കവിതകൾ

കറങ്ങാൻ പോകുന്ന മനസ്സ്

കറങ്ങാൻ പോകുന്ന മനസ്സ്
കൂട്ടം തെറ്റിപ്പോയ
ആട്ടിൻ കുട്ടിയെപ്പോൽ
വിട്ടു പോകുന്നു, മനസ്സ്.
മൂവന്തിയായിട്ടും
കളി നിർത്താൻ
മടിയുള്ള കുട്ടിയായ്.
വസിക്കുന്ന, വീട്ടിലോ
കൊതിക്കുന്ന, പെണ്ണിലോ
പണിയിടങ്ങളിലോ
സൌഹൃദക്കൂടാരങ്ങളിലോ
നിൽക്കാതെ,
ഊടുവഴികൾ പിന്നിട്ട്
നിരാലംബന്റെ കണ്ണീരിനുമുന്നിലോ
നാളെ പൂക്കും, പൂമരങ്ങളുടെ
പ്രതീക്ഷാവഴികളിലോ
വ൪ഗ്ഗസമരമുറ്റങ്ങളിലോ
ഏതോ, പ്രാക്തനസ്മരണയുടെ
ക്ളാവു പിടിച്ച വക്കിലോ
ഭൂതകാല സംത്രാസങ്ങളുടെ
ചോരകിനിയുന്ന മുറിവിലോ
അതിന്റെ, കറക്കം.
ഹിമവാനോളം ഉയരാൻ വെമ്പലുള്ള
ഗിരിനിരകളിലോ
അനന്തമാം, ആകാശഗ൪ത്തങ്ങളിലോ
നന്നായുടുത്തൊരുങ്ങിയ
പ്രകൃതിയുടെ, പച്ചവിരികളിലോ
റാഞ്ചാൻ തഞ്ചത്തോടെ
പറക്കുന്ന, കഴുകനിലോ
അതിന്റെ, നോട്ടങ്ങൾ.
രോഗാതുരമാം, നാളുകളിലെ
വീശിയടിക്കുന്ന, മരണഗന്ധങ്ങളിലോ
അതിർത്തികളിൽ, ഉയരുന്ന
നെഞ്ചിടിപ്പിക്കുന്ന
യുദ്ധകാഹളങ്ങളിലോ
അതിന്റെ, കാതും, മൂക്കും.
ഏറെ വൈകി തിരിച്ചെത്തുന്ന
മനസ്സിനെ, ഞാൻ
വഴക്കു പറഞ്ഞ്
എന്നിലേക്കുതന്നെ തിരിച്ചു കേറ്റും,
ഇനിയിങ്ങനെ, വിട്ടുപോകില്ലെന്ന
ക്ഷമാപണം, കേൾക്കുമ്പോൾ
എന്റെ, കവിളുകളിലൂടൊഴുകും
നീർച്ചാലുകൾ.
ഡോ. പി. സജീവ്കുമാർ

This post has already been read 3609 times!

Comments are closed.