#ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.!
ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം ,
ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!
കൊച്ചു പെണ്ണാട്ടോ സുന്ദരിക്കുട്ടി
വയസ് 54 ഉള്ളൂ..,
തൊട്ടരികിൽ ഇരിക്കുന്ന അവർക്ക് ചെമ്പകത്തിന്റെയും , കാച്ചിയ എണ്ണയുടെയും മണമായിരുന്നു..!
ഒരു പുഞ്ചിരിയോടെ അമ്മ എവിടെ പോകുവാ തനിച്ചാണോ യാത്ര എന്ന് കുശലം ചോദിച്ചപ്പോൾ ,
കുറുമ്പ് കാണിച്ച് സ്വർഗ്ഗത്തിലേക്ക് പോകുവാ കുട്ടി വരുന്നോ എന്ന് തർക്കുത്തരം പറഞ്ഞവൾ !
അധികാരത്തോടെ എന്റെ മുഖത്തെ കണ്ണട പറിച്ചെടുത്ത് അവരുടെ മുഖത്ത് വെച്ച ശേഷം ഞാൻ സുന്ദരിയല്ലേടാ എന്ന് ഗമയോടെ ചോദിച്ചവൾ..,
അരവട്ടനായ എനിക്ക് മുഴുവട്ടുള്ള അവർക്കും ആ ഒരു നിമിഷം മാത്രം മതിയായിരുന്നു ജന്മാന്തരങ്ങളുടെ ബന്ധങ്ങൾക്ക് തുടക്കമിടാൻ..!
എന്റെ സംസാരവും കയ്യിലുള്ള പുസ്തകങ്ങളും എന്തോ അവർക്ക് എന്നെ ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ടാവാം കുട്ടി എഴുതുമോ എന്ന ചോദ്യവും ,
ഞാനും വർഷങ്ങൾക്ക് മുൻപ് എഴുതുമായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞു.,
ഒരു പക്ഷേ ഞാനവർക്ക് പ്രിയപ്പെട്ടവനോ കൊഴിഞ്ഞു പോയ വസന്തകാലത്ത് മോഹിച്ചിരുന്ന കൂട്ടുകാരനേ പോലെയോ തോന്നിയതിനാലാവാം അവർ എന്റെ മുന്നിൽ മധുരപ്പതിനേഴ് കാരിയേ പോലെ കുറുമ്പ് കാണിച്ചതും..!
(വല്ലാത്ത ഒരു തേജസ്സായിരുന്നു അവരുടെ മുഖത്ത്.,)
അക്ഷരങ്ങളെ പ്രണയിക്കുന്നവനായത് കൊണ്ടാവാം അവരെന്നോട് അഡ്രസ്സ് വാങ്ങി , നിനക്ക് ഞാൻ ലൗ ലെട്ടർ എഴുതാം കുട്ടി എന്ന് പറഞ്ഞിരുന്നു!
ആ യാത്ര അവസാനിക്കുമ്പോൾ ,
ഒരിക്കൽ കൂടി എനിക്ക് നിന്റെ കൂടെ ദൂരെ ഒരു നാട്ടിലേക്ക് ചുവന്ന വട്ട പൊട്ട് ഈനെറ്റിയിൽ ചാർത്തി ,
ചുവന്ന പട്ട് സാരിയും ഉടുത്ത് ആരും കണാതെ നമുക്ക് ഒളിച്ചോടണം ,
എന്ന് പറഞ്ഞ് എന്നേക്കാൾ മുൻപ് പൊട്ടിച്ചിരിച്ച ആ മുഖം ഇന്നും എന്റെ സ്മൃതികളിൽ മായാതെ കിടപ്പുണ്ട്..!
* * *
(ദിവസങ്ങൾക്കുള്ളിൽ തന്നെ അവരുടെ ഒരു ലെട്ടർ എന്റെ അഡ്രസ്സിൽ വന്നു..,)
മുല്ലമൊട്ടുകൾ കോർത്തിണക്കിയ പോലെ അക്ഷരങ്ങളെ അടുക്കി വെച്ച അവരുടെ കത്തിന് ഒരു പാട് കഥകൾ പറയാനുണ്ടായിരുന്നു..!
മംഗലത്ത് വീട്ടിൽ കുട്ടൻ തമ്പുരാന്റെ മകൾ ഗൗരി പാർവ്വതി അതായിരുന്നു അവരുടെ പേര്.,
അക്ഷരങ്ങളേയും കവിതകളേയും ഇഷ്ടപ്പെട്ട പഴയ നാടുവാഴി തമ്പ്രാന്റെ മകൾക്ക് താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളോട് പ്രണയം ഉണ്ടായിരുന്നു ,
അതറിഞ്ഞ കുട്ടൻ തമ്പുരാൻ അവരെ മുറച്ചെറുക്കനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചതും ആ രാത്രി ഒളിച്ചോടാൻ ശ്രമിച്ച അവരുടെ മുന്നിൽ വെച്ച് തന്റെ പ്രിയപ്പെട്ട കാമുകനെ കുട്ടൻ തമ്പുരാനും കയ്യാളുകളും ചേർന്ന് വെട്ടി കൊന്നതായിരുന്നു !
