും മാറിയതോടെ പാലങ്ങളിൽ നിന്നു സ്ഫോടകവസ്തുക്കൾ സ്വിറ്റ്സർലാന്റ് നീക്കം ചെയ്തു. 1272 -ൽ നിർമ്മിച്ച പലതവണതകർക്കപ്പെട്ടിട്ടും പുനർനിർമ്മിച്ച സ്വിസ് ദേശീയസ്മാരകമായ സാക്കിഞ്ജൻ പാലവും ഇത്തരത്തിൽ വെടിമരുന്നുനിറച്ചവയിൽ ഉൾപ്പെട്ടിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ചുസൂക്ഷിച്ച ജർമൻ അതിർത്തിയിലെ ബോംബുകൾ നീക്കിയെങ്കിലും സ്വിറ്റ്സർലാന്റിലെങ്ങുമുള്ള പാലങ്ങളും ടണലുകളും അത്യാവശ്യം വന്നാൽ തകർത്ത് ശത്രുവിന്റെ കടന്നുവരവ് തടയാൻ ഇന്നും സ്ഫോടകവസ്തുക്കൾ നിറച്ചുവച്ചിരിക്കുന്ന അവസ്ഥയിൽത്തന്നെയാണെന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന, മേൽക്കൂരയുള്ള ഇരുനൂറുമീറ്ററീലേറെ മീറ്റർ നീളമുള്ള സാക്കിഞ്ജൻ പാലം 1979 -ൽ പുതിയൊരു പാലം റൈൻ നദിക്കുകുറുകെവന്നതിനെത്തുടർന്ന് ഇന്ന് കാൽനടക്കാർക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു..

This post has already been read 5015 times!

Comments are closed.