
ആരാണ് ഷാഹിന ? എത്രയെത്ര പെയ്ഡ് ന്യൂസുകൾ..
ഷാഹിനയുടെ വിശദമായ കുറിപ്പ് വായിച്ചു, താൻ കേരളത്തിലെ മറ്റെല്ലാ മാധ്യമ പ്രവർത്തകരുടെ മേലെയാണെന്ന അവരുടെ സ്ഥിരം അവകാശവാദം വീണ്ടും ആവർത്തിക്കുന്നതിലപ്പുറം കഴിഞ്ഞ രണ്ട് ദിവസമായി അവരോട് ചോദിച്ച് കൊണ്ടിരുന്ന പ്രധാനപ്പെട്ട രണ്ട് ചോദ്യങ്ങൾക്ക് മറുപടി തരാതെ സൈബർ സഖാക്കൾക്ക് ആഘോഷിക്കാനുള്ള വക മാത്രമെ അതിലുള്ളൂ
ഷാഹിന മറുപടി പറയേണ്ട രണ്ട് ചോദ്യങ്ങൾ
1, മന്ത്രി ജലീലിനെ ഇ ഡി ചോദ്യം ചെയ്യ്ത വാർത്ത മാധ്യമ പ്രവർത്തകർ അറിയുന്നു സ്വാഭാവികമായും അവരുടെ ജോലിയുടെ ഭാഗമായി അവർക്കത് വാർത്ത നൽകണം അവർ മന്ത്രിയെ വിളിക്കുന്നു അദ്ദേഹമത് ആവർത്തിച്ച് നിഷേധിക്കുന്നു ഡൽഹിയിലെ മാധ്യമ പ്രവർത്തകർ എൻഫോ ഴ്സ്മെൻ്റ് ഡയരക്ടട്രേറ്റുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു എന്നത് സ്ഥിരീകരിക്കുന്നു അപ്പോഴും കേരളത്തിലെ മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ ബന്ധപ്പെടുന്നു അദ്ദേഹം ലൈനിൽ ഇല്ല കഥ അവസാനിക്കുന്നില്ല തുടരുകയാണ് ഇവിടെയാണ് ഷാഹിന ഉദയം ചെയ്യുന്നത് അവർ കഴിഞ്ഞ ദിവസത്തെ കുറിപ്പിൽ വ്യക്തമാക്കിയത് പോലെ വൈകുന്നേരം മന്ത്രിയെ കിട്ടിയില്ല പിറ്റേ ദിവസം കാലത്ത് കിട്ടിയെന്നായിരുന്നല്ലോ ആ ഒരു രാത്രി ഷാഹിനക്ക് ടെലിഫോൺ അഭിമുഖം ലഭിക്കാൻ സഹായിച്ച മൂന്നാമതൊരാളുണ്ട് അവിടെയാണ് നാം ചർച്ച ചെയ്യേണ്ടത് നാം സംശയിച്ചത് പോലെ അതൊരു പെയ്ഡ് അഭിമുഖമായിരുന്നില്ലേ എന്നത് അതിനായ് ഇടനില നിന്ന ആ മൂന്നാമൻ ആരാണ് ഷാഹിനാ???
2, ഷാഹിനയുടെ രണ്ടാമത്തെ കുറിപ്പിൽ പറയുന്നുണ്ട് കഴിഞ്ഞ പത്ത് വർഷമായി താൻ കോടതി കയറി ഇറങ്ങുന്നു എന്ന് ഏത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടാണ് ഷാഹിനയുടെ പേരിൽ കേസ്സ് ആ കേസ്സിന് ആധാരമായ സംഭവം പോലും പെയ്ഡ് ആയിരുന്നില്ലേ ഷാഹിന ഏത് കേസ്സെന്ന് ഷാഹിന പറയാത്തത് കൊണ്ട് ദ്രാവിഡൻ വിശദാശം ത്തിലേക്ക് പോകുന്നില്ല ഷാഹിന പറയുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ അപ്പോൾ ദ്രാവിഡൻ വിളിച്ച് പറയുക തന്നെ ചെയ്യും
https://m.facebook.com/story.php?story_fbid=10221939016922155&id=1161526131
Shahina Nafeesa from The Federal Writes;
ഷാഹിന നഫീസയുടെ ഫേസ്ബുക് കുറിപ്പുകൾ
അപ്പൊ അത് കഴിഞ്ഞു. കെ ടി ജലീൽ. അയാൾക്കെതിരെ ഒരു തെളിവും ഇല്ലെന്ന് ഇ ഡി.
