“ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)
ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…
അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി…
“ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു…
“അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു ഞങ്ങൾ.. അപ്പൊ ഞങ്ങളുടെ കണ്മുന്നിൽ വെച്ച് കുരിശ് തനിയെ തലകീഴായി തിരിഞ്ഞു… മതിലിനോട് ചേർത്ത് വെച്ച അതിന്റെ ക്ലിപ്പും സ്ക്രൂവും എല്ലാം പൊട്ടിപ്പോയിട്ടും കുറച്ച് സമയം രൂപം മതിലിൽ തന്നെയിരുന്നു…. പിന്നെ അതേപോലെ തന്നെ നിലത്തേക്ക് കുത്തിവീണു…..!!” കൂട്ടത്തിലൊരു സിസ്റ്റർ ഭയത്തോടെ പറഞ്ഞു…
“ഞങ്ങളെല്ലാം അപ്പൊ തന്നെ പുറത്തിറങ്ങി മദറിനെ വിളിച്ചു…!!” വേറൊരു സിസ്റ്റർ അത് പൂർത്തിയാക്കി…
അച്ചൻ മദറിനെ നോക്കി… അവരും ഭയത്തോടെ തന്നെയാണുള്ളത്…. അച്ചൻ വീണ്ടും ആ കുരിശുരൂപം ഒന്ന് നോക്കി.. ഇന്നലെ നടന്ന അപകടവും ഈ സംഭവവുമെല്ലാം കൂട്ടിവായിക്കുമ്പോൾ അച്ചന്റെ മനസ്സിൽ ഒരുപാട് സംശയങ്ങളുണ്ടായി….
“ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല… നിങ്ങൾ ബാക്കി കാര്യങ്ങൾ ചെയ്തോ… രൂപം എടുത്ത് വെക്കാൻ ജോപ്പൻ ചേട്ടനെ വിടാം… മദർ ഒന്നിങ്ങ് വന്നേ…!!” അച്ചൻ പകുതി സിസ്റ്റർമാരോടും പകുതി മദറിനോടുമായി പറഞ്ഞു…
“അത് വേണ്ട ഫാദർ ഞങ്ങൾ തന്നെ എടുത്ത് വെച്ചോളാം…!!” അതും പറഞ്ഞ് സിസ്റ്റർമാർ എല്ലാവരും അൾത്താരയിലേക്ക് നടന്നു… അച്ചനും മദറും ചാപ്പലിന് പുറത്തേക്കും നടന്നു….
“മദറിന് എന്ത് തോന്നുന്നു….!!” അച്ചൻ ചോദിച്ചു…
“അച്ചന് തോന്നിയത് തന്നെ… അത്രയും വലിയ രൂപം തനിയെ തിരിഞ്ഞ് നിലത്ത് വീഴുക എന്നൊക്കെ പറഞ്ഞാൽ അരുതാത്ത കാര്യങ്ങളെല്ലാം സംശയിക്കാം… അച്ചൻ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്…??” അച്ചന്റെ മനസ് വായിച്ചതുപോലെ മദർ പറഞ്ഞു…
“ഇത് ആദ്യ സംഭവമല്ല… തുടങ്ങിയിട്ട് കുറച്ച് നാളായി… പള്ളിയിലും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഞാനതൊന്നും ആരോടും പറഞ്ഞില്ലെന്നേ ഉള്ളൂ… ഇന്ന് എന്തായാലും ബിഷപ്പ്ഹൌസിൽ ഒന്ന് പോണം അപ്പൊ ഇക്കാര്യങ്ങളും അവിടെ അറിയിക്കാം.. പിതാവ് എന്തെങ്കിലും വഴി കാണും…!!” അച്ചൻ പറഞ്ഞു…
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പോലീസ് ജീപ്പ് വന്നുനിന്നു… അതിൽ നിന്ന് ഒരു S.I യും രണ്ട് കോൺസ്റ്റബിൾസും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു…
