
ദേ കിറ്റെക്സും …..
വ്യവസായ സൗഹൃദ സംസ്ഥാനത്ത് ഒരു വ്യവസായ സ്ഥാപനം കൂടി ഇല്ലാതാവുന്നു .സ്വന്തം നാട്ടിൽ ,നാട്ടുകാർക്ക് തൊഴിൽ സാധ്യത കൂടി ലക്ഷ്യം വെച്ച് തുടങ്ങിയ കിറ്റൈക്സാണ് ഇല്ലാതാവലിലേക്ക് നീങ്ങുന്നത്
അവരുടെ പുതിയ വ്യവസായ പദ്ധതി ഇനി കേരളത്തിലില്ലെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു .കാരണം എന്തെന്ന് ലളിതം .തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിക്കണമെന്നും ആനകൂല്യങ്ങൾ വേണമെന്നും തൊഴിലാളി സംഘടനകൾ ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും . കമ്പനിയെ വിവിധ കാരണങ്ങളിലൂടെ കമ്പനി പ്രവർത്തനങ്ങളുടെ സജീവത ഇല്ലാതാക്കാനാണ് ശ്രമമെന്ന് കമ്പനിക്കാർ പറയുന്നു
കമ്പനി നിൽക്കുന്ന കിഴക്കമ്പലം ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റുവാൻ കിറ്റെക്സിനു കഴിഞ്ഞിട്ടുണ്ട് എന്നത് യഥാർത്ഥ്യമാണ് .കമ്പനിയുടെ മുൻനിരക്കാരൻ സാബു ജോർജ് മുൻകൈ എടുത്ത് രൂപീകരിച്ച ട്വന്റി ട്വൻറി എന്ന സ്വതന്ത്ര സംവിധാനമാണ് പഞ്ചായത്ത് ഭരിക്കുന്നത് .അവർ നടപ്പാക്കിയ ഏറെ ജനക്ഷേമ പ്രവർത്തനങ്ങൾ കിഴക്കമ്പലത്തെ വികസിപ്പിച്ചു .അവർ കിഴക്കമ്പലവും കടന്നു വരുന്നിടത്താണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത് .

നിലവിലെ രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് കയറി വരുന്ന സ്വതന്ത്രമായ വികസന രാഷ്ട്രീയ കാഴ്ചപ്പാട് തന്നെയാണ് പ്രശ്ന കാരണം .ഇത് പലരിലും ഭീതി ജനിപ്പിക്കുന്നുണ്ട് .ഇത്തരം നീക്കം വളർന്നാൽ പുതിയ രാഷ്ട്രീയത്തിന് കേരളവും സാധ്യതയിടമാവും .നിലവിലെ സംവിധാനങ്ങൾ അപ്രസക്തമാവുകയും ചെയ്യും .
അൻപതിലധികം വൻകിട -ഇടത്തരം വ്യവസായ ശാലകളാണ് കേരളത്തിൽ അടഞു കിടക്കുന്നത് .സർക്കാർ – പൊതു മേഖല – സ്വകാര്യ മേഖലകളിൽപ്പെട്ടവയാണവ .
നിരന്തരമായ തൊഴിലാളി പ്രശ്നങ്ങളും, പരിസ്ഥിതി പ്രശ്നങ്ങളും ആണ് ഇവ പൂട്ടാൻ പ്രധാന കാരണങ്ങൾ .ഉള്ള തൊഴിലും ,വേതനവും പോയി എത്രയോ തൊഴിലാളികൾ പെരുവഴിയിലായി എന്നത് ബാക്കിപത്രം .ഓരോ വർഷവും എത്ര പുതിയവ തുടങ്ങുന്നു എന്ന് നോക്കിയാൽ വളരെ കുറവ് മാത്രം .
കേരളത്തിൽ വ്യവസായങ്ങൾ കുറയുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അവ സജീവമാവുകയാണ് .പ്രവാസി നിക്ഷേപ സംഗമങ്ങൾ നടത്തിയിട്ടും ഒരു വൻകിട -ഇടത്തരം വ്യവസായവും ഇവിടെ വന്നില്ല .കേരളം പറ്റിയ ഇടമല്ലെന്ന ധാരണ മാറിയില്ല ഇനിയും .

തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണമാണ് തൊഴിലാളി സംഘടനകളുടെ ലക്ഷ്യം .കിറ്റെക്സിനോട് മിനിമം വേതന വർദ്ധനവും ആനുകൂല്യങ്ങളും ചോദിക്കുന്ന സംഘടനകളോട് ഒരു ചോദ്യം .പാർട്ടി നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി കമ്പനി ,റബ്ക്കോ ,സഹകരണ ആശുപത്രികൾ എന്നിവിടങ്ങിലെ മിനിമം വേതനം എത്രയാണെന്നറിയുമോ ? തൊഴിൽ സുരക്ഷിതത്വം അവിടെയുണ്ടോ ? എല്ലാ തൊഴിലാളി അവകാശങ്ങളും ലഭിക്കുന്നുണ്ടോ ?
അവരും തൊഴിലാളികളല്ലെ .അവകാശങ്ങൾ ഉള്ള തൊഴിലാളികൾ .
നമുക്ക് എല്ലാ തൊഴിലാളികളെയും നമ്മുടെ ആളുകളായി കാണാം ഒപ്പം വ്യവസായികളെയും .
അവർ നിലനിന്നാൽ മാത്രമല്ലെ തൊഴിലാളിയും ,സംഘടനയും ഉണ്ടാവുകയുള്ളൂ .
എഡിറ്റോറിയൽ
ഡസ്ക്
ദ്രാവിഡൻ
This post has already been read 1432 times!


Comments are closed.