ഇനി ചില കാര്യങ്ങൾ പറഞ്ഞോട്ടെ.
23 കൊല്ലമായി ഈ പണി എടുക്കുന്നു. ഇവിടത്തെ ഒരു മാതിരിപ്പെട്ട എല്ലാ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കും എന്നെ അറിയാം. പത്രപ്രവർത്തകർക്കും. ചെയ്യാനുള്ള പണി വെടിപ്പായി ചെയ്തതിന്റെ പേരിൽ ആദ്യമായല്ല ആക്രമണം നേരിടുന്നത്.
ജലീൽ ‘ഏതോ ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിച്ചു എന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് ദിവസമായി അസഹിഷ്ണുത കൊണ്ട് കണ്ണ് കാണാതെയായ മാധ്യമ പ്രവർത്തകരായ എല്ലാ സുഹൃത്തുക്കളോടും ഒരൊറ്റ കാര്യമേ തത്കാലം പറയാനുള്ളൂ. സ്വന്തം സ്റ്റോറിക്ക് ഇരുപത്തിനാല് മണിക്കൂറിന്റെ എങ്കിലും ആയുസ്സ് ഉണ്ടാവണം. ഓരോ ദിവസവും കൊണ്ട് വരുന്ന വാർത്തകൾ പിറ്റേന്ന് പപ്പടം പോലെ പൊടിയുന്നത് കണ്ടിട്ടും ലജ്ജയില്ലാതെ ഈ പണി തുടരാൻ നിർബന്ധിതരാവുന്ന നിങ്ങളുടെ ഗതികേട് കണ്ട് പോപ്കോൺ കൊറിക്കാനുള്ള ദിവസമാണ് എന്തായാലും എനിക്ക് ഇന്ന്. പത്ത് കൊല്ലം മുൻപ് ചെയ്ത ഒരു സ്റ്റോറിയുടെ പേരിൽ ഇന്നും കോടതി കയറി ഇറങ്ങുന്ന ആളാണ് ഞാൻ. പക്ഷേ ആ സ്റ്റോറി ഉണ്ടല്ലോ, അത് റോക്ക് സോളിഡ് ആയി അവിടെ തന്നെ കിടപ്പുണ്ട്. പൊളിഞ്ഞിട്ടില്ല. പൊളിയുകയും ഇല്ല.ഭരണകൂടത്തിന് ഹിതകരമായ ചോദ്യം ചോദിച്ചതിന് അല്ല ആ കേസ് വന്നത്. വ്യാജ രേഖ ഉണ്ടാക്കിയതിനും അല്ല.
ഇത്രയെങ്കിലും ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എന്നെ എന്തിന് കൊള്ളാം?
ആ സ്ത്രീക്ക് അഹങ്കാരമാണ് എന്നല്ലേ നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്? അതേ. അത് തന്നെ. അഹങ്കരിക്കാനുള്ള കോപ്പ് ഉണ്ടായിട്ട് തന്നെയാണ്. ഒരു മന്ത്രിക്കെതിരെ ഒരു ആരോപണം വരുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം കൂടി എടുത്ത് അത് വാർത്തയാക്കുന്നത് ഒരു സാധാരണ കാര്യമാണ്. Routine reporting എന്ന് നമ്മൾ വിളിക്കുന്ന ഒരു കാര്യം. ഞാൻ ചെയ്ത മികച്ച സ്റ്റോറികളിൽ ഒന്നായി ഞാൻ പോലും കരുതാത്ത ഒരു സാധാരണ സ്റ്റോറി. ബൈ ലൈൻ പോലും നിർബന്ധമില്ലാത്ത ഒരു വാർത്ത. അതിന്റെ പേരിൽ ഇത്രയും കോലാഹലം ഉണ്ടായെങ്കിൽ കേരളം എവിടെ എത്തി നിൽക്കുന്നു എന്ന് എല്ലാവരുമൊന്ന് ആലോചിക്കേണ്ടതാണ്.
