
തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ
ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്‌യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു ബസ്സില്‍ കയറിവന്ന് തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു.ഒട്ടും പ്രത്യേകതകള്‍ തോന്നാത്ത ഒരു കുറിയ മനുഷ്യന്‍.ബദ്രാചലം എംഎല്‍എ സുന്നം രാജയ്യ ആണതെന്ന് അടുത്തിരുന്ന ആള്‍ പരിചയപെടുത്തി.എം എല്‍ എ യോ,ബസ്സിലോ….എനിക്കാദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.എന്റെ മനസില്‍ തെലങ്കാനയിലെ കോര്‍പ്പറേറ്റുമാരായ എം എല്‍ എ മാരുടെ ചിത്രമായിരുന്നു…അവരുടെ ആഡംബര കാറുകളും പത്തില്‍ കുറയാത്ത അനുയായികളുമായുള്ള നടത്തവുമൊക്കെയായിരുന്നു.
ആ ബസ് യാത്രയില്‍ ഞാന്‍ സുന്നം രാജയ്യ എന്ന യഥാര്‍ത്ഥ സഖാവിനെ പരിചയപ്പെട്ടു,സംസാരിച്ചു. അന്ന് മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആയിപ്പോയി. കഴിഞ്ഞയാഴ്ച ആ സഖാവ് കോവിഡ് ബാധിച്ചുമരിച്ചെന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു.മൂന്ന് തവണ ഭദ്രാചലം എംഎല്‍എ ആയിരുന്ന, സിപിഐഎം തെലങ്കാന സംസ്ഥാന കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുന്ന സമയത്താണ് കോവിഡ് പിടിപെട്ട് നമ്മെ വിട്ടു പിരിയുന്നത്.അദ്ദേഹത്തിന് 68 വയസ്സായിരുന്നു പ്രായം.
അവിഭക്ത ആന്ധ്രാ പ്രദേശിലെ ഭദ്രാചലത്തിനടുത്ത് സുന്നംവരി ഗുടാം എന്ന ഗ്രാമത്തില്‍ ഒരു സാധാരണ ദളിത് കര്‍ഷക കുടുംബത്തിലഅവിഭക്ത ആന്ധ്രാ പ്രദേശ് സംസ്ഥാനത്ത് ഈസ്റ്റ് ഗദാവരി ജില്ലയിലെ സൂണം വാരിഗുടം എന്ന ഗ്രാമത്തില്‍ ഒരു സാധാരണ ആദിവാസി കര്‍ഷക കുടുംത്തിലാണ് സുന്നം രാജയ്യ ജനിച്ചത്.വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ തന്റെ ചുറ്റുപാടുമുള്ള ദളിത് പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണവും കൊടിയ പീഡനങ്ങളും കണ്ട് വളര്‍ന്ന രാജയ്യ ഇത് അവസാനിപ്പിക്കണം എന്നത് തന്റെ ജീവിത ലക്ഷ്യമായി തീരുമാനിച്ചു. അക്കാലത്ത് ആന്ധ്രാപ്രദേശിലെ ഗിരിജന ഏജന്‍സി പ്രദേശങ്ങളില്‍ റോഡുകള്‍ ഉണ്ടായിരുന്നില്ല.ഇലക്ട്രിസിറ്റി ,സ്‌കൂള്‍,കോളേജ്,ആശുപത്രികള്‍ തുടങ്ങി ഒന്നും ഇല്ലാതിരുന്നു.കാല്‍ നടയായി ഗ്രാമങ്ങള്‍ തോറും നടന്നും സൈക്കിളില്‍ യാത്രചെയ്തുമാണ് രാജയ്യ ജനങ്ങളെ സംഘടിപ്പിച്ചു.അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടി .ചെങ്കൊടിയുടെ കീഴില്‍ ഒരു വന്‍ ജനസഞ്ചയതെ അണിനിരത്തിയ നേതാവ് ആയിരുന്നു രാജയ്യ.
