ഏകാന്തത ഒരു ലഹരിയാണ്
ഒരിക്കൽ അടിമപ്പെട്ടവർക്ക് മാത്രം
അറിയുന്ന…
അതി തീവ്രമാം ഒരു ലഹരി.
അവിടെ ഞാനെൻ ചിന്തകളോട് കലഹിച്ചും
മൗനങ്ങളോട് യുദ്ധം ചെയ്തും
ഒരു ഒറ്റമുറി പണിതു.
അതിനുള്ളിൽ അടക്കം ചെയ്ത
നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും
ആത്മശാന്തിക്കായ് മുറവിളി കൂട്ടുന്നുണ്ട്.
എന്റെ ഏകാന്തതയിലാകെ
മൗനത്തിൽ പൊതിഞ്ഞ വാചാലതകൾ മാത്രം.
എന്റെ ഏകാന്തതയുടെ… ചില്ല്ജാലകത്തിൻ
നേർത്ത വിരികൾ വകഞ്ഞു മാറ്റിയാൽ
സ്നേഹമൊഴുകുന്ന നീർച്ചാലുകൾ കാണാം.
വറ്റിവരണ്ടൊരു മരുഭൂവിതിൽ
പണ്ടെങ്ങോ പെയ്തു തോർന്നൊരു മഴയിൽ
നിറഞ്ഞു കവിഞ്ഞൊഴുകിയൊരിടം.
അർത്ഥമില്ലാത്ത ജല്പനങ്ങളോടെ
ജാലകവിരികൾ മറച്ചു ഞാൻ വീണ്ടുമീ..
ഏകാന്തലഹരിയെ അറിഞ്ഞിടട്ടെ.

നീതു
… 
This post has already been read 28008 times!


Comments are closed.