സീത മകളെ കുളിപ്പിച്ചു തോർത്തി ,പഴയതെങ്കിലും വൃത്തിയുള്ള ഉടുപ്പിടുവിച്ചു.ഇന്ന് ലക്ഷമി മോൾക്ക് മൂന്നു വയസാവുകയാണ്.
“ഏൻ പുള്ളൈ രാസാത്തി പോൽ ഇരുക്കണം”
അറിവഴകന്റെ വാക്കുകൾ അവൾ ഓർത്തു. ആ ഓർമ്മയിൽ അവളുടെ മിഴികൾ സജലങ്ങളായി ..
സീത മകളുടെ മുഖത്തേക്കു നോക്കി, അവളുടെ അപ്പായുടെ ഛായയാണ് ലക്ഷ്മി മോൾക്ക്. അറിവഴകൻ അതായിരുന്നു സീതയുടെ കണവന്റെ പേര്.
എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ. സീതയുടെ മനസ് ഭൂതകാലത്തിലൂടെ സഞ്ചരിച്ചു.
ഓർമ്മകൾ ആരംഭിക്കുമ്പോഴേ അവൾ അനാഥയായിരുന്നു. വള്ളിയൂർ എന്ന തമിഴ് ഗ്രാമത്തിൽ അകന്ന ബന്ധുവായ ഒരു മാമിയോടൊപ്പമായിരുന്നു അവൾ കഴിഞ്ഞിരുന്നത്.
അന്നവൾക്ക് പതിനെട്ടോ പത്തൊമ്പതോ വയസു പ്രായം, ഇതുവരെ വളർത്തിയതു മുതലാക്കാനായി മാമി അവളെ മാംസ ചന്തയിലേക്ക് അയയ്ക്കുകയാണെന്നറിയാതെയാണ് അവരോടൊപ്പം ശരവണ ഭവൻ ലോഡ്ജിലെത്തിയത്.
അവിടുത്തെ ക്ലീനിംഗ് തൊഴിലാളിയായിരുന്നു അറിവഴകൻ.
മാമി അവളെ ഒരു മുറിയിലാക്കി ഇപ്പോൾ വരാമെന്നു പറഞ്ഞ് പോയി. അല്പനേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് മദ്യപിച്ച് നിലത്തുറയ്ക്കാത്ത കാലുകളുമായി ഒരു തടിയൻ മുറിയിലേക്ക് കടന്നു വന്നു.അപകടം മണത്ത സീത ഉറക്കെ നിലവിളിച്ചു. അയാൾ അവളെ കടന്നുപിടിച്ചു.മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മുഖത്തേക്ക് അടിച്ചു. സർവ്വ ശക്തിയുമുപയോഗിച്ച് അവൾ ചെറുത്തു നിന്നു.
കതകിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടു .
“യാരിന്ത നേരത്ത് ”
അയാൾ വാതിൽ തുറന്നു. അറിവഴകൻ അയാളെ അവഗണിച്ചു കൊണ്ട് മുറിയിലേക്കു കയറി.
“എന്നെ കാപ്പാത്തുങ്കോ സാർ”
അവൾ കേണപേക്ഷിച്ചു.
അവളുടെ അറിവോടെയല്ല അവൾ അവിടെ എത്തിപ്പെട്ടിരിക്കുന്നത് എന്നു മനസിലാക്കിയ അറിവഴകൻ തടിയന്റെ കോളറിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചാരി നിർത്തി.
” ഇനി ഇവൾ മേലെ കൈ വച്ചാ … അന്ത കൈ നാൻ വെട്ടിടുവേൻ”
“വാമ്മാ”
അവൻ അവളുടെ കൈ പിടിച്ച് പുറത്തേക്കു നടന്നു.
കടവുൾ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതു പോലെ തോന്നി അവൾക്ക്.
അങ്ങനെ ആരോരുമില്ലാത്ത അവൾക്ക് അറിവഴകൻ തുണയായി. അവനും അനാഥനായിരുന്നു.
