ചെറുകഥ

ഓണച്ചിത്രങ്ങൾ

sayira



“ചേതന.. ഓണക്കോടി മേടിച്ചോ
അച്ഛനുമമ്മയ്ക്കും?”
ഓഫീസിൽ നിന്നിറങ്ങുമ്പോൾ സുഹൃത്ത് ചോദിച്ചു.
“മേടിച്ചു”

“നിനക്കുള്ളതോ? “
“അവർ മേടിക്കും- അച്ഛനുമമ്മയും.. “

“പായസം ആര് വയ്ക്കും? അമ്മയോ നീയോ?”
“ഞാൻ വയ്ക്കും . അമ്മ സദ്യക്ക് കറിയുണ്ടാക്കി
ക്ഷീണിച്ചിരിക്കയാവില്ലേ? “

“സദ്യ കഴിഞ്ഞ് കറങ്ങാൻ പോകില്ലേ? “
“എന്ത് കറക്കം.. കൊറോണയല്ലേ? “

“അടുത്ത ഓണത്തിന് ഒരു പുതിയ വീട്ടിൽ
ഭർത്താവിനോടൊപ്പം ആകട്ടെ ഓണം !”
അവർ ആശംസിച്ചു.
ചേതന ചിരിച്ചു.

സ്ഥിരം നുണകളാൽ നിറം പിടിപ്പിച്ച , കഴിഞ്ഞുപോയ ഓണങ്ങൾ ഓർത്തു ചേതനയ്ക്ക് പിന്നെയും ചിരി പൊട്ടി.
കഴിഞ്ഞ തിരുവോണനാളിൽ കണ്ടത്
രണ്ടു സിനിമയാണ് തീയേറ്ററിൽ ..
ഒന്നിന് പിറകെ ഒന്ന്..
ഓണത്തിന് ഒറ്റയ്ക്ക് തിയറ്ററിൽ വന്ന പെണ്ണിനെ നോക്കി ആളുകൾ പരസ്പരം അടക്കം പറഞ്ഞു.
വീടും കൂടുമില്ലാത്ത എല്ലാവരുടെയും
തിരുവോണം തീയേറ്ററിൽ ആയിരിക്കുമോ?
അവളോർത്തു.

ഇത്തവണ കോറോണയാണ് – തിയേറ്ററുമില്ല.
പുറത്തിറങ്ങി ചേതന ചിരിച്ചാർത്തു.. കണ്ണുകൾ നിറയുവോളം..
ഓണവെയിലിൽ അവളുടെ ചിരി തിളങ്ങി… കണ്ണീരുണങ്ങുകയും ചെയ്തു.
sairamalavika@gmail.com
സായ്റ
Mob: 8075598885

This post has already been read 2389 times!

Comments are closed.