പൊതു വിവരം

Press Release and Photograph (Mal)-1: Governor Arif Mohammad Khan Inaugurates TRIMA 2024

വാര്‍ത്താക്കുറിപ്പ്- 1 16.05.2024

പുതുകാല ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ സംയുക്ത പരിശ്രമം വേണം: ഗവര്‍ണര്‍

തിരുവനന്തപുരം: പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ വ്യത്യസ്ത ആരോഗ്യപരിരക്ഷാധാരകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനായ ട്രിമ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പല ആരോഗ്യപ്രശ്നങ്ങളേയും കൈകാര്യം ചെയ്യാന്‍ വണ്‍ ഹെല്‍ത്ത് (ഏകാരോഗ്യം) എന്ന ആശയത്തിനു സാധിക്കുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും സംയോജിക്കുന്നിടത്താണ് ഈ ആശയത്തിന്റെ പ്രസക്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെയും ഭാവിയില്‍ ഇത്തരം ഔട്ബ്രേക്കുകളുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടേയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വൺ ഹെൽത്ത്: ഓള്‍ ഫോര്‍ വണ്‍, വണ്‍ ഫോര്‍ ഓള്‍’ എന്ന സമ്മേളനത്തിന്റെ കേന്ദ്രവിഷയത്തിലാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ട്രിമ സംഘാടക സമിതി ചെയര്‍മാനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍, ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.പദ്മകുമാര്‍, സെക്രട്ടറി വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി. നായര്‍, ഇന്റര്‍നാഷണല്‍ ട്രേഡ് കണ്‍സള്‍ട്ടന്റ് ജോയിന്റ് സെക്രട്ടറി മോഹനന്‍ വേലായുധ് എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിവിധ പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. ടിഎംഎ- ട്രിവാന്‍ഡ്രം ഡെവലപ്മെന്റ് അവാര്‍ഡിന് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായരും ടിഎംഎ- പഡോസന്‍ സിഎസ്ആർ അവാർഡിന് ഐബിഎസ് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡും ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡിന് കുദറത്തുമാണ് അര്‍ഹരായത്. ടിഎംഎ- നിംസ് ബെസ്റ്റ് ബി സ്‌കൂൾ അവാർഡില്‍ ഡി.സി. സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി ഒന്നാം സ്ഥാനവും ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടിഎംഎ-കിംസ്ഹെൽത്ത് തീം പ്രസന്റേഷൻ പുരസ്കാരത്തില്‍ ഒന്നാം സമ്മാനം അല്‍മ, നീഹാര ആര്‍. നായര്‍, റോഷ്ന പര്‍വീണ്‍ ആര്‍. (സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്റ്) എന്നിവരും രണ്ടാം സമ്മാനം ഗോവിന്ദ് എസ്, ആദി നാരായണന്‍ (ഡി.സി. സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി) എന്നിവരുമാണ് പങ്കിട്ടത്.

മാനേജ്‌മെന്റ് രംഗത്തു പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ അപ്പെക്‌സ് ബോഡിയായ ഓൾ ഇൻഡ്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ.

ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഐഎച്ച്ആര്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. ഋതു സിംഗ് ചൗഹാന്‍, എസ്‌ബിഐ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

Inauguration_1, 2: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കോൺഫറൻസായ ട്രിമ 2024 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ട്രിമ സംഘാടക സമിതി ചെയർമാനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ, ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി.പദ്മകുമാർ, സെക്രട്ടറി വിങ് കമാൻഡർ രാഗശ്രീ ഡി. നായർ, ഇന്റർനാഷണൽ ട്രേഡ് കൺസൾട്ടന്റ് ജോയിന്റ സെക്രട്ടറി മോഹനൻ വേലായുധ് എന്നിവർ സമീപം.

Inauguration_3: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കോൺഫറൻസായ ട്രിമ 2024 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.

Inauguration_4: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കോൺഫറൻസായ ട്രിമ 2024 ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻ അംബാസിഡറും ട്രിമ സംഘാടക സമിതി ചെയർമാനുമായ ടി.പി.ശ്രീനിവാസൻ, ടിഎംഎ സെക്രട്ടറി രാഗശ്രീ ഡി. നായർ എന്നിവർക്കൊപ്പം.

Post Comment