കവിതകൾ

പെൺ വിത്ത്…

പെൺ വിത്ത്… ✒️

………………………
കഴിയുമെങ്കിൽ ഇനിയെനിക്കൊരു
കുന്നിക്കുരുവായി പുനർജനിക്കണം..
നിറമുണ്ടെന്നു സ്വയം തിരിച്ചറിയും വരെയും
കണ്ണടച്ച് ഇരുട്ടിൽ ഉറക്കം നടിക്കണം…
ഒരിക്കൽ..
വികാരങ്ങളൊക്കെയും
ഒരേനിറത്തിൽ വരച്ചുവെച്ച
അനേകം പെൺവിത്തുകൾക്കൊപ്പം
പുറംതോട് തകർത്തു പുറത്തേക്ക് തെറിക്കണം…
കുലസ്ത്രീയുടെ കുപ്പായമഴിച്ചെറിഞ്ഞ
ആശ്വാസത്തിൽ സ്വാതന്ത്രത്തിന്റെ മണംപിടിച്ച്
അലസമായി മണ്ണിനെ ചുംബിച്ചു
മാനംനോക്കി കിടക്കണം… !
സ്വയം ഉപയോഗപ്പെടുത്താനാവില്ലെന്നറിയിലും
ആത്മരക്ഷക്കായെങ്കിലും
ഒരുതുള്ളി വിഷം
നെഞ്ചിലൊളിപ്പിച്ചതിൽ ഊറ്റംകൊള്ളണം..
എങ്കിലും..
പെയ്യാനിരിക്കുന്ന
പുതുമഴത്തുള്ളിയുടെ കൈപിടിച്ച്
മുളപൊട്ടി ഒരിക്കൽകൂടി
നിന്നിലേക്ക് പടർന്നുകയറുന്നതായിടക്ക്
പാഴ്ക്കിനാവ് കാണണം..
പിന്നെയൊരിക്കൽ,
കൗതുകത്തോടെ ഒരു കൈ എന്നെ
വാരിയെടുക്കുമ്പോഴും ഓമനിക്കപ്പെടുമ്പോഴും
പയ്യെപ്പയ്യെ ഒരിക്കലും മുളക്കാനാവാത്ത ഒരിടത്ത് മറന്നുവെക്കുമ്പോഴും,
ഇതെത്ര കണ്ടിരിക്കുന്നെന്നു നിനച്ച്
ചുണ്ടിലൊരു ചിരി തേച്ചുപിടിപ്പിക്കണം…
അപ്പോഴും..
ആ കറുത്ത പൊട്ടിൽ ഞാനൊളിപ്പിച്ചത്
നിന്റെമുഖമെന്ന്
എനിക്കും നിനക്കും മാത്രമറിയും എന്നിരിക്കെ,
അതെന്റെ കളങ്കമായിതന്നെ
അവശേഷിക്കട്ടെ… !!

ഹണി ഹർഷൻ

This post has already been read 4414 times!

Comments are closed.