Dear Sir/ Madam,
Hope you are doing well.
Please find below the press release of Sports Kerala Foundation. Photograph is attached.
Request you to please carry the release inyour esteemed media.
ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താന്‍ ബോക്സിംഗ് പരിശീലനവുമായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍
കോഴിക്കോട്: സിനിമകള്‍ കണ്ട് സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്സിംഗ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കല്‍ പിവിഎസ് സ്‌കൂളില്‍ പഞ്ച് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടാനായത് ഈ വിദ്യാര്‍ത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 6 കുട്ടികള്‍ ഇവിടെയുണ്ട്. ഇതിനകം സംസ്ഥാനതല മത്സരങ്ങളില്‍ 17 മെഡലുകള്‍ സ്വന്തമാക്കാനും ഇവിടെ പരിശീലനത്തിനെത്തിയ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
സ്‌കൂള്‍ തലം മുതല്‍ മികച്ച ബോക്സിംഗ് പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും, സ്പോര്‍ട്സ് ഡയറക്ടറേറ്റും സംയുക്തമായി നടപ്പാക്കി വരുന്ന ഗ്രാസ്റൂട്ട് ലെവല്‍ ബോക്സിംഗ് പരിശീലന പദ്ധതിയാണ് പഞ്ച്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കി സംസ്ഥാനത്ത് ബോക്‌സിംഗ് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
25 കുട്ടികളാണ് നിലവില്‍ ഇവിടെ പരിശീലനത്തിനെത്തുന്നത്. അനന്തസാധ്യതകളുള്ള ബോക്സിംഗില്‍ തന്റെതായ ഇടം കണ്ടെത്തി മികച്ച കരിയര്‍ പടുത്തുയര്‍ത്താനും, സ്വയം സുരക്ഷയുടെ പാഠങ്ങള്‍ പഠിച്ചെടുക്കാനും താല്‍പ്പരരായ 12 ഓളം പെണ്‍കുട്ടികളും ഇവിടെ പരിശീലനത്തിനെത്തുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ പഞ്ച് സെന്ററുകളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന റിംഗും, അനുബന്ധ ഉപകരണങ്ങളും ഇവിടെയുണ്ട്. ദിവസേന ഒന്നര മണിക്കൂറാണ് പരിശീലനം. പി. സഞ്ചയ് ബാബു, എം. ശ്രീദോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോഴിക്കോടിന് പുറമേ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് പഞ്ച് സെന്ററുകളുള്ളത്.