ട്രൂത്ത് പൊതു ചർച്ച

സൈബറിടങ്ങളിലെ കുട്ടികൾ

 

സൈബറിടങ്ങളിലെ കുട്ടികൾ

നമ്മുടെ കുട്ടികൾ ഇന്ന് വസിക്കുന്നത് ഇന്റർനെറ്റ് ലോകത്താണ്.ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണവർ നമുക്കരികിലെത്തുന്നത്.സൈബറിടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? ഈ ലോക്ഡൗൺ കാലത്ത് വീടിനുള്ളിൽ സുരക്ഷിതരെന്ന് നാം കരുതുന്ന കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പെരുകുന്നു.ഏറിയ സമയവും സൈബറിടങ്ങളിൽ ജീവിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു.വശീകരിച്ചും ഭീഷണിപ്പെടുത്തിയും വെബ്ബ്ക്യാം വഴി ശേഖരിക്കുന്ന നഗ്നത വാട്സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ശരവേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നു.ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിന് നിയമം സുസജ്ജമാണ്.

 

1997ൽ സ്ഥാപിതമായ UNODC അഥവാ യുണൈറ്റഡ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈം / മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഓഫീസിസും 2001 ൽ യൂറോപ്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബുഡാപെസറ്റ് കൺവെൻഷനുമെല്ലാം വർദ്ധിച്ചു വരുന്ന ബാലലൈംഗിക സൈബർ ചൂഷണം സംബന്ധിച്ച വ്യാകുലതകളും തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലോകരാഷ്ട്രങ്ങൾക്ക്
മുമ്പിൽ അവതരിപ്പിച്ചു.
ഇന്ത്യയിൽ സൈബറിടങ്ങളിലെ ചൂഷണം തടയുന്നതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 നിലവിൽ വരികയും ഈ നിയമം 2008 ൽ കൂടുതൽ കർക്കശമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്യപ്പെടുകയും ചെയ്തു.ഈ നിയമത്തിന്റെ 67 B വകുപ്പ് പ്രകാരം ബാലലൈംഗിക ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പരതുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ചുമത്തുന്ന ജാമ്യമില്ലാ കുറ്റമാണ്. പോക്സോ നിയമം 2012 ന്റെ 14 , വകുപ്പ് പ്രകാരം
അഞ്ച് വർഷം തടവും പിഴയും ഇത്തരം കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്നു.വകുപ്പ് 15 പ്രകാരം ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നതും ഇവ സ്വന്തം ഫോണിൽ ശേഖരിക്കുന്നതും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാത്തതും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഈ കുറ്റകൃത്യം ആവർത്തിച്ചാൽ തടവ് ഏഴ് വർഷം വരെയാകും .ശക്തമായ നിയമവ്യവസ്ഥ നിലനിൽക്കുമ്പോഴും ഇത്തരത്തിലുള്ള ബാലലൈഗികചൂഷണങ്ങൾ ക്രമാതീതമായി കൂടുന്നു.

 

2011 ൽ വർദ്ധിച്ചു വരുന്ന ബാലലൈംഗിക ചുഷണം സംബന്ധിച്ച് ഇന്റർപോൾ ഇന്ത്യൻ നോഡൽ ഏജൻസിയായ സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ഇത്തരം ചിത്രങ്ങളിൽ മലയാളബാല്യങ്ങൾ കണ്ടതോടെ കേരള പോലീസ് സൈബർ ഡോം സൈബർ പോലീസിന്റെ സഹായത്തോടെ സൈബർ പെട്രോളിങ് ശക്തമാക്കുകയും രണ്ടുലക്ഷത്തോളം അഭ്യസ്തവിദ്യർ ഉൾപ്പെടുന്നവരെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തിരുന്നു.ഓപ്പറേഷൻ P ഹണ്ട് എന്ന കേരള പോലീസ് സൈബർ വേട്ട രാജ്യാന്തര ശ്രദ്ധ നേടി മുന്നേറുന്നു.അൻപതോളം കേസ്സുകൾ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അഭ്യസ്ത വിദ്യർ ഉൾപ്പെടെ നിരവധി ആളുകൾ അറസറ്റിലാകുകയും അത്തരം ആളുകളുടെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ് മെമ്മറികാർഡ് തുടങ്ങിയവയെല്ലാം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ബാലലൈംഗികത നിറഞ്ഞ ഇത്തരം വെബ്ബ്സൈറ്റുകൾ
ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ സഹായത്തോടെ നിർത്തലാക്കിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മേൽവിവരിച്ച പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയും ബാലനീതി ഉറപ്പാക്കുന്നതിന് കേരളപോലീസ് നടത്തുന്ന സൈബർ യജ്ഞത്തിൽ നമുക്കും പങ്കാളികളാകാം.

 

അഡ്വ: രാജി പി ജോയി

This post has already been read 1414 times!

Comments are closed.