“Good morning മദർ ഞാൻ സബ്ഇൻസ്‌പെക്ടർ സൂരജ്… സിസ്റ്റർ റീനയുടെ അപകടത്തെപ്പറ്റി അന്വേഷിക്കാൻ വന്നതാണ്… ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു അപ്പോഴാണ് അവർ പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് പൊന്നുവെന്ന്…!!” സൂരജ് പറഞ്ഞു…
“വരൂ സർ മുറിയിലേക്ക് ഇരിക്കാം…!!” മദർ അദ്ദേഹത്തെ ഗസ്റ്റ് റൂമിലേക്ക് ക്ഷണിച്ചു…
“വേണ്ട മദർ സമയമില്ല… ഞങ്ങൾക്ക് അപകടം നടന്ന സ്ഥലം ഒന്ന് കാണണം കൂടെ സിസ്റ്റർ റീന താമസിച്ചിരുന്ന മുറിയും… പിന്നെ വേണ്ടിവന്നാൽ ചിലരെ ചോദ്യം ചെയ്യാനും ഉണ്ട്….!!” സൂരജ് അച്ചനെയും മദറിനെയും നോക്കി പറഞ്ഞു… മദർ ഒന്നും പറഞ്ഞില്ല…
“എന്നാ ഞാനിറങ്ങട്ടെ മദർ.. ഉച്ചക്ക് മുൻപ് ബിഷപ്പ് ഹൌസിൽ എത്തണം….!!” അച്ചൻ മദറിനോടാണ് പറഞ്ഞതെങ്കിലും നോക്കിയത് സൂരജിനെയാണ്…
അയാൾ സംശയത്തോടെ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല… മദർ അവരെ കൂട്ടിക്കൊണ്ട് രണ്ടാംനിലയിലേക്ക് പോയി… അച്ചൻ തന്റെ കാറിനടുത്തേക്കും നടന്നു….
ബിഷപ്പ് ഹൌസ്
“സിസ്റ്ററുടെ അപകടം ഞാനും അറിഞ്ഞു… പക്ഷെ വേറൊരു രീതിയിലാണ് കേട്ടതെന്ന് മാത്രം… കാലം അതല്ലേ…കാര്യങ്ങൾ വളച്ചൊടിക്കപ്പെടാതെ നോക്കണം!!”
ബിഷപ്പ് ഹൌസിലെ ഗസ്റ്റ് റൂമിൽ അച്ചനുമായി ചായകുടിക്കുന്നതിനിടക്ക് ബിഷപ്പ് പറഞ്ഞു..
ബിഷപ്പ് Rt. Rev. Dr. പീറ്റർ പാനേഴത്ത് പിതാവിന് പ്രായം അറുപതിലേറെ ഉണ്ടെങ്കിലും ഇന്നും ചുറുചുറുക്കോടെ രൂപതയുടെ ആത്മീയ കാര്യങ്ങൾ നയിക്കുന്ന വളരെ നല്ല മനസുള്ള ഒരാളാണ്…. കാര്യങ്ങൾ കേൾക്കുകയും വളരെ ഗൗരവത്തോടെ അത് മനസിലാക്കുകയും ചെയ്യുന്ന പിതാവിന്റെ അടുത്ത് ചെല്ലുന്ന ആർക്കും വർഷങ്ങളായി പരിചയമുള്ള ഒരാളെ കാണുന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിരുന്നു… അതുകൊണ്ടുതന്നെയാണ് ഇങ്ങനൊരു പ്രശ്നം തുറന്ന് പറയാൻ അച്ചൻ തുനിഞ്ഞതും…
“അതിലൊന്നും പേടിയില്ല പിതാവേ… അതല്ല കാര്യം.. അവിടെ അരുതാത്തത് എന്തോ സംഭവിക്കുന്നുണ്ട്…. അങ്ങോട്ട് എന്നെ അയക്കുമ്പോൾ പിതാവ് പറഞ്ഞ അപകടം… അത് സംഭവിച്ചോ എന്നെനിക്ക് ഭയമുണ്ട്…!!”… അച്ചൻ പറഞ്ഞു
“മ്മ്….!! അച്ചന്റെ അനുഭവങ്ങൾ മാത്രമായിരുന്നെങ്കിൽ ഞാനന്ന് പറഞ്ഞ കാര്യങ്ങൾ കൊണ്ട് അച്ചന്റെ മനസ്സിൽ വന്ന പേടികൊണ്ടാണെന്ന് പറഞ്ഞ് ഞാൻ തള്ളിക്കളഞ്ഞേനെ…. പക്ഷെ എനിക്കും തോന്നുന്നു… ഇത് അങ്ങനെയല്ല…!!”
