
മായാജാലക്കാരൻ…
**
നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ…!!!
വലിയ മായാജാലക്കാരൻ ….
മനസിനെ കറക്കുന്നവൻ…
എൻ്റെ ചിന്തകളിൽ മുഴുവൻ നെഞ്ചുവേദന പടർത്തിയതെന്തിനാണ്….??
ജോലിത്തിരക്കുകൾക്കിടയിൽ സ്വപ്നം കാണുവാൻ പറഞ്ഞതെന്തിനാണ്..?
ആത്മാവിൻ്റെ ആലിംഗനങ്ങളെ
പിന്നോട്ട് വലിക്കുന്ന ബുദ്ധിയെ
കാറ്റിൽ പറത്തി ഇണയുടെ
ത്രസിപ്പിക്കുന്ന വികാരങ്ങളെ
ചേർത്തു പിടിക്കാൻ ഉപദേശിക്കുന്നതെന്തിനാണ്..?
പൊള്ളിക്കുന്ന വെയിലിനേക്കാൾ തഴുകുന്ന നിലാവിനെയാണ് സ്നേഹിക്കേണ്ടത് എന്ന് വാതോരാതെ സ്ഥാപിക്കുന്നതെന്തിനാണ്..?
നീയെനിക്കാരാണ് എന്ന
ചോദ്യത്തിനിട നൽകാതെ
ഞാൻ നിനക്കാരാണ് എന്ന ഉത്തരങ്ങളാലെന്നെ മൂടുന്നതെന്തിനാണ്..??
നിൻ്റെ ശബ്ദത്തിൻ്റെയും ഭാഷയുടെയും വികാരങ്ങളുടെയും ചോദന ഞാനാണെന്നു പറഞ്ഞ് എന്നെ ഉന്മാദിനിയാക്കുന്നതെന്തിനാണ്…??
എനിക്കു മുൻപേ നിന്നിലൂടെ പറന്നവരെല്ലാം നിന്നിലൊന്നും ബാക്കി വയ്ക്കാതെ പോയോ എന്നൊരു സന്ദേഹത്തെ മുളയിലേ നുള്ളിയതെന്തിനാണ്??
ഞാനടുപ്പിക്കാതെ സൂക്ഷിക്കുന്ന
കൊട്ട വഞ്ചികളിലെല്ലാം തുഴയെറിഞ്ഞ് കാണാക്കയച്ചുഴികളിലേക്കെന്നെ വിളിക്കുന്നതെന്തിനാണ്…??
തമ്മിലാകർഷിക്കുന്ന കാന്തധ്രുവങ്ങളോട് നമ്മെ ഉപമിക്കാൻ ആരാണ് നിങ്ങൾക്കധികാരം തന്നത്..??
വിരലുകൾക്കിടയിലെ വിടവുകൾ ഇണയുടെ കൈ
കോർക്കാനുള്ളതാണെന്ന
ചെറിയ തിരിച്ചറിവില്ലാത്തവളെ
ശുണ്ഢി പിടിപ്പിക്കും വിധം
തമ്മിലലിയുന്ന നിമിഷങ്ങളെക്കുറിച്ച് പാടിയതെന്തിനാണ്…???
വീര്യം കൂടിയ മുന്തിരിച്ചാറിൻ്റെയിരുപുറവും കണ്ണു കോർത്തിരിക്കുമ്പോൾ ചുണ്ടിലുറയുന്ന തേൻകണങ്ങളെ പാടിയുണർത്തുന്ന ബാവുൽ ഗായകാ, നിൻ്റെ ഈണങ്ങൾ പൊഴിഞ്ഞയിടത്തെല്ലാം എൻ്റെ സ്വപ്നങ്ങൾ പൂത്തുനിൽക്കുന്നു….!!
( ഷിനോ സോമശേഖരൻ )
This post has already been read 5344 times!


Comments are closed.