സംസ്ക്കാരത്തെ കുറിച്ചും കലാ-സാഹിത്യ സിദ്ധാന്തങ്ങളെ കുറിച്ചും പല തലങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ച എന്ന നിലയിൽ മാർക്സിയൻ സൗന്ദര്യ ശാസ്ത്രത്തെ കുറിച്ചും മലയാളത്തിലടക്കം ഒട്ടേറെ ഗൗരവപൂർണ്ണമായ ചർച്ചകൾ നടന്നിട്ടുണ്ട്. മാർക്സോ,
ഏംഗൽസോ, ലെനിനോ, മാവോയോ കലാ-സാഹിത്യ സംബന്ധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട് സവിശേഷ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയതായി കാണുന്നില്ല. മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെ രൂപപ്പെടുത്താൻ സഹായിയ്ക്കുന്ന ദാർശനിക ഉൾക്കാഴ്ച്ചകൾ അവർ നല്കിയിട്ടുണ്ട്.
തത്വചിന്താരംഗത്തെ വർഗ്ഗസമരത്തിന്റെ സുപ്രധാന ഭാഗമായി സൗന്ദര്യശാസ്ത്ര മണ്ഡലത്തിലെ വർഗ്ഗസമരത്തെ എങ്ങനെ പരിഗണിയ്ക്കണമെന്ന് അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശയവാദപരമോ യാന്ത്രികവാദപരമോ ആയ സമീപനങ്ങളിൽ നിന്നു കൊണ്ട് കലയേയോ സാഹിത്യത്തെയോ സംബന്ധിച്ച വീക്ഷണങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചാൽ അത് ഭാഗികമോ ഏകപക്ഷീയപരമോ ആയിത്തീരും. അതുകൊണ്ടുതന്നെ വൈരുദ്ധ്യാത്മക വിചിന്തനരീതി ഉപയോഗിയ്ക്കുമ്പോഴേ ഒരു ജനകീയ കലാ-സാഹിത്യ സിദ്ധാന്തം രൂപപ്പെടുത്താനാകൂ.
സാമൂഹിക വികാസ പ്രക്രിയയുടെ ചാലകശക്തി വർഗ്ഗസമരമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അടിത്തറ – ഉപരിഘടന സങ്കൽപ്പനങ്ങളുമായി ബന്ധപ്പെട്ട മാർക്സിസ്റ്റ് കാഴ്ച്ചപ്പാട് പലവിധ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുകയുണ്ടായി. ഒരു നിർദ്ദിഷ്ട സാമൂഹികോത്പാദന പ്രക്രിയയിൽ അതിന്റെ സാമൂഹിക വികാസത്തിന്റെ എല്ലാ വശങ്ങളെയും നിർണ്ണായകമായി സ്വാധീനിയ്ക്കുന്ന കേന്ദ്രഘടകം വർഗ്ഗസമരമാണ്. ഈ പ്രസ്താവന ഭാഗികമായി മാത്രം മനസ്സിലാക്കിയവർ സാമ്പത്തിക നിർണ്ണയ വാദത്തിലൂന്നുന്ന കാഴ്ച്ചപ്പാടാണ് മാർക്സിസത്തിന്റെത് എന്ന വിമർശനം ഉന്നയിയ്ക്കുകയുണ്ടായി.ഇതിന്റെ ചുവടുപിടിച്ചു കൊണ്ട് സാംസ്ക്കാരിക മണ്ഡലത്തെ ശരിയായി മനസ്സിലാക്കാൻ മാർക്സിസം അപര്യാപ്തമാണെന്ന വാദഗതിയും ഉയർന്നുവന്നു.
അടിത്തറ – മേൽപ്പുര എന്ന വിധത്തിൽ സാമ്പത്തികാടിത്തറയിൽ നിന്നുയർന്നു വരുന്ന ഉപരിഘടന അഥവാ ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ആശയമണ്ഡലം എന്ന കാഴ്ച്ചപ്പാടാണ് മാർക്സിസത്തിന്റെത് എന്നതാണ് ഇത്തരം വിമർശനങ്ങളുടെ അടിസ്ഥാനം.
ഭൗതിക ജീവിത യാഥാർത്ഥ്യങ്ങളുമായുള്ള ഭാവനാത്മകമായ ബന്ധമാണ് പ്രത്യയശാസ്ത്ര പ്രതിനിധാനങ്ങളിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്നത്. താൻ ജീവിയ്ക്കുന്ന ജീവിതാവസ്ഥകളുമായും ലോകവുമായും ചരിത്രവുമായും മറ്റു മനുഷ്യരുമായുമെല്ലാം ബന്ധപ്പെടുത്തി തന്നെക്കുറിച്ചും തന്റെ സാമൂഹിക സ്ഥാനത്തെ കുറിച്ചും സ്വയം ബോദ്ധ്യമുണ്ടാകുന്നത് പ്രത്യയശാസ്ത്രത്തിലൂടെയാണ് എന്ന് മാർക്സ് വിശദീകരിയ്ക്കുന്നുണ്ട്.
ആശയങ്ങൾ, സങ്കൽപ്പങ്ങൾ, മിത്തുകൾ, ബിംബങ്ങൾ, വിശ്വാസങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന സ്വന്തമായ ഒരാഭ്യന്തര യുക്തി അതിനുണ്ട്. സാമൂഹിക സമഗ്രതയുടെ ഒരു ജൈവഘടകമായി പ്രവർത്തിയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭൗതികാടിസ്ഥാനം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോഴെ ആശയവാദധാരണകളിൽ നിന്നും മുക്തമായ ഒരു സമീപനം രൂപപ്പെടുത്താനാകൂ.