തന്റെ നീളമുള്ള കസേരയിലേക്ക് ചാഞ്ഞിരുന്ന് ആലോചനയിൽ മുഴുകിയെന്ന പോലെ ബിഷപ്പ് പറഞ്ഞു….
“പക്ഷെ പെട്ടന്നൊരു ദിവസം അതെങ്ങനെ സംഭവിക്കും…??” അച്ചൻ സംശയംപോലെ ചോദിച്ചു
“പെട്ടന്നോ..!! എന്റെ ഓർമ്മ ശെരിയാണെങ്കിൽ 25 വർഷത്തോളമായി അവൾ കാത്തിരിക്കുന്നു… ആ കാത്തിരിപ്പിന് അവസാനം കുറിച്ച എന്തോ സംഭവം അവിടെ ഉണ്ടായിട്ടുണ്ട്…!!” അതേ ഇരുപ്പിൽ കണ്ണടച്ചുകൊണ്ട് പിതാവ് പറഞ്ഞു… അച്ചനും ആലോചനയിലായിരുന്നു…
“മഠത്തിലുള്ളവരോട് കുറച്ച് സൂക്ഷിക്കാൻ പറയണം… ഇക്കഥകളൊക്കെ നമ്മൾ മാത്രമേ വിശ്വസിക്കൂ പുറം ലോകം അത് വിശ്വസിക്കില്ല…. ഇല്ലാക്കഥകൾ പലതും കേൾക്കണ്ടി വരും ..!!” ബിഷപ്പ് വീണ്ടും പറഞ്ഞു….
“ശെരി പിതാവേ…!!” അച്ചൻ മറുപടി കൊടുത്തു…
“നമ്മുടെ സംശയം ശെരിയാണെങ്കിൽ അവൾ സംഹാരം തുടങ്ങാൻ പോവുന്നതേയുള്ളൂ….!!”
ചാരുകസേരയിൽ അമർന്നിരുന്ന് പ്രായമായ കണ്ണുകളിൽ നിറഞ്ഞ ഭയത്തോടെ പിതാവ് പറഞ്ഞു….
അന്ന് രാത്രി അവസാനത്തെ പ്രാർത്ഥനയും ചൊല്ലിക്കഴിഞ്ഞ് മഠത്തിലെ സിസ്റ്റർമാരെല്ലാം കിടക്കാൻ മുറികളിലേക്ക് പോയി… റീന സിസ്റ്റർക്ക് ഓർഫനേജിൽ വെച്ച് സംഭവിച്ചത് വലിയൊരു സംസാരവിഷയം ആയിരുന്നെങ്കിലും മറ്റ് തിരക്കുകൾക്കും ജോലികൾക്കുമിടയിൽ അത് പതിയെ മുങ്ങിപ്പോയി…
കൃത്യം 10.30ന് എല്ലാവരും മുറികളിൽ കയറും പിന്നെ സംസാരമോ ഒച്ചയോ ഒന്നും പാടില്ലെന്നാണ് അവിടത്തെ രീതി… മിണ്ടടക്കസമയമെന്നാണ് അതിന് പറയുക.. രാത്രി പ്രാർത്ഥന കഴിഞ്ഞാൽ പിന്നെ രാവിലെ പ്രാർത്ഥന സമയം വരെ അവരാരും സംസാരിക്കാറില്ല….
മഠത്തിൽ ഒരുപാട് വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് സിസ്റ്റർ റോസ്മേരി… പതിവുപോലെ അന്നും സിസ്റ്റർ വായിക്കാൻ ഇരുന്നു….
രാത്രിയായതിനാൽ ഒരു നൈറ്റി ആണ് അവരുടെ വേഷം.. കന്യാവൃതം സ്വീകരിക്കുന്നതിന് മുൻപ് മുറിച്ച് മാറ്റിയ മുടിയും മെലിഞ്ഞ ശരീരപ്രകൃതിയും സാമാന്യം സൗന്ദര്യമുള്ള സിസ്റ്റർ റോസ്മേരി…
പെട്ടന്ന് കറന്റ് പോയി… ആ സമയം അത് പതിവില്ലാത്തതാണ്…സിസ്റ്ററുടെ വായന തടസപ്പെട്ടു.. സമയക്രമത്തിലുള്ള ആ ജീവിതത്തിൽ അവർക്ക് ആകെ ആശ്വാസം അതൊക്കെയായിരുന്നു..
