ഐ സിനിമ കണ്ടപ്പോൾ പണ്ടേ ശ്രദ്ധിച്ച കാര്യമാണ്. മെയിൻ വില്ലന്മാരിൽ ഒരാൾക്ക് പക്കാ വിജയ് മല്യയുടെ കട്ട്. മല്യയെ തന്നാണോ ശങ്കർ ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല. എന്തായാലും മല്യ തന്നാണ് ഈ കഥാപാത്രമെന്ന് പലരും പറഞ്ഞ് കേട്ടപ്പോൾ മല്യയെ കുറിച്ചൊരന്വേഷണം നടത്താമെന്ന് വച്ചു.
നവനീതിന്റെ ലേഖനം വായിക്കാം
” The Man of Good Times ”
ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു ബിസിനസ് രാജാവിന് കിട്ടിയ വിശേഷണമാണ്.
ഇന്ന് രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെട്ട് കോടികളുടെ കട ബാധ്യതയുമായി ഇംഗ്ലണ്ടിൽ പോയി ജീവിക്കുന്ന വിജയ് മല്യയാണ് കക്ഷി.
വിജയ് മല്യ ആരാണെന്ന് പറയുന്നതിന് മുമ്പ് വിജയ് മല്യയുടെ പിതാവ് വിറ്റൽ മല്യയെ കുറിച്ച് പറയണം. ഓഹരി വിപണിയിലൂടെയാണ് വിറ്റൽ മല്യ തുടക്കത്തിൽ പൈസ ഉണ്ടാക്കുന്നത്. തൻ്റെ പ്രവർത്തന ക്ഷമത കണക്കിലെടുത്ത് ജോലി ചെയ്തിരുന്ന കമ്പനിയുടെ ചെയർമാനായി തന്നെ വെറും 22 ആം വയസിൽ വിറ്റൽ മല്യ മാറിയിട്ടുണ്ട്. വൈകാതെ ആ കമ്പനി തന്നെ അങ്ങേര് സ്വന്തമാക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ചരിത്രം വിറ്റൽ മല്യക്ക് ഉണ്ട്. അന്ന് അങ്ങേര് നടത്തിയ കിസാൻ ജാം ഉൾപ്പെടെ ഉള്ള കമ്പനി ഒക്കെ വൻ ലാഭത്തിലാണ് പൊയ്ക്കൊണ്ടിരുന്നത്. നഷ്ടത്തിലായിരുന്ന പല കമ്പനികളും തൻ്റെ ദീർഘ വീക്ഷണത്തിലൂടെ വാങ്ങി അങ്ങേര് ലാഭത്തിലാക്കിയിട്ടുണ്ട്.
ഇതിനിടയിൽ മക്ഡൊവൽസ് എന്ന പേരിൽ മദ്യ നിർമ്മാണവും തുടങ്ങി. ആതിൻ്റെ ആദ്യത്തെ ഡിസ്റ്റിലറി ബ്രാഞ്ച് കേരളത്തിലെ ചേർത്തലയിൽ നിന്നാണ് തുടങ്ങിയത്. ഏറ്റവും സക്സസായ രീതിയിൽ അങ്ങേര് മദ്യ വ്യവസായം ചെയ്ത് കോടികൾ ഉണ്ടാക്കിയപ്പോഴും ഒരു ലോ പ്രൊഫൈൽ ബിസിനസ് മാനായി മാത്രം അറിയപ്പെടാനേ അദ്ധേഹം ആഗ്രഹിച്ചിരുന്നുള്ളൂ. കരിയറിലെ ഏറ്റവും ഉയരത്തിൽ നിക്കുമ്പോൾ 1983ൽ വിറ്റൽ മല്യ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നു.
അന്ന് വിജയ് മല്യക്ക് പ്രായം 28.
തൻ്റെ പിതാവ് ഏറ്റവും നല്ല രീതിയിൽ നടത്തികൊണ്ട് പോയ വ്യവസായം അതിനെക്കാൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് വിജയ് മല്യ ആഗ്രഹിച്ചു.
