ഇതും ഒരു പെണ്ണ്
ആ മരണ വീടിൻ്റെ പടിക്കൽ വന്നു നിന്ന പോലീസ് വാഹനത്തിൽ നിന്നിറങ്ങിയവളെ അവിടെ തടിച്ചു കൂടിയ പുരുഷാരം കൂക്കിവിളിയും അട്ടഹാസവും ശാപവാക്കുകളും കൊണ്ടാണ് സ്വീകരിച്ചത്.
പോലീസുകാരുടെ അകമ്പടിയോടെ കുനിഞ്ഞ ശിരസ്സുമായി നടന്നൊടുവിൽ ആ ശവമഞ്ചങ്ങൾക്കടുത്ത് അവളെത്തി.
ടാർപായ വലിച്ചുകെട്ടിയ ആ താല്കാലിക പന്തലിൽ നിരത്തി കിടത്തിയിരിക്കുന്ന ആ മൂന്നു മൃതശരീരങ്ങളെയും നിർവ്വികാരതയോടെ നിന്ന് നോക്കി കാണുകയായിരുന്നു അവൾ.
“എടീ,,, ഒരുമ്പെട്ടവളെ,,,, എന്ത് ധൈര്യത്തിലാ നീയീ പടി പിന്നേയും ചവുട്ടിയത്,,,, കൊലയ്ക്കു കൊടുത്തിട്ടും മതിയായില്ലേ…. ന്നാ കൊണ്ട് പോയി തിന്ന്,,,,
ഇതിനാണല്ലോ അച്ഛൻ നിന്നെ സ്വന്തം മക്കളേക്കാൾ സ്നേഹിച്ചത്…. കൊണ്ട് പോയി തിന്ന്,,,,, കൊണ്ടോയി തിന്ന്,,, “
അവളെ കണ്ടതും അകത്തു നിന്നും ഒരു സ്ത്രീ അലമുറയിട്ടും കൊണ്ടോടി വന്ന് അവിടെ തളർന്നു വീണു.
അവളാനേരം തിരഞ്ഞത് മറ്റൊരു മുഖമായിരുന്നു. അഞ്ച് വയസ്സുകാരിയെ മടിയിലിരുത്തി, തന്നിലേയ്ക്ക് കത്തുന്ന മിഴികളയച്ച് ഇരിക്കുന്നവനെ അവളൊന്നേ നോക്കിയുള്ളൂ. തല തനിയേ താഴ്ന്നു പോയിരുന്നു.
ആ നേരം ഒരു വയസ്സുകാരനേയും കയ്യിലെടുത്തു കൊണ്ട് അവളുടെ അമ്മയും അടുത്തെത്തി മുഖത്തിന് നേരെ കൈ വീശി കഴിഞ്ഞിരുന്നു. ഓർക്കാപ്പുറത്തുള്ള അടിയായതിനാൽ അവളൊന്നു വേച്ചുപോയി.
“നീ—— നീയെൻ്റെ മകൾ തന്നെയാണോ , ഞാനിങ്ങനെയാണോ നിന്നെ വളർത്തിയത്, മറ്റുള്ളവരുടെ മുൻപിൽ നാണംകെട്ട് തല കുനിഞ്ഞിരിക്കുന്ന അച്ഛനെ നീ കണ്ടോ??? ഞങ്ങളെ കൊന്നിട്ട് പോരാർന്നോ നിൻ്റെ ഈ വേഷം കെട്ടൽ,,, ഇല്ല,,,, ഇല്ല,,,,, ഇനി ഞങ്ങൾക്കിങ്ങനെ ഒരു മകളില്ല.”
പിന്നേയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ആ അമ്മയും അവിടെ തളർന്ന് വീണിരുന്നു. അടുത്തു നിന്നിരുന്ന ആരോ വേഗം കുഞ്ഞിനെ വാങ്ങി, ആരൊക്കെയോ അവരെ എടുത്ത് അകത്തേയ്ക്ക് കൊണ്ടുപോയി. അവളെ ഒന്നിരുത്തി നോക്കിയ ശേഷം അച്ഛനും വെറുപ്പോടെ ഒരക്ഷരം മിണ്ടാതെ മാറിപ്പോയി.