വെളിച്ചം പോയതുകൊണ്ട് ബുക്ക് മാറ്റിവെച്ച് സിസ്റ്റർ ഫോൺ എടുത്ത് അതിൽ ഓൺലൈൻ ആയി ചെറിയ കഥകൾ വായിക്കാനിരുന്നു… ആ സമയം മൊബൈൽ സ്‌ക്രീനിൽ നിന്ന് വരുന്ന വെളിച്ചമല്ലാതെ മറ്റൊന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല…
നല്ലൊരു കഥ വായിക്കാൻ കിട്ടിയപ്പോൾ അതിൽ മുഴുകിയിരുന്ന സിസ്റ്റർ പുറത്തെ ജനലിൽ ഒരു നിഴൽ തന്നെ നോക്കിനിൽക്കുന്നത് അറിഞ്ഞതുമില്ല….
അതൊരു ഹൊറർ കഥയായിരുന്നു… അതിലെ ഏതോ ഒരു ഭാഗത്ത് തനിച്ചിരിക്കുന്ന നായികയുടെ മുറിയുടെ വാതിലിൽ ആരോ തട്ടിവിളിക്കുന്ന രംഗം വായിച്ചപ്പോൾ തന്നെ സിസ്റ്ററുടെ മുറിയുടെ വാതിലിലും ശക്തമായ മുട്ട് കേട്ടു….
സിസ്റ്റർ പെട്ടന്ന് ഞെട്ടിപ്പോയി… ഒരു കസേരയിൽ കാലുനീട്ടി ഇരുന്ന സിസ്റ്ററുടെ കയ്യിൽനിന്ന് ഫോൺ ഒന്ന് തെറിച്ചു… ആരാവും ഈ സമയത്ത്…. മഠത്തിൽ ഈ സമയം അങ്ങനെ ആരും ഇറങ്ങി നടക്കാറില്ല….
“ആരാ…??” മനസ്സിൽ തോന്നിയ ചെറിയ ധൈര്യത്തിൽ സിസ്റ്റർ ചോദിച്ചു…
പുറത്ത് നിന്ന് മറുപടിയൊന്നുമില്ല…. പക്ഷെ വീണ്ടും വീണ്ടും വാതിലിൽ മുട്ടിക്കൊണ്ടിരുന്നു….
ആ ഇരുട്ടിൽ സിസ്റ്റർ മൊബൈലിന്റെ ഫ്ലാഷ് ഓൺ ചെയ്തു പതിയെ വാതിലിനടുത്തേക്ക് നടന്നു…
കയ്യിലൊരു കൊന്തയെടുത്ത് സിസ്റ്റർ പതിയെ വാതിലിനടുത്തെത്തി… വളരെ സാവധാനം വാതിലിന്റെ പിടിയിൽ തൊട്ടതും ആരോ വീണ്ടും ശക്തമായി വാതിലിൽ മുട്ടി… സിസ്റ്റർ ഞെട്ടി കൈ പിൻവലിച്ചു …
എങ്കിലും ഒട്ടും സമയം കളയാതെ തന്നെ വാതിൽ തുറന്നു നോക്കി…
പക്ഷെ വാതിലിന് മുന്നിൽ ആരെയും കണ്ടില്ല… സിസ്റ്ററുടെ ഭയം ഇരട്ടിച്ചു…. കറന്റ് പോയതുകൊണ്ട് മുന്നിൽ ആകെ ഇരുട്ട് മാത്രം… ഉള്ളിൽ നന്നായി ഭയന്നെങ്കിലും മുറിയുടെ മുന്നിലെ ഇടനാഴിയിലേക്ക് നടന്നു…
ചുറ്റും തളംകെട്ടി നിന്ന ആ നിശബ്ദതയിൽ ചീവീടുകളുടെ ശബ്ദം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു…. സിസ്റ്റർ ആ റൂമിന് മുന്നിലെ വരാന്തയിലെ കൈവരിയിൽ പിടിച്ച് നിന്ന് താഴേക്കും ഒന്ന് നോക്കി… അവിടെയും അപരിചിതമായി കണ്ടില്ല….