ഉന്നതമായ മൂല്യങ്ങള്‍ ഉയത്തിപ്പിടിക്കുകയും തെലങ്കാന സംസ്ഥാന രാഷ്ട്രീയ മണ്ഡലത്തില്‍ തന്റേതായ ലാളിത്യത്തിന്റെ ഒരു വ്യത്യസ്ത പാത കാണിച്ചു കൊടുക്കുകയും ചെയ്ത ഏറെ വ്യക്തി വൈശിഷ്ടം ഉള്ള ഓരാളായിരുന്നു സുന്നം രാജയ്യ
സുന്നം രാജയ്യ ശരിക്കുമൊരു പാഠപുസ്തകമാണ്.ജീവിത മൂല്യങ്ങള്‍, സാധാരണക്കാരുടെ, വിഷയങ്ങള്‍ അവരുടെ സങ്കടങ്ങള്‍, അടിയുറച്ച കമ്മ്യൂണിസ്റ്റ് ചിന്ത,ലളിത ജീവിതം എന്നിവയൊക്കെ അതിലെ ഓരോ അധ്യായങ്ങളാണ്.ഇതുപോലൊരാള്‍ക്ക് ഇന്നീ കാലഘട്ടത്ത് ജീവിച്ചുപോകാന്‍ പറ്റുമോ എന്ന ആശങ്ക നിഴലിക്കും ആരിലും അദ്ദേഹത്തെ അടുത്തറിഞ്ഞാല്‍.അതും എം എല്‍ എ ആയി മൂന്നുവര്‍ഷം ജയിച്ചുകയറിവന്നോരാള്‍.തിരഞ്ഞെടുപ്പില്‍ മൂല്യമുള്ള സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരിക എന്നത് മലയാളികള്‍ക്ക് പുതുകാര്യമല്ല.എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമപ്പുറം പണവും പ്രതാപവും മാനദണ്ഡമാകുന്ന തെലങ്കാന തിരഞ്ഞെടുപ്പില്‍ രാജയ്യയെപോലുള്ള ഒരാള്‍ മൂന്നുവട്ടം ജനപ്രതിനിധിയായി ജയിച്ചുകയറുകയെന്നാല്‍ അത് തീര്‍ച്ചയായും അര്‍ഹതക്കുള്ള അംഗീകാരമായി വേണം കാണാന്‍.അദ്ദേഹത്തെ പോലുള്ള ഉജ്വലമായ മാതൃകകള്‍ മറവിയിലേക്ക് മറഞ്ഞ് പോയാല്‍ അത് വലിയ നഷ്ട്ടമായിരിക്കും വരുത്തുക. ഇടതുപക്ഷ സഹയാത്രികനായ എന്നെ ഈ ഓര്‍മ്മ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് അത് മാത്രം..
ഒരിക്കല്‍ സുന്നം രാജയ്യ തെലങ്കാന മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാന്‍ ഹൈദരാബാദിലെ സെക്രട്ടേറിയറ്റില്‍ ചെന്നു.വെറും സാധാരണക്കാരന്‍ ആയ രാജയ്യ ഓട്ടോറിക്ഷയിലാണ് സെക്രട്ടേറിയറ്റ് കവാടത്തില്‍ എത്തിയത്.കൈയ്യില്‍ ഒരു ചെറു സഞ്ചിയുമായി വന്ന അദ്ദേഹത്തെ ദ്വാരപാലകര്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല .താന്‍ എംഎല്‍എ രാജയ്യ ആണെന്ന് തന്റെ എംഎല്‍എ കാര്‍ഡ് ഉയര്‍ത്തി കാട്ടി അദ്ദേഹം പറഞ്ഞെങ്കിലും പക്ഷേ സെക്യൂരിറ്റിജീവനക്കാര്‍ വിശ്വസിച്ചില്ല എന്നുമാത്രമല്ല അദ്ദേഹത്തെ അപമാനിക്കാനും തുടങ്ങി .ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തെ തിരിച്ചറിയുകയും ഇടപെടുകയും ചെയ്തു.വിലകൂടിയ കാറില്‍ നവാബുമാരെ പോലെ പരിവാര സമേതം എഴുന്നള്ളുന്ന എംഎല്‍എ മാരെ മാത്രമേ ആ സെക്യൂരിറ്റി ജീവനാക്കാരൊക്കെ കാലാകാലങ്ങളായി കണ്ടിട്ടുള്ളൂ.ഇങ്ങിനെയും എംഎല്‍എ മാര്‍ ഉണ്ടാകുമോ ? അതായിരുന്നു അവരുടെ സംശയം. രാജയ്യ അന്ന് പത്ര സമ്മേളനം നടത്തി ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്.’കോടികള്‍ കമ്മീഷന്‍ അടിച്ച് 50 ലക്ഷത്തിന്റെ കാറില്‍ വന്നാല്‍ മാത്രമേ എംഎല്‍എ ആവുള്ളൂ?’. ആ ചോദ്യം അസംബ്ലിയില്‍ പ്രിവിലേജ് കമ്മിറ്റി വരെ എത്തി.സെക്യൂരിറ്റി തലവന്‍ നിരൂപാധികം മാപ്പ് പറഞ്ഞപ്പോള്‍ രാജയ്യ അടങ്ങി.
