
നിശ്ശബ്ദ നിലവിളികൾ (അട്ടപ്പാടിയിലെ കർഷകരുടെ ദുരിത ജീവിതവും ആനകളുടെ അപമൃത്യുവും )
ഒന്നര ദശാബ്ദം മുൻപാണ്!
അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ആദ്യത്തെ യാത്ര! രാവിലെ പുറപ്പെട്ടതാണ്. സന്ധ്യയാകാറായിരിക്കുന്നു.മണ്ണാർക്കാടെത്തിയപ്പോൾ മുന്നറിയിപ്പ് കിട്ടി.
“ചുരത്തിൽ ആന ഇറങ്ങീട്ടുണ്ട്.സൂക്ഷിക്കണം”.
ഭയന്നു വിറച്ചു ചുരം കയറുന്നതിനു ഇടക്ക് അച്ഛൻ ആ കഥ ഓർമിപ്പിച്ചു. അച്ഛന്റെ സുഹൃത്ത് അന്തരിച്ച ശ്രീ തിക്കോടിയൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞത്- അട്ടപ്പാടിയെക്കുറിച്ച് ; ‘ആനമൂളി യെ കുറിച്ച്.
“സുന്ദരിയായ ആദിവാസി പെൺകുട്ടിയെ മോഹിച്ച് അവളെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച ഒരു “വന്തവാസി” സംഘം – അവളുടെ നിലവിളി കേട്ട് കാട്ടിൽ നിന്നിറങ്ങിവന്ന ഒരാനക്കൂട്ടം – കാട്ടാനയെ കണ്ട് ഭയന്നോടിയ ആക്രമികൾ. ”
അന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ആന ഇറങ്ങിവന്ന ആ സ്ഥലമത്രേ ആനമൂളി!
അതെ , പ്രകൃതി പോലും സംരക്ഷണം നൽകി വന്നിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു. പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുന്നവർ. അവന്റെ താളങ്ങളും വേദനകളും മനസ്സിലാക്കിയിരുന്ന പ്രകൃതി. അന്ന് രക്ഷകനായി എത്തിയ ആ കാട്ടാനയെ പേടിച്ചു ഇന്ന് കുടിലിനകത്തു നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാത്ത അഥവാ കുടിലുപേക്ഷിച്ചു ഓടിയകലുന്ന അട്ടപ്പാടിവാസികൾ ! വ്യത്യസ്തമായ രണ്ടു ചിത്രങ്ങളും ചേർത്തു വയ്ക്കാനാ വുന്നില്ല. അല്ലേ?!
“ആനപ്പേടി “ക്കിപ്പോൾ ആദിവാസി – വന്തവാസി ഭേദമില്ല.! ആനയും മനുഷ്യനും തമ്മിലുള്ള പക ദിനം തോറും വർധിച്ചു വരുന്ന തെന്താണ് ? ആനകളുടെ അപമൃത്യു പതിവാകുന്ന സാഹചര്യങ്ങളെന്താണ്? ഒന്ന് പരിശോധിക്കാം.. എന്നാൽ അതിലേക്ക് കടക്കും മുൻപായി ഒന്ന് രണ്ടു ഫ്ലാഷ് ബാക്ക് കൂടി –
ആനയും ആദിവാസിയുമായുള്ള ചങ്ങാത്തത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആന ആദിവാസിക്ക് ശത്രുവല്ല മറിച്ച് ആദിവാസി ആനക്കും. വർഷങ്ങൾക്കു മുൻപ് ആനവായ് ഊരിലെ മുദ്ദമൂപ്പൻ ആനകളെ മയക്കുമായിരുന്നുവത്രെ! കാടുവിട്ട് നാട്ടിലിറങ്ങുന്ന ആനകൾക്ക് മുദ്ദമൂപ്പന്റെ ഒരു ചെറിയ ശാസന മതിയായിരുന്നുവത്രെ തിരികെ കാടുകേറാൻ!
ഗോത്രജനതയും വന്യജീവികളുമായുള്ള സഹവാസം അടയാളപ്പെടുത്തുന്ന അനേകം കഥകളും പാട്ടുകളും അട്ടപ്പാടിയിലെ മൂന്ന് ഗോത്രവർഗ്ഗങ്ങളായ ഇരുള, മുഡുഗ, കുറുംബ വിഭാഗക്കാരുടെ ഭാഷയിലുമുള്ളതായി കാണാം.