നാളിതു വരെയുള്ള എന്റെ കരിയറിൽ unfair ആയി ഒരൊറ്റ വാർത്ത പോലും കൊടുത്തിട്ടില്ല എന്ന അഹങ്കാരം ഉണ്ടെന്നേ.ഒരാൾക്കെതിരെ ഒരു ആരോപണം ഉണ്ടായാൽ അയാൾക്ക് പറയാനുള്ളത് കൂടി കേൾക്കാതെ അയാളെ ചാപ്പ കുത്തുന്ന, വേട്ടയാടുന്ന തരം ജേർണലിസം ഞാൻ ചെയ്യില്ലെന്ന് ഇവിടത്തെ മുതിർന്ന ബിജെപി നേതാക്കൾക്ക് പോലും ഉറപ്പുണ്ടാകും.
നരേന്ദ്രമോഡി , അയാളോട് വിധേയത്വം ഉള്ളവരോട് മാത്രം സംസാരിക്കുന്നതുപോലെയാണ് മന്ത്രി ജലീൽ എന്നോട് സംസാരിച്ചത് എന്ന് ഒരു അവതാരക പറഞ്ഞതായി കേട്ടു. അവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. സ്വന്തം പേരിൽ നിന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് മൈനസ് ചെയ്താൽ എന്തെങ്കിലും ബാക്കി ഉണ്ടാവുമോ എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കുന്നത് നല്ലതാണ്. പത്ര മുത്തശ്ശിയുടെ ചന്തിയിലെ തഴമ്പിന്റെ ബലം അവിടന്ന് ഇറങ്ങുന്നത് വരെയേ ഉണ്ടാവൂ. അത് കഴിഞ്ഞാൽ ബാക്കി ആവേണ്ടത് അവരവരുടെ ക്രെഡിബിലിറ്റിയാണ്. മാധ്യമസ്ഥാപനങ്ങളുടെ വലിയ മൂലധനനിക്ഷേപം കണ്ട് മാധ്യമതൊഴിലാളികൾ കണ്ണ് മഞ്ഞളിക്കരുത്. പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പോലും എടുക്കാവുന്ന ശമ്പളം ഇല്ലെന്നും ഒരു ദിവസം പുറത്തിറങ്ങേണ്ടി വന്നാൽ ആകെയുള്ള മൂലധനം അവരവരുടെ വിശ്വാസ്യത മാത്രമാണെന്നും ഓർമ ഉണ്ടാവുന്നത് നന്ന്.
ഒരു സ്ഥാപനത്തിന്റെയും ചന്തിതഴമ്പിന്റെ പിൻ ബലമില്ലാത്ത, ഒരു പ്രസ്സ് കാർഡ് പോലും ഇല്ലാത്ത, ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള, RSS ന്റെ മടയിൽ ചെന്ന് കയറി അവർക്കെതിരെ നിരന്തരം വാർത്ത എഴുതിയിട്ടുള്ള എന്റെ പ്രിയ സുഹൃത്ത് നേഹ ദിക്ഷിതിന്റെ post വായിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത്.
ഇത്രയും എഴുതാനുള്ള ഊർജം നേഹയാണ് തന്നത്.
അപ്പോൾ ഇത്രയേ ഉള്ളൂ.ചെളിക്കുണ്ടിൽ തന്നെ ജീവിക്കുമ്പോൾ ചെളി പെർഫ്യൂം ആയി തോന്നും. നിങ്ങളുടെ ആരുടെയും കുറ്റമല്ല.
ഇനി പറയാനുള്ളത് പി കെ ഫിറോസിനോടാണ്. മന്ത്രിയുമായി നടത്തിയ അഭിമുഖം നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെയായിരുന്നു എന്ന് അദ്ദേഹം ഏതോ ചാനൽ ചർച്ചയിൽ പറഞ്ഞു എന്ന് കേട്ട് ഇന്നലെ രാത്രി തന്നെ അദ്ദേഹത്തെ ഞാൻ വിളിച്ചു.എന്നെ അറിയാത്ത ആളല്ല ഫിറോസ്.