സിസ്റ്റർ തിരിഞ്ഞുനിന്ന് ആ വരാന്തയുടെ വലത്തും ഇടത്തും നോക്കി… ഇരുട്ട് മാത്രം… മറ്റൊന്നുമില്ല…
പക്ഷെ പെട്ടന്ന് ഇടത്ത് വശത്ത് നിന്ന് എന്തോ മാറിയപ്പോൾ ആ ഭാഗത്തെ നിലാവെളിച്ചം അവർ കണ്ടു…. അവിടെ ആരോ ഉണ്ട്… സിസ്റ്റർ ആകെ ഭയന്നു…
പെട്ടന്ന് മുറിയിലേക്ക് ഓടിക്കയറാൻ ഭാവിച്ച സിസ്റ്ററെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ട് ആ മുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ അടഞ്ഞു…
ഞെട്ടിപ്പോയ സിസ്റ്റർ വായപൊത്തിപ്പിടിച്ചു… അവൾ ആകെ വിയർത്തു… വീണ്ടും ശബ്ദങ്ങളൊന്നുമില്ലാതെ ചീവീടുകളുടെ മുരൾച്ച മാത്രമായി ആ മുറിക്ക് മുന്നിൽ ഒരുനിമിഷം ആ സിസ്റ്റർ നിന്നു….
പെട്ടന്ന് വരാന്തയുടെ അങ്ങേയറ്റത്ത് ഒരു രൂപം പ്രത്യക്ഷപ്പെട്ടു… പുറത്തെ നേരിയ നിലാവെളിച്ചത്തെ മറച്ചുകൊണ്ട് വന്നുനിന്ന ആ രൂപത്തെ ഒന്നേ നോക്കിയുള്ളു.. സിസ്റ്റർ പേടിച്ച് വിറച്ച് എങ്ങനെയും അകത്ത് കയറാനുള്ള വ്യഗ്രതയിൽ ആ വാതിലിന്റെ പിടിയിൽ പിടിച്ച് തിരിച്ചു… പക്ഷെ അത് തുറന്നില്ല…
അവർ ആകെ പേടിച്ച് കരയാൻ തുടങ്ങി.. എന്ത് ചെയ്യണമെന്നറിയില്ല എങ്ങോട്ട് പോകുമെന്നറിയില്ല.. അവർ അറിയാവുന്ന പ്രാർത്ഥന എല്ലാം ചൊല്ലിക്കൊണ്ട് വീണ്ടും വീണ്ടും ആ വാതിൽ തുറക്കാനുള്ള ശ്രമം തുടർന്നു…
ഇനി രക്ഷയില്ല വാതിൽ തുറക്കില്ല എന്ന് ബോധ്യമായ നിമിഷത്തിൽ ഏതൊരു മനുഷ്യജീവിയെപ്പോലെത്തന്നെ ജീവനും കയ്യിൽപ്പിടിച്ച് ഓടാൻ തന്നെ തീരുമാനിച്ചു…
പക്ഷെ വാതിലിന് വലത്തേക്ക് തിരിഞ്ഞ നിമിഷത്തിൽ ദൂരെ നിന്നിരുന്ന ആ രൂപം തന്റെ തൊട്ടടുത്ത് നിൽക്കുന്നതാണ് അവൾ കണ്ടത്….
പേടിച്ച് ഒച്ചവെക്കാൻ അണുവിട സമയം പോലും കൊടുക്കാതെ ഭയപ്പെടുത്തുന്ന വലിയൊരു ശബ്ദത്തോടെ ആ രൂപം അവളുടെ മേലേക്ക് കുതിച്ചു….
പതിവുപോലെ പിറ്റേന്ന് രാവിലെ 5.30ന് ആ മഠത്തിലെ അന്നത്തെ ദിവസം ആരംഭിച്ചു… ഓരോരുത്തർക്കും ഓരോ ചുമതലകളുണ്ട്… അതനുസരിച്ച് രാവിലെ കുർബാനക്കുള്ള ഒരുക്കങ്ങൾ ചെയ്യാൻ സങ്കീർത്തിയിലേക്ക് പോയതാണ് സിസ്റ്റർ ആനി…
കുർബാനക്ക് വേണ്ട വലിയ ഓസ്തിയും വീഞ്ഞും എടുത്തുവെച്ച് തിരികെ സങ്കീർത്തിയിലേക്ക് കയറിയപ്പോഴാണ് ജനലിലൂടെ എന്തോ കണ്ടതുപോലെ സിസ്റ്റർക്ക് തോന്നിയത്….
