തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്ക്  ‘ പോഷ്
ട്രൂത്ത് പൊതു വിവരം സാംസ്കാരികം

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയ്ക്ക് ‘ പോഷ്

സ്ത്രീകൾ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാകണമെന്ന കരുതലോടെ കരുതലോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച CEDAW അന്താരാഷ്ട്ര കരാർ 09/07/1993 ൽ ഇന്ത്യ അംഗീകരിച്ചു. ഭരണഘടനയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും സ്ത്രീ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും 1997 ൽ സുപ്രീം കോടതി നൽകിയ ‘വൈശാഖ മാർഗ്ഗനിർദ്ദേശ’ങ്ങളാണ് നിയമപരമായ മുന്നേറ്റത്തിന് വഴിതെളിച്ചത്.

രാജസ്ഥാനിൽ ശൈശവ വിവാഹത്തിനെതിരെ പൊരുതിയ ഭൻവാരി ദേവിയെന്ന സാമൂഹ്യ പ്രവർത്തകയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതിനെതിരെ വൈശാഖ എന്ന സന്നദ്ധ സംഘടനയും മറ്റും സുപ്രീം കോടതിയിൽ ബോധിപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചരിത്രപ്രധാനമായ *വൈശാഖ മാർഗ്ഗനിർദ്ദേശങ്ങൾ*ഉണ്ടായത്. അതിന് മുമ്പ് വരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 ന്റെ പരിരക്ഷ മാത്രമാണ് ഉണ്ടായിരുന്നത്.തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് നിയമപരമായ നിർവ്വചനം ഇല്ലാതിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരം മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ തുണയായിരുന്നത്.

ഭരണഘടനയിൽ, തുല്യ നീതിയും തൊഴിലിടങ്ങളിലെ സമത്വം ഉറപ്പുവരുത്തലും ജീവിക്കാനുള്ള അവകാശങ്ങൾ പ്രതിപാദിക്കുന്ന 14,15,19(1)(a),21 എന്നീ ആർട്ടിക്കിളുകളും CEDAW കൺവെൻഷനിലെ, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കണമെന്ന ആർട്ടിക്കിൾ 11ഉം സ്വാംശീകരിച്ച് സുപ്രീം കോടതി നൽകിയ വൈശാഖ മാർഗ്ഗനിർദ്ദേശങ്ങളുടെ അന്ത :സ്സത്ത ഉൾക്കൊണ്ടാണ് 2013 ൽ പോഷ് നിയമം നിലവിൽ വരുന്നത്.

POSH നിയമം 2013 /,The Sexual Harassment against women in Work place (prevention, prohibition and redressal ) act -2013
അഥവാ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (തടയൽ, നിരോധനം, പരിഹാരം) നിയമം 2013
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് ഈ നിയമം കൃത്യമായ നിർവചനം നൽകി.

പ്രത്യക്ഷമായോ പരോക്ഷമായോ ലൈംഗികച്ചുവയുള്ള പെരുമാറ്റങ്ങളോ, വാക്കുകളോ, ശാരീരിക സമ്പർക്കങ്ങളോ, അശ്ളീല സാഹിത്യം കാണിക്കൽ എന്നിവയും ലൈംഗിക ആവശ്യങ്ങൾക്ക് വശപ്പെടാതിരുന്നത് ഹേതുവായി ആവലാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ,ഭയം,മാനസിക സമ്മർദ്ദം,എന്നിവ ഉണ്ടാക്കുകയോ തൊഴിൽ ചെയ്യുന്നതിന് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നത് തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്നു.

തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയയാകുന്ന വ്യക്തിക്ക് ഇന്റേണൽ കംപ്ലെയിന്റസ് കമ്മിറ്റിയിൽ നേരിട്ടോ മറ്റൊരാൾ മുഖേനയോ പരാതി നൽകാവുന്നതാണ്.10 പേരിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ഒരു സീനിയർ വനിതാ ജീവനക്കാരിയും സ്ത്രീ സുരക്ഷ നിയമങ്ങളും അവകാശങ്ങളും സംബന്ധിച്ച് പരിചയമുള്ളഒരു സാമൂഹ്യ പ്രവർത്തകയോ അഭിഭാഷകയോ,ഇതര ജീവനക്കാരനും ഉൾപ്പെടുന്ന **ഇന്റേണൽ
കംപ്ലെയിന്റ്സ് കമ്മിറ്റി** തൊഴിലുടമ നിർബന്ധമായും രൂപീകരിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം തൊഴിലുടമയ്ക്കെതിരെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുന്നതാണ്.
10 പേരിൽ താഴെ തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിലേയും ഗൃഹജോലിക്കെത്തുന്ന സ്ത്രീകളുടെയും കാര്യത്തിൽ ജില്ലാകളക്ടർ തലവനായ ലോക്കൽ കംപ്ലെയിന്റ്സ് കമ്മിറ്റിയ്ക്കാണ് പരാതി നൽകേണ്ടത്.
ഗൃഹജോലികളിൽ സഹായിക്കാനെത്തുന്ന സ്ത്രീകൾക്കും ചെറിയ കടകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും ലോക്കൽ കംപ്ലെയിന്റ്സ് കമ്മിറ്റിയുടെ സേവനം തേടാവുന്നതാണ്.

ആവലാതിക്കാരായ സ്ത്രീകൾ താത്കാലികമോ കരാർ അടിസ്ഥാനത്തിലോ ട്രെയിനി ആയോ ജോലി
ചെയ്യുന്നവരായാലും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതാണ്.
പരാതി ലഭിച്ച് 15 ദിവസത്തിനകം നോട്ടീസ് നൽകി എതിർക്ഷിയുടെ ഭാഗം കേൾക്കേണ്ടതും രമ്യമായ പരിഹാരം സാധ്യമല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതുമാണ്.മാത്രമല്ല 90 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കേണ്ടതും എൻക്വയറി നടപടി ക്രമങ്ങളിൽ ഉടനീളം ആവലാതിക്കാരിയുടെ
മാനസികാവസ്ഥ സുസ്ഥിരമാക്കേണ്ടതുമാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ ഈ നിയമം കരുത്തനായ കാവലാളാകുന്നു .

 

 

 

 

 

 

 

Adv Raji P Joy
advocaterajipjoy@gmail.com

This post has already been read 15549 times!

Comments are closed.