ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശിനി രതീദേവി . താമസം അമേരിക്കയില്‍ ആണെങ്കിലും ഇന്നും മലയാളമണ്ണിനെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന
രതീദേവിയുടെ “മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍ ഇന്ഗ്ലീഷിലും മലയാളത്തിലും
ഒരേസമയം പ്രസിദ്ധീകരിച്ച പുസ്തകമാണ് .2014-ലെ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കപ്പെട്ട
ഈ പുസ്തകം സ്പാനിഷ് , ഫ്രഞ്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് .
ലോകത്തിലെ ഒന്നാമത്തെ പുസ്തകമെളയായ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയിലേക്ക് മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള
പുസ്തകങ്ങളില്‍ നിന്നും 98 പുസ്തകങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് മഗ്ദലീനയുടെ പെണ്‍സുവിശേഷമായിരുന്നു .മലയാളത്തിലെ മുന്‍നിര എഴുത്തുകാര്‍ക്ക് പലര്‍ക്കും ഈ 98-ല്‍ കടന്നുകൂടാന്‍
കഴിഞ്ഞില്ല എന്നുകൂടി അറിയുമ്പോഴാണ് മഗ്ദലീനയുടെ പെണ്‍സുവിശേഷം എന്ന നോവലിന്‍റെ സ്വീകാര്യത
വ്യക്തമാകുന്നത് . പുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും
എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ
വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു. ഇത് പെണ്‍സാഹിത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്.
ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്‌മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു
പ്രഖ്യാപിച്ചു കൊണ്ടാണ് രതി ദേവി പലപ്പോഴും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.സ്ത്രീ സ്ത്രീക്ക്
അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം
കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍ ചുറുചുറുക്കുള്ള ഭാവനകളെ തീര്‍ക്കുന്നു. അങ്ങനെ
യാഥാര്‍ത്ഥ്യത്തിനകത്തും പുറത്തും ചരിത്രത്തിന്‍റെ പുതിയ യാത്രാനുഭവങ്ങള്‍ സംവേദിക്കാന്‍ ശ്രമിക്കുന്നു.ഇനി
സ്ത്രീയുടെ ജീവിതത്തിന് പരിമിതികള്‍ കെട്ടാന്‍ പാടില്ലായെന്ന ശബ്ദങ്ങള്‍ ഓരോ വരികള്‍ക്കിടയിലും ക്ലിപ്പ് ചെയ്ത്
വെച്ചിട്ടുള്ള നോവലാണ് രതീദേവിയുടെ “മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍. .
രതീദേവി ബുദ്ധിയുടെ യുദ്ധങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ ചരിത്രത്തിന്‍റെ യുക്തികളെ ചോദ്യം ചെയ്യുന്നു. ഇതു
ബൈബിള്‍ സാഹിത്യത്തിലെ ലഘുലേഖ എഴുത്തായി. മനുഷ്യമണത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ബുദ്ധിപ്രകടനമാണ്.
ക്രൈസ്തവസഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കെതിരെയുള്ള നാടകീയസങ്കല്‍പങ്ങളായി നമുക്കനുഭവപ്പെട്ടേക്കാം.
