ഭ്രാന്ത്
കവി ഭ്രാന്തനാണു പോലും…..
നാടോടുമ്പോൾ കൂടെയോടാത്ത…
നാടാകെ ചിരിക്കുമ്പോഴും ,
കരയുന്ന കണ്ണുകളുടെ കണക്കെടുക്കുന്ന
കവി ഭ്രാന്തനാണു പോലും…..
വിൽക്കപ്പെടുന്ന ബാല്യത്തിൻ്റെ
വിരൽത്തുമ്പിലൊന്നു പിടിക്കാൻ കൊതിക്കുന്നതും…
പിറന്നുവീണ കുരുന്നാദ്യം കരയുന്ന –
തെന്തിനെന്ന് ചിന്തിച്ചലയുന്നതും …,
വിശപ്പോളംവരില്ല പ്രണയത്തിൻ്റെ
ആഴമെന്നറിഞ്ഞപ്പോൾ.. മനസ്സിൻ
തടവറയിൽ പ്രണയത്തിന്
കൂച്ചു വിലങ്ങിട്ടതും….
മാംസദാഹം തീർക്കുവാൻ പൊൻ
മകളെ …. പങ്കിട്ടു തിന്നൊരു
പിതാവിനെയോർത്തപ്പോൾ
കടപ്പല്ലൊന്നു ഞെരിഞ്ഞതും …
കവി ഭ്രാന്തനായിട്ടാണത്രെ…
ചിരിക്കാൻ മറന്നൊരു സമൂഹത്തിനു
മുന്നിൽ നിന്നൊന്നു പൊട്ടിച്ചിരിക്കാൻ
വെമ്പുന്നതും…
വിലപേശി പറഞ്ഞുറപ്പിച്ചൊരു തുകയ്ക്ക് ജൻമംകൊടുത്ത മാതാപിതാക്കളെ
നാലു ചുമരിനോട് പതം പറഞ്ഞ്
കരയാനേൽപ്പിച്ചത് കണ്ട് കണ്ണൊന്നു
പിടഞ്ഞതും..,
കവി ഭ്രാന്തനായിട്ടായിരുന്നെന്ന് ….
അടിച്ചമർത്തപ്പെട്ടവനു വേണ്ടി
നാവൊന്നുയർത്താൻ ശ്രമിച്ചതും
മുഷ്ടിയൊന്നു ചുരുട്ടിയതും …
അക്ഷരങ്ങൾ പെറുക്കിയെടുത്തവനാ-
പുസ്തകതാളിൽ നാലുവരി കുറിച്ചതും,
ചിന്തകൾക്കഗ്നി പകർന്നവരെ
മാറോടു ചേർത്തു പിടിച്ചതും
കവിയിൽ ഭ്രാന്തു പൂത്തതിനാലത്രെ…
ഇനി നിങ്ങളെന്നെ ഭ്രാന്തനെന്നുറക്കെ
വിളിച്ചോളൂ ….
എന്നാലും അത്രമേലിഷ്ടമാണെനി –
ക്കെന്നിലെ…ഈ ഭ്രാന്തനെ ….
: ബേസിൽ അരിവയൽ
This post has already been read 3187 times!



Comments are closed.