നിർദ്ദിഷ്ട കപ്പൽപ്പാത: മത്സ്യതൊഴിലാളികളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നു.
ട്രൂത്ത് പരിസ്ഥിതി പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

നിർദ്ദിഷ്ട കപ്പൽപ്പാത: മത്സ്യതൊഴിലാളികളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നു.


മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി, വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങളെ കീറിമുറിച്ചുള്ള നിർദ്ദിഷ്ട കപ്പൽപ്പാത ആഴക്കടൽ .മീൻപിടിത്ത സമൂഹത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്

2018 ലാണ് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രാലയം ആദ്യമായി കപ്പൽപ്പാതയുടെ ഒരു വിവരം മാധ്യമങ്ങളെ അറിയിച്ചത്. കപ്പലുകൾ ബോട്ടുകളിലും വള്ളങ്ങളിലും ഇടിച്ച് അടിക്കടി ഉണ്ടാരുന്ന കടൽ അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കപ്പൽപ്പാതയ്ക്ക് രൂപം നൽകുന്നതെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ആ കപ്പൽപ്പാത കടന്നു പോകുന്നതാകട്ടെ തീരത്തുനിന്നും 15 നോട്ടിക്കൽ മൈൽ അകലെ 20 നോട്ടിക്കൽ മൈൽ വീതിയിലുമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിൽ തുടങ്ങി, കന്യാകുമാരിയിൽ അവസാനിക്കുന്ന വിധമാണ് കപ്പൽപ്പാത നിശ്ചയിച്ചിരുന്നത്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കായ മീൻ പാടിത്ത സമൂഹത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ നാഷണൽ ഫിഷ്‌ വർക്കേഴ്സ് ഫോറം കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയത്തിന് കത്ത് നൽകുകയും ദേശവ്യാപകമായി പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. 2018 ഒക്റ്റോബർ 30 ന് ഇൻഡ്യയിലെ 34 കേന്ദ്രങ്ങളിൽ വള്ളങ്ങളും ബോട്ടുകളും കടലിൽ അണിനിരത്തിക്കൊണ്ട് മത്സ്യതൊഴിലാളികൾ സമരം നടത്തി. ഉടൻ തന്നെ കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രി നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തെ ചർച്ചയ്ക്ക് വിളിക്കുകയുണ്ടായി. മീൻ പാടിത്തമേഖലയിലെ യഥാർത്ഥ വസ്തുതകൾ കണക്കുകൾ സഹിതം മന്ത്രിയെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾക്ക് കഴിഞ്ഞു. തുടർന്ന് മൂന്ന് തവണ ഡയറക്റ്റർ ജനറലുമായി ചർച്ച ചെയ്യുകയുണ്ടായി. തീരത്ത് നിന്നും 15 നോട്ടിക്കൽ മൈൽ എന്നതിൽ മാറ്റം വരുത്താമെന്നും 20 നോട്ടിക്കൽ മൈൽ വീതിയെന്നത് പതിന്നൊന്ന് നോട്ടിക്കൽ മൈൽ എന്നാക്കി കുറയ്ക്കാമെനന്നും അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. തൊഴിലാളി നേതാക്കൾ അത് അംഗീകച്ചില്ല. ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് കോണ്ടിനൻ്റൽ ഷെൽഫിലാണെന്നും (ഭൂകണ്ഡ സോപാനം) 100 മീറ്റർ വരെ ആഴമുള്ള കടലിൽ 85% വും, 200 മീറ്റർ വരെ ആഴമുള്ള കടലിൽ 92 % വും 500 മീറ്റർ വരെ ആഴമുള്ള കടലിൽ 95% വും മത്സ്യം ലഭിക്കുമ്പോൾ ആഴക്കടലിൽ വെറും അഞ്ചു ശതമാനം മത്സ്യം മാത്രമേ ലഭിക്കുകയുള്ളുവെന്നതാണ് വസ്തുത. ഗുജറാത്തുമുതൽ കന്യാകുമാരി വരെ ഏകദേശം ഒരു ലക്ഷം മത്സ്യബന്ധന യാനങ്ങളാണ് മീൻപിടിത്തത്തിൽ ഏർപ്പെടുന്നത്. ഉപജീവനത്തിനായി മത്സ്യബന്ധനം നടത്തുന്ന ലക്ഷക്കണക്കായ തൊഴിലാളികളെ വിസ്മരിച്ചുകൊണ്ട് 200 മീറ്റർ ആഴത്തിനും 500 മീറ്റർ ആഴത്തിനും മദ്ധ്യേയാണ് കപ്പൽപ്പാത ഇപ്പോrൾ അനുവദിച്ചിരിക്കുന്നതു്. കപ്പൽപ്പാതയുടെ വീതി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. വിദേശ രാജ്യങ്ങളിൽ മൂന്നു നോട്ടിക്കൽ മൈൽ വീതിയാണു കപ്പൽപ്പാതയ്ക്ക് അനുവദിച്ചിട്ടുള്ളത്. അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലെ കപ്പൽച്ചാല്ലുകളിൽ തദ്ദേശീയരായ മത്സ്യതൊഴിലാളൾക്ക് മീൻപിടിത്തത്തിന് അനുമതി നൽകുന്നുണ്ട്. എന്നാൽ ഇവിടെ കപ്പൽച്ചാലിൽ തദ്ദേശീയരായ മീൻ പിടിത്തക്കാർക്കു മത്സ്യ ബന്ധനം നിരോധിച്ചിരിക്കുകയാണു. കപ്പലുകൾ തെക്ക് – വടക്ക് ദിശയിൽ സഞ്ചരിക്കുമ്പോൾ, മത്സ്യതൊഴിലാകൾ തങ്ങളുടെ യാനങ്ങളുമായി കിഴക്ക് – പടിഞ്ഞാർ ദിശയിലാണ് മീൻപിടിത്തത്തിനായി പോകുന്നത് . മീനിൻറെ ലഭ്യത അനുസരിച്ച് തീരക്കടലിലും ആഴക്കടലിലും മീൻ പിടിത്തത്തിനായി പോകേണ്ടിവരും. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തിലുള്ള 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ മീൻ പിടിക്കുവാനുള്ള അവകാശം ഇൻഡ്യയിലെ മീൻപിടിത്തക്കാർക്കുണ്ട്.

ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ്റെ അനുമതിയോടു കൂടിയാണ് ഓരോ മേഖലയിലും കപ്പൽച്ചാലുകൾ നിശ്ചയിക്കുന്നത്. 12 നോട്ടിക്കൽ മൈലിനപ്പുറത്തു ഏതു വഴിപോകണമെന്ന് നിശ്ചിയിക്കേണ്ടത് അതത് രാജ്യങ്ങളാണ്. വിദേശ കപ്പലുകൾക്ക് നമ്മുടെ കടലിലൂടെ സഞ്ചരിക്കാമെങ്കിലും നമ്മുടെ കടൽവിഭവങ്ങൾ കവർന്നെടുക്കുവാനോ മീൻ പിടിത്തക്കാരെ തടയുകയോ ഉപദ്രവിക്കുകയോ ചെയ്യാൻ പാടില്ല. ഇത് അന്താരാഷ്ട്ര കടൽ നിയമമാണ്. എല്ലാ കപ്പലുകളിലും കരയിൽ കപ്പല്ലുകളെ നിയന്ത്രിക്കുന്ന ഇടങ്ങളിലും ആട്ടോമാറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റം ഉണ്ടാകും. കപ്പലുകളുടെ സഞ്ചാര പഥം, അവയുടെ വേഗത, ഏതെങ്കിലും അപകടം ഉണ്ടായാൽ ഏത് കപ്പലാണെന്ന വിവരം എന്നിവ ആട്ടോമാറ്റിക് ഐഡൻ്റിഫിക്കേഷൻ ഡിസ്റ്റത്തിൽ രേഖപ്പെടുത്തും. കേരളക്കടലിൽ അപകടമുണ്ടായ വേളകളിൽ ആ വിവരം അധികൃതർ മറച്ച് വെക്കുകയാണുണ്ടായത്.