എംഎല്‍എ/എംപി എന്നതെല്ലാം വലിയ അഴിമതിയും, സ്വജനപക്ഷപാതവും, കൊള്ളയും നടത്താനുള്ള പദവികള്‍ ആണെന്നും വോട്ട് പണം കൊടുത്തു വാങ്ങാവുന്ന വസ്തു ആണെന്ന ചിന്ത രാഷ്ട്രീയ മുതലാളികള്‍ വിജയപൂര്‍വം നടപ്പാക്കി കൊണ്ടിരിക്കുന്ന തെലങ്കാന രാഷ്ട്രീയ ഭൂമികയില്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ഒട്ടും കളങ്കപ്പെടാതെ പ്രവര്‍ത്തിച്ചു ചരിത്രം രചിച്ച സുന്നം രാജ യ്യയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളു
വിജയപൂര്‍വം നടപ്പാക്കി കൊണ്ടിരിക്കുന്ന തെലങ്കാന രാഷ്ട്രീയ ഭൂമികയില്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ഒട്ടും കളങ്കപ്പെടാതെ പ്രവര്‍ത്തിച്ചു ചരിത്രം രചിച്ച സുന്നം രാജ യ്യയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതമാണ് ഊര്‍ധ ശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരും പ്രതീക്ഷയും. സുന്നം രാജയ്യ കേവലം ഒരു തെലങ്കാനക്കാരനല്ല..ഇന്ത്യയില്‍ എവിടെയും സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉയര്‍ത്തി പിടിച്ച് സാമൂഹ്യ സേവനം നടത്തുന്ന അനേകായിരങ്ങളുടെ പ്രതീകമാണ്.ആത്മാര്‍ത്ഥമായി സാമൂഹ്യ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതുതലമുറ യിലെ ചെറുപ്പക്കാര്‍ക്ക് അനുകരിക്കാവുന്ന ഒരു ഉത്തമമായ മാതൃകയാണ് രാജയ്യ യുടെ ജീവിതം.
സമകാലിക തെലങ്കാന രാഷ്ട്രീയ നേതാക്കളെ പോലെ രാജയ്യ മണി മാളികകള്‍ പണിതില്ല.വിലകൂടിയ കാറുകള്‍ വാങ്ങിയില്ല കമ്മീഷനും കൈക്കൂലിയും വാങ്ങി കള്ളപ്പണം ഉണ്ടാക്കിയില്ല .സ്വന്തമായി ഒരു കാര്‍ ഇല്ലാതിരുന്ന അദ്ദേഹം മൂന്നു തവണ എംഎല്‍എ ആയിരുന്നു എന്ന് ഓര്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ലാളിത്യം തിരിച്ചറിയുന്നത് .തന്റെ പഴയ ഓടിട്ട ചെറിയ വീട്ടില്‍ നാലു കുട്ടികളുമായി ജീവിച്ച അദ്ദേഹം തന്റെ വഴിയില്‍ തന്നെ തന്റെ മക്കളെയും നടക്കാന്‍ പഠിപ്പിച്ചു.
വാക്കിലും പ്രവൃത്തിയിലും ജീവിതത്തില്‍ ഒരിക്കലും വ്യത്യാസം ഉണ്ടായിരുന്നില്ല.ലാളിത്യവും എളിമയും ത്യാഗ മനോഭാവവും അദ്ദേഹത്തിന്റെ മുഖ മുദ്ര ആയിരുന്നു..തന്റെ മാതാപിതാക്കള്‍ തന്ന 15 ഏക്കര്‍ ഭൂമിയില്‍ ആദ്യം അഞ്ച് ഏക്കര്‍ തന്റെ ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് എഴുതി കൊടുത്തു .പിന്നീട് അഞ്ച് ഏക്കര്‍ ആദിവാസികള്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കാന്‍ ,കോളനി ഉണ്ടാക്കാന്‍ എഴുതി കൊടുത്തു ,
അവസാനത്തെ അഞ്ച് ഏക്കര്‍ ഗ്രാമത്തില്‍ ജലസേചന സൗകര്യത്തിനുവേണ്ടി കുളം ഒരുക്കുവാനും നല്‍കി.സ്വന്തമായി ഒന്നും സമ്പാധിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.മരണംവരെ തന്റെ പഴയ ഓടിട്ട ചെറിയ വീട്ടില്‍ കഴിഞ്ഞ അദ്ദേഹം ഭദ്രാചലത്ത് നിന്നും മൂന്നു തവണ എംഎല്‍എ ആയി തിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നറിയണം .