സ്വന്തം അച്ഛനും അമ്മയും പോലും ഇത്രത്തോളം വെറുക്കണമെങ്കിൽ ആ മകൾ ചെയ്ത തെറ്റ് എന്തായിരിക്കും എന്ന ചിന്തയിലായിരിക്കും അല്ലേ നിങ്ങൾ? വരൂ, അവിടെ ആ ആൾക്കൂട്ടത്തിൽ പരിചിതമായ മുഖങ്ങളുണ്ടോ എന്ന് തിരഞ്ഞു നോക്കാം നമുക്ക്. ഒരു ചെറു ചിരി നല്കി നിൽക്കുന്ന ആളെ കണ്ടു വിവരങ്ങൾ തിരക്കിയപ്പോൾ കിട്ടിയ മറുപടിയിൽ ഞങ്ങൾ ഒരുവേള നിശ്ചലരായി നിന്നു.
അവളുടെ ഭർത്താവിൻ്റെ സുഹൃത്തായിരുന്നു അത്. കല്യാണം കഴിഞ്ഞ് വന്നിട്ട് ഏഴു വർഷത്തോളം ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അവൾക്കിവിടം സ്വന്തം വീടും അവർക്കിവൾ സ്വന്തം മകളും തന്നെയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് ഭർത്താവിന് ജോലിയിൽ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഒരുമിച്ചായത്. ദൂരക്കൂടുതൽ ഉള്ളത്കൊണ്ട് ആഴ്ചയവസാനം മാത്രമായി വീട്ടിലേക്കുള്ള വരവ്. ഒരുമിച്ച് ജീവിക്കാനിഷ്ടപ്പെട്ടിരുന്ന അവൾ ഒരു വാടക വീടെടുക്കാൻ അവനെ നിർബന്ധിച്ചു കൊണ്ടിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും വെച്ച് അവൾ വിഷമിക്കും എന്ന് കരുതി അവനത് മുഖവിലയ്ക്കെടുത്തതുമില്ല. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.
അവൾക്കാരോ ഉപദേശിച്ചു കൊടുത്ത പൊട്ടബുദ്ധിയാണ് കാര്യങ്ങൾ ഇവിടെ കൊണ്ടെത്തിച്ചത്.
പതിവില്ലാതൊരു ദിവസം മകൻ വിളിച്ച് ടൗണിലേയ്ക്ക് വരാൻ പറഞ്ഞപ്പോൾ ചെന്ന അച്ഛൻ കേട്ട വാർത്തകൾ ആ മനുഷ്യനെ അത്രത്തോളം വേദനിപ്പിച്ചിരിയ്ക്കാം. തിരിച്ചു വരുന്ന വഴി കൃഷിയ്ക്ക് ഉപയോഗിക്കാൻ എന്ന പേരിൽ വിഷം വാങ്ങി കൈയ്യിൽ വെച്ചതും ഹൃദയം നുറുങ്ങിയതു കൊണ്ടാവാം. വൃദ്ധയായ തൻ്റെ മാതാവിനേയും ഭാര്യയേയും ഒറ്റയ്ക്കാക്കി പോവാൻ മനസ്സു വരാഞ്ഞതിനാലാവാം അവരേയും ഒപ്പം കൂട്ടിയത്.
സ്വന്തമായി കരുതി സ്നേഹിച്ചവരിൽ നിന്ന് കിട്ടുന്ന ഒരു ചെറിയ അവഗണനപോലും നമുക്ക് സഹിച്ചെന്നു വരില്ല, പിന്നെയല്ലേ ഇല്ലാവചനം പറഞ്ഞാൽ. എന്തു പ്രശ്നമായാലും പരസ്പരം തുറന്ന് പറഞ്ഞ് അതിന് പരിഹാരം കാണുന്നതായിരുന്നു അവരുടെ രീതി. അതുകൊണ്ട് തന്നെയാണ് ആ മകൻ അച്ഛനോടെല്ലാം തുറന്ന് പറഞ്ഞതും. പക്ഷേ, അച്ഛൻ്റെ മനസ്സിലേറ്റ മുറിവിൻ്റെ ആഴം അളക്കാൻ ആ മകനെ കൊണ്ടായതുമില്ല.