ഗ്ലോബൽ ഷിപ്പിംഗ് റൂട്ട് പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് മനസ്സിലാക്കാൻ കഴിയും. നൂറുകണക്കിന് കപ്പലുകളാണ് നിത്യേന നമ്മുടെ കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സിങ്കപ്പൂർ, ചൈന, സൗത്ത് ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നു നൂറ് കണക്കിന് കപ്പലുകൾ ശ്രീലങ്ക ചുറ്റി കന്യാകുമാരി ഭാഗത്തെത്തി അവിടെ നിന്നു നമ്മുടെ കടലിലൂടെ സഞ്ചരിച്ച് ദൂബായ്, ഒമാൻ ഭാഗത്തേയ്ക്ക് പോകുന്നു . മറ്റൊരു റൂട്ടിലൂടെ ആസ്ട്രേലിയയിൽ നിന്നുള്ള കപ്പലുകളും കന്യാകുമാരി ഭാഗത്തെത്തി അവയും നമ്മുടെ കടലിലൂടെയാണു കടന്നു പോകുന്നത്. കന്യാകുമാരി ഒരു ജംഗ്ഷഷനായി കണക്കാക്കി വരുന്ന നിരവധി കപ്പലുകൾ നമ്മുടെ കടലിലെത്തി, ലക്ഷദ്വീപ് ചുറ്റി റെഡ് സീയിലൂടെ സൂയെ സ് കനാൽ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കും പോകുന്നതായി കാണാം. അങ്ങിനെ നമ്മുടെ അറബിക്കടലിലൂടെയാണ് നൂറുകണക്കിന് കപ്പലുകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണു മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പല്ലുകളെ സഹായിക്കാൻ ഷിപ്പിംഗ് കോറിഡോറിനായി നമ്മുടെ ഭരണാധികാരികൾ വെമ്പൽ കൊള്ളുന്നത്.

മത്സ്യസമ്പത്തിൻ്റെ വലിയൊരു ശേഖരം കാണപ്പെടുന്ന ഇടമാണ് കൊല്ലം പരപ്പ്. വൈവിദ്യമാർന്ന പലയിനം മത്സ്യക്കൂട്ടം അവിടെ ഉള്ളതുകൊണ്ടാണ് പരമ്പരാഗത ചെറുകിട മീൻ പിടിത്തക്കാരും ബോട്ടുകാരും ആ മേഖലയെ ആശ്രയിക്കുന്നത്. ഏറ്റവും കൂടുതൽ കരിക്കാടി ചെമ്മീൻ ഈ മേഖലയിൽ ലഭ്യമാകൂന്നതു കൊണ്ടാണ് കൊച്ചി മുതൽ കന്യാകുമാരി വരെയുള്ള ട്രോളിംഗ് ബോട്ടുകൾ ഇവിടെ എത്തിച്ചേരുന്നത്. മാത്രവുമല്ല, കന്യാകുമാരി തൂത്തൂർ മേഖലയിലെ ചൂണ്ട ബോട്ടുകാരും ഗിൽനെറ്റ് ബോട്ടുകാരും കേരളത്തിലെ തങ്ങൽ വള്ളക്കാരും (Multyday Fishing) പണിയെടുക്കുന്ന ഇടമാണിത്.

കപ്പലും ബോട്ടും ഇടിച്ച് ഏറ്റവും കൂടുതൽ കടലപകടങ്ങൾ നടക്കുന്ന മേഖലയാണ് ഇതെന്ന അവകാശവാദം ഉന്നയിച്ചു കൊണ്ടാണ് ഈ മേഖലയിലൂടെ കപ്പൽ സഞ്ചാരം മാത്രം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മത്സ്യതൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ വാദഗതി അം ഗീകരിക്കാനാവില്ല.

