ചെറുകഥ

ഞങ്ങൾ കാത്തിരിക്കുകയാണ് …

വീട്ടിലെ പട്ടി മിണ്ടാതായിട്ട് നാളുകളായി .
തല താഴ്ത്തി കൂട്ടിൽ ഒരേ കിടപ്പ് .
ഭക്ഷണം കഴിക്കുന്നത് വലപ്പോഴും മാത്രം .
കണ്ണുകൾ പടിയിലേക്ക് തന്നെയാണ് .
ഭാര്യയും ,മകളും വലിയ ആധിയിലാണ് .
അവരുടെ ചോദ്യങ്ങളൊന്നും അവൻ ഗൗനിക്കുന്നേയില്ല .
ഇടക്ക് ഞാനും ചോദിച്ചു ചിലത് അവനോട് .
മറുപടിയില്ല .
കിടപ്പ് തന്നെ .
ഭാര്യ ആരോടെക്കെയോ വിളിച്ച് നിരന്തരം അവനെപ്പറ്റി പറയുന്നു .
മകൾ നെറ്റിൽ പട്ടികളെക്കുറിച്ചുള്ള കാര്യങ്ങൾ സെർച്ച് ചെയ്യുന്നു .
ഇടക്ക് അവന്റെ പടങ്ങളെടുത്ത് അപ് ലോഡ് ചെയ്യുന്നു .
പിന്നെ
നീളുന്ന ചാറ്റിംഗ്.
വീടാകെ മൂകത നിറഞ്ഞു .
ഓരോ ദിവസം കഴിയുന്തോറും ഭാര്യയും ,മകളും ശോഷിച്ചുവരുന്നു ,
ഒപ്പം
പട്ടിയും .
അവരുടെ അവസ്ഥ കണ്ട് ഞാനും ഫോണെടുത്തു .
രണ്ട് വിഭാഗം ഡോക്ടർമാരെയും വിളിച്ചു .
പട്ടികളുടെ കാര്യത്തിൽ വിദഗ്ധരായ ചിലരോട് ചോദിച്ചു.
പല ലക്ഷണങ്ങളും പറഞ്ഞു .
അതൊന്നും ഇവിടെയില്ലെന്ന് ഞാനും .
ഈ അവസ്ഥ ആദ്യമാണെന്ന് അവർ
ഒടുവിൽ പറഞ്ഞ് നിസ്സഹായരായി മാറി .
ഇപ്പോൾ
വീട്ടിൽ ഉറക്കവും പോയി .
സദാ സമയവും പട്ടികൂട് നോക്കി ഓരോരുത്തർ മാറി മാറി ഇരുന്നു .
ഒടുവിലാണ്
പട്ടി പറഞ്ഞത് – ആരും വരാതെ ഞാനെങ്ങനെയാ ഒന്ന് കുരക്കുക .
അവനൊന്ന് കുരക്കട്ടെ എന്നിട്ടു വേണം ഞങ്ങൾക്കൊന്നു ചിരിക്കാൻ .
ഞങ്ങൾ കാത്തിരുന്നു ..

 

സിബിൻ ഹരിദാസ് .

This post has already been read 4200 times!

Comments are closed.