ഭൗതികതയും ആശയവും (വസ്തുനിഷ്ഠത – ആത്മനിഷ്ഠത ) തമ്മിലുള്ള പരസ്പര ബന്ധവും അവ തമ്മിലുള്ള പ്രവർത്തനവും – പ്രതിപ്രവർത്തനവും ശാസ്ത്രീയമായി വിലയിരുത്തുകയും വിശകലനവിധേയമാക്കുകയും ചെയ്യുന്ന വിചിന്തന രീതിയാണ് മാർക്സിസത്തിന്റെത്.എന്നാൽ ശരിയായ അർത്ഥത്തിൽ ഇത് മനസ്സിലാക്കാൻ പലരും ശ്രമിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ദാർശനിക രംഗത്ത് ഈ പ്രശ്നം പരിഹരിച്ചതിന് ശേഷമാണ് മാർക്സും ഏംഗൽസും ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ നിലപാട് കൈക്കൊണ്ടത്. ഫോയർ ബാഗിന്റെതുൾപ്പെടെ ഉള്ള ഭൗതികവാദം യാന്ത്രികതയിൽ അധിഷ്ഠിതമാണെന്നും അത് കൊണ്ട് തന്നെ തങ്ങളുടെത് പുതിയ ഭൗതികവാദമാണെന്നും അവർ വ്യക്തമാക്കി.
ഫോയർ ബാഗ് തീസീസിലെ ഒന്നാമത്തെ കുറിപ്പിൽ യാന്ത്രിക ഭൗതികവാദം വസ്തുക്കളെയും യാഥാർത്ഥ്യത്തെയും ഇന്ദ്രിയ ജ്ഞാനപരമായി – ധ്യാനാത്മകമായി – മാത്രമാണ് കാണുന്നതെന്നും മാനുഷിക പ്രവർത്തനമായി – ആത്മനിഷ്ഠമായി – കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ആശയവാദം ഈ സജീവവശത്തെ വികസിപ്പിച്ചെടുത്തു എന്നും (അമൂർത്തമായി മാത്രം) പറയുന്നുണ്ട്.
തത്വചിന്താരംഗത്ത് ഇമ്മാനുവൽ കാന്റ് നേരിട്ട പ്രതിസന്ധി പരിഹരിയ്ക്കുന്നതിന് ശ്രമിച്ച ഹെഗൽ വൈരുദ്ധ്യാത്മക രീതിയിലൂടെ പ്രകൃതിയിലും മനുഷ്യന്റെ ചിന്താമണ്ഡലത്തിലുമെല്ലാം നടക്കുന്ന പ്രക്രീയകൾ വിശദീകരിയ്ക്കുകയും ദാർശനിക ഗണങ്ങൾ ഏകാത്മകമാണെന്ന് വ്യക്തമാക്കുകയുണ്ടായി.ഇതനുസരിച്ച് ലോകവും വസ്തുസഞ്ചയവും പ്രതിഭാസങ്ങളും പ്രക്രീയകളുമെല്ലാം നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇത്തരം അസംഖ്യം മാറ്റങ്ങൾ കൊണ്ട് നിരന്തരം നവീകരിയ്ക്കുന്ന പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള ചിത്രം ഹെഗൽ അവതരിപ്പിയ്ക്കുന്നുണ്ട്. എന്നൽ ഹെഗലിന്റെ രീതിയനുസരിച്ച് ആത്യന്തികമായി
‘ കേവലാശയം ‘ എന്ന ഒരു സങ്കൽപ്പത്തിലാണ് ഇതിനെയെല്ലാം പ്രതിഷ്ഠിയ്ക്കുന്നത്.
മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും അവന്റെ ചിന്തയാണ് – ആശയമാണ് – പ്രകടിതമാകുന്നതെന്നും പ്രകൃതിയുമായുള്ള ഏറ്റുമുട്ടലുകളിലും അവയിൽ നിന്നുളവാകുന്ന ഫലങ്ങളിലും മനുഷ്യചിന്തയുടെ പ്രതിഫലന രൂപങ്ങൾ കാണാൻ കഴിയുമെന്നും ഹെഗൽ വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം നിലപാടുകൾ കാരണമാണ് ആശയവാദം മനുഷ്യ ചിന്തയുടെ സർഗ്ഗാത്മകവശം വികസിപ്പിയ്ക്കുകയുണ്ടായതെന്ന് മാർക്സ് പറഞ്ഞത് , ഇത് അമൂർത്തതലത്തിലാണെന്ന് പറഞ്ഞത് ഭൗതികതലം നിഷേധിച്ചതുകൊണ്ടാണ്.
ഈ രണ്ടു തലങ്ങളുടെയും വൈരുദ്ധ്യാത്മക ബന്ധം ചൂണ്ടിക്കാട്ടാനാണ് മാർക്സ് ശ്രമിച്ചത്. സിദ്ധാന്തത്തിന്റെ ശരിതെറ്റുകൾ നിർണ്ണയിയ്ക്കുന്നത് പ്രയോഗമാണെന്നും വ്യക്തമാക്കി. മനുഷ്യരുടെ സർഗ്ഗാത്മക പ്രവർത്തനവുമായി ബന്ധപ്പെടുത്തി കലാ-സാഹിത്യ രംഗവും സാംസ്ക്കാരിക മണ്ഡലത്തെ പ്രവർത്തനങ്ങളുമെല്ലാം പഠിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്.