സംശയം തോന്നിയ സിസ്റ്റർ ജനാലക്ക് അരികിലേക്ക് നടന്നു…. അടുത്തേക്ക് ചെന്ന് ആ കാഴ്ച കാണുന്നത് പോലെ ആനി സിസ്റ്ററുടെ കണ്ണുകൾ ഭയത്താൽ വിടർന്നു….. അതെന്താണെന്ന് മനസിലായ സിസ്റ്റർ ശബ്ദം പോലും ഉണ്ടാക്കാൻ കഴിയാതെ ഒരോട്ടമായിരുന്നു…..
സങ്കീർത്തിയുടെ തൊട്ടടുത്തുള്ള വലിയ മരത്തിൽ തൂങ്ങിയാടുന്ന സിസ്റ്റർ റോസ്മേരിയുടെ ജഡം…..
ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹോദരി ഇങ്ങനെ കണ്ണ് തുറിച്ച് നാക്ക് പുറത്തിട്ട് ഒടിഞ്ഞ കഴുത്തും വിളറിവെളുത്ത ശരീരവുമായി തൂങ്ങിക്കിടക്കുന്നത് നേരിൽ കണ്ട പലരും ബോധംകെട്ട് വീണു…. ആ മുഖത്തേക്ക് പോലും നോക്കാൻ ആർക്കും കഴിഞ്ഞില്ല… അത്ര ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്….
ഒട്ടും വൈകാതെ സഭയിലും സമൂഹത്തിലും വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമായി അത് മാറി… തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന നടുക്കുന്ന സംഭവങ്ങൾ.. അതിലൊന്ന് ഒരു കന്യസ്ത്രീയുടെ ആത്മഹത്യ.. മറ്റൊരു കന്യാസ്ത്രീ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നു…
രണ്ട് സംഭവങ്ങളിലും വലിയ അന്വേഷണങ്ങൾ ഉണ്ടായെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞില്ല… വലിയ ചർച്ചയായ കേസ് ആയതുകൊണ്ട് തന്നെ ഉന്നത ഉദ്യോഗസ്ഥർ വരെ ഇടപെട്ടിട്ടും കാര്യമായ ഗുണമുണ്ടായില്ല….
പക്ഷെ അന്നത്തെ സംഭവത്തോടുകൂടി മഠത്തിലുള്ളവരെല്ലാം വലിയ ഭയത്തിലായിരുന്നു… രാത്രിസമയങ്ങളിൽ എവിടെനിന്നോ വലിയ ഒച്ചയും ബഹളങ്ങളും അവർ കേട്ടിരുന്നു… ഉറക്കം നഷ്ടപ്പെട്ട് പല രാത്രികളിലും അവർ കുരിശുരൂപത്തിന് മുന്നിൽ പ്രാർത്ഥനയിലായിരുന്നു… അത് മാത്രമായിരുന്നു അവർക്ക് ആകെ അറിയാമായിരുന്ന രക്ഷാമാർഗം…
അന്നത്തെ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ബിഷപ്പ് ഹൌസിൽ പീറ്റർ പിതാവ് പ്രാതൽ കഴിക്കാൻ ഇരിക്കുകയായിരുന്നു… കൂടെ മറ്റൊരു വൈദീകനും ഉണ്ട്… ഒരു മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു അച്ചൻ… അദ്ദേഹം വെള്ള നിറത്തിലുള്ള ലോഹയാണ് ധരിച്ചിരുന്നത്… ആരെയും ആകർഷിക്കാൻ പോന്ന പൌരുഷവും സൗന്ദര്യവും ആ മുഖത്ത് ഉണ്ടായിരുന്നു…