പിന്നീട് പ്രണയമെന്ന പകൽസ്വപ്നത്തിൽ കണ്ണീരിന്റെ ഉപ്പു രസം നുകരാൻ മാത്രം കഴിയുന്നുള്ളൂ എന്നവർ തിരിച്ചറിഞ്ഞപ്പോൾ ,
മരണത്തേ പ്രണയിച്ചതും ,ഒടുവിൽ മരണത്തിലും അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ!
മനസ്സില്ലാ മനസ്സോടെ മുറച്ചെറുക്കനെ വേളി കഴിച്ച് ജീവിതം ഹോമിച്ചുത്രേ ,
അന്ന് പിണങ്ങിയതായിരുന്നു അക്ഷരങ്ങളോടെന്നും എല്ലാം ആ വരികളിൽ ഞാൻ കണ്ടു..!
മറുപടി കത്തുകളുമായ് ഞാനും അവരുടെ ഇഷ്ട തോഴനായപ്പോൾ പരസ്പരം കത്തുകളിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായ് മാറിയിരുന്നു..,
(ആറ് മാസം പരസ്പരം കത്തുകളിലൂടെ വല്ലാതെ അടുത്തു പോയി.. )
പിന്നീടുള്ള കത്തുകളിൽ!
ഈശ്വരൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹം മറവിയായിരുന്നു എന്ന തിരിച്ചറിവിൽ കാലപ്പഴക്കത്താൽ ഹൃദയം കീറി മുറിച്ച് നോവ് പടർത്തിയ തന്റെ ആദ്യ പ്രണയത്തേ മറവിക്ക് വിട്ട് കൊടുത്ത് ‘
മുറച്ചെറുക്കനായ തന്റെ ഭർത്താവിനെ സ്നേഹിച്ച് തുടങ്ങിയപ്പോൾ ആദ്യ കുഞ്ഞ് പിറന്നപ്പോൾ , ചുവന്ന പട്ട് സാരിയും ,
ചുവന്ന പൊട്ടും തൊട്ട് യാത്ര പോണം എന്ന് മോഹം അറിയിച്ചിരുന്നു!
ദുഷ്ടനും മദ്യപാനിയും ക്രൂരനുമായ തന്റെ ഭർത്താവ് ഉപദ്രവിച്ചു ആ പാവത്തിനെ !
കണ്ട കീഴ്ജാതിക്കാരന്റെ വെറും വിഴുപ്പായ നിന്റെ ആഗ്രഹത്തിന് ഒരു വിലയും ഇല്ല ,
എനിക്ക് കിട്ടിയ പൊൻപണത്തിന്റെ ഭാരം മാത്രമാണ് നീയെന്നും പറഞ്ഞ് തന്റെ സ്വപ്നത്തേ അന്ന് ചവിട്ടി അരച്ചതായിരുന്നു എന്നും !
മരിച്ച മനസ്സും ജീവനുള്ള ശരീരവുമായ് ക്ഷമയോടെ അയാൾടെ പത്നി എന്ന പദം വീണ്ടും അലങ്കരിച്ചു കൊണ്ടേ ഇരുന്നപ്പോൾ മദ്യത്തിന്റെ മാത്രം ഗന്ധമുള്ള വെറും മാംസ ദാഹിയായ അയാളുടെ ആറ് മക്കളുടെ അമ്മയായി ,
ശേഷം മദ്യലഹരിയിൽ തന്നെ അയാൾ നാട് നീങ്ങിയപ്പോൾ ഒരു ജന്മം മുഴുവൻ ആ നാടുവാഴിയുടെ മകൾ പാർവ്വതി തമ്പുരാട്ടി കണ്ണീരാൽ ജീവിതം തള്ളിനീക്കിയതും ,
ആരും അറിയാതെ പോയ ആ കഥകൾ എനിക്ക് സമ്മാനിച്ച് അക്ഷരങ്ങളിലൂടെ അവർ പുനർജനിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി..!
ഇന്നവർ മക്കളും കൊച്ചു മക്കളും ഉള്ള മുത്തശ്ശിയായി മാറിയിരിക്കുന്നു..!