മാർക്സിന്റെ ഭൗതികവാദം ഏകപക്ഷീയമായിരുന്നു എന്ന വിമർശനം കേരളത്തിൽ ചിലർ അടുത്ത കാലത്ത് ഉന്നയിയ്ക്കുകയുണ്ടായി. ഈ ഏകപക്ഷീയത മറികടക്കാൻ അവർ ഭൗതികതയോടൊപ്പം ഭൗതികേതരം എന്ന പുതിയ പരികൽപ്പന മുന്നോട്ട് വച്ചു. ഹെഗലിന്റെയും മാർക്സിന്റെയും വൈരുദ്ധ്യാത്മക വിചിന്തനരീതിയിൽ ആത്മനിഷ്ഠ- വസ്തുനിഷ്ഠ ഘടകങ്ങൾ രണ്ട് സ്വതന്ത്ര അസ്തിത്വമുള്ള ഘടകങ്ങളായി വേർതിരിഞ്ഞു നില്ക്കുന്നതില്ലെന്നാണ് യാഥാർത്ഥ്യം. ഇവ തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം കാണാതെ വസ്തുനിഷ്ഠതയെയും ആത്മനിഷ്ഠതയേയും വേർപെടുത്തി അവതരിപ്പിയ്ക്കുന്നത് കാന്റിയൻ നിലപാടിന്റെ പുനരാവർത്തനമാണ്. സർഗ്ഗാത്മകതയുടെ മണ്ഡലത്തിൽ പൊതുവെയും കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും നിർണ്ണയവാദപരമായ സമീപനങ്ങൾ കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കാനിടവന്നത് ഭൗതികേതരതലം തിരിച്ചറിയാതെ പോയതു കൊണ്ടാണെന്ന് ഇവർ കരുതുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാർക്ക് സർഗ്ഗാത്മക വികാസം സാദ്ധ്യമാകാതെ വരുന്നതിന്റെ കാരണം പാർട്ടിയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടിനകത്ത് നിൽക്കാൻ അവർ നിർബന്ധിതരായതു കൊണ്ടാണെന്നും ഇത്തരം സംഘടനാചട്ടക്കൂടുകൾ കലാ-സാഹിത്യ രംഗത്ത് മാത്രമല്ല ഇതര വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരുടെയും സർഗ്ഗാത്മകതയെ മുരടിപ്പിയ്ക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ഒട്ടുമിക്ക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഈ വിമർശനം ബാധകമാണെന്ന കാര്യത്തിൽ തർക്കമില്ല.
നിലവിലുള്ള ഉത്പാദന വ്യവസ്ഥയുമായി അഥവാ ഭൗതിക യാഥാർത്ഥ്യങ്ങളുമായി അഭേദ്യമായി
ബന്ധപ്പെട്ടാണ് ആശയമണ്ഡലം നിലനിൽക്കുന്നതെങ്കിലും ചിന്തയ്ക്കും സർഗ്ഗാത്മകതയ്ക്കും തനതായ സവിശേഷതകൾ ഉണ്ടെന്ന കാര്യം യാന്ത്രിക മാർക്സിസ്റ്റുകൾ അംഗീകരിയ്ക്കാറില്ല.
മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹ്യ ജീവിയാണ്. മറ്റു പല ജീവജാതികളിൽ നിന്നും തീർത്തും വിഭിന്നമാണ് മനുഷ്യന്റെ സാമൂഹികത. ഭാഷയും സംസ്ക്കാരവുമാണ് മറ്റു ജീവജാതികളിൽ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കി തീർക്കുന്നത്. ഒരു തലമുറ ആർജ്ജിയ്ക്കുന്ന അറിവും അനുഭവവും പിൻതലമുറയ്ക്ക് കൈമാറുകയും ഓരോ ഘട്ടത്തിലും സർഗ്ഗാത്മക ഇടപെടലുകളിലൂടെ ഇതിനെ കൂടുതൽ
ഉയർന്ന തലത്തിലേയ്ക്ക് വികസിപ്പിയ്ക്കുകയും അങ്ങനെ മനുഷ്യന്റെ സാംസ്ക്കാരിക ജീവിതവും ദൈനംദിന ജീവിതവും തീർത്തും നവീനമാക്കി നിലനിർത്തുന്നതാണ് മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ സവിശേഷത.
പൊതുവിൽ മനുഷ്യരുടെ ആശയ മണ്ഡലവുമായി ബന്ധപ്പെട്ട ചിന്തയും മാനസികവ്യാപാരങ്ങളുമാണ് മുഖ്യമായും നാം സാംസ്ക്കാരിക മണ്ഡലത്തിൽ ഉൾപ്പെടുത്താറ്. ഭൗതികോത്പാദനവുമായി ബന്ധപ്പെട്ട സാമ്പത്തികാടിത്തറയ്ക്ക് അനുരൂപമായിരിയ്ക്കും അതിന്റെ ഉപരിഘടനയെന്നും പ്രത്യയശാസ്ത്രവും, രാഷ്ട്രീയവും, കലയും, സാഹിത്യവും, നിയമവുമെല്ലാം ഉപരിഘടനയിലാണ് ഉൾപ്പെടുന്നതെന്ന് പറയുമ്പോൾ ഇവ തമ്മിലുള്ള പരസ്പര ബന്ധവും പ്രവർത്തന പ്രതിപ്രവർത്തനവും അതിന്റെ ഫലമായി രണ്ടു മേഖലകൾക്കുമുണ്ടാകുന്ന ഗുണപരമായ വികാസവും കാണാതെ ഇവയെ വെള്ളം കടക്കാത്ത അറകളായി പരിഗണിയ്ക്കാൻ സാദ്ധ്യമല്ല. വൈരുദ്ധ്യാത്മക വിചിന്തന രീതിയനുസരിച്ച് പരികൽപ്പനകൾ
ഏകാത്മകവുമാണ്.