“ഞാൻ ഏൽപ്പിക്കുന്ന ജോലിയും അച്ചൻ പോവാൻ പോവുന്ന സ്ഥലവും ഒരിക്കലും ചെറുതായി കാണരുത്…!!” കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ മാറ്റാതെ പിതാവ് അദ്ദേഹത്തോട് പറഞ്ഞു… ആ വൈദീകൻ പിതാവിനെ നോക്കി ശ്രദ്ധയോടെ അത് കേട്ടു…
“അച്ചൻ ഇക്കാര്യത്തിൽ വളരെ പ്രകത്ഭനാണെന്ന് എനിക്കറിയാം… പക്ഷെ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പല അനുഭവങ്ങളും അച്ചന് അവിടെ നിന്ന് ഉണ്ടാവും….!!” പിതാവ് കഴിക്കുന്നത് നിർത്തി അച്ചനെ നോക്കി…
“വീണ്ടും വീണ്ടുമിത് പറയുന്നത് പ്രായത്തിന്റെ പ്രശ്നം കൊണ്ടല്ല…. മരണക്കുഴിയിലേക്കാണ് ഞാൻ അച്ചനെ അയക്കുന്നത്… പ്രാർത്ഥിക്കുക… പൗരോഹിത്യ വൃതങ്ങൾ കാത്തുസൂക്ഷിക്കുക…!! ദൈവം കൂടെ ഉണ്ടാവും..!!”
പിതാവ് വളരെ നിസ്സഹായതയോടെയാണത് അദ്ദേഹത്തോട് പറഞ്ഞത്…. ആ കണ്ണുകളിലെ സ്നേഹവും കരുതലും മനസിലായ ആ അച്ചൻ പിതാവിന്റെ വലത്ത് കയ്യിൽ അദ്ദേഹത്തിന്റെ വലത്ത് കൈ ചേർത്ത് വെച്ചു….
“എനിക്കറിയാം പിതാവേ… പറഞ്ഞതെല്ലാം എനിക്ക് ഓർമ്മയുണ്ട്… ദുഷ്ടശക്തികൾക്ക് മേൽ ദൈവത്തിന് അധികാരമുള്ളിടത്തോളം കാലം നമ്മൾ തോൽക്കില്ല…. ഇനി അപകടമൊന്നും സംഭവിക്കുകയുമില്ല… ഇത് എന്റെ വാക്ക്..!!”
ആ വൃദ്ധനായ ദൈവദാസന്റെ കണ്ണിലെ പ്രതീക്ഷയുടെ നാളമായിരുന്നു ആ വൈദീകൻ…. അന്ന് ആ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ടു….
ബിഷപ്പ് ഹൌസിൽ നിന്ന് ഇറങ്ങിയ ആ വൈദീകൻ മഠത്തിലേക്കാണ് ആദ്യം പോയത്….
ബിഷപ്പ് ഹൌസിൽ നിന്ന് നേരത്തെ അറിയിച്ചതനുസരിച്ച് പള്ളിയിലെ വികാരിയച്ചനും മഠത്തിലെ സിസ്റ്റേഴ്സും അദ്ദേഹത്തെ കാത്ത് മഠത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു… അദ്ദേഹം ആ മഠത്തിൽ വന്നെത്തി…
“ഫാ. സ്റ്റീഫൻ….??” മഠത്തിലേക്ക് വന്ന വൈദീകനോട് വികാരിയച്ചൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു…
“അതേ… സ്റ്റീഫൻ കോളിൻസ്…!!” അദ്ദേഹം സ്വാതവേയുള്ള ഒരു പുഞ്ചിരിയോടെ മറുപടിനൽകി…
“Welcome ഫാദർ… സോറി ഞാനിതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്…!!” വികാരിയച്ചൻ കുറച്ച് വിനയത്തോടെ പറഞ്ഞു…
“അത് സാരമില്ലച്ചോ.. അച്ചന്റെ പേര്..??” സ്റ്റീഫൻ അച്ചൻ ചോദിച്ചു…
