
… കഥയിലല്ല കാര്യം…
ഫോണെടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ്റെ കൈവിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
അനൂ ….ഒരിക്കൽക്കൂടി നിനക്കായി ഞാൻ
എൻ്റെ ഹൃദയരക്തം കൊണ്ട് രണ്ട് വരി കുറിയ്ക്കാം …..
…..കാലത്തിന്റെ കുത്തൊഴുക്കിൽ
ഇരുകരകളിൽ കിടന്ന നാം
ഇന്നീ ….സ്വപ്ന തുരുത്തിൽ കണ്ടുമുട്ടി….
ഇനിയിവിടെ നിന്ന് ഞാനും നീയുമില്ല ……
നമ്മൾമാത്രമെന്ന്
കോർത്ത കൈവിരലുകൾ
വേർപെട്ട് എതിർദിശകളിലേക്ക്
നാം ഒഴുകിയാൽ…..
നമ്മുടെ ഓർമ്മകൾ പേറുന്ന ഹൃദയങ്ങൾ നമുക്കീ തുരുത്തിൽ ഉപേക്ഷിക്കാം…. ഹൃദയ ശൂന്യരായി യാത്ര തുടരാം…
അതെ ഹൃദയങ്ങളില്ലാതെ നമ്മുക്കീ
യാത്ര തുടരാം…..
എത്ര അവഗണനയേറ്റു വാങ്ങിയാലും നാണമില്ലാത്ത എൻ്റെ മനസ്സിനെ ഇനിയെങ്കിലും ഒന്ന് ബോദ്ധ്യപ്പെടുത്തണം….
എന്നിൽ പുതുമകളൊന്നും ഇല്ലെന്ന് ….
പഴമയുടെ വിഴുപ്പ് മണക്കുന്ന എൻ്റെയോർമ്മകളിൽ…
നീയാം പനിനീർച്ചെടിയിൽ ഇനി
പ്രണയം വിരിയില്ലെന്ന് ….
നിന്നിൽ ഒരു പുതുമഴയായി ആർത്തലച്ച് പെയ്യാൻ കൊതിക്കരുതെന്ന് ….
ഒരു നിലാവായി ഇനിയൊരിക്കലും
നിൻ മനസ്സിൽ തെളിയുവാനാകില്ലെന്ന്….
ഇനി പെയ്യുന്നൊരു മഴയിലും
നാം ഒരുമിച്ച് നനയില്ലെന്ന്…..
മിഴികളടച്ചു നമ്മൾ കണ്ടോരാ പകൽ കിനാവുകൾക്കുമേൽ
ഇരുൾ പരക്കുമെന്ന് …
നിൻ ചുരുൾമുടിത്തുമ്പിൽ
ചൂടിയ തുളസിക്കതിരിൻ്റെ
നൈർമ്മല്യം കാണുവാനാകില്ലെന്ന് ….
പ്രണയമൊളിപ്പിച്ച നിൻ കണ്ണുകളിനി എനിക്കായി കഥ പറയില്ലെന്ന് …..
നിറയുന്നെൻ മിഴികൾ
ഞാനിനി നിന്നിൽ നിന്നും മറയ്ക്കാം…
വിതുമ്പുന്നോരെൻ അധരങ്ങളാൽ
നിനക്കു ഞാനൊരു പുഞ്ചിരി നൽകാം …
എങ്കിലും എന്നോർമ്മകളിൽ നമ്മുടെ പ്രണയം ജീവിക്കും ….
ടൈപ്പ് ചെയ്ത് കഴിഞ്ഞത് നന്ദൻ ഒരിക്കൽ കൂടി വായിച്ചു നോക്കി… ചെറിയ അക്ഷരത്തെറ്റുകൾ തിരുത്തി…..
കൊള്ളാം….. നന്നായിട്ടുണ്ട് …..
അവളുടെ ഉള്ളിൽ കുറച്ചെങ്കിലും തട്ടും… അഥവാ തട്ടിയില്ലെങ്കിലും തനിയ്ക്ക്
ഒന്നും ഇല്ല…
സെൻ്റ് ചെയ്ത് കസേരയിലേക്ക് ചാഞ്ഞു
കിടന്ന് അയാൾ കണ്ണുകളടച്ചു …
ആ അദ്ധ്യായം കഴിഞ്ഞു …
ഇനി …..? അയാൾ ഫോണെടുത്ത് സമീറയ്ക്ക് ഒരു ഹായ് അയച്ചു….
മിനിറ്റുകൾക്കുള്ളിൽ .. വന്ന മെസ്സെജ് ട്യൂൺ കേട്ട് … അയാളിലെ ഫെയ്സ് ബുക്ക് കാമുകൻ …. ഊറി ചിരിച്ചു..
……………………………..
This post has already been read 13861 times!
Comments are closed.