എന്നാൽ ഔപചാരിക വിചിന്തന രീതി പിൻതുടർന്നാൽ സാമ്പത്തികാടിത്തറയെ ഏകപക്ഷീയമായി കാണുകയും സാംസ്ക്കാരിക മണ്ഡലത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യും.സാമ്പത്തികാടിത്തറയെ മാറ്റും വിധം ചില നിർദ്ദിഷ്ട ഘട്ടങ്ങളിൽ ആശയത്തിന് നിർണ്ണായക പങ്ക് വഹിയ്ക്കാൻ കഴിയുമെന്ന കാര്യം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.
കലാ-സാഹിത്യ രംഗത്തായാലും ദാർശനിക മണ്ഡല മുൾപ്പെടെയുള്ള ഇതര വൈജ്ഞാനിക മേഖലയിലായാലും സർഗ്ഗാത്മക പ്രവർത്തനങ്ങൾ വ്യക്തി മസ്തിഷ്ക്കങ്ങളിലാണ് നടക്കുന്നത് എന്ന് പറയാറുണ്ട്.ഒരു കവിതയോ മറ്റു സാഹിത്യ സൃഷ്ടികളോ അല്ലെങ്കിൽ ശാസ്ത്ര രംഗത്തെ കണ്ടെത്തലുകളോ എന്തുമാകട്ടെ അത് വ്യക്തികളുടെ മാത്രം സംഭാവനയായി വിലയിരുത്തുന്ന ബൂർഷ്വാ രീതിയെ സാമൂഹികതയുടെ മറ്റൊരു ഏകപക്ഷീയത കൊണ്ട് പ്രതിരോധിയ്ക്കാൻ കഴിയുമോ ?
ഏതൊരു സർഗ്ഗാത്മക പ്രവർത്തനത്തിലും വ്യക്തിയ്ക്ക് നിർണ്ണായക പങ്കുണ്ട് എന്നത് അവിതർക്കിതമാണ്. എന്നാൽ മനുഷ്യരാശി ചരിത്രപരമായി ആർജ്ജിച്ച മുഴുവൻ നേട്ടങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പുതിയ കണ്ടെത്തലുകൾ സർഗ്ഗാത്മക രംഗത്ത് വ്യക്തികൾ നടത്തുന്നതെന്ന കാര്യം ആർക്കും വിസ്മരിയ്ക്കാനാവില്ല. ഏതൊരു സർഗ്ഗാത്മകമായ കുതിപ്പിലും വൈയക്തികമായ ഇടപെടൽ ഉണ്ടെന്ന് അംഗീകരിയ്ക്കുന്നതു പോലെ തന്നെ പ്രധാനമാണ് അതിനുള്ള പൂർവ്വോപാധികൾ ഉണ്ടായിരിയ്ക്കണമെന്നതും.
പൊതുവിൽ ഇത്തരം കാര്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞാൽ , ഓരോ നിർദ്ദിഷ്ട സാമൂഹിക സാഹചര്യങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കി ഇത്തരം നിലപാടുകൾ എങ്ങനെ പ്രയോഗത്തിൽ വരുത്താനാകുമെന്ന കാര്യമാണ് ചിന്തിയ്ക്കേണ്ടത്.
അതായത് ചരിത്രപരമായ ഭൗതികവാദ രീതി നമ്മുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ പ്രയോഗിയ്ക്കാൻ നമുക്ക് സാധിയ്ക്കുന്നുണ്ടോ എന്ന കാര്യം നാം ഗൗരവപൂർവ്വം അന്വേഷിയ്ക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ആദ്യത്തെ പുരോഗമന സാഹിത്യ പ്രസ്ഥാനം 1936 ലാണ് രൂപം കൊണ്ടത്. അതിന്റെ ലക്നോയിൽ ചേർന്ന ആദ്യ സമ്മേളനത്തിൽ അംഗീകരിച്ച മാനിഫെസ്റ്റോയിൽ ഇങ്ങനെ പറയുന്നു.
“നമ്മുടെ സാഹിത്യത്തെ പിൻതിരിപ്പൻ വർഗ്ഗങ്ങളുടെ ആധിപത്യത്തിൽ നിന്നും രക്ഷിയ്ക്കുകയും ജനങ്ങളുമായി സുദൃഢബന്ധത്തിൽ എത്തിയ്ക്കുകയും ജീവിതത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ചൈതന്യം അതിന് പകർന്നു നല്കുകയും നമ്മുടെ യുഗത്തിൽ മനുഷ്യസമൂഹം ഏതൊരു ശോഭന ഭാവിയ്ക്ക് വേണ്ടിയാണോ സമരം ചെയ്തു കൊണ്ടിരിയ്ക്കുന്നത് അതിലേയ്ക്കുള്ള മാർഗ്ഗം ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സംഘടനയുടെ ലക്ഷ്യം.
ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്തായ പൈതൃകങ്ങൾ സംരക്ഷിയ്ക്കുന്നതോടൊപ്പം നമ്മുടെ സമൂഹത്തിലെ അധഃപതിച്ച പ്രവണതകളെ ഞങ്ങൾ നിർദ്ദയം വിമർശിയ്ക്കും …..”