മകൻ്റെ മുന്നിൽ പ്രശ്നത്തെ നിസ്സാരമായി കണ്ട് സംസാരിച്ച് സമാധാനിപ്പിച്ച ശേഷം ഭാര്യയേയും മക്കളേയും കൂട്ടി പുറത്തൊക്കെ ഒന്നു കറങ്ങിവരാൻ പറഞ്ഞു വിട്ടു. പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങി തിരിച്ചു വീട്ടിലെത്തിയവർ കണ്ടത് ജീവനില്ലാത്ത ഉറ്റവരെയാണ്.
മരുമകൾക്കായി എഴുതിവെച്ചൊരു കുറിപ്പ് അവരെ കാത്തിരുന്നിരുന്നു. അതിലിങ്ങനെ എഴുതിയിരുന്നു.
”മോളേ, എന്നു തന്നെ വിളിക്കട്ടെ, അങ്ങനെയേ കണ്ടിട്ടുള്ളൂ. നിങ്ങൾ എന്നും ഒരുമിച്ചു ഒരു കുടുംബമായി കഴിയണം എന്നേ ഞാനെന്നും കരുതിയിട്ടുള്ളൂ. മാറി താമസിക്കാൻ വേണ്ടി ഇങ്ങനൊരു നുണ പറയണ്ടായിരുന്നു. അമ്മയും നീയും തമ്മിൽ ഇടഞ്ഞാലും നിങ്ങളെ തമ്മിൽ ഇണക്കിയിരുന്നത് ഞാനല്ലേ, ആ ഞാനാണോ നിന്നോട് മോശമായി പെരുമാറിയത്. നിന്നെ കേറിപ്പിടിച്ചു എന്നൊക്കെ പറയണമായിരുന്നോ, സമയം പോലെ ഒന്നാലോചിക്കണം നീ ചെയ്തത് ശെരിയാണോ എന്ന്. ഞങ്ങൾക്കു നേരെ സ്ത്രീധന പീഡനമോ ഗാർഹിക പീഡനമോ ആരോപിക്കാമായിരുന്നില്ലേ നിനക്ക്. അഭിമാനത്തോടെ തലയുയർത്തി പിടിച്ചാണ് ഇതുവരെ ജീവിച്ചത്. മാനംകെട്ട് ജീവിക്കാനാവില്ല. അമ്മയെയും അച്ഛമ്മയേയും കൂടെ കൂട്ടുന്നു. എൻ്റെ മകന് നിന്നോട് പൊറുക്കാനാവട്ടെ,, മക്കളെ നന്നായി നോക്കണം. നല്ലത് വരട്ടെ.”
അച്ഛൻ
മകൻ കൊടുത്ത പരാതിയുടെ മേൽ നടപടിയായി അവളെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. ആ മകന് അവളോട് പൊറുക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. ഇവളും ഒരു പെണ്ണാണ്, എടുത്തുചാട്ടം കൊണ്ട് ജീവിതം തന്നെ കൈവിട്ടു കളഞ്ഞവൾ.
(( ഞാനൊരു തുടക്കക്കാരിയാണ്. എഴുത്തിൽ അതിൻ്റേതായ കുറ്റങ്ങളും കുറവുകളും ഉണ്ടാവും. സദയം ക്ഷമിച്ച് തെറ്റുകുറ്റങ്ങൾ പറഞ്ഞു തരണം. ))
NB : ഒരു പത്ര വാർത്തയെ ആധാരമാക്കി എഴുതിയതാണ്.
എഴുത്ത്


സിനി
This post has already been read 5701 times!
Comments are closed.