കവിതകൾ

ഭൂമിയുടെ നിറമുള്ള ഭൂപടം

 

ഭൂമിയുടെ നിറമുള്ള ഭൂപടം

 

മനസ്സേ!
നീപറയുന്നു
നിനക്കീവഴി കടന്നാണ്,
രാവിനെക്കടന്നാണ്,
നീല നീലാകാശത്തെ-
കടന്ന്നിലാവിൻ്റെ-
പാതയും കടന്നാണ്
പോകേണ്ടതിനി, ഞാനീ
ജാലകംതുറക്കുന്നു
എൻ്റെയോർമ്മയിൽ
നിന്നുമായിരം വെൺ-
പ്രാവുകൾ പറന്നേറുന്നു
വെളുവെളുപ്പിൻ
മന്ദാരങ്ങൾ വിടരും
കിഴക്കായി,യൊലിവിൻ
ഇലച്ചാർത്തിലൂഞ്ഞാലിൽ
സ്വപ്നാടനം.

മനസ്സേ! നിന്നോട്ഞാൻ
പറഞ്ഞു പറക്കാതെ
പതിയെപതിയെ നീ
നടക്കൂ, പക്ഷെ നീയീ-
പ്രപഞ്ചം ചുറ്റി ചുറ്റി-
ചിതറിത്തെറിക്കുന്നു.
ഒരോരോ ചുമർചിത്രം
ഒരോരോ ലോകങ്ങളായ്
മാറുന്നു, പിന്നെ പെരും-
തിര പോലിരമ്പുന്നു
അരികിൽ വാതിൽക്കലായ്
കുളിരല്ലിരുളാണ്;
ഇരുളിൻ ദുർഭൂതങ്ങൾ
മിഴിനട്ടിരിപ്പാണ്.
ഉറങ്ങാനാവുന്നില്ല
പടിക്കൽനിന്നും കോൽ-
ത്താഴടർത്തി വരുന്നുണ്ട്
ഒരോരോ അരൂപികൾ
നിനക്ക്കാണാമെന്ന്
നീപറയുന്നു പക്ഷെ-
എനിക്കീയിരുൾപ്പുഴ
കടന്നേ പോണം,
നിന്നെയിരുത്തി തുഴഞ്ഞു
ഞാനക്കരെ പോകും
നമുക്കവിടെ പാർക്കാം-
നദിക്കപ്പുറം യന്ത്രപ്പുര-
മാൽസര്യമതില്ലാതെ
അവിടെ പാർക്കാം
ചുറ്റിപ്പടരും നിരാസത്തിൻ
കണ്ണികൾ മുറിച്ചീടാം
അവിടെ നിന്നെത്തേടി
വരില്ല നീരാളികൾ
ഭയത്താൽ വിഷം ചീറ്റും
ജലനീലനാഗങ്ങൾ
വാക്കിൻ്റെ തീപ്പക്ഷികൾ
ദേശാടനത്തിൻ വൃക്ഷ-
ക്കൂട്ടങ്ങളതിൽ വന്ന്
കാത്തു കാത്തിരിക്കുമ്പോൾ
മനസ്സേ! നിന്നോട്ഞാൻ
പറയുന്നെന്നെ ചുറ്റി
വരിഞ്ഞു മുറുക്കി നീ-
മൗനത്തിലൊതുക്കായ്ക!
വാതിലിൽ വിലങ്ങിട്ട്
നീയെൻ്റെ സഞ്ചാരത്തെ
പ്രാണനിൽ നിന്നും
മെല്ലെയടർത്താതിരിക്കുക.
തിടുക്കം പൂണ്ടെന്നൊരു
പകലെന്നെന്നെ ചൂണ്ടി
പറയും നേരം, സന്ധ്യ
ചിരിക്കുന്നേരം ഞാനീയിരുണ്ട
വാനത്തിൻ്റെയൊരു
കോണിലായ് സൂര്യനിതേ
പോലുണ്ടെന്നോർത്ത്
നിലാവായ് തെളിഞ്ഞിടാം

ഋതുക്കൾ പുഴയേറി
വരുമ്പോൾ പഞ്ഞിക്കായ്കൾ
വിരിഞ്ഞ മരംപോലെ
ചിരിയായ്പറക്കുവാൻ
ഭൂമിതൻ നിറം പകർന്നെടുത്തു
നമുക്കൊരു ഭൂപടം
വരയ്ക്കുവാൻ ശ്രമിക്കാം-
പോകാമിനി..

Rema Prasanna Pisharody

 

This post has already been read 7288 times!

Comments are closed.