ഈ സംഘടന രൂപം കൊള്ളുന്നതിന് ഏകദേശം ഒരു ദശകം മുൻപ് തന്നെ സാംസ്ക്കാരിക ദേശീയതയ്ക്കു വേണ്ടി രൂപീകരിച്ച മറ്റൊരു പ്രസ്ഥാനമുണ്ട്. ആർ.എസ്.എസ്.
ഏതാണ്ട് ഇതേ കാലയളവിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയും രൂപം കൊണ്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാകട്ടെ ഇതിലും നാലു ദശകങ്ങൾക്ക് മുൻപ് രൂപം കൊണ്ടു.
ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ഒരു ലിബറൽ ജനാധിപത്യ സമൂഹത്തിന്റെ പിറവിയെ കുറിച്ച് ചില കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുകയും ചെയ്ത കോൺഗ്രസ്സ് , സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണകൂടത്തെ നയിയ്ക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചന സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട് ആദ്യഘട്ടത്തിൽ ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട സ്വാധീനമുണ്ടാക്കി. ഈ രണ്ടു പ്രസ്ഥാനങ്ങളും ഇന്ന് തകർച്ചയുടെ വക്കിലാണ്.ആർ.എസ്.എസ്. ആകട്ടെ ഇന്ത്യൻ ഭരണകൂടത്തെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തിരിയ്ക്കുന്നു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന ഭൂമിപൂജയുടെ ഭാഗമായി അയോദ്ധ്യ… താത്ക്കാലിക ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ജനാധിപത്യത്തിൽ നിന്നും രാമരാജ്യത്തിലേയ്ക്കുള്ള ദൂരമാണ് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്.
ഇത്തരമൊരു രാഷ്ട്രീയ വിപര്യയത്തിലേക്ക് രാജ്യം എത്തിപ്പെട്ടതെന്തുകൊണ്ട് എന്ന അന്വേഷണം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പോലും സാധിയ്ക്കുന്നില്ല.
ഇന്ത്യയിലെ സാമൂഹിക രൂപവത്ക്കരണ പ്രക്രിയയുടെ സങ്കീർണ്ണതയും ഉത്പാദന സമ്പ്രദായത്തിന്റെ സവിശേഷതയും പഠിയ്ക്കാൻ കമ്മ്യൂണിസ്റ്റ്കാർക്ക് കഴിഞ്ഞില്ല. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഇന്ത്യയിലെ ജാതി വുവസ്ഥയെ കുറിച്ചും ഇവിടെ നിലനിന്നിരുന്ന തൊഴിൽ വിഭജനവും
മിച്ചമൂല്യാപഹരണവും യൂറോപ്യൻ സാമൂഹിക രൂപവത്ക്കരണ പ്രക്രിയയിൽ നിന്നും ഭിന്നമായിരുന്നു എന്നതും അവർ മനസ്സിലാക്കിയില്ല. ഭരണകൂടത്തിലും മതത്തിലും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജാതി ശക്തമായ സാന്നിദ്ധ്യമായിരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയ പ്രയോഗം വികസിപ്പിയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. തികച്ചും ജാതിയാൽ നിർണ്ണയിയ്ക്കപ്പെട്ട ഒരു സാമ്പത്തിക രാഷ്ട്രീയ ക്രമവും അതിന്റെ സംസ്ക്കാരവും നിലനിൽക്കുമ്പോൾ ഇത്തരം സവിശേഷതകൾ പരിഗണിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയാതെ പോയത് അവർ തുടർന്നു വന്ന യാന്ത്രിക ഭൗതികവാദ രീതി കൊണ്ടായിരുന്നു.
ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചപ്പോൾ ഇവിടെ നിലനിന്നിരുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ നാടുവാഴിത്ത ഘടനയെ നശിപ്പിയ്ക്കാതെ അവരുമായി കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ആധുനിക മുതലാളിത്ത സമ്പദ് ക്രമത്തിന്റെ വക്താക്കളായിരുന്ന ബ്രിട്ടീഷുകാർ അവരുടെ ചൂഷണതാത്പര്യർത്ഥം സാമ്പത്തിക രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയുണ്ടായി.എന്നാൽ മുതലാളിത്ത മൂലധന യുക്തിക്കനുസൃതമായി ഒരു സാമ്പത്തിക രാഷ്ട്രീയക്രമം രൂപപ്പെടുത്താൻ അവർ ശ്രമിച്ചില്ല. അതു കൊണ്ടു തന്നെ ജനാധിപത്യം , മതേതരത്വം ,സ്വതന്ത്ര നീതിന്യായ സംവിധാനം തുടങ്ങിയ കാഴ്ച്ചപ്പാടുകൾ ഉപരിപ്ലവമായി നടപ്പിലാക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിനു ശേഷം കോൺഗ്രസ്സും ഇതേ നിലപാടാണ് കൈക്കൊണ്ടത്.
