
ഗ്ലെൻ മാക്സ് വെൽ അടിച്ച അവസാന ഷോട്ട് പഞ്ചാബിന്റെ വലിയ പ്രതീക്ഷയായിരുന്നു . അബുദാബി സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിന് അകത്തോ, പുറത്തോ എന്ന് പഞ്ചാബികൾ കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും ആ പ്രതീക്ഷ കാണാക്കാഴ്ചയായി 2 റൺ തോൽവി . ഐപിൽ മാമാങ്കം ആദ്യഘട്ടത്തിന്റെ അവസാനത്തിലേക്കെത്തുന്നു .ഇനി നോക്കൗട്ട് പോരാട്ടത്തിൽ നിന്ന് ആര് പുറത്തേക്ക് എന്നത് ആലോചിച്ചു തുടങ്ങാം .അടുത്ത സീസണിൽ നോക്കാം എന്ന് പഞ്ചാബ് ഏറെക്കുടെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു .മികച്ച തുടക്കം നൽകുന്ന ഓപ്പണർമാർ ഉണ്ടായിട്ടും തുടർന്നു പോകുവാൻ കഴിയാത്ത ടീം എന്നത് തന്നെയാണ് അവരുടെ പ്രശ്നം .ഷമിക്കൊപ്പം എറിയാൻ കഴിയുന്ന ഒരു ക്ലാസ്സ് ബൗളറുടെയും ,ഐഡിയൽ ക്യാപ്റ്റന്റെയും അഭാവവു അവർക്ക് തിരിച്ചടിയായിട്ടുണ്ട് .കളിയുടെ ഗതിയനുസരിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുക്കുവാൻ രാഹുലിന് കഴിയുന്നില്ല . ഈ അവസ്ഥ ഹൈദരാബാദിനുണ്ടായിരുന്നെങ്കിലും അവരിപ്പോൾ മാറി തുടങ്ങിയിരിക്കുന്നു . മുൻനിരക്കാരിലൂടെ വിജയിക്കാമെന്ന ധാരണ ഇല്ലാതായി കഴിഞ്ഞു .അനുഭവങ്ങളിൽ നിന്ന് പഠിച്ചു വരുന്ന ടീം .
ജയിക്കുന്ന കളി എങ്ങനെ തോൽക്കാമെന്ന് ഭംഗിയായി പറഞ്ഞുതരികയാണ് ചെന്നൈ .കളിക്കാരെ ഉപയോഗിക്കാൻ കഴിയുന്ന നല്ല ക്യാപ്റ്റനായിരുന്നു ധോണി എന്നത് ഒരോർമ്മയാവുന്നു .റെയ്നയെപ്പോലെ ഒരു സ്‌റ്റേബിൾ ബാറ്റ്സ്മാൻ അവർക്കാവശ്യമാണിപ്പോൾ .മികവിൽ തുടങ്ങിയ രാജസ്ഥാനിപ്പോൾ റിവേഴ്സ് ഗിയറിൽ ആണ് .ഫീൽഡിംഗ് പിഴവുകളും ഫൈറ്ററായ ഒരു ബാറ്റ്സ്മാനില്ലാത്തതും അവർക്ക് പ്രശ്നമാകുന്നു .ബുംറയും ,മെയറും അവരെ തോൽപ്പിച്ചതെന്ന് പറയാം .
കോഹ്ലി ടി 20 ഫോമിലെത്തിയത് അവർക്ക് വലിയ ആശ്വാസമാവുന്നു .അപ്രതിക്ഷിതവും ,അതിമനോഹരവുമായ ഷോട്ടുകളിലൂടെ അദ്ദേഹം ക്ലാസ്സാവുന്നു .ഏറെക്കുറെ സ്ഥിരതയുമായി പടിക്കൽ ഇന്ത്യൻ ടീമിന്റെ പടിക്കലെത്തി നിൽക്കുന്നു .നല്ലൊരു ഫീൽഡർ കൂടിയാണ് പ്രത്യേകിച്ച് ഡീപ്പിൽ പടിക്കൽ .സ്പിന്നർ ചവലിന് റൺസ് പിടിച്ചു നിർത്താൻ കഴിയുന്നു .ദിനേശ് കാർത്തിക്ക് ചിന്തിക്കുന്ന ക്യാപ്റ്റനായി മാറിയത് കൊൽക്കത്തക്ക് വിജയം നൽകുന്നു .കൂട്ടിന് മോർഗനും . നരെയ്ൻ ,പ്രസിദ്ധ് കൃഷണ തുടങ്ങിയ പുതിയ മിടുക്കൻ ബൗളർമാർ ഒപ്പമുണ്ട്. മുൻനിര പോയാൽ പോകട്ടെ നമുക്ക് പിടിക്കാം എന്ന് ഉറപ്പുള്ള പിൻനിര തന്നെയാണ് ഡൽഹിയുടെ ശക്തി. ധവാൻ ,ഷാ ,പന്ത് ,ശ്രേയസ് മെയർ , സ്റ്റോയിനിസ് തുടങ്ങി വാലറ്റത്തെ പട്ടേലുമാരുവരെ ഫൈറ്റർമാരാണ് .ബൗളിംഗും മികവിൽ തന്നെയാണ് .യുവ ടീം .ഇനി മുംബൈ .ഒരു ടോട്ടൽ ടീം .കൃത്യസമയത്ത് ബാറ്റിംഗ് സ്ട്രൈക്കുകൾ എറ്റെടുത്ത് പോകുന്ന ബാറ്റ്സ്മാൻമാർ ,എതിർ ടീം ബാറ്റ്സ്മാനെ അറിയുന്ന ബൗളർമാരെ ഉപയോഗിക്കുന്ന ക്യാപ്റ്റൻ ,ബുംറയുടെ നിർണ്ണായിക്കാനാവാത്ത ബോളുകൾ ,സുന്ദരമായ ബൗളിംഗ് റൊട്ടേഷൻ ഇതാണ് മുംബൈയുടെ മുന്നേറ്റം .
ഈ ആഴ്ചത്തെ കണ്ടെത്തൽ കാർത്തിക് ത്യാഗിയാണ് .രാജസ്ഥാനു വേണ്ടിയിറങ്ങിയ ഈ വേഗക്കാരൻ ബൗളർ ഇന്ത്യക്ക് പ്രതീക്ഷ തന്നെയാണ് .ലൈനും ,ലങ്ങ്ത്തും ,സ്വിംങ്ങും ഉള്ള ബൗളർ .
കാത്തിരിക്കാം അടുത്ത കാഴ്ചകളിലേക്ക് .
This post has already been read 4324 times!


Comments are closed.