തമിഴ്നാട്ടിൽ നിന്നും ഉപജീവന മാർഗ്ഗം തേടി അവർ കേരളത്തിലെത്തി. പല പല തൊഴിലുകൾ ചെയ്ത് അവൻ അവളെ പോറ്റി.
വിശാലമായ ആകാശം അവർക്ക് മേൽക്കൂര ഒരുക്കി. തെരുവായിരുന്നു അവരുടെ വീട്, അവിടെ അവർ ഭക്ഷിച്ചു, തെരുവിലെ ഇരുട്ടിൽ ഇണചേർന്നു, ഉറങ്ങിയുണർന്നു.
ആകാശത്തിലെ പറവകളെപ്പോലെ അവർ സ്വതന്ത്രരായി പാറി നടന്നു.അവർ ഒന്നിച്ച് ടാക്കീസിൽ പോയി സിനിമാ കണ്ടു, സ്റ്റുഡിയോയിൽ പോയി ചേർന്നു നിന്ന് ഫോട്ടോ എടുത്തു, അങ്ങനെ … അങ്ങനെ …
സീതയുടെ ഉദരത്തിൽ ജീവന്റെ തുടിപ്പുണ്ടായപ്പോഴാണ് ഒരു വാടക വീടിനെക്കുറിച്ച് അവൻ ചിന്തിച്ചത്.
അവരുടെ കുഞ്ഞ് അവരെപ്പോലെ തെരുവിന്റെ സന്തതിയാകുന്നത് അവർ ആഗ്രഹിച്ചില്ല.
ഇനി പണത്തിന് ആവശ്യം വരും, അങ്ങനെയാണു് അറിവഴകൻ വാർക്ക പണിക്ക് പോയി തുടങ്ങിയത്.
സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒരു ഒറ്റമുറി വീട്ടിലേക്ക് താമസം മാറി.
മാസങ്ങൾ കടന്നു പോകെ സീതയുടെ ഉദരം വലുതായി വന്നു.
തങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ വരവേല്ക്കാൻ അവർ ഒരുക്കം തുടങ്ങി.
രാത്രി അവന്റെ വിടർന്ന മാറിൽ തല ചായ്ച്ചുറങ്ങവെ അവൾ ചോദിച്ചു
“കൊളന്തയ്ക്ക് എന്ത പേര് വയ്ക്കും”
ബലിഷ്ഠമായ കരങ്ങൾ കൊണ്ട് അവളെ ചേർത്തു പിടിച്ച് അവൻ പറഞ്ഞു,
“ഇത് പെൺകൊള ന്ത താൻ… ലക്ഷ്മീന്ന് കൂപ്പിടലാം… എന്നുടെ അമ്മാവോട പേര് ”
അയാൾ തന്റെ ബാല്യത്തിലൂടെ സഞ്ചരിക്കുന്നതായി സീതയ്ക്കു തോന്നി. അവൾ അവനിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു.
ലക്ഷ്മി മോൾ പിറന്നതോടെ അറി വഴകൻ ആകെ മാറി.
ഒരു രാജകുമാരിയെപ്പോലെ അവളെ വളർത്തണം എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു അവൻ. അതിനായി അനാവശ്യ ചെലവുകൾ അവൻ ഉപേക്ഷിച്ചു. ആകെയുണ്ടായിരുന്ന ദുശ്ശീലമായ മുറുക്കും ഒഴിവാക്കി. ഉച്ചയ്ക്ക് ഹോട്ടൽ ഭക്ഷണം ഒഴിവാക്കി രാവിലെ സീത ഉണ്ടാക്കുന്ന ഭക്ഷണം പൊതിഞ്ഞു കൊണ്ടുപോയി.
ഒരു ദിവസം പണിക്കുപോയ അറിവഴകന്റെ കാലിൽ ഒരു ആണി തറച്ചിരുന്നു. അവൻ അതു കാര്യമാക്കിയില്ല. ചെറിയ പനി ഉണ്ടായിട്ടും അത് അവഗണിച്ച് ദിവസവും പണിക്കു പോയി.