“ലേ ലേ ലേ കരടി
അത്തിപ്പാമ്ക്ക് വന്ത കരടി
ലേ ലേ ലേ കരടി
മപ്പ് കാട്ടി വാ കരടി
ലേ ലേ ലേ കരടി
അട്ടപ്പാടി കരടി മകെ
ലേ ലേ ലേ കരടി
ആദിവാസി കരടി മകെ…”
ഊരുമൂപ്പനും സംഘവും ആദിവാസി വാദ്യോപകരണങ്ങളായ “പെറെയും ദവിലും” വാങ്ങി മടങ്ങുകയാണ്. വിജനമായ വനപ്രദേശം താണ്ടിവേണം അങ്ങെത്താൻ. ധാരാളം വന്യ മൃഗങ്ങൾ നിറഞ്ഞ ഇടതൂർന്ന കാട്. അത്കൊണ്ട് തന്നെ ആട്ടവും പാട്ടും ആഘോഷവുമായി വലിയ ശബ്ദകോലാഹലങ്ങളോടെയാണ് വരവ്! അപ്പോഴതാ വഴിയിൽ ഒരു വമ്പൻ കരടി. താളത്തിനൊത്ത് ചുവടുവച്ചു ഗരിമയിലെങ്ങനെ നിൽക്കുകയാണ്. മൂപ്പനും കൂട്ടർക്കുമുള്ള വഴിമുടക്കിയാണ് നിൽപ്പ്. കരടിയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് കാട്ടിലേക്ക് പറഞ്ഞു വിടാനായി സംഘം ശ്രമിക്കുന്നതാണ് മേൽപ്പറ ഈ പാട്ടിന്റെ സന്ദർഭം.
നീ അട്ടപ്പാടിയുടെ മകനല്ലേ ?
അത്തിപ്പഴം തിന്നാൻ വന്നതല്ലേ ?
നീ ആളുകളെ രസിപ്പിച്ച് കളിക്ക്
എന്ന് തുടങ്ങി കരടിയെ വർണ്ണിച്ചു, സുഖിപ്പിച്ച് പാടുകയാണ് – ഒടുവിൽ സംഘത്തിനു യാതൊരു അലോസരവുമുണ്ടാക്കാതെ സന്തോഷത്തോടെ കാട്ടിലേക്ക് നടന്നു മറയുകയാണ് കരടി.
ഇത്തരത്തിൽ വന്യമൃഗങ്ങളുമായുള്ള ചങ്ങാത്തം സൂചിപ്പിക്കുന്ന പാട്ടുകൾ നിരവധിയാണ്.
ഇവിടെ നിന്നാണ് നാം വർത്തമാന കാല യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരുന്നത്.
ആനപ്പേടിയുടെയും ആനപ്പകയുടെയും ആനകളുടെ ദാരുണാന്ത്യങ്ങളുടെയും വാർത്തകളായി പത്രദൃശ്യമാധ്യമങ്ങളിൽ അട്ടപ്പാടി വീണ്ടും നിറയുകയാണ്. ആനയും മനുഷ്യനും തമ്മിലുള്ള പകയും പകപോക്കലും ദിനപ്രതി വർധിച്ചു വരികയാണിവിടെ.
കൃഷി ഉപജീവനോപധിയായി സ്വീകരിച്ചിട്ടുള്ളവരെ സംബന്ധിച്ചടുത്തോളം കാട്ടാന കാടുവിട്ടിറങ്ങി വരുന്നത് തന്റെ നെഞ്ചിലേക്കാണ്. ഉറക്കമില്ലാത്ത രാത്രികളാണ് പിന്നെ. രാവും പകലും മുഴുവനുമദ്ധ്വാനിച്ച തന്റെ സ്വപ്നങ്ങളാണ് പലപ്പോഴും ഒരൊറ്റ രാത്രി കൊണ്ട് ചവിട്ടിമെതിക്കപ്പെടുന്നത്. എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ പകച്ചു നിൽക്കാനേ ഇവർക്ക് കഴിയാറുള്ളു പലപ്പോഴും.
വീടിനകത്തു സൂക്ഷിച്ചിരിക്കുന്ന അരിക്കും മറ്റു ധാന്യങ്ങൾക്കും വേണ്ടിയാണ് ചിലപ്പോഴൊക്കെയും വീട് ഇടിച്ചു തകർക്കുന്നത്. പതിവായി റേഷൻകടകൾ തകർക്കുന്ന ആനകൾ പോലുമുണ്ടിവിടെ.
തോട്ടങ്ങളിലും മറ്റും പണിക്കുപോകുന്നവരും അതിരാവിലെ പാൽ വിൽപ്പനക്കായി സൊസൈറ്റിയിലേക്ക് പോകുന്നവരും ആടുമാടുകളെ മേക്കാൻ സമീപത്തെ കാടുകളിൽ പോകുന്ന വൃദ്ധരും മിക്കപ്പോഴും ഈ ആനകൾക്ക് മുന്നിൽ ചെന്നുപെടാറുണ്ട്. ജീവൽ ഹത്യക്കിരയായവരും കുറവല്ല. നിരന്തരം ആനപ്പേടിയുടെ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ഈ പാവങ്ങളെ എങ്ങനെ കൈവെടിയും ?