തുടക്കത്തിൽ അറിഞ്ഞൂടാത്ത രണ്ട് കച്ചവടങ്ങൾ ചെയ്ത് വിജയ് മല്യയുടെ കൈ പൊള്ളി. പിതാവിൻ്റെ മരണശേഷം ത്രിൽ എന്ന ഒരു കോളാ കമ്പനി, ഒരു പിസാ ഫാക്ടറി, പത്ര കമ്പനി എന്നിവ വിജയ് തുടങ്ങിയിരുന്നു. എന്നാൽ അത് പൂട്ടി പോയി. അതിൻ്റെ നഷ്ടം വിജയ് മല്യ നികത്തിയത് വിറ്റൽ മല്യ ഏറ്റവും നല്ല രീതിയിൽ നടത്തിയ ബെർജർ പെയിൻ്റ്സ് എന്ന കമ്പനി വിറ്റതിലൂടെയാണ്.
വൈകാതെ തനിക്ക് ഏറ്റവും യോജിച്ച ബിസിനസായ കള്ള് കച്ചവടത്തിലേക്ക് വിജയ് മല്യ തിരിയുന്നു. അന്ന് മദ്യത്തിനെ ഒരു അകൽച്ചയോടെയാണ് ഇന്ത്യൻ ജനത കണ്ടിരുന്നത്.
അതുകൊണ്ട് തന്നെ തുടക്കത്തിലെ ആ പ്രതിസന്ധി വിജയ് മല്യ മറികടക്കുന്നത് വ്യക്തമായൊരു പദ്ധതിയിലൂടെയാണ്. ബാംഗ്ലൂരാണ് കള്ള് കച്ചവടത്തിന് പറ്റിയ ഏറ്റവും നല്ല സ്ഥലമെന്ന് വിജയ് തിരിച്ചറിയുന്നു. ബാംഗ്ലൂരിൽ ഒരു പബ്ബ് തുടങ്ങുന്നു. അത് വൻ വിജയമായി മാറുന്നു. പബ്ബുകളിലൂടെ കിങ് ഫിഷർ ബ്രാണ്ടി ഒഴുകുന്നു. പിന്നെ പബ്ബുകളുടെ എണ്ണം വളരെ വർധിക്കുന്നു. പബ്ബ് എന്ന കൺസെപ്റ്റിൻ്റെ പിന്നിൽ പ്രവൃത്തിച്ചത് വിജയ് മല്യയുടെ തലയാണ് എന്ന് ഇന്നത്തെ തലമുറക്ക് അറിയില്ല.
കിംങ് ഫിഷർ ബ്രാണ്ടി ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ടൈമിലാണ് ആ നിയമം വരുന്നത്. ടി.വിയിൽ മദ്യത്തിൻ്റെ പരസ്യങ്ങൾക്ക് വിലക്ക് കൽപ്പിച്ചു കൊണ്ടുള്ള നിയമം. അത് മല്യക്ക് വലിയ അടിയായി. അവിടെയും മല്യ എന്ന ബുദ്ധി രാക്ഷസൻ പ്രവൃത്തിച്ചത് ഇങ്ങനെ, കിംങ് ഫിഷർ കലണ്ടർ, കിംങ് ഫിഷർ സോഡ എന്നൊക്കെ പറഞ്ഞ് തൻ്റെ കിംങ് ഫിഷർ എന്ന ബ്രാൻഡിൻ്റെ പേര് പരസ്യങ്ങളിലൂടെ പുനർജീവിപ്പിച്ചു. 1996 ഇന്ത്യയിൽ വച്ച് നടന്ന ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ടീമിനെ സ്പോൺസർ ചെയ്ത് കൊണ്ട് കിംങ് ഫിഷർ വീണ്ടും ട്രെൻഡായി. മദ്യ വ്യവസായത്തിൽ ലോകത്തിലെ തന്നെ രണ്ടാം സ്ഥാനത്ത് വിറ്റ് പോകുന്ന ബ്രാൻഡായി കിംങ് ഫിഷർ മാറി. ഇടയിൽ പുള്ളി രാഷ്ട്രീയത്തിലും ഒന്ന് കൈ വച്ച് രാജ്യസഭ അംഗമായി. അയാളുടെ ജീവിത രീതി തന്നെ പക്കാ ഫാഷനബിൾ ആയിരുന്നു. ചുറ്റും മോഡൽസും ഒക്കെ ആയി ഒരു പഴയ കാല ഡാൻബിൽസേറിയനായിരുന്നു മല്യ. ” The Man of Good Times ” എന്ന പേര് വിജയ് മല്യ ഊട്ടി ഉറപ്പിച്ചു.