“ഞാൻ ഫാ. ബെനഡിക്ട്…. ഇത് ഇവിടത്തെ മദർ സുപ്പീരിയർ സിസ്റ്റർ ജോസഫൈൻ…!!” വികാരിയച്ചൻ അവരെയെല്ലാം പരിചയപ്പെടുത്തി… ഫാ. സ്റ്റീഫൻ അവർക്ക് എല്ലാവർക്കും സ്തുതിയും ഒരു പുഞ്ചിരിയും മാത്രം നൽകി…
“അച്ചോ എനിക്ക് ആ മരമൊന്ന് കാണണം…!!” ഇനിയെന്ത് എന്ന് ആലോചിച്ച് പരസ്പരം നോക്കിയ അവരോടായി സ്റ്റീഫൻ അച്ചൻ പറഞ്ഞു…
“അത് പുറകിലാണ് ഇതിലെ പോവാം…!!” മഠത്തിന്റെ വലത്ത് വശത്തേക്ക് കൈചൂണ്ടി ഫാ. ബെനഡിക്ട് പറഞ്ഞു…
വികാരിയച്ചൻ മുന്നിലും സ്റ്റീഫൻ അച്ചൻ പിന്നിലുമായി നടന്ന് തുടങ്ങിയപ്പോൾ മദറും അവർക്കൊപ്പം നടക്കാനൊരുങ്ങി…
“വേണ്ട മദർ… ഇവിടെ നിന്നോ ചുമ്മാ ഒന്ന് കാണാനാണ്.. ഞങ്ങൾ പെട്ടന്നിങ്ങ് വരും… മദർ ഇവിടെ നിന്നോളൂ …!!” അത് കേട്ട് മദർ അവിടെ തന്നെ നിന്നു…. അവർ രണ്ടുപേരും മാത്രമായി നടന്നുതുടങ്ങി…
അങ്ങനെ അവർ ആ മഠം ചുറ്റി സങ്കീർത്തിക്ക് പിറകിലുള്ള ആ മരത്തിനടിയിൽ ചെന്നുനിന്നു…
“അച്ചനെന്ത് തോന്നുന്നു….? എന്താവും ആ സിസ്റ്റർക്ക് പറ്റിയത്…??” മരത്തിന് മുകളിലേക്ക് കുറച്ച് നേരം നോക്കി നിന്ന് സ്റ്റീഫൻ അച്ചൻ ചോദിച്ചു…
“അതൊരു ആത്മഹത്യ അല്ല…ഒരു മനുഷ്യൻ ചെയ്തതാണെന്ന് എനിക്ക് വിശ്വാസവുമില്ല… !!” അച്ചൻ പറഞ്ഞു തുടങ്ങിയത് കേട്ട് സ്റ്റീഫൻ അച്ചൻ അദ്ദേഹത്തെ നോക്കി…
“ഒരു പാവം സിസ്റ്ററായിരുന്നു അത്… സൺഡേക്ലാസ്സിലെ കുട്ടികൾക്കും ടീച്ചർമാർക്കും വലിയ കാര്യമായിരുന്നു… സിസ്റ്ററിന്റെ അപ്പൻ പണ്ട് ഈ ഇടവകക്കാരനായിരുന്നു.. പിന്നെ എന്തോ കാരണങ്ങൾ കൊണ്ട് ദൂരെ എങ്ങോട്ടോ പോയി.. മരിച്ച സിസ്റ്ററും ഒന്ന് രണ്ട് വയസ്സ് വരെ ഇവിടെ ആയിരുന്നു…അവസാനം ഇവിടെവെച്ചുതന്നെ….!!”
ബെനഡിക്ട് അച്ചൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റീഫൻ അച്ചന്റെ നോട്ടം തനിക്ക് പുറകിലേക്കാണെന്ന് തോന്നിയ അച്ചനും പുറകിലേക്ക് ഒന്ന് നോക്കി…
“എന്താ അച്ചോ..??” ബെനഡിക്ട് അച്ചൻ ചോദിച്ചു
“ഏയ്യ് ഒന്നുമില്ല.. നമുക്ക് സിസ്റ്ററിന്റെ മുറി ഒന്ന് കാണാം…!!” സ്റ്റീഫൻ അച്ചൻ പറഞ്ഞു…
“അത് മുകളിലാണ്… നമുക്ക് അങ്ങോട്ട് പോവാം…!!” ഫാ. ബെനഡിക്ട് മറുപടി പറഞ്ഞു.
തുടരും
(ബാക്കി ഭാഗം അടുത്ത ഞായറാഴ്ച)
This post has already been read 19571 times!
Comments are closed.