ആന കാടിറങ്ങുന്നത് യഥാർത്ഥത്തിൽ പല കാരണങ്ങളാലാണ്. കാടിനോട് ചേർന്നുള്ള ഭാഗങ്ങൾ മുഴുവൻ പ്രത്യേകിച്ച് ആനത്താരകൾ പോലും വൈദ്യുതവേലികെട്ടി വഴിമുടക്കുന്നതാണ് ആന മറ്റ് പ്രദേശങ്ങളിലെത്തുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനാതിർത്തിയിൽ വന്ന കൃഷി രീതികളിലെ മാറ്റം തന്നെയാണിതിന് മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്.
കാട്ടാനകൾക്ക് ശുദ്ധജലം ലഭ്യമാകുന്ന നീരുറവകളുടെ പുഴകളുടെയും സമീപപ്രദേശങ്ങൾ എല്ലാം തന്നെ വാഴ തുടങ്ങിയ ഹ്രസ്വകാല വിളകളാൽ ബന്ധിതമാണ്. അതുകൊണ്ടു തന്നെ അവയും വൈദ്യുതവേലിയുടെ സംരക്ഷണയിലാണ്. കാട്ടിൽ നിന്ന് നീരുറവകളിലേക്കുള്ള വഴികൾ ഇത്തരത്തിൽ പൂർണ്ണമായും വിച്ഛേദിക്കപ്പെടുമ്പോൾ സ്വാഭാവികമായും മറ്റു വഴിതേടേണ്ടി വരുമല്ലോ.
മാത്രമല്ല കാടുവിട്ട് നാടിറങ്ങുമ്പോൾ നാട്ടുരുചികളും ആനകളെ പെട്ടെന്നാകാർഷിക്കും. വലിയ അദ്ധ്വാനമില്ലാതെ തന്നെ കിട്ടുന്ന വാഴക്കുലകളുടെ രുചി പിടിച്ചുകഴിയുമ്പോൾ ആനകൾ അതൊരു പതിവാക്കുകയും ചെയ്യുന്നു. അപൂർവ്വമായാണെങ്കിലും ചില ആനകൾ വാഷിന്റെ രുചിയും മണവും ശീലിച്ച് വരാറുണ്ടെന്നും കേൾക്കുന്നു.
മറ്റുവഴികളടയുമ്പോൾ കർഷകരും അൽപ്പം ക്രൂരമായ നടപടികളിലേക്ക് നീങ്ങുന്നത് കാണാം.
ആദ്യകാലങ്ങളിലൊക്കെ ആനയിറങ്ങുന്ന വഴികളിൽ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയാണ് ആനയെ ഓടിച്ചിരുന്നതെങ്കിൽ ഇന്ന് അതിലുമെത്രയോ ഭയാനകമായ മാർഗ്ഗങ്ങൾ പ്രയോഗവൽക്കരിക്കുന്നവരും കുറവല്ല.
കത്തിച്ച പ്ലാസ്റ്റിക് കവറുകൾ ആനയുടെ ശരീരത്തിലേക്ക് എറിയുക, പൊതുവിൽ ആനക്ക് പ്രിയമായ ചക്ക വാഴ തുടങ്ങിയവയിൽ സ്‌ഫോടകവസ്‌തു നിറക്കുക, ശക്തമായ വൈദ്യുതാഘാതമേല്പിക്കുക തുടങ്ങി അതീവ മാരകമായ പ്രതിരോധമാർഗ്ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്. യാതൊരു ന്യായീകരണവും അർഹിക്കുന്നതല്ലായെങ്കിൽ കൂടി പരിഹാര ക്രമങ്ങൾ പാലിക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ് പലപ്പോഴും സ്വയരക്ഷക്കായി ഇത്തരം പൈശാചിക മാർഗ്ഗങ്ങൾ അവലംബിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്
ഈയടുത്തകാലത്തായി സ്‌ഫോടകവസ്‌തു കടിച്ച നിലയിൽ വായിൽ വലിയ മുറിവുകളുമായി നാവും താടിയെല്ലും അറ്റു തൂങ്ങി ഭാരമേറിയ ശരീരവും താങ്ങി കുടിവെള്ളം പോലും ഇറക്കാനാവാതെ പട്ടിണി കിടന്ന് ഇഞ്ചിഞ്ചായി പിടഞ്ഞു പ്രാണൻ പോകുന്ന ആനകളെ കുറിച്ചുള്ള വാർത്തകൾ കരച്ചിലൊതുക്കിയല്ലാതെ കണ്ടു നിൽക്കാനാവുന്നില്ല നമ്മിൽ പലർക്കും.
