ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു..
നീ …?
തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച നട്ടെല്ലിൻ്റെ കശേരുക്കൾ പുറത്തേക്കു തള്ളിയിരുന്നു .
എൻ്റെ കുഞ്ഞേ..
കാറ്റ് വേദനയോടെ അവളെ തഴുകി. ചോരക്കറ ഉണങ്ങിപ്പിടിച്ച അവളുടെ മുഴിയിഴകളിലൂടെ കാറ്റ് വിരലോടിച്ചു.
“എനിക്കെൻ്റെ അമ്മയെ കാണണം.. എൻ്റെ പ്രിയപ്പെട്ട അമ്മയെ.. അമ്മയുടെ കണ്ണീരുപ്പു
കലർന്ന ചുംബനമേറ്റുവാങ്ങാതെ ഞാനെങ്ങനെ പോകും .? എങ്കിലും .. എന്തിനാണ് അവർ എന്നോടിങ്ങനെ..”
കഠിനമായ ഹൃദയ വ്യഥയോടെ കാറ്റ് അവളുടെ അമ്മയെ തേടി അലഞ്ഞു. അവിടെ അങ്ങനെയൊരു വീടോ, അങ്ങനെ ഒരമ്മയോ ഉണ്ടായിരുന്നില്ല, അങ്ങനെയൊരു പെൺകുട്ടിയും. അധികാരികൾ അങ്ങനെയാണ് അറിയിച്ചത്.
രോഷത്തോടെ കുതിച്ചു പാഞ്ഞ കാറ്റിൽ അവളുടെ ചിതയിലെ ചാരം മൂടിയ കനലുകൾ രാത്രിയുടെ കണ്ണുകൾ പോലെ ചുവന്നു കത്തി .. നക്ഷത്രങ്ങൾ പോലും തെളിയാൻ മറന്ന ആ ഇരുണ്ട രാത്രിയിൽ അമ്മയെയും കാത്ത് അവളിരുന്നു.
അകലെ അധികാരത്തിൻ്റെ ഇടനാഴികളിലൊന്നിൽ അലക്കിയിട്ടും, അലക്കിയിട്ടും ചോരക്കറ പോകാത്ത കാഷായവസ്ത്രം വീണ്ടും വീണ്ടും അലക്കുകയായിരുന്നു ഒരു സന്യാസി ..
സനിൽ .പി .ഗോപാൽ
This post has already been read 2718 times!
Comments are closed.