പക്ഷെ ഒരു എഴുത്തുകാരി തന്‍റെ സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്‍റെ അടിക്കുറിപ്പ് സാക്ഷ്യമായി ഈ നോവലിനെ
അടുത്തറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം.രോഗഗ്രസ്തമായ ചരിത്രത്തെ ഭാവനകൊണ്ട് ശുദ്ധീകരിക്കുന്ന
രതീദേവി മനുഷ്യജീവിതത്തിന്‍റെ ദൈനംദിനമുള്ള ദാര്‍ശനിക സന്ദേഹങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ക്രൈസ്തവ
മതത്തിന്‍റെ വിശുദ്ധനിയമങ്ങളെ ചോദ്യം ചെയ്യുന്ന രതീദേവി കീഴ്‌മേല്‍ മറിയുന്ന അഫോറിസങ്ങള്‍കൊണ്ടും
ഗണിതങ്ങള്‍കൊണ്ടുമാണ് വായനക്കാരനെ അഭിസംബോധന ചെയ്യുന്നത്.ചരിത്രത്തെയും യാഥാര്‍ത്ഥ്യത്തെയും പല
ആംഗിളുകളില്‍ നിന്ന് ചോദ്യം ചെയ്യുകയും പുതിയ സംവാദമേഖലകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്‍റെ
തുടര്‍ച്ചയാണ് അനവധി അഫോറിസങ്ങള്‍കൊണ്ട് സമൃദ്ധമായ രതീദേവിയുടെ ‘മഗ്ദലീനയുടെ (എന്റെയും)
പെണ്‍സുവിശേഷം’ എന്ന നോവല്‍.ബൈബിളിന് ഒരു അഗ്നിപര്‍വ്വതമുഖമുണ്ടെന്ന് രതീദേവിക്കറിയാം. ബൈബിളിലെ
എല്ലാ കഥാപാത്രങ്ങളും അവരുടെ സ്വത്വങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്നും ഈ ഫിക്ഷണിസ്റ്റ് നിരീക്ഷിക്കുന്നു.
ബൈബിള്‍ ജനതയെ പലതാക്കി തീര്‍ക്കുന്നുവെന്ന് ഈ എഴുത്തുകാരിക്കറിയാം. അതുകൊണ്ടുതന്നെ അതിനെ
ഇന്ദ്രിയസുഖമുള്ള ഒന്നാക്കി മാറ്റുവാനാണ് രതീദേവി ശ്രമിക്കുന്നത്. അതിനായി ചില മാന്ത്രികയാഥാര്‍ത്ഥ്യചേരുവകള്‍
അവര്‍ ഒരുക്കുന്നു. ബൈബിളിനെ ഒരു ദേശീയ സാഹിത്യഗ്രന്ഥത്തിനപ്പുറത്തേക്ക് അടുത്തിരുത്തി നിരീക്ഷിക്കുന്ന
ഒരാള്‍ നടത്തുന്ന അലങ്കാരപ്പണിയല്ല ഇതിലെ ഫിക്ഷണല്‍ ഇഫക്ട്. സുഷുമ്‌ന വിളംബരം ചെയ്ത ഭാവനയ്ക്കപ്പുറം
നിന്ന് ബൈബിളിനെ വായിച്ച ഒരാള്‍ തീര്‍ത്ത ദാര്‍ശനിക സല്ലാപങ്ങളായി നാം ഇതിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതു ചരിത്രത്തിലെ ദുരന്തസാധ്യതകളെ അംഗീകരിക്കാനുള്ള ധൈര്യപാഠങ്ങളാണ് പകരുന്നത്. മനുഷ്യനായി
അവതരിച്ചുവെന്ന് പറയുന്ന ജീസസ്സ് മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടാവണം എന്നു
പറയുമ്പോള്‍ അതൊരു പാഷണ്ഡത ഒന്നുമായി ചിത്രീകരിക്കേണ്ടതില്ല. രതീദേവി ഇതിലെ കഥാപാത്രങ്ങളെ സ്വയം
പ്രവര്‍ത്തിക്കാന്‍ പറഞ്ഞയയ്ക്കുന്നു. ഇതൊരു നവ ഇന്ദ്രിയക്കുതിപ്പാണ്. വിശുദ്ധനാടിന്‍റെ ആത്മീയതയെയും
ആത്മീയവിരുദ്ധതയെയും വരെ ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു. പ്രാദേശിക വികാരത്തില്‍ ജ്വലിച്ചുകൊണ്ട്
രതീദേവി നടത്തുന്ന ഈ പുതിയ കുരിശുയുദ്ധം നോവലെഴുത്തിന്റെ നവ ഇന്ദ്രിയകിതപ്പുകള്‍ അല്ലാതെ മറ്റെന്താണ്?
വായിക്കുക ,നല്ല വായനതരുന്ന നോവല്‍ .
വള്ളുവനാടന്‍ .
This post has already been read 2471 times!
Comments are closed.