എന്നും രാവിലെ തന്റെ വീട്ടില്‍ നിന്നും തനിക്ക് കഴിക്കാനുള്ള ഭക്ഷണം ഒരു ചെറിയ സഞ്ചിയില്‍ കരുതി സൈക്കിളില് യാത്ര പുറപ്പെടുന്ന എംഎല്‍എ .ഏറെ ദൂരം ഉണ്ടെങ്കില്‍ ബസ്സിലോ ഓട്ടോയിലോ പോകും .ആരുടെയും ഏത് പ്രശ്‌നവും രാജയ്യ സ്വന്തം പ്രശ്‌നമായി കരുതും.സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് അചഞ്ചലമായ നില്‍ക്കും.പരിവാരങ്ങള്‍ ഇല്ലാതെ..വിലകൂടിയ കാറുകളുടെ അകമ്പടി ഇല്ല.. സെക്യൂരിറ്റി പോലീസ് കാവലില്ല..തോക്കില്ല. സേവകരില്ല… നക്‌സലേറ്റുകളുടെ ശക്തമായ സാന്നിധ്യം ഉള്ള ഭദ്രചല മലയോര ഗ്രാമങ്ങളിലും രാജ യ്യ സുരക്ഷിതനായി പ്രവര്‍ത്തിച്ചു.ഏപ്പോഴും ചുവന്ന ഒരു ടവല്‍ കഴുത്തില്‍ ചുറ്റി ഇട്ടിരിക്കും.
സത്യസന്ധതയുടെയും സേവന തത്പരതയുടെയും പ്രതീകമായ രാജയ്യയെ 2004 ല്‍ സി പി ഐ എം ഭദ്രാചലം അസംബ്ലി സ്ഥാനാര്‍ഥി ആക്കി നിര്‍ത്തുന്നത്.ടിഡിപി ,ടി ആര്‍ എസ് ,കോണ്‍ഗ്രസ് ,ബി ജെ പി സ്ഥാനാര്‍ഥികള്‍ കോടിക്കണക്കിന് രൂപയാണ് പ്രചാരണപരിപാടികള്‍ക്കും മറ്റുമായി ചിലവഴിച്ചത് .അവരുടെ പ്രചരണ ഘോഷങ്ങള്‍ക്ക് ഇടയില്‍ രാജയ്യ നിഷ്പ്രഭമായിപ്പോകും എന്നു വരെ തോന്നിപ്പോയി.പണം കൊടുത്തും മദ്യം കൊടുത്തും വോട്ട് വിലക്ക് വാങ്ങാന്‍ അവര്‍ മത്സരിച്ച എതിരാളികള്‍ 15 മുതല്‍ 20 കോടി വരെ ചിലവഴിച്ചു എന്നാണ് കണക്ക്.എങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജയ്യ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നു.ജനങ്ങള്‍ക്ക് തെറ്റിയില്ല.അദ്ദേഹം തിരഞ്ഞെടുപ്പിന് വേണ്ടി മൊത്തം ചിലവാക്കിയ തുക
ലക്ഷം രൂപ മാത്രം.അതും പ്രവര്‍ത്തകരുടെ ഭക്ഷണത്തിനും മറ്റും മാത്രം.പാര്‍ട്ടിയാണ് ആ ചിലവ് ചെയ്തത്..അദ്ദേഹത്തിന്റെ കയ്യില്‍ യഥാര്‍ത്ഥത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല…പിന്നീട് രണ്ടു പ്രാവശ്യം കൂടി അദ്ദേഹം ഭദ്രാചലത്ത് നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഒരിക്കല്‍ ടി ആര്‍ എസ് പാര്‍ലമെന്ററി യോഗത്തില്‍ മുഖ്യമന്ത്രി കെ സി ആര്‍ തുറന്ന് പറയുകയുണ്ടായി.’എംഎല്‍എ മാരും എംപി മാരും വിലകൂടിയ കാറില്‍ സുഖ സൗകര്യങ്ങളും തേടി പോകാതെ രാജ യ്യ യെ കണ്ട് പഠിക്കണം..പ്രജാ സേവയില്‍ ഉത്തമമായ മാതൃകയാണ് രാജയ്യ’.എംഎല്‍എ എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ശമ്പളം അദ്ദേഹം പാര്‍ട്ടിക്ക് കൊടുക്കും..സ്വന്ത ആവശ്യത്തിന് പതിനായിരം രൂപ മാത്രം എടുക്കും.പദവി പാര്‍ട്ടി തന്നതാണ് .അതിനാല്‍ അതിന്റെ അവകാശി പാര്‍ട്ടി ആണ് തിരഞ്ഞെടുപ്പില്‍ ചിലവാക്കിയത് പാര്‍ട്ടി ആണ്,പാര്‍ട്ടി എന്നാല്‍ ജനം ആണ്..അതാണ് സൂന്നം രാജയ്യയുടെ പക്ഷം.
ലേഖകൻ : പി.വി.കെ. രാമൻ, ഹൈദെരാബാദ്

This post has already been read 1113 times!

Comments are closed.