
നിനക്ക് സുഖമല്ലേടീ… ”? അവളുടെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകൾ തേടുമ്പോഴേക്കും രോമക്കാടുള്ള കൈകൾ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. നിലവിളി പോലെ ഫോൺ നിലത്ത് ചിതറി.തഴമ്പുള്ള കൈപ്പത്തി മുഖത്തേക്ക് കലിയോടെ വീശി ഉയർന്നപ്പോൾ മൂക്കുത്തിയുടെ ചുവന്ന കല്ലിനോടൊപ്പം ചോരത്തുള്ളികൾ നിലത്തു വീണ് തിളങ്ങി. ഒരിക്കൽ ദേഷ്യത്തോടെ ബീഡി കുത്തിക്കെടുത്തിയ ചുണ്ടുകൾ രണ്ടാമത്തെ അടി കൊണ്ട് ചുവന്നു തിണർത്തു.”നിൻ്റെ ഒരു ശൃംഗാരം ” പിന്നെയും തൃപ്തിയാകാതെ ഭീഷണി പോലെ അതും പറഞ്ഞ് കലിതുള്ളി വിറച്ച കാലുകൾ ഇറങ്ങിപ്പോയി.തലക്കുള്ളിലെ നോവുകളുടെ അല പതിയെ അടങ്ങിയപ്പോളാണ് അവളുടെ ചോദ്യം ഉത്തരമില്ലാതെ കാതുകളിൽ വീണ്ടും കറങ്ങിത്തിരിഞ്ഞത്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരികളോട് ഒന്ന് ഫോൺ ചെയ്ത് സംസാരിക്കുന്നതു പോലും രാജ്യദ്രോഹക്കുറ്റമാകുന്ന ഇവിടെ എനിക്ക് സുഖമാണ് കൂട്ടുകാരീ.ചോരയും കണ്ണീരും മകൾ കാണാതിരിക്കാൻ കിണറ്റിൻ കരയിൽ പോയി ഏതോ പാത്രത്തിൽ വെള്ളം കോരി നിറച്ചു.കാൽ തെറ്റി കിണറ്റിലേക്ക് വീഴാതെ കരഞ്ഞു തീർത്തു. പിന്നീട് ,കഷ്ണങ്ങളായ ഫോൺ കൂട്ടിയോജിപ്പിച്ചപ്പോൾ പൊട്ടിയൊലിച്ചെന്ന പോലെ വന്നു നിറഞ്ഞു കുറേ സന്ദേശങ്ങൾ. ആത്മാവിനെ തൊടുന്ന കുറേ സന്ദേശങ്ങൾ.ചില്ലു പൊട്ടിയ ഫോ,ൺ നെഞ്ചത്ത് ചേർത്ത് അവൾ ഉമ്മറത്ത് അനക്കമില്ലാതെ ഇരുന്നു.
എം.രാജേഷ് ബാബു.
This post has already been read 2589 times!
Comments are closed.