പ്രായം തന്റെ സിരകളിലെ രക്തയോട്ടം കുറക്കുമ്പോഴും ആ മോഹം തന്നെ വിട്ട് പോയിട്ടില്ല എന്ന തിരിച്ചറിവിൽ ,
സ്വന്തം മക്കളോട് ചുവന്ന പൊട്ടും ചുവന്ന പട്ടും വേണമെന്ന ആഗ്രഹം പങ്കുവെച്ചുവെങ്കിലും,
പാറുകുട്ടി അമ്മക്ക് വയസ്സായി ഇനി അതൊന്നും ഉടുത്ത് നാട്ടുകാരുടെ മുന്നിൽ ഞങ്ങളുടെ വില കളയരുതെന്നായിരുന്നു മറുപടിയെന്നും അവസാനമായ് വന്ന കത്തിൽ വെക്തമായിരുന്നു..!
(പിന്നീടൊരിക്കലും അവരുടെ കത്തുകൾ എന്നേ തേടി എത്തിയില്ലായിരുന്നു..,)
വരികളിൽ നിന്ന് വരികളിലേക്ക് ഒരു ഹിമകണം കടമെടുത്ത് എന്റെ ഇഷ്ട തോഴിയായ് മാറാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നു എന്നതിന്റെ സാക്ഷി പത്രമായിരുന്നു അവരുടെ കത്തുകൾ വേണ്ടി ദിനരാത്രങ്ങൾ എണ്ണി കാത്തിരിക്കാൻ എന്നെ പ്രേരിപ്പിച്ചത്.,
എന്റെ മറുപടി ലിഖിതത്തിൽ പാർവ്വതി തമ്പുരാട്ടിയുടെ ഈ മോഹം മേത്തൻ ചെക്കനായ ഞാൻ നടത്തുമെന്നും നമ്മൾ ഒന്നിച്ച് പോയി ചുവന്ന പൊട്ടും ,
പട്ടും വാങ്ങി അതുടുത്ത് ആരും കാണാതെ ഒളിച്ചോടി വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയി തൊഴുതു തിരിച്ചിറങ്ങി വരുന്ന നിങ്ങളെ കണ്ണുനിറച്ച് കാണണമെന്നും ,
തിരിച്ച് വീട്ടിലേക്കും നമുക്ക് ഒളിച്ചോടാം എന്നും വെക്തമായി ഞാൻ പറഞ്ഞിരുന്നു..!
* * * *
ശേഷം മൂന്ന് മാസം കാത്തിരുന്നിട്ടും കത്തുകൾ വരാതായപ്പോൾ ആ അഡ്രസ്സിൽ എന്റെ സുഹൃത്തിനെ അന്വേഷിച്ചു പോകാൻ ഞാൻ നിർബന്ധിതനായ്.,
വഴിയരികിൽ കണ്ട ഒരാളോട് വീട്’ അന്വേഷിച്ചപ്പോഴായിരുന്നു !
എന്റെ പ്രിയപ്പെട്ട കത്തെഴുത്തുകാരി പാർവ്വതി തമ്പുരാട്ടി ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി മൂന്ന് മാസം മുൻപേ വാനപ്രസ്ഥം തേടി പരിത്യാഗ
യാത്രക്ക് ,
എന്നെ പറ്റിച്ച് ഒറ്റക്ക് ഒളിച്ചോടിപോയന്ന് അറിയാൻ സാധിച്ചത്..!