അട്ടപ്പാടിയിൽ തന്നെ ഈ വിധത്തിലുള്ള രണ്ട് ആനക്കൊലപാതകങ്ങൾക്കാണ് നാട്ടുകാർ ഈയിടെ സാക്ഷിയായത്. വൈദ്യുതാഘാതമേറ്റ് ജീവൻ വെടിയുന്നതും അസാധാരണ സംഭവമല്ലാതായിക്കഴിഞ്ഞു.
“ആനക്കാര്യങ്ങൾക്കായി ” അട്ടപ്പാടിയിൽ വനം വകുപ്പിന് കീഴിൽ ‘ എലിഫന്റ് സ്‌ക്വാഡ് ‘ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്ന വിലയിരുത്തലിൽ തന്നെയാണ് നാട്ടുകാർ. ആനയിറങ്ങി എന്ന അറിയിപ്പ് ലഭിക്കുമ്പോൾ മാത്രം ജീപ്പുമായി ചെന്ന് നേരത്തെ പറഞ്ഞ പരമ്പരാഗത രീതിയായ “പടക്കം പൊട്ടിച്ചോടിക്കൽ “രീതി മാത്രമാണ് എലിഫന്റ് സ്‌ക്വാഡിന് കൈവശമുള്ളത്.
ഓരോ പ്രദേശത്തെയും കൃത്യമായ പ്രശ്നങ്ങൾ കണ്ടെത്തി പഠിച്ചു മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു സ്ഥാപനമായി ഈ എലിഫന്റ് സ്‌ക്വാഡിനെ പരിവർത്തനപ്പെടുത്തേണ്ടതുണ്ട്. സ്ഥിരമായി നാട്ടിലിറങ്ങുന്ന ആനകളെ നിരന്തരമായി നിരീക്ഷിക്കാനും അവയുടെ പതിവായുള്ള ഭക്ഷണശീലങ്ങൾ , പലായന വഴികൾ എന്നിവയും കൃത്യമായി നിരീക്ഷിച്ചു വേണം പരിഹാരം കണ്ടെത്താൻ. ആ രീതിയിൽ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി വിപുലമായ സൗകര്യമുള്ള ഒരു പ്രത്യേക സംവിധാനം ഇതിനായി കൊണ്ട് വരേണ്ടതുണ്ട്.
ആന കാടിറങ്ങുന്നത് പൂർണ്ണമായും തടയുക എന്നതു തന്നെയാണ് ആനയുടെയും മനുഷ്യന്റെയും സുരക്ഷക്ക് മുഖ്യം.
അത്തരം പ്രദേശങ്ങളിൽ ആനത്താരകൾ പ്രത്യേകമായി കണ്ടെത്തി അടയാളപ്പെടുത്തി അത്തരം ഭാഗങ്ങളിലെ കയ്യേറ്റം തടഞ്ഞ് ആനക്കായി ഒഴിഞ്ഞു കൊടുക്കുക. .
വനത്തിനോട് ചേർന്നു വരുന്ന പ്രദേശങ്ങളിലെ കൃഷി രീതികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്. ആനക്ക് ആകർഷകമായ തരം കൃഷി വനത്തിനോട് ചേർന്ന പ്രത്യേകിച്ച് ആനശല്യമുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കാം
വനത്തിനകത്തു തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ സജ്ജീകരിക്കാനായാൽ ജലമന്വേഷിച്ചുള്ള യാത്രയും ഒരു പരിധിവരെ തടയാനാകും.
നാട്ടിൽ ലഭ്യമാകുന്ന ആനക്ക് പ്രിയമുള്ള ഭക്ഷ്യവസ്തുക്കൾ പ്രത്യകിച്ച് ചക്ക പോലുള്ള വ വനത്തിനകത്തു തന്നെ ലഭ്യമാക്കാവുന്നതുമാണ്. ഇത്രയുമായാൽ
പിന്നീട് കൃഷിസ്ഥലങ്ങൾ , മനുഷ്യന്റെ ആവാസ ഇടങ്ങൾ എന്നിവ പ്രത്യേകം വൈദ്യുത വേലി കെട്ടി സുരക്ഷിതമാക്കുകയും വേണം. ഇത്തരത്തിൽ നിരന്തരവും ജാഗ്രത്രാ പൂർണ്ണവുമായ ഇടപെടലിലൂടെയേ ശാശ്വത പരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളു.
ഇതിനായി ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങളെ സൂക്ഷ്മമായി പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള നേതൃത്വം പ്രാദേശിക രാഷ്ട്രീയ സംവിധാനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. എങ്കിലേ ഒരു പരിധിവരെ കർഷകന്റെ കണ്ണീരിനും സഹ്യന്റെ മക്കളുടെ നിശ്ശബ്ദ നിലവിളികൾക്കും ശമനമാക്കുകയുള്ളൂ.
.
മിത്ര സിന്തു
This post has already been read 2863 times!
Comments are closed.