
സൈറ….
***********
“സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ..”
ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു.
ഭൂമിയിലെ എല്ലാ കാമുകിമാരായ പെണ്ണുങ്ങൾക്കും തോന്നാവുന്ന അസൂയ കണ്ണുകളിൽ നിറച്ചു ഋതു എന്നെ നോക്കി
“അഭിക്ക് ഈയിടെയായി സൈറയെ പറ്റി മാത്രമേ പറയാനുള്ളു.. ആ ആർട്ടിക്കിൾ എഴുതിത്തീർന്നില്ലേ..? ”
“തീർന്നു. അടുത്താഴ്ച മുതൽ വീക്കിലിയിൽ വന്നു തുടങ്ങും.”
ഞാൻ സൈറയെ കുറിച്ചോർത്തു.
ഈയിടെയായി എന്റെ മനസ്സിങ്ങിനെയാണ്. ഋതുവിൽ നിന്നും സൈറയിലേക്കും സൈറയിൽ നിന്നു ഋതുവിലേക്കും മാറി മാറി സഞ്ചരിക്കുന്നു. ഋതുവിന്റെ മനോഹരമായ കണ്ണുകളും, മൃദുവായ ചുണ്ടും, മിനുസമുള്ള കവിളും കാണുമ്പോൾ എനിക്ക് സൈറയുടെ ഷാൾ കൊണ്ട് ഇടതു ഭാഗം മറച്ച മുഖമാണ് ഓർമ്മ വരിക.
ആസിഡ് അറ്റാക്കിനു ഇരയായ സ്ത്രീകളെ കുറിച്ചുള്ള പരമ്പരയിൽ എട്ടു പേരിൽ ഞാൻ അവസാനം ഇന്റർവ്യൂ ചെയ്തത് സൈറയെയാണ്.
ഒരു പാവപ്പെട്ട പാർസി കുടുംബത്തിലെ അംഗമാണ് സൈറ. ജ്വലിക്കുന്ന സൗന്ദര്യവുമായി മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു വന്നിരുന്ന അവളുടെ സ്വപ്‌നങ്ങൾ പിച്ചിച്ചീന്തിയെറിഞ്ഞത് അവളുടെ കാമുകനായിരുന്ന ഫർഹാൻ ആദിൽ എന്ന ഉത്തരേന്ത്യൻ ചെറുപ്പക്കാരനായിരുന്നു.
അതും പട്ടാപകൽ കരോൾബാഗിലെ തിരക്കുള്ള തെരുവിൽ വെച്ച്.
ഇന്റർവ്യൂ ചെയ്ത മറ്റ് ഏഴുപേരും ആക്രമികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. ചിലർ രോഷത്തോടെ അലറി വിളിച്ചു.. ചിലർ ഉറക്കെ കരഞ്ഞു, പൊട്ടിത്തെറിച്ചു. ദീപിക എന്ന പെൺകുട്ടി ആക്രോശിച്ചത് അസിഡ് ഒഴിച്ച് പ്രതിയുടെ ദേഹം മുഴുവൻ പൊള്ളിച്ച് ശിക്ഷ നടപ്പിലാക്കണമെന്നാണ്.
പക്ഷെ സൈറ..
“ഫർഹാന്റെ പ്രണയം എന്നെ ശരിക്കും ലഹരി പിടിപ്പിച്ചിരുന്നു. പ്രണയം സ്വാർത്ഥത കൂടിയല്ലേ അഭി. എന്നെയാരെങ്കിലും ആരാധനയോടെ നോക്കുന്നത് പോലും ഫർഹാൻ വെറുത്തിരുന്നു. ഫർഹാൻ എന്നോട് കാണിച്ചിരുന്ന പൊസ്സസ്സീവ്നെസ്സ്… ഞാനത് തികച്ചും ആസ്വദിച്ചിരുന്നു.”
“സ്നേഹിക്കപ്പെടാൻ അതും തീവ്രമായി പ്രണയിക്കപ്പെടുവാൻ ഒരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട് ഇല്ലേ അഭി. അത് അമിതമായ വികാരപ്രകടനമായാൽപ്പോലും..”
സൈറയുടെ വാക്കുകൾ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല .
“അത്രയേറെ സ്നേഹിക്കുന്നൊരാളെ വേദനിപ്പിക്കാൻ കഴിയുന്നത് എന്ത് വികാരമാണ് സൈറ. അതിനെ ഭ്രാന്തെന്നല്ലേ വിളിക്കേണ്ടത്..?”
സൈറ ഒരു നിമിഷം മൗനത്തിലാണ്ടു.
“ആസിഡ് വീണു പൊള്ളുന്നതിന്റെ വേദന എത്രയാണെന്നറിയോ അഭിക്ക്..?”
“തുന്നിച്ചേർത്തു വെച്ച സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് പൊട്ടിപ്പോവുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ… ആരാധനയോടെ നോക്കിയ കണ്ണുകളിൽ ഭയം നിറയുന്നത് കാണുമ്പോഴുള്ള വേദന അറിഞ്ഞിട്ടുണ്ടോ ”
എനിക്ക് ശ്വാസം നിലച്ചത് പോലെ തോന്നി.
അസ്വസ്ഥയോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
This post has already been read 15285 times!


Comments are closed.