വൈകുന്നേരം കുഞ്ഞിന് വളയും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വന്ന അയാൾ നന്നേ ക്ഷീണിതനായിരുന്നു.
ദേഹം ചൂട്ടുപൊള്ളുന്നു.
കുഞ്ഞിനെ അയലത്തെ അമ്മാളു അക്കയെ ഏല്പിച്ച് സീത അയാളെ ആശുപത്രയിൽ എത്തിച്ചു.
നാടോടികളായതിനാൽ അഡ്മിറ്റ് ചെയ്തില്ല, കുറേ ഗുളികകൾ നൽകി തിരിച്ചയച്ചു.
വരാൻ പോകുന്ന ദുരന്തത്തിനു സാക്ഷിയാവാൻ ത്രാണിയില്ലാതെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ മുഖമൊളിപ്പിച്ച ആ രാത്രിയിൽ മൃത്യു നിമോണിയയുടെ രൂപത്തിലെത്തി അയാളെ കൂട്ടിക്കൊണ്ടുപോയി.
ആത്മഹത്യയിൽ നിന്നും അവളെ പിന്തിരിപ്പിച്ചത് ലക്ഷ്മി മോളുടെ ചിരിയും, കളിയും മാത്രമായിരുന്നു.
മാസങ്ങൾ കടന്നു പോയി.
അറിവഴകന്റെ ആഗ്രഹം പോലെ അവളെ വളർത്താൻ സീത കുഞ്ഞിനെയുമെടുത്ത് മുനിച്ചാമിയുടെ ആക്രിക്കടയിൽ ജോലിക്കു പോയി തുടങ്ങി .
പരിഷ്കൃത മനുഷ്യർ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പാഴ് വസ്തുക്കൾ പെറുക്കിയെടുത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം.
തുച്ഛമായ വരുമാനമാണെങ്കിലും ലക്ഷ്മിയെ അവൾ വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ചു, കണ്ണെഴുതി പൊട്ടുകുത്തി, അവളായിരുന്നു സീതയുടെ എല്ലാം .
കണ്ണു തുടച്ച് അവൾ അറിവഴകന്റെ ഫോട്ടോയ്ക്കു മുന്നിൽ നിന്നു മകളുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥിച്ചു.ഇന്ന് ലക്ഷ്മി മോളുടെ പിറന്നാളാണ് അവൾക്ക് പുത്തനുടുപ്പും, ചാന്തും, കൺമഷിയും വാങ്ങണം.
കുഞ്ഞിനെയുമെടുത്ത് അവൾ നഗരത്തിരക്കിലേക്കിറങ്ങി.
ആവശ്യമുള്ളതെല്ലാം വാങ്ങി, തിരികെ വീട്ടിലേക്ക് ബസ് കയറാനായി സ്റ്റോപ്പിലേക്കു നടന്നു , വഴിയരികിൽ ഭണ്ഡാരപ്പെട്ടിയുമായിരിക്കുന്ന ദൈവത്തിനായി ലക്ഷ്മിയെക്കൊണ്ട് കാണിക്കയും ഇടുവിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
പ്രകൃതി സ്ത്രീക്ക് മാത്രം നൽകിയ സമ്മാനം (അതോ ശാപമോ?)
അടിവയറ്റിലൊരു വേദനയും തുടകൾക്കിടയിൽ നനവും.
അതേ സമയത്താണ് ലക്ഷ്മി മോൾ കടയിൽ കണ്ട ഒരു പാവയ്ക്കു നേരെ കൈ നീട്ടിയതും, കുഞ്ഞ് അതിനു വേണ്ടി വാശി പിടിച്ചു തടങ്ങി.
വല്ലവിധേനയും വീട്ടിലെത്തിയാൽ മതി എന്ന ചിന്തയായി സീതയ്ക്ക്.
കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.സീത അതു കൂട്ടാക്കാതെ ഒരു ഓട്ടോ വിളിച്ചു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുറേ ആളുകൾ അടുത്തുകൂടി.
“എവിടുന്ന് തട്ടിക്കൊണ്ടുവന്നതാ ടീ കൊച്ചിനെ ”
അവിടെ നിന്നും രക്ഷപ്പെടാൻ തുടങ്ങിയ സീതയെ ആൾകൂട്ടം വളഞ്ഞു.
മൊബൈൽ ക്യാമറകൾ അവൾക്കു ചുറ്റും ഓണായി .
” ഒട്ടിച്ചി കൊച്ചിനെ തട്ടിക്കൊണ്ടു പോണേ”
ആരോ ഉറക്കെ പറഞ്ഞു
” വിടരുതവളെ ”
എവിടത്തെ യാ ടീ കൊച്ച്?
ചോദ്യശരങ്ങൾ ചുറ്റുപാടു നിന്നും അവൾക്കു നേരെ പാഞ്ഞു.
ആളും, ബഹളവും കണ്ട് ലക്ഷ്മി മോൾ ഉറക്കെ കരഞ്ഞു
“ഇത് എന്നോട കൊളന്തൈ സാർ”
മുഖമടച്ച് ഒരടിയായിരുന്നു മറുപടി
“നിന്റെ കൊച്ചാണെങ്കി പാലു കൊടടീ കൂത്തിച്ചീ.. ”
ഒരാൾ ലക്ഷ്മിയെ പിടിച്ചു വലിച്ചു അയാളുടെ കയ്യിലാക്കി.
സീത കുഞ്ഞിനു നേരെ കൈ നീട്ടി,
ആരോ ഒരാൾ മുടിക്ക് കുത്തിപ്പിടിച്ച് അവളെ നിലത്തേക്കെറിഞ്ഞു.
കൊച്ചിനെ തട്ടിക്കൊണ്ടു വന്ന ഒട്ടിച്ചിയെക്കാണാൻ ആളു കൂടിക്കൊണ്ടിരുന്നു –
ആരൊക്കെയോ പോലീസിനു ഫോൺ ചെയ്തു.
പോലീസ് എത്തുന്നതിനു മുമ്പ് കുറ്റം തെളിയിക്കാൻ നാട്ടിലെ പോലീസുകാർ അവളെ നന്നായി പെരുമാറി
” ഏതാണ്ട് വല്യ വീട്ടീന്ന് മോഷ്ടിച്ചതാ “നാട്ടുകാർ വിധിയും പ്രസ്താവിച്ചു.
പോലീസ് ജീപ്പു വന്നു.
അവളെയും കുട്ടിയെയും ജീപ്പിൽ കയറ്റി. കുഞ്ഞിനെ വനിതാ പോലീസാണ് എടുത്തത്.
നാട്ടിലെ പോലീസുകാർ ബൈക്കിൽ ജീപ്പിനെ അനുഗമിച്ചു.
സ്റ്റേഷനിലെത്തി
സത്യമങ്ങ് പറഞ്ഞേക്കടീ.. എസ്.ഐ സാറ് വന്നാൽ നീ ജീവനോടെ കാണത്തില്ല.
അയ്യപ്പൻ പിള്ള പോലീസ് കണ്ണുരുട്ടി.
“നാൻ പെത്ത പുള്ളൈ താൻ ”
അവൾ കരഞ്ഞുപറഞ്ഞു
റജീനാ സാറേ ഇവടെ കിഴുത്തയൊക്കെ ശരിക്കൊന്ന് പരിശോധിക്കണേ .. മോഷണമുതല് എവിടെ ഒക്കെയാ ഒളിപ്പിച്ചേക്കുന്നേന്ന് ആർക്കറിയാം.അയ്യപ്പൻ പിള്ളയിലെ കുറ്റാന്വേഷകൻ ഉണർന്നു.