ഫ്യൂഡൽ രാഷ്ട്രീയ സാമ്പത്തിക ക്രമത്തെ തകർത്തെറിഞ്ഞു കൊണ്ട് ചരിത്രത്തിൽ രംഗ പ്രവേശം ചെയ്ത ആധുനിക ബൂർഷ്വാസി ജനാധിപത്യ മതേതര കാഴ്പ്പാടുകൾ അവതരിപ്പിച്ചപ്പോൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് പരമാധികാരം ദൈവത്തിനാണോ ജനങ്ങൾക്കാണോ എന്നതായിരുന്നു. ഈ വിഷയത്തിൽ ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുന്നതിന് പകരം അവസരവാദപരമായ നിലപാടാണ് ബൂർഷ്വാസി കൈക്കൊണ്ടത്. മതത്തെയും പൗരോഹിത്യത്തെയും രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും പൂർണ്ണമായും ഒഴിച്ചു നിർത്തുകയും വിശ്വാസത്തെ വ്യക്തിയുടെ സ്വകാര്യ വിഷയമായി പരിഗണിയ്ക്കുകയും ചെയ്തെങ്കിലും ജനങ്ങളുടെതാണ് പരമാധികാരം എന്ന കാര്യം വരുമ്പോൾ അതംഗീകരിയ്ക്കാതെ ദൈവപക്ഷത്തേയ്ക്ക് അവർ ചുവട് മാറുന്നത് കാണാം.
യൂറോപ്പിൽ വന്നതു പോലെയുള്ള മുതലാളിത്ത വ്യവസ്ഥ ഇന്ത്യയിൽ വികസിയ്ക്കാതെ പോയതിന്റെ കാരണം ഫ്യൂഡൽ ഘടനയുമായി ബ്രിട്ടീഷുകാരും തുടർന്ന് വന്ന കോൺഗ്രസ്സ് ഗവൺമെന്റുകളും ഒത്തുതീർപ്പുണ്ടാക്കിയതു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നല്ലോ?
ഇവിടെ നിലനിൽക്കുന്ന അധികാര സംവിധാനത്തിനും നീതിന്യായ സംവിധാനത്തിനും മേൽ ശക്തമായ സ്വാധീനം ചെലുത്താൻ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിനും അതിന്റെ സാമ്പത്തിക ശക്തികൾക്കും സാധിയ്ക്കുന്നത് ഇതുകൊണ്ട് തന്നെയാണ്.
രാമക്ഷേത്രം ,ശബരിമല ,പത്മനാഭ സ്വാമി ക്ഷേത്രവിധികളിലെല്ലാം ഇത് പ്രകടമായതാണല്ലോ? സ്വതന്ത്ര നീതിന്യായ സംവിധാനത്തിന് മുകളിലാണ് വിശ്വാസം എന്ന കാര്യം അടിവരയിട്ടുറപ്പിയ്ക്കുന്നതായിരുന്നല്ലോ പ്രസ്തുത വിധികൾ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് അങ്ങേയറ്റം കെട്ടുറപ്പുള്ളതും കരുത്തുറ്റതുമായ ഒരു ആത്മീയതയും മതപരവുമായ പ്രത്യയശാസ്ത്ര പിൻബലമുള്ള രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിന് മുകളിൽ കെട്ടിയേൽപ്പിയ്ക്കപ്പെട്ടതാണ് നമ്മുടെ ജനാധിപത്യ – മതേതര-പൗരാവകാശ സങ്കൽപ്പങ്ങൾ എന്നതാണ്.
അതു കൊണ്ടു തന്നെ ഒരു പുതിയ ജനാധിപത്യ കാഴ്ച്ചപ്പാട് അവതരിപ്പിയ്ക്കുന്ന തൊഴിലാളി വർഗ്ഗ രാഷ്ട്രീയം വികസിപ്പിയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ് പുരോഗമന ശക്തികൾക്ക് മുന്നിലുള്ളത്.
1936ൽ രൂപം കൊണ്ട ജീവൽ സാഹിത്യ പ്രസ്ഥാനം മുതൽ യാന്ത്രിക മാർക്സിസത്തിനെതിരെ എന്നു പറഞ്ഞ് രൂപപ്പെട്ട ജനകീയ സാംസ്ക്കാരിക വേദി വരെയുള്ള സംഘടനകൾ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങളെ ഒന്നും നാം വില കുറച്ചു കാണേണ്ടതില്ല.
മാർക്സിയൻ സൗന്ദര്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഗഹനമായ ചർച്ചകളും സംവാദങ്ങളും ഈ കാലയളവിൽ ഉയർന്നു വരികയുണ്ടായി. ലൂയി അൾത്തൂസർ ,അന്റോണിയോ ഗ്രാംഷി തുടങ്ങി ഒട്ടനവധി നവീന ഇടതുപക്ഷ ചിന്തകർ മുന്നോട്ടു വച്ച കലാ സിദ്ധാന്തങ്ങളും സൗന്ദര്യ ശാസ്ത്ര വീക്ഷണങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. മാത്രമല്ല ഭാഷാശാസ്ത്രം ,മന:ശാസ്ത്രം ,
പ്രത്യയശാസ്ത്ര പഠനം ,ചരിത്രശാസ്ത്രം തുടങ്ങി പരിസ്ഥിതി ,ദളിത് ,സ്ത്രീപഠനങ്ങൾ വരെയുള്ള ആധുനിക വൈജ്ഞാനിക ധാരകളെയെല്ലാം ഉൾക്കൊണ്ട് നിരവധിയായ പ്രയോഗ മാതൃകകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയുണ്ടായി. ഇവയൊന്നും നമ്മുടെ കലാ – സാഹിത്യ രംഗങ്ങളിൽ ഗുണപരമായ ചലനങ്ങൾ സൃഷ്ടിയ്ക്കാൻ സാധിച്ചില്ലെന്ന യാഥാർത്ഥ്യം തുറന്ന് പരിശോധിയ്ക്കാൻ നാം തയ്യാറാകേണ്ടതുണ്ട്.
നമ്മുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു കൊണ്ട് ചരിത്ര പരമായ ഭൗതികവാദം പ്രയോഗിയ്ക്കാൻ നാളിതുവരെ നമുക്ക് സാധിച്ചിട്ടില്ലെന്ന വസ്തുത അപ്പോൾ നമുക്ക് ബോദ്ധ്യപ്പെടും.
