യത്ര നാര്യസ്തു പൂജ്യന്തേ
തത്ര രമന്തേ ദേവത :
ഭർത്തോ രക്ഷതി യൗവനേ
എന്നിങ്ങനെയുള്ള ആർഷഭാരതത്തിലെ മോഹനം വാഗ്ദാനങ്ങൾ കേട്ട് മംഗല്യസൂത്രം ധരിക്കുന്ന പതിവ്രതകളുടെ അവകാശങ്ങൾ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? അച്ഛനമ്മമാരുടെ യും സഹോദരങ്ങളുടെയും പൊന്നോമനയായി വളർന്ന് ‘ ഏകപത്നീവ്രതൻ ശ്രീരാമന്റെ അവതാരമാണ് തന്റെ പതിയെന്ന ആത്മവിശ്വാസത്തോടെ ഭർത്താവുമായി പങ്കിട്ടു പാർക്കുന്ന ഗൃഹങ്ങൾ സുഖവാസകേന്ദ്രങ്ങളോ കാരാഗൃഹങ്ങളോ എന്ന ഒരു വിചിന്തനം സമൂഹം നടത്തേണ്ടതാണ്.ഭർത്തൃഗൃഹത്തിൽ വലത് കാൽ വച്ച് കയറുന്ന ഭാര്യയെ കാത്തിരിക്കുന്നത് ഉത്തരവാദിത്വങ്ങളാണ്.സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ്ങിനൊന്നും പോകാതെ തന്നെ ഭർത്താവിന്റെയും ഭർത്തൃമാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുമിത്രാദികളുടെയും മക്കളുടെയും മുമ്പിൽ ‘ ഞാൻ നിങ്ങളെ സഹായിക്കട്ടെ ‘ എന്ന അദൃശ്യഫലകവും തൂക്കിനടക്കേണ്ടി വരുന്ന ഒരു സാധുജീവി!!
അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലെ അകത്തളങ്ങളിലൊന്നിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി ഭദ്രമാക്കും!!ഭാര്യയെ വഴക്ക് പറയുന്നതും അവളെ വേദനിപ്പിക്കുന്നതും അവളുടെ ആഗ്രഹങ്ങളും ചിന്തകളും നിരാകരിക്കുന്നതും ഒരു ഉപഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്നതും അവകാശമായി ആഘോഷിച്ചു പോന്ന ആൺകോയ്മയ്ക്കെതിരെയുള്ള ശക്തമായ താക്കീതുമായി 2005 ൽ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം അഥവാ Protection of Women from Domestic Violence Act അഥവാ PWDV നിയമം നിലവിൽ വന്നു. ഈ നിയമപ്രകാരം ഭാര്യമാരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതും ഭാര്യയുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ആക്ഷേപിക്കുന്നതും ഇഷ്ടമില്ലാത്ത തരത്തിലോ സമയങ്ങളിലോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് നിർബന്ധിക്കുന്നതോ കുറ്റകരമായിപരിഗണിക്കപ്പെടുന്നു.പങ്കിട്ടുപാർത്ത ഗൃഹത്തിൽ ഭർത്താവോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഇതര ബന്ധുക്കളോ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നുവെങ്കിൽ പരാതി പരിഗണിച്ച് ആവലാതിക്കാരിക്ക് ഒരു പ്രൊട്ടക്ഷൻ ഓർഡർ അഥവാ സംരക്ഷണ ഉത്തരവ് നൽകുന്നു.ഈ ഉത്തരവ് ലംഘിക്കുന്ന വ്യക്തിയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലാക്കുന്നു.ഭാര്യയ്ക്ക് ചെലവിന്
കൊടുക്കാത്ത ഭർത്താവിനോട് മാസംതോറും കൃത്യമായ തുക ചെലവിന് കൊടുക്കുന്നതിന് മെയിന്റനൻസ് ഓർഡർ അഥവാ ജീവനാശ ഉത്തരവ് ഈ നിയമപ്രകാരം ലഭിക്കുന്നതാണ്.
ഭർത്താവിന് പുതിയ കൂട്ടുകാരിയെത്തുന്നതോടെ ഭർത്തൃമനസ്സിൽ നിന്നും പടിയിറക്കപ്പെടുന്ന ഭാര്യയെ സംരക്ഷിക്കുന്നതിന് ,ഭർത്താവ് വിവാഹമോചനം നേടിയാലും അവളുടെ മരണം വരെ ഭർത്താവുമായി പങ്കിട്ടുപാർത്ത ഗൃഹത്തിൽ തുടരുന്നതിന് ഈ നിയമം റെസിഡന്റ്സ് ഓർഡർ അഥവാ താമസ ഉത്തരവ് നൽകുന്നു.വിധവകളാകുന്ന സ്തീകൾ ഭർത്തൃഗൃഹത്തിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ഈ നിയമം താമസ ഉത്തരവിന്റെ രൂപത്തിൽ സുരക്ഷാ കവചമായി നിലകൊള്ളുന്നു.
ഭാര്യയ്ക്കോ മക്കൾക്കോ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ ഭർത്താവിനെ ഗൃഹത്തിൽ നിന്നും ഇറക്കി വിടുന്നതിനും ഈ നിയമത്തിലെ സംരക്ഷണ ഉത്തരവിന് സാധിക്കുന്നതാണ്.
ഈ നിയമപ്രകാരം ആവലാതിക്കാരിക്ക് നേരിട്ടോ ബന്ധുക്കൾ മുഖേനയോ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മുഖേനയോ ഗാർഹിക അതിക്രമം നടന്ന സ്ഥലത്തെയോ ആവലാതിക്കാരി അഭയം തേടിയ സ്ഥലത്തെയോ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ പരാതി സമർപ്പിക്കാവുന്നതാണ്
സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ വ്യക്തിയും ഈ നിയമത്തിന്റെ പരിരക്ഷ
ചൂഷണം ചെയ്യപ്പെടുന്ന ഓരോ സ്ത്രീകൾക്കും ഉറപ്പ് നൽകന്നത് ഓരോ കടമയായ് സ്വീകരിക്കേണ്ടതാണ്.
This post has already been read 2537 times!
Comments are closed.