ചെറുകഥ

മൂന്ന്‌ മിനിക്കഥകൾ

  • ഗുരുത്വം 

സ്വന്തം വീടും പറമ്പും ബാങ്കിൽ പണയം വെച്ച് അവാർഡ് പടം പിടിക്കാൻ തുനിഞ്ഞ മകൻ ചിത്രത്തിന്റെ പൂജക്ക്‌ വിളക്ക് തെളിയിക്കാൻ വിളിച്ചത് അത്രമേൽ സ്നേഹിക്കുന്ന അമ്മയെയായിരുന്നു. അന്നേരം താൻ കൊളുത്തിക്കൊണ്ടിരിക്കുന്നത് തന്റെ വീട് കൈവിട്ട് പോകാനുള്ള വിളക്കാണെന്നു  പാവം അമ്മക്കറിയില്ലായിരുന്നു. വിളക്ക് കൊളുത്തി നടുനിവർത്തിയ അമ്മയുടെ കാതിൽ ആരും കേൾക്കാതെ മകൻ പറഞ്ഞു.

“ഇനി എല്ലാം അമ്മ തന്നെ കാത്തോളണം..”

ഓരോ അടവും തെറ്റി ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ വന്നപ്പോഴൊക്കെ അമ്മ കഴുത്തിലുള്ളതും കാതിലുള്ളതും പിന്നെപ്പിന്നെ അയൽക്കാരിലുള്ളതും വാങ്ങി വീടിനെ കാത്തു പോന്നു. മകൻ കണക്ക് കൂട്ടിയപോലെ സിനിമക്ക് അവാർഡും റിലീസുമൊന്നും തരപ്പെട്ടില്ല. മരിക്കും നേരം അമ്മക്ക് മകന്റെ സിനിമ എവിടെയും എത്തിയില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നു. അമ്മ മരിച്ചതിന്റെ പിറ്റേന്ന് തന്നെ മകൻ വീടിനുമ്മറത്ത് അമ്മയുടെ വലിയൊരു പടം തൂക്കി കൈ കൂപ്പി പറഞ്ഞു.

“ഇനിയും ഈ വീടിനെ കാക്കാൻ അമ്മ തന്നെ വേണം.

‘ചത്തു പോയാലും നീ എനിക്ക് സ്വൈര്യം തരില്ലെടാ’ എന്ന് അമ്മ  കണ്ണുരുട്ടിയപ്പോൾ മകൻ ഒരു കൊച്ചു കുഞ്ഞായി. ഇനിയും പേടിപ്പിച്ചാൽ അവൻ അപ്പോൾ തന്നെ തന്റെ ഗർഭപാത്രത്തിലേക്കു തിരിച്ചു വന്നാലോ എന്ന് കരുതി ഇപ്പോഴും അമ്മ ബാങ്കുകാരിൽ നിന്ന് പല തരത്തിൽ തന്റെ വീടിനെ കാത്തു പോരുന്നു. അതുകൊണ്ടെന്താ, ഭൂമിയിൽ നിന്നുള്ള കെട്ടുപാട് മൂലം ഉള്ളിൽ കയറാനാവാതെ സ്വർഗ്ഗവാതിൽക്കൽ തന്നെ മകനെയും നോക്കി നിൽക്കുകയാണ് അമ്മയിപ്പോഴും. സിനിമയിൽ പച്ചതൊട്ടില്ലെങ്കിലും മകനാവട്ടെ, കോടതി മുറികൾ കയറിയിറങ്ങി വ്യവഹാര കാര്യങ്ങളിൽ മിടുമിടുക്കനുമായി.

ശുഭദിനം 

കല്യാണം കഴിയുന്നതുവരെ സ്ഥിരമായി അവനിൽ നിന്ന് പൂക്കളായും കിളികളായും ശലഭങ്ങളായും എല്ലാ പുലരികളിലും എന്നിലേക്ക് ശുഭദിനം പറന്നെത്തിക്കൊണ്ടിരുന്നതാണ്. കല്യാണം കഴിഞ്ഞു പിറ്റേദിനം തൊട്ട് ആ പതിവ് നിന്നു. ആദ്യത്തെ ചൂടാറുമ്പോൾ പിന്നെയും നല്ല പുലരികൾ പൂത്തുവരുമെന്നു ഞാൻ കരുതിയത് വെറുതെയായി. പിന്നീടൊരിക്കലൂം ഒരു നല്ല ദിന ആശംസയും അവനിൽ നിന്ന് എന്നെ തേടി എത്തിയില്ല.

തനിക്കില്ലാത്തത് മറ്റുള്ളവർക്കും വേണ്ടെന്നു വെച്ചിട്ടുണ്ടാകുമോ?

പതിനാറിന്റെന്നു രാത്രി 

അഞ്ചാറു മാസത്തോളം കിടന്നകിടപ്പിൽ, ദേഹത്ത് അങ്ങിങ്ങ് പൊട്ടിക്കുഴിഞ്ഞു ദുരിതപർവ്വം താണ്ടിക്കടന്ന് മൃത്യുവിൽ ചെന്നുചേർന്ന  അച്ഛനെ പ്രതി മക്കൾ ആശ്വാസം കൊണ്ടപ്പോൾ പേരക്കുട്ടികളിലെ ഒരു പെൺകുട്ടി വല്ലാതെ വിഷമിച്ചിരുന്നു. മുത്തശ്ശൻ മരിച്ച ദുഃഖമാണെന്ന് കരുതി ആശ്വസിപ്പിക്കാൻ വന്ന അച്ഛനോട് മറ്റാരും കേൾക്കാതെ ചെവിയിൽ മെല്ലെ പറഞ്ഞു:

“ഇനി ചിക്കൻ ഫ്രൈ കഴിക്കണമെങ്കിൽ പതിനാറിന്റെന്നു രാത്രിയാവണ്ടേ…അതോർക്കുമ്പോഴാണ്..”

പി രഘുനാഥ്

This post has already been read 2353 times!

Comments are closed.