വിജയ് മല്യ പതിയെ കള്ള് കച്ചവടക്കാരൻ എന്ന തൻ്റെ ചീത്ത പേര് മാറ്റാൻ തീരുമാനിച്ചു.
കള്ള് കച്ചവടക്കാരൻ എന്ന കോംപ്ലക്സ് പുള്ളിക്ക് ഉണ്ടായിരുന്നിരിക്കണം. ആ ചീത്ത പേര് മാറ്റാനായി വിജയ് മല്യ തൻ്റെ മകൻ സിദ്ധാർത്ഥ് മല്യയുടെ 18 ആം പിറന്നാളിൻ്റെ അന്ന് 2005ൽ കിംങ് ഫിഷർ എയർലൈൻസ് ലോഞ്ച് ചെയ്യുന്നു. അവിടെയാണ് മല്യയുടെ തകർച്ച തുടങ്ങുന്നതും.
കിംങ് ഫിഷർ എയർലൈൻസിന് പല പ്രത്യേകതകളും ഉണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനങ്ങളാണ് കിംങ്ഫിഷർ എയർലൈൻസിലൂടെ മല്യ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മോഡലിംങുകളായ എയർഹോസ്റ്റസുമാരെ മല്യ തന്നെ ഇൻ്റർവ്യു ചെയ്ത് നിയമിച്ചു. കിംങ് ഫിഷർ എന്ന തൻ്റെ ബ്രാൻഡിൻ്റെ നെയിം മല്യ ഇന്ത്യയുടെ നെറുകയ്യിൽ എത്തിച്ചു. മല്യ ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ, കിംങ് ഫിഷർ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ജനങ്ങൾക്ക് ഒരു കിംങ്ങ് ഫീൽ തന്നെ കിട്ടണം. വ്യോമഗതാഗത രംഗത്ത് ഒരു നാഴിക കല്ല് തന്നാണ് കിംങ് ഫിഷർ എയർ ലൈൻ.
ഇൻ്റർനാഷണൽ ഫ്ളൈയിംങ്ങിനായി എയർ ഡെക്കാൻ എന്ന ചെറിയ ടിക്കറ്റ് റേറ്റിൽ പറന്ന് കൊണ്ടിരുന്ന ഒരു വിമാനവും വാങ്ങി (എയർ ഡെക്കാൻ സ്ഥാപകൻ്റെ ജീവിത കഥയാണ് സുരൈ പൊട്രു).
എയർ ഡെക്കാൻ മല്യ വാങ്ങുമ്പോൾ തന്നെ എയർ ഡെക്കാൻ വലിയ കടത്തിൽ ആയിരുന്നു. ആ കടത്തിൽ നിന്ന് എയർ ഡെക്കാനെ രക്ഷിച്ചത് മല്യയാണ്. എന്നാൽ പലരുടെയും കണ്ണിൽ മല്യ അവിടെയും വില്ലനാണ്.
മല്യ അവിടെ നേരിട്ട ഏറ്റവും വലിയ പ്രശ്നം കിംങ് ഫിഷർ എന്ന ലക്ഷ്വറി ബ്രാൻഡിൻ്റെ ഉയർന്ന ടിക്കറ്റ് വില എയർഡെക്കാൻ്റെ കുറഞ്ഞ ടിക്കറ്റ് നിരക്കിനോട് യോജിക്കുന്നില്ല എന്നതാണ്. കിംങ് ഫിഷറിൻ്റെ ടിക്കറ്റ് നിരക്ക് കൂട്ടിയും കുറച്ചും മല്യ അത് അഡ്ജസ്റ്റ് ചെയ്തു. ഇതിനോടകം മല്യ ഒട്ടനവധി വിമാനങ്ങൾ കണക്കില്ലാതെ കിംങ് ഫിഷറിൻ്റെ പേരിൽ വാങ്ങി കൂട്ടിയിരുന്നു. വർഷങ്ങൾ കൂടുന്തോറും ഇതിൻ്റെ പലിശയും കൂട്ടു പലിശയും പെരുകി വന്നു.
ഒടുവിൽ വിമാനത്തിൻ്റെ ഫ്യുവൽ മല്യക്ക് ക്രെഡിറ്റ് കിട്ടാതെയായി. രൊക്കം പണം തരാതെ ഫ്യുവൽ തരില്ല എന്ന് മല്യയോട് ഇന്ത്യൻ ഓയിൽ കട്ടായം പറഞ്ഞു. 2011 കാലഘട്ടം ആയിരുന്നു അപ്പോൾ.