മന്ത്രിക്ക് comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്നാണത്രെ അദ്ദേഹം ഉദ്ദേശിച്ചത്. ഫിറോസിനോട് ഫോണിൽ പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിക്കട്ടെ. മന്ത്രിക്ക് comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്നത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്. ഞാൻ അങ്ങനെ കരുതുന്നില്ല. നിലവിൽ വിവാദമായ എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുണ്ട്.പക്ഷേ അതൊരു വിമർശനമായി എടുക്കാൻ ഞാൻ തയ്യാറാണ്. ഓരോ ദിവസവും സ്വയം തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്ന് പറയുന്നതും ചോദ്യങ്ങൾ നേരത്തെ പറഞ്ഞുറപ്പിച്ചു എന്ന് പറയുന്നതും രണ്ടും രണ്ട് കാര്യമാണല്ലോ ഫിറോസേ. രണ്ടാമത്തേത് ഒരു വലിയ ആരോപണം ആണ്. അങ്ങനെ അഡ്ജസ്റ്റ്മെന്റ് ചെയ്യുന്ന ആളാണ് ഞാൻ എന്ന് കരുതാനുള്ള എന്തെങ്കിലും മുന്നനുഭവം ഫിറോസിന് പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഇല്ല എന്നാണല്ലോ ഫിറോസ് എന്നോട് പറഞ്ഞത്. ഇന്നലെ ഫോണിൽ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ. എന്നെ കുറിച്ച് അങ്ങനെ കരുതാനുള്ള യാതൊരു മുൻ അനുഭവവും ഇല്ലാതിരുന്നിട്ടും ഇത്രയും ഗൗരവമുള്ള ഒരാരോപണം എനിക്കെതിരെ ഉന്നയിച്ചത് ഫിറോസ് ശീലിച്ച പൊതു ജീവിതസംസ്കാരത്തിന്റെ കുഴപ്പമാണ്. കാൽ പണം കണ്ടാൽ കമിഴ്ന്നു വീഴുന്നവരെയും സ്ഥാപിത താല്പര്യത്തിന് വേണ്ടി സ്വന്തം തൊഴിലിൽ വെള്ളം ചേർക്കുന്നവരെയും മാത്രമേ ഫിറോസ് കണ്ടിട്ടുണ്ടാവൂ. ഫിറോസിന്റെ ചുറ്റുമുള്ളവർ എല്ലാം അങ്ങനെ ആയിരിക്കാം. അങ്ങനെ അല്ലാത്ത മനുഷ്യരെ ഫിറോസിന് പരിചയം ഇല്ലാത്തത് താങ്കളുടെ ഒരു പരിമിതിയാണ്. പക്ഷേ എങ്കിലും ഒരു പൊതുപ്രവർത്തകനായ താങ്കൾ ഒരു ആരോപണം ഉന്നയിക്കുമ്പോൾ കുറെ കൂടി ഉത്തരവാദിത്തബോധം കാണിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ നിങ്ങളുടെ ആരോപണങ്ങൾക്കൊന്നും പത്ത് പൈസയുടെ വില ഇല്ലാതാവും.
എന്തായാലും കഴിഞ്ഞ രണ്ട് ദിവസത്തെ അനുഭവങ്ങൾ എനിക്ക് വലിയ പാഠമാണ്. പലരുടെയും യഥാർത്ഥ മുഖം കാണാൻ കഴിഞ്ഞു. നല്ലത്.
എനിക്ക് കൃത്യവുംവ്യക്തവുമായ രാഷ്ട്രീയം ഉണ്ട്. ഞാൻ നിഷ്പക്ഷ മാധ്യമപ്രവർത്തകയല്ല. എനിക്ക് പക്ഷമുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് ഞാൻ . ഭരണഘടനയുടെ പക്ഷത്താണ്. ഇതൊക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ചൂട്ട് കത്തിച്ചു കൊടുക്കലല്ല എന്റെ പണി. അങ്ങനെ ചെയ്താൽ അല്ലാതെ ഈ തൊഴിൽ എടുത്ത് ജീവിക്കാൻ പറ്റില്ല എന്നൊരു കാലം വന്നാൽ ഇതങ്ങ് നിർത്തും. അത്രയേ ഉള്ളൂ. അല്ലാതെ ഇങ്ങനെ കമിഴ്ന്നു വീഴില്ല.യജമാനപ്രീതിക്കായി ഇത്രയും അധഃപതിക്കില്ല.
കുറച്ച് വൈകാരികമായി പോയതിന് ക്ഷമ. അത്രയേറെ മുറിവുകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദിവസം കടന്ന് പോയത്.
This post has already been read 3596 times!
Comments are closed.