മരണം രംഗബോധമില്ലാത്ത കോമാളിയെന്ന് വീണ്ടും തെളിയിച്ചപ്പോൾ കരയാൻ പോലും ഞാൻ മറന്നു പോയി..,
നിർവികാരനായ് അവിടെ നിൽക്കുമ്പോൾ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ എന്റെ പാറുകുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖവും, മനസിന്റെ ഉള്ളറയിലൂടെ ഭാവനയിൽ മാത്രം കണ്ട ആ മംഗലത്ത് വീടും തെളിഞ്ഞു വന്നപ്പോൾ അവിടെ ഒന്ന് കയറണം
എന്നു തോന്നി.,
* * * *
ആ വീട് എന്നെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക കാലുകളുടെ ചലനശേഷി നശിപ്പിക്കുന്ന പോലെ തോന്നിയെങ്കിലും,
യന്ത്രികമായി നടന്നു ‘ തുടങ്ങി.., ‘
(ഗേറ്റ് കടക്കുമ്പോൾ ഉൾഭയവും സങ്കടവും എന്നെ വിഴുങ്ങുന്ന പോലെ തോന്നി..,)
പഴമയുടെ പൈതൃകം ഉറങ്ങുന്ന മണ്ണ് ,
പഴയ കാല തച്ചന്മാരുടെ കലാവിരുതും, നൂറ്റാണ്ടുകളുടെ കാഴ്ചകളും കണ്ടുറങ്ങുന്ന ഓട് മേഞ്ഞ പഴയ ഒരു ഇല്ലം..,
എന്നെ കണ്ടതും ഒരാൾ മുറ്റത്തേക്കിറങ്ങി വന്നു പുഞ്ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു..,
പാറുകുട്ടിയമ്മയുടെ മൂത്ത മകനാണന്ന് മുഖം തന്നെ എന്നോട് വിളിച്ച് പറയുന്നുണ്ടായിരുന്നു .,
ഞാൻ അകത്ത് കയറാൻ ശ്രമിച്ചില്ല..,
ഒരു മുസ്ലിം ചെറുക്കനാണ് ഇവിടുത്തെ ആചാരങ്ങൾ അറിഞ്ഞൂട അശുദ്ധി വരും എന്ന് പറഞ്ഞപ്പോൾ ,
എന്റെ അമ്മയുടെ ഇഷ്ട ചെങ്ങാതി
സാഹിർ അഹമ്മദല്ലേ നിങ്ങൾ ,
അമ്മ പറഞ്ഞിട്ടുണ്ട് ഒരിക്കൽ ഒരു പയ്യൻ എന്നെ തേടി വരും എന്ന് പറഞ്ഞ് ,
എന്റെ കൈപിടിച്ച് നിർബന്ധിച്ച് ഉമ്മറത്തേ ചാരുപടിയിൽ പിടിച്ചിരുത്തി…,
ശേഷം അയാൾ പറഞ്ഞു തുടങ്ങി !
നിങ്ങളുടെ മറുപടി കത്ത് കിട്ടിയ അന്ന് രാത്രിയായിരുന്നു അമ്മയുടെ മരണം,
നിങ്ങൾ അയച്ച കത്ത് ആദ്യം വായിച്ചത് ഈ മകനാണെന്നും അപ്പോൾ തന്നെ ചുവന്ന പട്ടുസാരിയും വട്ടപൊട്ടും വാങ്ങി പാറുക്കുട്ടി അമ്മക്ക് കൊണ്ടു കൊടുത്തൂത്രേ..
അമ്മ അവസാന യാത്ര പോയത് ആ പട്ടുടുത്തായിരുന്നു എന്നും ,
അമ്മ നിങ്ങളുടെ ആ മറുപടി കത്തിനായ് കാത്തിരുന്നിട്ടുണ്ടെന്നും,
അവസാനമായി വന്ന കത്ത് അമ്മക്ക് ഉറക്കേ വായിച്ച് കൊടുത്തപ്പോൾ ,
അത് കേട്ട് ഒത്തിരി ചിരിച്ചിട്ടുണ്ടെന്നും
ആ മകൻ എന്നോട് പറയുമ്പോൾ അറിയാതെ എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു..!
എന്റെ കണ്ണിൽ തളം കെട്ടി കിടക്കുന്ന കണ്ണീര് ഏറ്റ് വാങ്ങാൻ ആ പതിനാറ് കെട്ട് ഇല്ലത്തിന് അവകാശമില്ലന്ന തിരിച്ചറിവിൽ
ഒന്നും മിണ്ടാതെ ഇറങ്ങി തിരികെ നടക്കുമ്പോൾ ആ മകൻ എനിക്കൊരു കടലാസ് കൊണ്ടു തന്നു..,
അതും വാങ്ങിച്ച് ആ മകന് കൂപ്പുകൈ നൽകി ഇറങ്ങി നടന്നു..!
ആ തൊടിയിൽ അപ്പോഴും ചെമ്പകം പൂക്കുന്ന നറുമണം ഉണ്ടായിരുന്നു..,
കടലാസിൽ ഇത്രമാത്രം…,
(”വയ്യടാ കുട്ടാ എന്തോ മരിക്കാൻ സമയമായെന്ന് മനസ്സ് മന്ത്രിക്കുന്ന പോലെ ,നിന്നെ ഒരിക്കൽ കൂടി കാണാൻ തോന്നുന്നുണ്ട്, ”..,)
അത് വായിച്ച് കലങ്ങിയ കണ്ണോടെ ഗേറ്റ് കടക്കും മുൻപ് തെക്കേ തൊടിയിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ..,
ആ കല്ലറക്ക് ഒരു ജാലകം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ചുവന്ന പട്ടും പൊട്ടും അണിഞ് എന്നേനോക്കി ചിരിക്കുന്ന എന്റെ പാറുകുട്ടിയേ വീണ്ടും ഒരു നോക്ക് കാണാമായിരുന്നു…!!
ശുഭം
രചന.,
സാഹിർ അഹമ്മദ്..!
This post has already been read 67238 times!



Comments are closed.