മല്യക്ക് കിംങ് ഫിഷർ എയർലൈൻസിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പോലും പൈസ കൊടുക്കാൻ പൈസ ഇല്ലാതായി. പൈലറ്റുമാരും എയർ ഹോസ്റ്റസുകളും ഒക്കെ പ്ലക്കാർഡും പിടിച്ച് തെരുവിലേക്കിറങ്ങി. മല്യക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിൽ നിറഞ്ഞു. കിംങ് ഫിഷർ എയർലൈൻസിനെ പഴയ പോലെ ആക്കാൻ ഒരു വിദേശ എയർലൈൻ കമ്പനിയോട് കിംങ് ഫിഷർ ചേർക്കാൻ മല്യ തീരുമാനിച്ചു. എന്നാൽ വിദേശ എയർലൈൻസുമായി യോജിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഗവൺമെൻ്റ് മല്യക്ക് വില്ലനായി. വൈകാതെ കിംങ് ഫിഷർ എയർലൈൻസിൻ്റെ വിമാനങ്ങൾ എല്ലാം കൂപ്പുകുത്തി. ഗവൺമെൻ്റ് കിംങ് ഫിഷറിൻ്റെ ലൈസൻസും കട്ട് ചെയ്തു. വിജയ് മല്യ കടക്കെണിയിലായി.
കിംങ് ഫിഷർ എയർലൈൻസ് പൊട്ടി പാളീസായി നിക്കുന്ന വിജയ് മല്യയുടെ അടുത്ത് ബാങ്കുകാർ വന്നപ്പോൾ മല്യ പറഞ്ഞത് ഇങ്ങനെയാണ്,
” ജനങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനയാത്രകൾ ഒരുക്കുക എന്ന ഉദ്ധേശത്തിലാണ് ഞാൻ കിംങ് ഫിഷർ എയർലൈൻസ് തുടങ്ങിയത്. ഞാനതിൽ പരാജയപ്പെട്ടു. എൻ്റെ കഴിവിൻ്റെ പരമാവധി ഞാനതിന് വേണ്ടി ശ്രമിച്ചു. ഗവൺമെൻ്റിനോട് ചോദിച്ചപ്പോൾ അവരും എന്നെ കൈയ്യൊഴിഞ്ഞു. ബാങ്കുകളിലെ മുതല് ഞാൻ തരാം, പലിശ തരാൻ എനിക്ക് നിർവ്വാഹം ഇല്ല. ”
ബാങ്കുകാർ മല്യയുടെ ഈ ഓഫർ സ്വീകരിച്ചില്ല. മല്യ നാടുവിട്ടു. ഇന്ന് ഇംഗ്ലണ്ടിൽ ഇരുന്ന് കൊണ്ട് മല്യ കേസ് കളിക്കുന്നു. പാരമ്പര്യമായ കള്ള് കച്ചവടം ചെയ്തിരുന്നുവെങ്കിൽ അയാൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു. വിജയ് മല്യയുടെ കഥ കേട്ടപ്പോൾ നീതീകരിക്കാവുന്ന പലതും അയാളുടെ ഭാഗത്തുണ്ടെന്ന് തോന്നി. വീടെടുക്കാൻ ലോണെടുത്ത് അടക്കാൻ പൈസ ഇല്ലാതെ മുങ്ങി നടക്കുന്നവർ നമുക്കിടയിൽ ഇല്ലേ, അതിൻ്റെ ഒരു ഹൈ ലെവൽ വേർഷനാണ് മല്യ. മല്യ കടമെടുത്തത് എയർലൈൻസ് തുടങ്ങാനാണെന്ന് വെക്കാം. 7 വർഷം ആ എയർലൈൻസ് ഓടി. എന്നാൽ ആ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അയാളുടെ കുഴി അയാള് തന്നെ തോണ്ടി എന്ന് പറയാം.
വിജയ് മല്യയുടെ ജീവിത കഥയ്ക്ക് ഒരു സിനിമയ്ക്കുള്ള സ്കോപ്പുണ്ട്.
This post has already been read 1756 times!
Comments are closed.