മത്സ്യത്തൊഴിലാളി സമൂഹം കോവിഡ് 19 ഭീഷണി നേരിടുമ്പോൾ തന്നെ ജൂലായ് രണ്ടിന് കപ്പൽപ്പാത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത് ഒരുപക്ഷെ മത്സ്യതൊഴിലാകളുടെ പ്രതിഷേധം ഉടനെ ഉണ്ടാകില്ലെന്ന കണക്ക് കൂട്ടലായിരിക്കാം. ഇന്ത്യയിലെ മീൻ പിടിത്തക്കാരെ ഈ മേഖലയിൽ നിന്നും ഒഴിവാക്കി കപ്പൽ സഞ്ചാരം മാത്രം അനുവദിച്ചാൽ ഇതിൻ്റെ മറവിൽ വിദേശ മീൻപിടിത്തകപ്പലുകൾ ഈ മേഖലയിൽ കടന്നു കയറി നമ്മുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കമെന്നു പോലും സംശയിക്കേണ്ടിരിക്കുന്നു. ഒരു ഉദാഹരണം ഇവിടെ വ്യക്തമാക്കാം. അറബിക്കടലിൽ “വായൂ” കൊടുംകാറ്റിൻ്റെ ഭീഷണി ഉണ്ടായപ്പോൾ പത്ത് ചൈനീസ് കപ്പലുകൾക്ക് മഹാരാഷ്ട്ര തീരത്ത് നങ്കൂരമിടാൻ അനുമതിക്കായി ചൈനയുടെ സമ്മർദ്ദമുണ്ടായപ്പേൾ ഇൻഡ്യ അനുമതി നൽകുകയുണ്ടായി. മഹാരാഷ്ട്ര തീരത്ത് നങ്കൂരമിട്ട കപ്പലുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അവർ കണ്ട കാഴ്ച അവരിൽ ഞെട്ടലുളവാക്കി. ആ പത്ത് കപ്പലുകളിലും വൻ മത്സ്യ ശേഖരമാണ് അവർ കാണാനിടയായത്. അനന്തര നടപടികൾക്ക് ശേഷമാണ് കപ്പലുകളെ തിരികെ വിട്ടു നൽകിയത്.

ഏറ്റവും നല്ല പ്രോട്ടീൻ ആഹാരമായ മത്സ്യം ബഹുജനങ്ങൾക്ക് പ്രധാനം ചെയ്യുന്ന , മത്സ്യകയറ്റുമതിയിലൂടെ നല്ലൊരു ശതമാനം വിദേശനാണ്യം നേടിത്തരുന്ന , ആന്തമാൻ നിക്കോബാറും ലക്ഷദ്വീപും ഉൾപ്പെടെ 8200 കിലോമീറ്റർ ദൂരം വരുന്ന കടലോരത്ത് ഇൻഡ്യയുടെ കാവൽ ഭടന്മാരാ നിലകൊണ്ട് സ്വയം തൊഴിചെയ്ത് ഉപജീവനം നടത്തുന്ന മീൻ പിടിത്ത സമൂഹത്തെ സംരക്ഷിക്കേണ്ടതിന് പകരം അവരെ കഷ്ടത്തിലാക്കുന്ന സർക്കാർ സമീപനം തിരുത്തിയേ മതിയാവൂ.. തീരദേശ എം പിമാരുടെയും തീരദേശ സംസ്ഥാനങ്ങളുടെയും ഇടപെടലുകൾ ഇക്കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്.

ഇൻഡ്യൻ കടലിൽ ഇനിയൊരു കപ്പലപകടം ഉണ്ടായി മീൻപിടിത്തക്കാർ മരിക്കുകയോ മത്സ്യ ബന്ധന യാനങ്ങൾ നഷ്ടപ്പെടുകയോ ചെയ്യാൻ ഇടവരാതിരിക്കണമെങ്കിൽ നിർദ്ദിഷ്ട കപ്പൽച്ചാൽ നമ്മുടെ കടലിലെ ഭൂഖണ്ഡ സോപാനവും കടന്നു 50 നോട്ടിക്കൽ മൈലിനപ്പുറത്തു കൂടി മാത്രമേ അനുവദിക്കാൻ പാടുള്ളു. മത്സ്യതൊഴിലാളികളുടെ ജീവനും തൊഴിലിനും തൊഴിലിടത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.ഇൻഡ്യൻ കടലിൽ മീൻ പിടിക്കുവാനുുള്ള മത്സ്യതൊഴിലാളികളുടെ അവകാശം കവർന്നെടുക്കാൻ മത്സ്യതൊഴിലാളി സമൂഹം ആരെയും അനുവദിച്ചു കൂട. മത്സ്യതൊഴിലാളികൾ ഒറ്റക്കെട്ടാായി, ഒരു ചങ്ങലയായി അണിനിക്കാൻ കഴിയട്ടെയെന്ന് ആശംംസിക്കുന്നു.

ടി പീറ്റർ
ജനറൽ സെക്രട്ടറി
നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം
8289905 239

This post has already been read 5541 times!

Comments are closed.