
മസ്തിഷ്ക്കത്തിൽ ഒരുറുമ്പ്
കടിച്ചുപിടിച്ചിരിപ്പുണ്ട്.
എനിക്കിപ്പോൾ
ജെ.എം.ജി ലെ ക്ലെസിയോവിന്റെ
ചുട്ടുപഴുത്ത ‘മരുഭൂമി’യിലൂടെ
നടക്കാൻ തോന്നുന്നു.
അല്ലെങ്കിൽ ഷൂസെ സരമാഗുവിന്റെ
‘അന്ധത’യിലെ ഭ്രാന്താശുപത്രി
സന്ദർശിക്കാൻ…
എന്റെ ചിന്തകൾ മനസ്സിലാക്കിയോ
എന്തോ ഉറുമ്പിപ്പോൾ തലച്ചോറിന്റെ
മാർദ്ദവമേറിയ മാംസ അടരുകളിൽ
കടിച്ചുതൂങ്ങുകയാണ്.
ഞാനിപ്പോൾ ഗാബോയുടെ
‘ഏകാന്തതയുടെ നൂറ് വർഷങ്ങളി’ലെ
ഉർസുലയെപ്പോലെ തേങ്ങുന്നു.
ബെൻ ഓക്രിയുടെ ‘വിശപ്പിന്റെ
വഴി’യിലെ അസ്സാരോയെപ്പോലെ
ഭയചകിതനായി ഓടുന്നു.
ഉറുമ്പ് പല്ലുകൾ വീണ്ടും
മാംസ മാർദ്ദവത്തിലേക്കമർത്തുന്നു.
ഞാൻ ആനന്ദിന്റെ
‘അഭയാർത്ഥികളി’ലെ
ഗൗതമനെപ്പോലെ മുറിക്കുള്ളിൽ
ചുറ്റിത്തിരിയുന്നു.
എം.ടി.യുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ
വേലായുധനെപ്പോലെ ഭ്രാന്തമായി
അട്ടഹസിക്കുന്നു.
അലർച്ചകൾ അലോസരപ്പെടുത്തിയതിനാലാവണം
ഉറുമ്പതാ മസ്തിഷ്ക്കത്തിന്റെ
ചെറിയൊരംശവും കടിച്ചെടുത്ത്
കാതുവഴി പുറത്തേക്ക്….
മേശമേലിരുന്ന
തടിയൻപുസ്തകമെടുത്ത്
ഒരൊറ്റയടി…
ചതഞ്ഞുപരന്ന ഉറുമ്പ്…
കിതപ്പോടെ പുസ്തകച്ചട്ടയിൽ
നോക്കിയപ്പോൾ നേർത്ത
ഒരഭിനന്ദനച്ചിരിയോടെ സഖാവ്
കാറൽ മാർക്സ്!!!
സഖാവിന്റെ ചിരിയുടെ താഴെ
പുസ്തകത്തിന്റെ പേര്….
മൂലധനം വാല്യം: ഒന്ന് !!!
_ സെഹ്റാൻ
This post has already been read 2055 times!


Comments are closed.