ചെറുകഥ

അവൾക്കായ്

എന്താണെന്നറിയില്ല, ഓർമ്മയിൽ നിന്നു മായുന്നേയില്ല പ്രിയ തസ്‌നി.
ചില ഓർമ്മകൾ അങ്ങനെയാണല്ലോ !
മറവിക്ക് പോലും മായ്ച്ചു കളയാനാവാത്തവ, ആഴമേറിയ ഗർത്തങ്ങൾ സൃഷ്ടിച്ചു ഏകാന്തതയിൽ ശ്വാസം മുട്ടിച്ചു മൃതിയുടെ വക്കിലെത്തിക്കുന്നവ.
തസ്‌നി ഞാൻ ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണാണ്,
എന്നേക്കാൾ പ്രായം ഉണ്ടവൾക്ക്, മുൻപൊരിക്കൽ വിവാഹം കഴിഞ്ഞ് ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ മനോവ്യസനത്തിലിരിക്കുന്നവൾ, ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഹതഭാഗ്യ.
ഉമ്മയുടെ ജ്യേഷ്‌ഠത്തിയുടെ വീടാണ് അവളുടെ ആശ്രയം.
ആലോചനയുമായി വന്ന ബ്രോക്കർ എല്ലാം വിശദമായി തന്നെ പറഞ്ഞിരുന്നു.
ഒരു ഞായർ മദ്ധ്യാഹ്ന സമയത്താണ് ഞങ്ങൾ ആ വീട്ടിലേക്ക് ചെല്ലുന്നത്.
അവളുടെ മൂത്തമ്മയും ഭർത്താവും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. ആ വീട്ടിൽ അവരെക്കൂടാതെ മകനും ഭാര്യയും രണ്ട് ചെറിയ മക്കളുമുണ്ട്.
അനാഥത്വം നിറഞ്ഞ ബാല്യം, കഷ്‌ടതകളുടെ ഇന്നലെകൾ, ഉപജീവനത്തിനായുള്ള വീട്ടു ജോലികൾ.
രണ്ട് വർഷം മുൻപാണത്രെ അവളുടെ വിവാഹം കഴിഞ്ഞത് !.
മാസങ്ങൾ മാത്രം നീണ്ടു നിന്ന ദാമ്പത്യം.
‘നിങ്ങൾ സംസാരിക്കൂ’ ! എന്ന് പറഞ്ഞ് അവളെ എന്റെ അടുക്കലേക്കയച്ചു വീട്ടുകാരും ബ്രോക്കറും രംഗം വിട്ടപ്പോഴും മൂത്താപ്പയിൽ നിന്നും വായിച്ചറിഞ്ഞ അവളുടെ ഇന്നലെകൾ എന്നിൽ സൃഷ്‌ടിച്ച നൊമ്പരം മാറിയിരുന്നില്ല.
പരസ്പരം നോക്കി അൽപ നേരം നിന്നു ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
ചില മൗനങ്ങൾ വാചാലതയെ വെല്ലും, പലരും പറഞ്ഞതിനേക്കാൾ ചിലർ പറയാതെ പറഞ്ഞത് മനസ്സിനെ പ്രക്ഷുബ്ധമാക്കും.
ഒരു പക്ഷെ ഞാൻ അവളിൽ കണ്ടത് എന്നെ തന്നെയായിരുന്നുവോ?
യാത്ര പറഞ്ഞിറങ്ങുമ്പോഴും മനസ്സ് യാന്ത്രികമായിരുന്നു.
പ്രായ വ്യത്യാസം വിചാരിച്ചതിനേക്കാൾ കൂടുതലുണ്ട്.
പരസ്പരം ഇഷ്‌ടപ്പെട്ടുവെങ്കിലും പ്രായത്തിന്റെ അന്തരവും മറ്റും വിവാഹത്തിന് വിഘാതമായി.
ഇടക്ക് ടൗണിൽ വെച്ച് ഒരു തവണ കണ്ടു, പരസ്പരം നോക്കി മന്ദഹസിച്ചു.
സത്യത്തിൽ ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണ് മാത്രമായിരുന്നുവോ എനിക്കവൾ?
ചില ദിവസങ്ങളായി എന്താണെന്നറിയില്ല ക്ഷണിക്കാത്ത അതിഥിയെ പോൽ അവൾ ഇടയ്ക്കിടെ കയറി വരുന്നുണ്ടായിരുന്നു.
മറക്കാൻ ശ്രമിക്കുന്തോറും ഓർമ്മയിൽ അവൾ നിറയും!എത്ര കൊട്ടിയടച്ചാലും എന്റെ നേർക്ക് അവൾ ഓടിയണയും !
ബ്രോക്കർ തന്നെയാണ് വിളിച്ചു പറഞ്ഞത്
ആ നിഷ്കളങ്ക ചിരി കെട്ടു പോയെന്ന്.
മാസങ്ങൾക്ക് മുൻപ് അവൾക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു ചികിൽയിൽ ആയിരുന്നുവെന്നും അല്പം മുൻപ് അവൾ ലോകത്തോട് വിട പറഞ്ഞെന്നും !.
ജീവിതത്തിന്റെ വഴിത്താരയിൽ മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ പെറുക്കി വെച്ചിരിക്കുന്ന വളപ്പൊട്ടുകൾക്ക് പലതും പറയാൻ കാണും.
പറയാതെ പറഞ്ഞത്, പറഞ്ഞു പതിരായത് അങ്ങനെ എന്തെല്ലാം എന്തെല്ലാം !
പ്രിയപ്പെട്ട തസ്‌നി, ഉത്തരമില്ലാതെ ഒഴിഞ്ഞ കോണിൽ ഒറ്റക്കിരുന്നു കണ്ണീർവാർക്കാനായി കാത്തു വെക്കാം ഞാൻ നിന്നെ എന്നും എപ്പോഴും.
മുൻപൊരിക്കൽ ആരെയോ സങ്കല്പിച്ചു ഞാൻ കുറിച്ച വരികൾ നിന്നെക്കുറിച്ചായിരുന്നുവോ?

“ക്ഷണികമാമവളുടെ ജീവിത യാത്രയിൽ
ദൈവവുമവളെ പ്രണയിച്ചിരുന്നോ?
ഉടലങ്ങു ദൈവമെടുത്തെങ്കിലുമവളുടെ
ആത്മാവ് മാത്രമെനിക്ക് തന്നു
ഇനി നീ വരില്ലെന്നറിയാം സഖീ എങ്കിലും എൻ ഓർമയിൽ നിനക്ക് ഞാൻ ജീവനേകും “

 

ടി കെ മുസ്‌തഫ വയനാട്