ചോരയൊലിക്കുന്ന കാലുമായി സീത നിന്നു.
ലക്ഷ്മി മോൾ കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയിരുന്നു. അവളെ ഒരു വനിതാ പോലീസ് ഒരു ഡസ്കിലേക്കു കിടത്തി.
” ഉം ഒന്നു കുളിപ്പിച്ചെടുത്താൽ മതി ഏറ്റ ചരക്കാ”
ഉണ്ടക്കണ്ണുകൾ കൊണ്ട് സീതയെ ആകെ ഒന്ന് ഉഴിഞ്ഞ് റിട്ടയർ ചെയ്യാൻ മൂന്നു മാസം കൂടി അവശേഷിക്കുന്ന അയ്യപ്പൻ പിള്ള പറഞ്ഞു.
“അയ്യപ്പൻ പിള്ള സാറേ നിങ്ങളേപ്പോലുള്ളവരെ പേടിച്ചാ ഇവറ്റകൾ കുളിക്കാതേം, നനയ്ക്കാതേം നടക്കുന്നത് ” സീതയ്ക്കു നേരെ സാനിട്ടറി പാഡ് നീട്ടിക്കൊണ്ട് ഒരു വനിതാ പോലീസ് പറഞ്ഞു .
അല്പം കഴിഞ്ഞ് അവൾ എസ്.ഐ.യുടെ റൂമിലേക്ക് വിളിക്കപ്പെട്ടു.
ആജാനബാഹുവായ ഒരു ചെറുപ്പക്കാരൻ. അദ്ദേഹം അവളോട് ഇരിക്കാൻ പറഞ്ഞു.
അമ്മാളു അക്കയും, മുനി ചാമിയണ്ണനും അവിടെ ഉണ്ടായിരുന്നു.
അടി കൊണ്ട് നീരുവന്ന അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സബ് ഇൻസ്പെക്ടർ ചോദിച്ചു.
“ഇവരിൽ ആരാണ് നിങ്ങളെ ഉപദ്രവിച്ചത് ”
അപ്പോഴാണ് അവളെ മർദ്ദിച്ച നാട്ടുകാരെ അവൾ കണ്ടത് .
” ലക്ഷ്മി ഏൻ പുള്ള താൻ ”
അവൾ തൊഴുതു പറഞ്ഞു.
” കരയണ്ട പെങ്ങളേ .. നിങ്ങളെ ആരുമൊന്നും ചെയ്യില്ല.
അത് നിങ്ങളുടെ കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
അയ്യപ്പൻ പിള്ളേ ഇവന്മാരുടെ പേരും അഡ്രസും എഴുതി വാങ്ങ്.
ഇവന്മാർക്കെതിരെ സ്ത്രീ പീഢനത്തിനും ,വധശ്രമത്തിനും കേസ് ചാർജ്ജ് ചെയ്യണം
കുഞ്ഞിനെ കൊണ്ടു പൊയ്ക്കോ പെങ്ങളേ,
ദൈവം വീണ്ടും നല്ലവനായ ആ പോലീസുദ്യോഗസ്ഥനായി വന്നതാണെന്നവർക്കു തോന്നി .
കുഞ്ഞിനെയുമെടുത്ത് അമ്മാളു അക്കയുടെയും, മുനി ചാമി അണ്ണന്റെയും ഒപ്പം പുറത്തേക്കിറങ്ങിയ അവൾ പോകും വഴി ലക്ഷ്മിക്കായി വാങ്ങിയ ചാന്തും, കൺമഷിയും കാനയിലെറിഞ്ഞു, ഒപ്പം മകളെ രാജകുമാരിയാക്കാനുള്ള ആഗ്രഹവും.
ഉറക്കത്തിലും ഏങ്ങലടിക്കുന്ന കുഞ്ഞിനെയും മാറോടമർത്തി അവൾ നടന്നു ….
തെരുവിലേക്ക്…
This post has already been read 2926 times!
Comments are closed.