ബ്രാഹ്മണ്യ പ്രത്യയശാസ്ത്രവും അതിന്റെ മൂല്യവ്യവസ്ഥയും അരക്കിട്ടുറപ്പിയ്ക്കപ്പെട്ട അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ പഴയ സാമൂഹ്യ വ്യവസ്ഥയുമായി പുതിയ കോർപ്പൊറെറ്റ് മൂലധനശക്തികളുണ്ടാക്കിയ ഒരു കൂട്ടുകെട്ടാണ് ഇവിടുത്തെ അധികാര വ്യവസ്ഥ.
ഈ ഭൂമുഖത്ത് ജീവന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തും വിധമുള്ള കൊള്ളയാണ് ലാഭാർത്തി പൂണ്ട കോർപ്പൊറെറ്റ് മൂലധനശക്തികൾ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. പരിസ്ഥിതി സംതുലനം തകരാറിലാക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിനും ജൈവ സമ്പത്തിന്റെ തകർച്ചയ്ക്കും മഹാമാരികൾ സൃഷ്ടിയ്ക്കുന്ന വൈറസുകൾ വ്യാപകമാകുന്നതിനും ഇടയാക്കും വിധം അങ്ങേയറ്റം പ്രകൃതി വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ചൂഷണ ക്രമമായി നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ ക്രമം മാറിയിരിയ്ക്കുകയാണ്.
നമ്മുടെ സമകാലീന ജീവിതാവസ്ഥയെ മനുഷ്യോചിതമാക്കി തീർക്കുന്നതിനുള്ള സമസ്ത മണ്ഡലങ്ങളിലേയും പ്രവർത്തനങ്ങൾ കൃത്യമായ രാഷ്ട്രീയ ഉൾക്കാഴ്ച്ചയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് ചിന്തിയ്ക്കുന്ന ഏതൊരു മനുഷ്യന്റെയും മുന്നിലുള്ളത്.
സ്ഥിതവ്യവസ്ഥയുടെ പ്രത്യയശാസ്ത്രം പുനരുത്പാദിപ്പിച്ചു കൊണ്ട് അങ്ങേയറ്റം അനീതി നിറഞ്ഞ സാമൂഹ്യ സംവിധാനത്തെ സംരക്ഷിയ്ക്കാനുള്ള പ്രതിലോമപരമായ പ്രവർത്തനത്തെ ന്യായീകരിയ്ക്കുന്ന കലയും സാഹിത്യവും സാംസ്ക്കാരിക പ്രവർത്തനവും ജനവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവുക എന്നതാണ് ജനകീയ സംസ്ക്കാരത്തിന്റെ പ്രാഥമിക പാഠം.
ഒരു ഭാഗത്ത് മനുഷ്യരുടെ ജീവിത ദുരിതങ്ങൾ പെരുകുകയും അതിനെതിരെ പ്രതിരോധങ്ങൾ ഉയർന്നു വരികയും ചെയ്യുമ്പോൾ നിലവിലുള്ള ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് ഫാസിസ്റ്റ് വഴികളിലേയ്ക്ക് ഭരണാധികാരികൾ നീങ്ങിക്കൊണ്ടിരിയ്ക്കുന്നു.
ഇത്തരം ഫാസിസ്റ്റു പ്രവണതകളെ പരാജയപ്പെടുത്തുക എന്നത് നമ്മുടെ അടിയന്തിര കടമയാണ്. നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തെ പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാർ ശക്തികൾ ആഗോള മൂലധന ശക്തികളുമായി കൂട്ടുചേർന്നു മുന്നോട്ടു പോകുന്നത്. സംഘപരിവാർ ശക്തികളുടെ ഇടപെടൽ സമഗ്രമായി വിലയിരുത്താൻ കഴിയണം. ഇതിനെ ഹിന്ദുത്വ ഫാസിസം എന്ന് വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്നവർ ഇപ്പോൾ രംഗത്ത് വരുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച പോലെ സാമ്രാജ്യത്വ മൂലധനവുമായി നിലവിലുള്ള ഭരണവ്യവസ്ഥയുടെ ബന്ധത്തെ കാണാതെ പോകുമ്പോൾ ഫാസിസത്തിന്റെ അടിസ്ഥാനം മതമാണെന്ന തെറ്റായ വിലയിരുത്തലിൽ എത്തിപ്പെടും. മാത്രമല്ല ഭൂരിപക്ഷമതത്തെ എതിർക്കാൻ ന്യൂനപക്ഷ മതവുമായി കൂട്ടുചേരുന്ന തെറ്റും അവസരവാദപരമായ നിലപാടിലേയ്ക്കും ഈ കാഴ്ച്ചപ്പാട് ചെന്നെത്തും.ഫാസിസത്തെ പ്രതിരോധിയ്ക്കാൻ ജനാധിപത്യത്തെയാണ് നാം ഉയർത്തിപ്പിടിയ്ക്കേണ്ടത്.
എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന ദാർശനിക വീക്ഷണമനുസരിച്ച് ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ്.നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചലിച്ചുകൊണ്ടിരിയ്ക്കുന്ന നവീനമായ ആശയങ്ങൾ കൊണ്ട് നിരന്തരം പുതുക്കപ്പെടുന്ന മനുഷ്യ ജീവിതത്തെ കുറിച്ച് മതങ്ങൾക്ക് ചിന്തിയ്ക്കാനേ സാദ്ധ്യമല്ല. അതു കൊണ്ടു തന്നെ ജനാധിപത്യ കാഴ്ച്ചപ്പാടുകൾ ഇവർക്ക് തീർത്തും അന്യവുമാണ്. ഫാസിസത്തിന്റെ പ്രശ്നം മതവുമായി ബന്ധപ്പെടുത്തിയാൽ വർഗ്ഗീയ കലാപങ്ങളിലേയ്ക്കാണ് അത് മനുഷ്യരാശിയെ നയിക്കുക. ജനാധിപത്യം ഉയർത്തിക്കൊണ്ടാണ് ഫാസിസത്തെ പ്രതിരോധിയ്ക്കേണ്ടത്. ഇത്തരത്തിൽ സംസ്ക്കാരിക പ്രവർത്തനത്തിന് നിർണ്ണായകമായ പങ്ക് വഹിയ്ക്കാൻ കഴിയും. ജർമ്മനിയിലെ ഹിറ്റ്ലർ ഫാസിസത്തിൽ സാംസ്ക്കാരിക ബിംബങ്ങളെയും പ്രതീകങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് വില്യം റീഗും റോസൻ ബർഗ്ഗും ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘപരിവാർ രാമനെ പ്രതികമാക്കുന്നതും മറ്റും ഇതിന് സമാനമാണ്. മൺമറഞ്ഞു പോയ ആചാരാനുഷ്ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളുമെല്ലാം പുനരാനയിച്ച് കൊണ്ടുവന്നത് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾ ഉറപ്പിയ്ക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിയ്ക്കുമ്പോൾ അതിനെ രാഷ്ട്രീയമായാണ് പ്രതിരോധിയ്ക്കേണ്ടത്.
ഇന്ത്യയിലെ വിവിധ ദേശീയ ജനവിഭാഗങ്ങളുടെ സാംസ്ക്കാരിക സവിശേഷതകൾ അംഗീകരിച്ചു കൊണ്ടും ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ . സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നും തികച്ചും വൈവിധ്യമാർന്ന സാമൂഹിക-രാഷ്ട്രീയ ജീവിതം സ്വയം നിർണ്ണയിയ്ക്കാൻ കഴിയുന്ന ജനാധിപത്യപരമായ സമൂഹത്തിന്റെ സൃഷ്ടി ഉറപ്പു വരുത്തുന്ന ഒരു വീക്ഷണം ഫലപ്രദമായി അവതരിപ്പിച്ചു കൊണ്ടു മാത്രമേ ബി.ജെ.പിയും സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന സാംസ്ക്കാരിക ദേശീയതയെ പ്രതിരോധിയ്ക്കാനാകൂ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം വൈരുദ്ധ്യങ്ങളെല്ലാം തീഷ്ണമായിക്കൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു രാമനെ ദേശീയ പ്രതീകമാക്കി ഉയർത്തിക്കൊണ്ടുവന്ന് എല്ലാ സാംസ്ക്കാരിക വൈവിദ്ധ്യങ്ങളെയും ഇടിച്ചു നിരപ്പാക്കി ഇന്ത്യൻ അഖണ്ഡതയുടെ യഥാർത്ഥ പ്രതിനിധികളായി മതത്തെ കൂട്ടുപിടിച്ച് കൊണ്ട് രാഷ്ട്രീയാധികാരം ഉറപ്പിയ്ക്കാൻ ബി.ജെ.പി. ശ്രമിച്ചത്.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇത്തരം നിർണ്ണായക വിഷയങ്ങളിൽ എല്ലാം ബി.ജെ.പി.ക്ക് പിറകെ ഇഴയുകയായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നു വന്ന എല്ലാ വൈരുദ്ധ്യങ്ങളുടെയും പരിഹാരമായി ജനാധിപത്യത്തെ പുതിയ കാഴ്ച്ചപ്പാടിൽ വീക്ഷിയ്ക്കുന്ന ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയാണ് നമ്മുടെ അടിയന്തിര ലക്ഷ്യം.
മനുഷ്യരാശിയുടെ പീഢനാനുഭവങ്ങൾക്കും മർദ്ദിതരുടെ പ്രതീക്ഷകൾക്കും മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഭൂമിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറ്റിക്കൊണ്ട് മൂലധനശക്തികളുടെ കഴുത്തറുപ്പൻ കൊള്ള തീവ്രതമായിക്കൊണ്ടിരിക്കുകയാണ്.
മഹത്തരമെന്നു കരുതിയ മൂല്യങ്ങളും സങ്കൽപ്പങ്ങളുമെല്ലാം തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നു. വംശീയ കലാപങ്ങളും വർഗ്ഗീയ സംഘർഷങ്ങളും ലോകത്തെ കീറി മുറിയ്ക്കുന്നു. അക്ഷരാർത്ഥത്തിൽ ലോകം കീഴ്മേൽ മറിയുകയാണ്.
അപ്പോഴും പ്രത്യാശ ഭരിതമായ ഭാവിയെ സ്വപ്നം കാണുന്ന ഈ മണ്ണും മരവും നീലാകാശങ്ങളും നക്ഷത്രങ്ങളുമെല്ലാം നമ്മുടേത് കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുകയും പുത്തൻ വിമോചനാഭിലാഷങ്ങൾക്കൊപ്പം നില്ക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം കലാ -സാംസ്ക്കാരിക പ്രവർത്തകർക്കുണ്ട്.
എം.വി.കരുണാകരൻ
This post has already been read 14341 times!
Comments are closed.