കവിതകൾ

കവിത Salini Anilkumar

ഉദരത്തിലൊരു
കുഞ്ഞു ജീവൻ്റെ
തുടിപ്പറിയുമ്പോൾ
മുതൽ ഓരോ പെണ്ണും
മറ്റൊരാളാകുന്നു.
ഭാര്യ എന്ന പദവിയിലെത്തിട്ടും
ഇന്നലെവരെ കുട്ടിത്തം
മാറാത്തവൾ.
അച്ഛൻ്റെ അമ്മയുടെ ഭർത്താവിൻ്റെ
ഒക്കെ ലാളന ഏറ്റ് വാങ്ങുന്നവൾ
തന്നിൽ മറ്റൊരു ജീവൻ്റെ
തുടിപ്പറിയുന്ന നേരം മുതൽ
അവൾ അമ്മയായി മാറുന്നു.
തൻ്റെ കുഞ്ഞിനായി എന്തും
സഹിക്കുന്ന അമ്മ.
ആ നേരം മുതൽ അവൾ
മറ്റൊരാളാണ്.
അമ്മയിലേക്കുള്ള
പരകായപ്രവേശം.
ശർദ്ദിയിൽ തുടങ്ങുന്ന
പ്രഭാതങ്ങൾ.
ശർദ്ദിച്ചവശയാകുമ്പോഴും
അവളുടെ കണ്ണുകളിൽ
എല്ലാം സഹിക്കാനുള്ള
ധൈര്യം ഉണ്ടാകും.
സൂചി കണ്ടാൽ
പേടിച്ചോടുന്നവൾ
ലോകത്തേറ്റവും വലിയ
ധൈര്യശാലിയായി
സൂചിക്കു മുന്നിൽ
കൈ നീട്ടുന്നത് കാണാം.
ശരീരവും മനസ്സും
അവൾക്ക് തന്നെ
അപരിചിതമാകം
ഇഷ്ടങ്ങളെല്ലാം
ഇഷ്ടക്കേടുകളാകും
ഓരോ പ്രഭാതങ്ങളും
ഓരോ ദിനങ്ങളും
അവൾക്കായി മാത്രം
കരുതി വെയ്ക്കുന്ന
അസ്വസ്ഥതകൾ.
മാനസിക വൈകാരിക
ഭാവങ്ങളിലെ
ഏറ്റക്കുറച്ചിലുകളിലൂടെ
യാത്ര ചെയ്യുന്നവൾ.
ഒൻപത് മാസത്തെ
ഒൻപത് ദിവസത്തെ
ആകെത്തുകയിലെ
ശിഷ്ടം മാത്രം
കണക്കാക്കുന്നവൾ
മാസാമാസം ഉള്ള .
ചെക്കപ്പുകൾക്കായി
ആകാംഷയോടെ ഡോക്ടർക്ക്
മുമ്പിൽ ഇരിക്കുന്നവൾ
വലുതാവുന്ന വയറിലേക്ക്
ആകാംഷയോടെ നോക്കി
അത്ഭുതം കൊള്ളുന്നവൾ
അഞ്ചാം മാസം മുതൽ
വയറ്റിൽ അവിടെവിടെയായ്
മുഴച്ച് വരുന്ന ഭാഗങ്ങളിൽ
തൊട്ട് ദേ വാവ അനങ്ങുന്നു
എന്ന് കണ്ട് പിടിക്കുന്നവൾ
വയറ്റിനുള്ളിലെ .ചവിട്ടും
തൊഴിയും സഹിക്കാതെ
ഞെളിപിരി കൊള്ളുമ്പോൾ
ഇനിയിങ്ങെത്തൊൻ
അധിക ദിവസങ്ങളില്ലല്ലോ
എന്ന് സന്തോഷിക്കുന്നവൾ.
വരാൻ പോകുന്ന അതിഥിക്കായ്
കുഞ്ഞുടുപ്പും ചാന്തും പൊട്ടും
ബേബി സോപ്പും പൗഡറുമെല്ലാം
ഏറ്റവും മികച്ചത് നോക്കി
തിരഞ്ഞെടുക്കുന്നവൾ.
വാവക്കൊരു പേരിനായി
ഉറക്കമിളച്ച് ആലോചിക്കുന്നവൾ. ഇടക്കെപ്പോഴെങ്കിലും വയറ്റിലെ
അനക്കത്തിനൊരു കുറവ്
വന്നാൽ ആധിയോടെ
ആ ചലനത്തിനായി
കാത്തിരിക്കുന്നവൾ.
തൻ്റെ കൊച്ചു കൊച്ചു
സന്തോഷങ്ങളിൽ പോലും
കുഞ്ഞാവയെ ചേർത്ത്
പിടിക്കുന്നവൾ.
ഒടുവിൽ കാത്തിരിപ്പിൻ്റെ
അവസാനം
അസ്ഥികൾ ഒടിയുന്ന
വേദനയിൽ വിവരിക്കാൻ
പറ്റാത്ത വേദനകളുടെ
ആരോഹണാവരോഹണങ്ങൾക്ക്
ഒടുവിൽ കേൾക്കുന്ന
കുഞ്ഞ് കരച്ചിലിൽ
അതുവരെ അനുഭവിച്ച
വേദനകൾ എന്നേക്കുമായി
മറന്ന് പോകുന്നവൾ.
മുറിച്ച പൊക്കിൾക്കൊടി
ബന്ധം തൻ്റെ
ആത്മാവിലേക്ക്
ആവാഹിക്കുന്നവൾ.
ആ കുഞ്ഞിളം ചുണ്ടിൽ
വിരിയുന്ന പുഞ്ചിരിക്കായ്
സ്വന്തം ജീവൻ പകുത്ത്
നൽകുന്നവൾ.
ആ കുഞ്ഞിളം ചുണ്ടിൽ
പകർന്ന് നൽകുന്ന
അമ്മിഞ്ഞപ്പാലിലൂടെ
തൻ്റെ ജീവരക്തം കുഞ്ഞിനായ്
നൽകുന്നവൾ.
വേദനകളുടെ ഒടുക്കം
തളർന്ന് മയങ്ങി
കൺതുറക്കുന്ന നേരം
പറഞ്ഞറിയിക്കാനാവാത്ത
സമ്മിശ്ര വികാരങ്ങളുടെ
വേലിയേറ്റത്തിൽ നിറഞ്ഞ
കണ്ണുകളുമായി തന്നെ മാത്രം നോക്കി
അരികിൽ നിൽക്കുന്ന
മുഖത്തോട്ട്തളർന്ന
പുഞ്ചിരിയോടെ നോക്കും.
സന്തോഷം കൊണ്ട്
കണ്ണുകൾ നിറയും
പിന്നെ പറയാതെ പറയും
ദേ നിങ്ങളെന്നെ ഏൽപ്പിച്ച
മുതല് ഒരു കുഴപ്പവും കൂടാതെ തിരിച്ചേൽപ്പിച്ചിരിക്കുന്നു എന്ന്.
ദാ നമ്മുടെ കുഞ്ഞ് എന്ന്.
ആ നേരം ആ ആളുടെ
ചുണ്ടിൽ വിരിയുന്ന
പുഞ്ചിരിയുണ്ടല്ലോ.
അതാണ് അവളിലെ
അമ്മയുടെ അഭിമാനം.
അതാണവളെ പെണ്ണാക്കുന്നത്
ഭാര്യയാക്കുന്നത്
അമ്മയാക്കുന്നത്.
Salini Anilkumar

This post has already been read 1720 times!

Comments are closed.